ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ തന്നെ മെസ്സേജ് ചെയ്യാം; നിരവധി ഫീച്ചറുകളുമായി ടെലിഗ്രാം

ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ തന്നെ മെസ്സേജ് ചെയ്യാം; നിരവധി ഫീച്ചറുകളുമായി ടെലിഗ്രാം

ഡല്‍ഹി: ഉപയോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പുതിയ ഫീച്ചറുമായി പ്രമുഖ സോഷ്യല്‍മീഡിയ ആയ ടെലിഗ്രാം. ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ തന്നെ മറ്റുള്ളവരുമായി ആശയവിനിമയം സാധ്യമാക്കുന്ന നോ സിം സൈന്‍അപ്പ് ഫീച്ചറാണ് ടെലിഗ്രാം ഇന്ത്യയില്‍ അവതരിപ്പിച്ചത്. വ്യക്തികള്‍ തമ്മില്‍ മാത്രമല്ല, ഗ്രൂപ്പ് ഫോറങ്ങളിലും ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ തന്നെ ആശയവിനിമയം നടത്താന്‍ പുതിയ ഫീച്ചര്‍ വഴി സാധിക്കുമെന്ന് കമ്പനി അറിയിച്ചു. സിംകാര്‍ഡ് ഇല്ലാതെ തന്നെ ടെലിഗ്രാം അക്കൗണ്ട് തുടങ്ങാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതെന്നും കമ്പനി വ്യക്തമാക്കി. ഉപയോക്താവിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന ബ്ലോക്ക് ചെയ്ന്‍ അനോണിമസ് നമ്പറുകള്‍ ഉപയോഗിച്ച് ഉപയോക്താവിന് ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഇതിന് പുറമേ മറ്റു ചില ഫീച്ചറുകള്‍ കൂടി ടെലിഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. നിശ്ചിത സമയം മുന്‍കൂട്ടി സെറ്റ് ചെയ്ത് വച്ച് സന്ദേശങ്ങള്‍ സ്വമേധയാ തന്നെ ഡിലീറ്റ് ചെയ്ത് കളയാന്‍ സഹായിക്കുന്ന ഓട്ടോ ഡിലീറ്റ് ഓള്‍ ചാറ്റ്‌സ് ഫീച്ചറാണ് ഇതില്‍ ഒന്ന്. ഫോണ്‍ നമ്പര്‍ കാണിക്കാതെ തന്നെ ക്യൂആര്‍ കോഡ് വഴി ആളുകളുമായി ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന താത്കാലിക ക്യൂആര്‍ കോഡ് സംവിധാനമാണ് മറ്റൊന്ന്. പ്രത്യേക വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സഹായിക്കുന്ന ടോപ്പിക്‌സ് 2.0 ഫീച്ചറാണ് ടെലിഗ്രാം അവതരിപ്പിച്ച മറ്റൊരു ഫീച്ചര്‍.

തിരുവനന്തപുരത്ത് വീണ്ടും ഏകദിന ക്രിക്കറ്റ്  മത്സരം ജനുവരി 15 ന് കാര്യവട്ടത്ത്

തിരുവനന്തപുരത്ത് വീണ്ടും ഏകദിന ക്രിക്കറ്റ് മത്സരം ജനുവരി 15 ന് കാര്യവട്ടത്ത്

മുംബൈ: ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്പരകളുടെ മത്സരക്രമം പ്രഖ്യാപിച്ചു. ജനുവരി മൂന്നിന് ടി20 പരമ്പരയോടെ ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. പരമ്പരയിലെ അവസാന ഏകദിനത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും.

