by Midhun HP News | Dec 8, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കേരളാ സംസ്ഥാന യുവജന ക്ഷേമ ബോർഡും ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബും സംയുക്തമായി 3-ാമത് ആൾ ഇന്ത്യാ ഫ്ളഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഡിസംബർ 9, 10, 11 തീയതികളിൽ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ വച്ചാണ്
ടൂർണമെന്റ് നടക്കുന്നത്. പരിപാടികളുടെ ഉദ്ഘാടനം ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവഹിയ്ക്കും. അഡ്വ. എസ് കുമാരി അധ്യക്ഷയാകും.
ടൂർണമെന്റിന്റെ ഒന്നാം സമ്മാനമായ 1,11,111/- രൂപ സ്പോൺസർ ചെയ്യുന്നത് സിറ്റി മൊബെൽ, ബ്ലൂ കൂൾ, സൂര്യ ടെക് എന്നിവർ ചേർന്നാണ്. രണ്ടാം സമ്മാനമായ 55,555/- രൂപ സ്പോൺസർ ചെയ്യുന്നത് ആനോൺ ഹോംസ്, വിശ്വാസ് മെഡിക്കൽസ് എന്നിവർ ചേർന്നാണ്. സെമിഫൈനലിസ്റ്റ് ക്യാഷ് പ്രൈസായ 11,111/- രൂപ ഫിസ മെൻസ് വിയറും, ഗ്രീൻസ് മൊബൈൽസും ചേർന്ന് സ്പോൺസർ ചെയുന്നു. മുഖ്യാതിഥികളായി ആർ രാമു, വി. എ വിനീഷ്, എസ്. എസ് സുധീർ, ബി. കെ പ്രശാന്തൻ കാണി ഐ പി എസ്, ഡോ എസ്. സുനിൽ തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും .
കൂടാതെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ചലഞ്ചേഴ്സ് കപ്പ് തത്സമയം വീക്ഷിക്കുന്നതിന് വേണ്ടി യൂ ട്യൂബ് ലൈവ് സ്പോൺസർ ചെയ്തിരിക്കുന്നത് മോക്സ് ഫാമിലി സലൂൺ. കൂടാതെ മറ്റനേകം സമ്മാനങ്ങളും നിങ്ങളെയും കാത്തിരിക്കുന്നു. ഡിസംബർ 9 ന് വൈകുന്നേരം 6 മണിയ്ക്ക് വമ്പിച്ച ബൈക്ക് റാലിയോട് കൂടി ആരംഭിക്കുന്നു.
കേരളത്തിനകത്തും പുറത്തും നിന്നുമായി 32 ടീമുകൾ പങ്കെടുക്കുന്ന ഈ കായിക മാമാങ്കത്തിന്റെ സമാപന സമ്മേളനം ഡിസംബർ 11 ന് രാത്രി 9.00 മണിക്ക് വർക്കല എം എൽ എ അഡ്വ വി.ജോയി അവർകൾ നിർവഹിക്കും. ക്ലബ്ബ് മുഖ്യ രക്ഷാധികാരി അഡ്വ സി.ജെ രാജേഷ് കുമാർ അദ്ധ്യക്ഷത വഹിക്കുന്ന ഈ ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി കോർഡിനേറ്റർ സി.ജി വിഷ്ണു ചന്ദ്രൻ ആശംസകൾ അർപ്പിക്കും. ചടങ്ങിൽ എം.കെ സുൽഫിക്കർ എ എസ് പി അവർകൾ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ കെ സി എ ജോയിൻ സെക്രട്ടറി ബിനീഷ് കോടിയേരി മുഖ്യാഥിതി ആയിരിക്കും.
