ക്ലിഫ് ഹൗസിൽ വെടിപൊട്ടി; തോക്ക് വൃത്തിയാക്കുമ്പോൾ സംഭവിച്ചതെന്ന് പൊലീസ്

ക്ലിഫ് ഹൗസിൽ വെടിപൊട്ടി; തോക്ക് വൃത്തിയാക്കുമ്പോൾ സംഭവിച്ചതെന്ന് പൊലീസ്

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി. ഗാർഡ് റൂമിനകത്താണ് സംഭവം. പൊലീസുകാരന്റെ പക്കൽ നിന്നാണ് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിടെ ചേമ്പറിൽ വെടിയുണ്ട കുരുങ്ങിയിരുന്നു. രാവിലെ 9.30 യോടെയാണ് സംഭവം. രാവിലെ ഡ്യൂട്ടി മാറുമ്പോൾ പൊലീസുകാർ ആയുധങ്ങൾ വൃത്തിയാക്കാറുണ്ട്. പൊലീസുകാരൻ തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് വെടിപൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെ പിസ്റ്റളിലെ ഒരു തിര പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് തോക്ക് നിലത്തേക്ക് ചൂണ്ടി വീണ്ടും വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടിയെന്നാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം. സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനൽ കൊച്ചി വിമാനത്താവളത്തിൽ

ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനൽ കൊച്ചി വിമാനത്താവളത്തിൽ

മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബര്‍ പത്തിന് ഉദ്ഘാടനം ചെയ്യുന്ന കൊച്ചി വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെര്‍മിനൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൗകര്യമാണ്. ടൂറിസം, ബിസിനസ് രംഗങ്ങളിൽ കൊച്ചി വിമാനത്താവളത്തിനൊപ്പം കേരളത്തിന്‍റെയും മുഖച്ഛായ മാറ്റാൻ പര്യാപ്‍തമായ സൗകര്യമായാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിനെ സിയാൽ പരിഗണിക്കുന്നത്. 40,000 ചതുരശ്രയടിയാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിന്‍റെ വിസ്‍തീര്‍ണം. അന്താരാഷ്ട്ര, ഡൊമസ്റ്റിക് ജെറ്റ് യാത്രികരെ സ്വാഗതം ചെയ്യാനാകുന്ന രീതിയിലാണ് നിര്‍മ്മാണം. ഇത് കൊച്ചി വിമാനത്താവളത്തെ അന്താരാഷ്ട്ര അതിഥികളുമായി കൂടുതൽ അടുപ്പിക്കും.

നിലവിൽ ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളിൽ ബിസിനസ് ജെറ്റ് ടെര്‍മിനലുകള്‍ ഉണ്ടെങ്കിലും ഇത്രയും വിശാലവും നേരിട്ട് അതിഥികളിലേക്ക് തുറക്കുന്നതുമായ ടെര്‍മിനൽ ഇന്ത്യയിൽ ആദ്യമാണ്. ഇതാകട്ടെ താങ്ങാവുന്ന സര്‍വീസ് ഫീസിൽ പ്രവര്‍ത്തിക്കുന്നതുമാണ്. അതായത് സൗകര്യങ്ങള്‍ കൊണ്ട് ഇന്ത്യയിൽ ഒന്നാമതാണെങ്കിലും കുറഞ്ഞ നിരക്കിലൂടെ എളുപ്പം കൂടുതൽ അതിഥികളെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളത്തെ ബിസിനസ് ജെറ്റ് ടെര്‍മിനലിന് കഴിയും. ഈ സേവനം ഉപയോഗിക്കുന്ന യാത്രികര്‍ക്ക് കുറവുകള്‍ ഒന്നും തോന്നാതെ ഇരിക്കാന്‍ സുസജ്ജമാണ് ബിസിനസ് ജെറ്റ് ടെര്‍മിനൽ. സെക്യൂരിറ്റി ഒഴിവാക്കിയിട്ടുള്ള അതിഥികള്‍ക്ക് പ്രത്യേകം സേഫ് ഹൗസ് സംവിധാനം, അഞ്ച് വിപുലമായ ലൗഞ്ചുകള്‍, ഒരു ബിസിനസ് സെന്‍റര്‍, ഡ്യൂട്ടിഫ്രീ ഷോപ്, ഫോറിന്‍ എക്സ്ചേഞ്ച് കൗണ്ടര്‍, ഒരു ഹൈ എൻഡ് വീഡിയോ കോൺഫറൻസിങ് റൂം എന്നിവയാണ് മുന്തിയ സൗകര്യങ്ങളിൽപ്പെടുന്നത്. പ്രൊഫഷണലായ ടെര്‍മിനൽ മാനേജ്മെന്‍റും പാസഞ്ചര്‍ ഹാൻഡ്‍ലിങ് രീതികളും ബിസിനസ് ജെറ്റ് ടെര്‍മിനലിൽ പ്രത്യേകം നടപ്പാക്കുന്നുണ്ട്. ഇത് യാത്രികര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാ അനുഭവം നൽകുമെന്നാണ് സിയാൽ പ്രതീക്ഷിക്കുന്നത്.