ജനുവരി മൂന്നിന് മുംബൈയിലാണ് ആദ്യ ടി20 മത്സരം. അഞ്ചിന് പൂനെയില്‍ രണ്ടാം ടി20യും ഏഴിന് രാജ്‌കോട്ടില്‍ മൂന്നാം ടി20 മത്സരവും നടക്കും. പത്തിന് ഗോഹട്ടിയാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയാവുക. 12ന് കൊല്‍ക്കത്തയില്‍ രണ്ടാം ഏകദിനവും 15ന് തിരുവനന്തപുരത്ത് മൂന്നാം ഏകദിനവും നടക്കും. ബംഗ്ലാദേശിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്ക്ശേഷമാണ് ശ്രീലങ്കക്കെതിരായ പരമ്പര. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ വിരലിന് പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ശ്രീലങ്കക്കെതിരെ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഇടം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ് ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ടീമിലിടം കിട്ടുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിന് പരിക്കേറ്റതിനാല്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ കെ എല്‍ രാഹുലാണ് ബംഗ്ലാദേശിനെതിരെ വിക്കറ്റ് കീപ്പറുടെ റോളില്‍ കളിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ അവസരം ലഭിച്ചാല്‍ തിരുവനന്തപുരത്ത് ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിക്കും. ശ്രീലങ്കക്ക് പുറമെ ന്യൂസിലന്‍ഡിനും ഓസ്ട്രേലിയക്കുമെതിരായ പരമ്പരകളുടെ മത്സരക്രമവും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുശേഷം ജനുവരി 18 മുതല്‍ ന്യൂസിലന്‍ഡിനെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ കളിക്കും. ഫെബ്രുവരി ഒമ്പത് മുതല്‍ തുടങ്ങുന്ന ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാഗ്‌പൂര്‍, ഡല്‍ഹി, ധര്‍മശാല, അഹമ്മദാബാദ് എന്നിവിടങ്ങളാണ് വേദിയാവുക.

‘കളക്ടറോടൊപ്പം’; പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു

ചിറയിൻകീഴ് താലൂക്കിലെ പൊതു ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഐ.എ.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കളക്ടറോടൊപ്പം’ എന്ന പരാതി പരിഹാര അദാലത്ത് വ്യാഴം (15/12/2022) രാവിലെ 10.30 മുതൽ 1 മണിവരെ ആറ്റിങ്ങൽ മൂന്ന് മുക്ക് സൺ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു. താലൂക്കിലെ പൊതുജനങ്ങളുടെ
റീസർവ്വെ, പോക്കുവരവ്, സി എം ഡി ആർ എഫ് അപേക്ഷകൾ ഒഴികെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ അദാലത്ത് ദിവസം പൊതുജനങ്ങൾക്ക് നേരിട്ട് ഹാജരായി സമർപ്പിക്കാവുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പർ

9447700115, 0470-2622406

നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനായി

നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനായി

നടനും മണിയന്‍പിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതയി. നിരഞ്ജനയാണ് വധു. പാലിയം കൊട്ടാരകുടുംബാംഗമാണ് നിരഞ്ജന. പാലിയം കൊട്ടാരത്തില്‍വച്ച് ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. മമ്മൂട്ടി, ജയറാം തുടങ്ങിയ വന്‍ താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി വിവാഹത്തിനെത്തിയത്.

ജഗദീഷ്, കുഞ്ചന്‍, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, രാകേഷ്, രഞ്ജിത്ത്, ചിപ്പി, സംവിധായകനായ സേതു തുടങ്ങിയ നിരവധി പേരാണ് വിവഹത്തിന് എത്തിയത്. വിവാഹ റിസപ്ഷന്‍ 10ന് തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലില്‍ വച്ച് നടക്കും.