ടൂർണമെന്റിന്റെ സമ്മാനദാനം ആറ്റിങ്ങൽ ഡി വൈ എഫ് ഐ ജി ബിനു, മുൻ ഇന്ത്യൻ എ ടീം പ്ലേയറും രഞ്ജി ട്രോഫി കേരള ക്രിക്കറ്റ് ടീം ക്യാപ്ടനുമായ വി.എ ജഗദീഷ് എന്നിവർ ചേർന്ന് നിർവഹിക്കും. ടൂർണമെന്റിന്റെ ഭാഗമായി ഒട്ടനേകം വിശിഷ്ട വ്യക്തികളെ ആദരിയ്ക്കുകയും ചെയ്യുന്നു.
by Midhun HP News | Dec 8, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പെരുംകുളം: ഡിസംബർ 3 ,4 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പത്ത് വയസുള്ള ആൺകുട്ടികളുടെ കുമിത്തെ (ഫൈറ്റിംഗ് ) 25 കിലോഗ്രാം താഴെ ഭാരവിഭാഗത്തിൽ സ്വർണ്ണമെഡലും കാത്ത (ഫോം ) വിഭാഗത്തിൽ വെങ്കല മെഡലും നേടി അനന്തജിത്ത്. ആറ്റിങ്ങൽ കരാട്ടെ ടീം അംഗമാണ്.
by Midhun HP News | Dec 8, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഗായികയും കർണാടക സംഗീതജ്ഞയുമായ കണ്ണെഴുത്തു മഠത്തിൽ കെ. ഗിരിജ വർമ്മ(66) നിര്യാതയായി. സംസ്കാരം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ നടത്തി. തൃപ്പൂണിത്തുറയുടെ വാനമ്പാടി എന്നറിയപ്പെട്ടിരുന്ന ഗിരിജ വര്‍മ ശാസ്ത്രീയ സംഗീതത്തിലും ലളിത ഗാനത്തിലും ഒരുപോലെ ശോഭിച്ച പ്രതിഭയാണ്. ആകാശവാണി എഗ്രേഡ് കലാകാരിയായിരുന്ന ഗിരിജ ആകാശവാണി, ദൂരദര്‍ശന്‍ എന്നിവയുടെ ദേശിയ സംഗീത പരിപാടികളില്‍ ഉള്‍പ്പടെ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. ആകാശവാണി തൃശൂര്‍, തിരുവനന്തപുരം നിലയങ്ങളില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് ആയിരുന്നു.
പട്ടമ്മാളുടെ കച്ചേരികള്‍ക്ക് ഗിരിജയായിരുന്നു തംബുരു വായിച്ചിരുന്നത്. നിരവധി ഭക്തിഗാനങ്ങളും കീര്‍ത്തനങ്ങളും ലളിതഗാനങ്ങളും പാടിയിട്ടുണ്ട്. ആകാശവാണിയിലെ പ്രഭാസ പ്രക്ഷേപണത്തിലെ കാവ്യാഞ്ജലിയില്‍ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്ത കാവ്യാലോപനങ്ങള്‍ ഏറെ ജനപ്രിയമായിരുന്നു. തൃപ്പൂണിത്തുറ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ഗിരിജയുടേയും സഹോദരി ലളിതയുടേയും കച്ചേരി ഏറെ പ്രശസ്തമായിരുന്നു. ലളിത 19 വര്‍ഷം മുന്‍പാണ് മരിച്ചത്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, റോട്ടറി അവാര്‍ഡ്, രുദ്ര ഗംഗ പുരസ്‌കാര്‍, നവരസം സംഗീത സഭ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഫെല്ലോഷിപ്പില്‍ ഡി.കെ. പട്ടമ്മാളുടെ കീഴില്‍ ഉപരിപഠനം നടത്തിയിരുന്നു.
by Midhun HP News | Dec 8, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയത്തിലേക്ക് കുതിച്ച് ബി.ജെ.പിയുടെ മുന്നേറ്റം. ബി.ജെ.പിക്ക് സമഗ്രാധിപത്യം പ്രവചിച്ചുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കും വിധമുള്ള ഫലസൂചനകളാണ് വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായികൊണ്ടിരിക്കുന്നത്. നിലവിലെ സ്ഥിതിയനുസരിച്ച് 150 സീറ്റിനോട് അടുത്ത് ബി.ജെ.പി. ലീഡ് ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി ഏഴാം തവണയാണ് ബി.ജെ.പി. ഗുജറാത്തില്‍ അധികാരത്തിലേക്ക് നീങ്ങുന്നത്. 2002-ലാണ് ബിജെപി ഗുജറാത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം നേടി അധികാരത്തിലേറിയത്. ഗുജറാത്ത് കലാപത്തിന് പിന്നാലെ നടന്ന തിരഞ്ഞടുപ്പില്‍ 127 സീറ്റുകള്‍ നേടിയായിരുന്നു അന്നത്തെ വിജയം.