ജി20 ഉച്ചകോടി പോലെയുള്ള വലിയ പരിപാടികള്‍ വരാനിരിക്കെ ബിസിനസ് ജെറ്റ് ടെര്‍മിനൽ കേരളത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.ടെര്‍മിനലിനോട് ചേര്‍ന്നുതന്നെ വിമാനങ്ങളുടെ പാര്‍ക്കിങ് സാധ്യമാക്കുന്ന രീതിയിലാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിന്‍റെ രൂപകൽപ്പന. കാറിൽ വന്നെത്തുന്ന അതിഥികള്‍ക്ക് വെറും 2 മിനിറ്റിൽ വിമാനത്തിലേക്ക് പ്രവേശിക്കാനാകും. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ദൂരമാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനൽ നിര്‍മ്മാണത്തിലും മികവ് പുലര്‍ത്തി. വെറും പത്ത് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കിയ പദ്ധതിക്ക് 30 കോടിരൂപ മാത്രമാണ് ചെലവായത്. എന്നാൽ അന്താരാഷ്ട്ര ഗുണനിലവാരവും ഉറപ്പാക്കാനായി. കേരള ടൂറിസത്തിന്‍റെ ആപ്‍തവാക്യം “ദൈവത്തിന്‍റെ സ്വന്തം നാട്” അന്താരാഷ്ട്രതലത്തിൽ പ്രചരിപ്പിക്കാൻ ഏറ്റവും മികച്ച ആശയമാകും ബിസിനസ് ജെറ്റ് ടെര്‍മിനൽ. ഒപ്പം കേരളം എന്ന ബ്രാൻഡ് ലോകം മുഴുവൻ അറിയപ്പെടാനും ഇത് സഹായിക്കും.

ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് നടത്തി

ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് നടത്തി

സ്പോർട്ട് കൗൺസിൽ അംഗീകൃത ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് നടത്തി. കേരളാ സ്പോർട്സ് കൗൺസിൽ അംഗീകൃത കേരള കരാട്ടെ അസോസിയേഷന്റെ ജില്ലാ ഘടകമായ സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം ആഭിമുഖ്യത്തിൽ സെൻട്രൽ സ്‌റ്റേഡിയത്തിൽ 3 – 4 തീയതികളിൽ നടന്ന ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 500 ൽ പരം കരാട്ടെ താരങ്ങൾ പങ്കെടുത്തു. ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ് സുധീർ ഉത്ഘാടനം ചെയ്തു. ജില്ലാ ഒളിംബിക് അസോസിയഷൻ ജനറൽ സെക്രട്ടറി വിജുവർമ്മ മുഖ്യപ്രഭാഷണം നടത്തി കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് ആർ സുരാജ് അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി വി. സമ്പത്ത്, ട്രഷറർ ജോതിനാഥ് സെക്രട്ടറി കാട്ടക്കട സുരേഷ്, വൈ.പ്രസിഡന്റ്മാരായ അക്ബർഷാൻ, ഷിജു എം ഹബീബ്, ജോയിന്റ്: സെക്രട്ടറി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ചാമ്പ്യൻഷിപ്പിൽ ജില്ലാ സ്പോർട്സ് കൗൺസിൽ നിരീക്ഷകനായി ജി. ആർ മനോജും ജില്ലാ ഒളിംബിക്ക് അസോസിയേഷൻ നിരീക്ഷകനായി സനോഫറും പങ്കെടുത്തു. ചാമ്പ്യൻഷിപ്പിൽ ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ ഡിസംബർ 28, 29 തിയതികളിൽ തൃശൂരിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കും.