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്രഭായ് പട്ടേൽ തുടരും

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്രഭായ് പട്ടേൽ തുടരും

ചരിത്ര വിജയം നേടിയ ഗുജറാത്തി നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയായി തുടരും. ബിജെപി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് സത്യപ്രതിജ്ഞ നടത്തുക. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായാണ് ബിജെപി അധികാരത്തിലെത്തിയത്. ആകെയുള്ള 182 സീറ്റിൽ 156 സീറ്റിലും ബിജെപി ഇപ്പോൾ വിജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നുണ്ട്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് വെറും 18 സീറ്റിലേ ജയിക്കാനായുള്ളൂ. അതേസമയം ആദ്യമായി സംസ്ഥാനത്ത് പോരിനിറങ്ങിയ ആം ആദ്മി പാർട്ടി അഞ്ചിടത്ത് മുന്നിലാണ്. സമാജ്വാദി പാർട്ടി ഒരിടത്തും, സ്വതന്ത്രർ രണ്ട് ഇടത്തും മുന്നിലുണ്ട്.

ആകെ പോൾ ചെയ്തതിൽ 52 ശതമാനം വോട്ടും നേടിയാണ് ബിജെപി ഇക്കുറി അധികാരത്തിലേക്ക് കടക്കുന്നത്. ഏറ്റവും കൂടുതൽ കാലം ഒരു സംസ്ഥാനം തുടർച്ചയായി ഭരിച്ചതിന്റെ സിപിഎം റെക്കോർഡ് കൂടെ ഇതോടെ ബിജെപിയുടെ പക്കലേക്ക് മാറും. അടുത്ത അഞ്ച് വർഷക്കാലം സംസ്ഥാനത്ത് അധികാരം നിലനിർത്തിയാൽ ബിജെപിയാകും ഈ റെക്കോർഡിന്റെ അവകാശികൾ. മികച്ച വിജയം കൈവരിച്ച ഗുജറാത്തിലെ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഗുജറാത്ത് ബി ജെ പി അധ്യക്ഷൻ സി ആർ പാട്ടീൽ തെരഞ്ഞെടുപ്പ് വിജയം മോദി മാജിക് എന്ന് വിശേഷിപ്പിച്ചു. ഇന്ന് വൈകീട്ട് ആറ് മണിയ്ക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും.

തിളച്ച കഞ്ഞിവെള്ളത്തില്‍ വീണ് നഴ്‌സറി വിദ്യാര്‍ഥികളായ സഹോദരിമാര്‍ മരിച്ചു

തിളച്ച കഞ്ഞിവെള്ളത്തില്‍ വീണ് നഴ്‌സറി വിദ്യാര്‍ഥികളായ സഹോദരിമാര്‍ മരിച്ചു

തിളച്ച കഞ്ഞിവെള്ളത്തില്‍ വീണ് അങ്കണവാടി വിദ്യാര്‍ഥികളായ സഹോദരിമാര്‍ക്ക് ദാരുണാന്ത്യം. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ ഒരു സ്‌കൂളിലാണ് സംഭവം. ഷിബു, ബ്യൂട്ടികുമാരി എന്നിവരാണ് മരിച്ചത്. പ്രദേശവാസിയായ പരമേശ്വര്‍ സാഹുവിന്റെ മക്കളാണ് മരിച്ചത്. തിളച്ചവെള്ളത്തില്‍ വീണ് പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ റാഞ്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രണ്ടുപേരും മരണത്തിന് കീഴടങ്ങി.
ഇളയമകള്‍ ബ്യൂട്ടികുമാരി ചൊവ്വാഴ്ച വൈകീട്ടും ഷിബു ബുധനാഴ്ചയുമാണ് മരിച്ചത്. അങ്കണവാടിയ്ക്ക് സമീപത്തെ സ്‌കൂളില്‍ ഭക്ഷണം പാചകം ചെയ്ത ശേഷം കഞ്ഞിവെള്ളം ഒരൊഴിഞ്ഞ പാത്രത്തില്‍ സൂക്ഷിച്ചിരുന്നു.

കുട്ടികള്‍ കളിക്കുന്നതിനിടെ സ്‌കൂള്‍ ഗ്രൗണ്ടിലെ കഞ്ഞി വെള്ളത്തില്‍ വീഴുകയായിരുന്നു. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി മേദിനി നഗറിലെ എംആര്‍എംസിഎച്ചില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി റിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.