by Midhun HP News | Dec 7, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മലയിൻകീഴ്: ഡി.വൈ.എഫ്.ഐ വിളവൂർക്കൽ മേഖലാ പ്രസിഡന്റും, പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർഥിയും ഉൾപ്പെടെ എട്ടുപേർ പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവടക്കം എട്ടുപേർ കസ്റ്റഡിയിൽ. പ്രായപൂർത്തിയാകാത്ത എട്ടാമനെ ജ്യൂവനയിൽ കോടതിയിൽ ഹാജരാക്കി.

തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തന്റെ മകളെ കാണാനില്ലെന്ന പരാതിയുമായി അമ്മ രാത്രിയിൽ മലയിൻകീഴ് പോലീസിനെ സമീപിക്കുകയും. തുടർന്ന് പോലീസ് പെൺകുട്ടിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി തമ്പാനൂർ ഭാഗത്ത് ഉണ്ടെന്ന് കണ്ടെത്തി. റയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും റെയിൽവേ പോലീസിന്റെ സഹായത്തോടെ പെൺകുട്ടിയെയും തൃശൂർ, കുന്നംകുളം സ്വദേശിയായ എസ്. സുമേജ് (21) എന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഇരിങ്ങാലക്കുടയിൽ കാറ്ററിംഗ് ജോലി ചെയ്യുകയാണെന്നും പെൺകുട്ടിയുമായി തൃശൂരിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നതായും ഇയാള് വെളിപ്പെടുത്തി.
ഇൻസ്റ്റാഗ്രാമിലൂടെ ആറുദിവസത്തെ പരിചയം കൊണ്ടുള്ള പ്രണയം ആയിരുന്നുവെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. തുടർന്ന് പോലീസ് പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയിൽ നിന്നും പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. മലയിൻകീഴ് സ്വദേശിയായ 16 കാരൻ പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി സ്വകാര്യ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തതോടെ വിളവൂർക്കൽ, മലയം സ്വദേശികളായ മറ്റു ആറ്പേർ കൂടി പെൺകുട്ടിയെ നിരന്തര പീഡനത്തിനിരയാക്കിയിരുന്നതായും നഗ്ന ചിത്രങ്ങളും വീഡിയോയും പകർത്തിയിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി.
ഇതേതുടർന്ന് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ മേൽനോട്ടത്തിൽ കാട്ടാക്കട ഡിവൈ.എസ്.പി.അനിൽകുമാർ, മലയിൻകീഴ് എസ്.എച്ച് .ഒ എ. ജി. പ്രതാപചന്ദ്രൻ എന്നിവരടങ്ങിയ മലയിൻകീഴ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ മാത്രം പങ്കെടുപ്പിച്ച് സ്പെഷ്യൽ ടീം ഉണ്ടാക്കി അന്വേഷണ ചുമതല ഏൽപ്പിച്ചു. പെൺകുട്ടി വെളിപ്പെടുത്തിയ പേരുകളിൽ പ്രധാനിയായിരുന്ന ഡി.വൈ.എഫ്.ഐ വിളവൂർക്കൽ മേഖലാ പ്രസിഡന്റ് മലയം ജിനേഷ് ഭവനിൽ ജിനേഷിനെ (29) പോലീസ് ആദ്യം കസ്റ്റഡിയിൽ എടുത്തു.
ഇയാളുടെ ഫോൺ പരിശോധിച്ച അന്വേഷണസംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. പെൺകുട്ടിയുടെ നഗ്ന വീഡിയോയ്ക്ക് പുറമെ ഇയാൾ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 30 ലേറെ വിവാഹിതരും അല്ലാത്തവരുമായ യുവതികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി ഐഫോണിൽ സൂക്ഷിച്ചിരിക്കയായിരുന്നു. പോലീസ് പിടിച്ചെടുത്ത ഫോൺ ഫോറെൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പെൺകുട്ടിയോടൊപ്പം പിടികൂടിയ തൃശൂർ, കുന്നംകുളം, കൊടുങ്ങല്ലൂർ കൊന്നത്ത് വീട്ടിൽ എസ്. സുമേജ് (21), വിളവൂർക്കൽ മലയം, ചൂഴാറ്റുകോട്ട, പൂഴിക്കുന്നു സ്വദേശികളായ ജിനേഷ് (29), മണികണ്ഠൻ (27), വിഷ്ണു (23), അഭിജിത് (21), സിബിൻ (20), അനന്തു അച്ചു (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂഴിക്കുന്നിൽ ഹെയർ കട്ടിങ് ബ്യൂട്ടി പാർലർ നടത്തുകയാണ് വിഷ്ണു. അനന്തു എന്ന അരുൺ, അഭിജിത് എന്നിവർ കഞ്ചാവ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് മറ്റുള്ളവരെ പെൺകുട്ടിയിലേയ്ക്ക് ആകർഷിപ്പിച്ചതെന്ന് മലയിൻകീഴ് പോലീസ് പറഞ്ഞു.
by Midhun HP News | Dec 7, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 50 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 മാസം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ഇ ഹെല്‍ത്ത് രൂപകല്പ്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീട്ടിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. ലഭ്യമായ വിവരങ്ങള്‍ തത്സമയം ആരോഗ്യ വകുപ്പിനറിയാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കാനും സഹായിക്കുന്നു. കുറഞ്ഞ കാലയളവ് കൊണ്ട് ഈ നേട്ടം കൈവരിക്കാനായത് ആരോഗ്യ വകുപ്പിന്റെ ഒത്തൊരുമയുള്ള പ്രവര്‍ത്തനങ്ങളാണ്. എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും പഞ്ചായത്തുകളേയും മന്ത്രി അഭിനന്ദിച്ചു.

ഈ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ പോയി കണ്ട് സ്‌ക്രീനിഗ് നടത്തി രോഗസാധ്യത കണ്ടെത്തുന്നത്. ഇതുവരെ ആകെ 50,01,896 പേരെ സ്‌ക്രീനിംഗ് നടത്തിയതില്‍ 18.89 ശതമാനം പേര്‍ (9,45,063) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 10.76 ശതമാനം പേര്‍ക്ക് (5,38,491) രക്താതിമര്‍ദ്ദവും, 8.72 ശതമാനം പേര്‍ക്ക് (4,36,170) പ്രമേഹവും, 3.74 ശതമാനം പേര്‍ക്ക് (1,87,066) ഇവ രണ്ടും സംശയിക്കുന്നുണ്ട്. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കി വരുന്നു.
ജീവിതശൈലീ രോഗങ്ങളും കാന്‍സറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീര്‍ണമാകാതെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നു. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ കാമ്പയിന്‍ വഴി 6.44 ശതമാനം പേര്‍ക്ക് (3,22,155) കാന്‍സര്‍ സംശയിച്ച് റഫര്‍ ചെയ്തിട്ടുണ്ട്. 0.32 ശതമാനം പേര്‍ക്ക് വദനാര്‍ബുദവും, 5.42 ശതമാനം പേര്‍ക്ക് സ്തനാര്‍ബുദവും, 0.84 ശതമാനം പേര്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ സംശയിച്ചും റഫര്‍ ചെയ്തിട്ടുണ്ട്. ഈ രീതിയില്‍ കണ്ടെത്തുന്നവര്‍ക്ക് രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കുമായി കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാന്‍സര്‍ കെയര്‍ സ്‌ക്രീനിംഗ് ഡാഷ്‌ബോര്‍ഡ് പോര്‍ട്ടല്‍ അടുത്തിടെ സജ്ജമാക്കി. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സ്‌ക്രീനിംഗ് നടന്നു വരുന്നു. കൂടാതെ എല്ലാവര്‍ക്കും കാന്‍സര്‍ ചികിത്സ ഉറപ്പ് വരുത്തുന്നതിന് കാന്‍സര്‍ ഗ്രിഡിന്റെ മാപ്പിംഗ് എല്ലാ ജില്ലകളിലും നടന്നു വരികയാണ്. നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്‍ വഴിയാണ് ഇത് നടപ്പിലാക്കി വരുന്നത്.
Recent Comments