വിഴിഞ്ഞത്ത് സമവായ നീക്കം സജീവമാക്കി സംസ്ഥാന സർക്കാർ

വിഴിഞ്ഞത്ത് സമവായ നീക്കം സജീവമാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമവായ നീക്കം സജീവമാക്കി സംസ്ഥാന സർക്കാർ. വിഴിഞ്ഞം വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകീട്ട് 5 ന് മന്ത്രിസഭ ഉപസമിതി യോഗം ചേരും. അതിന് ശേഷം സമര സമിതിയുമായി ചർച്ച നടത്താനും സാധ്യതയുണ്ട്.
കർദ്ദിനാൾ ക്ലിമിസ് ബാവയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു.

അതിന് ശേഷം ക്ലിമിസ് ബാവ മുഖ്യമന്ത്രിയുമായും ചർച്ച നടത്തി. തുറമുഖത്തെ തീരശോഷണം പഠിക്കാനുള്ള സമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന ഒരു വ്യക്തിയുണ്ടായിരിക്കണമെന്ന നിർദ്ദേശമാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നുവന്നത്. തീരശോഷണത്തെ തുടർന്ന് വാടക വീടുകളിൽ കഴിയുന്നവർക്ക് അനുവദിച്ച വാടക തുക 5500 ഇൽ നിന്നും 7000 ആക്കണം, പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ടുള്ള കേസ് അടക്കം ചർച്ചയായി. ഈ ചർച്ചകളിൽ ഉരിത്തിരിഞ്ഞ കാര്യങ്ങളെല്ലാം മന്തിമാരെ മുഖ്യമന്ത്രി ധരിപ്പിക്കും. അതിന് ശേഷമാകും സർക്കാർ തലത്തിൽ തീരുമാനമുണ്ടാകുക.

ആയൂരിൽ ബേക്കറിയിൽ തീപിടിത്തം

ആയൂരിൽ ബേക്കറിയിൽ തീപിടിത്തം

കൊല്ലം: ആയൂരിൽ ബേക്കറിയിൽ തീപിടിത്തം. കൊട്ടാരക്കര റൂട്ടിലെ സ്റ്റാർ ബേക്കറിയിലാണ് തീപിടിത്തം ഉണ്ടായത്. രാവിലെ ബേക്കറിയിൽ നിന്നും ക്രമാധീതമായ പുക ഉയരുന്ന കണ്ട നാട്ടുകാർ ഉടൻ തന്നെ കടക്കൽ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.ഏകദേശം 5 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. കടയ്ക്കൽ ഫയർഫോഴ്സും ചടയമംഗലം പോലീസും സംഭവസ്ഥലത്ത് എത്തി തീ അണച്ചു.

30 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം; അവസാന തീയതി ജനുവരി 4

30 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം; അവസാന തീയതി ജനുവരി 4

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. ജനുവരി 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയവ വിജ്ഞാപനത്തിലുണ്ട്. പ്രൊഫൈലിലൂടെ ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

സ്റ്റേറ്റ് ന്യൂട്രീഷൻ ഓഫിസർ, മെഡിക്കൽ ഓഫിസർ, ലെക്ചറർ ഇൻ കോമേഴ്സ്, ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി, അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (സർവകലാശാലകൾ), ലൈബ്രേറിയൻ ഗ്രേഡ് 4 (തസ്തിക മാറ്റം), കോപ്പി ഹോൾഡർ, അസിസ്റ്റൻറ് എൻജിനീയർ, ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ്, ഹൈസ്കൂൾ അധ്യാപകർ (കണക്ക്) എന്നീ തസ്തികകൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.പി സ്കൂൾ അധ്യാപകർ (മലയാള മീഡിയം) തുടങ്ങിയ തസ്തികകളിൽ ജനറൽ റിക്രൂട്ട്മെന്റാണ് നടത്തുക. അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), നോൺ വൊക്കേഷനൽ ടീച്ചർ (ബയോളജി, കെമിസ്ട്രി), എസ്കവേഷൻ അസിസ്റ്റന്റ്, ജൂനിയർ ഇൻസ്പെക്ടർ മെക്കാനിക്കൽ അഗ്രികൾചർ മെഷിനറി, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ടെക്നിക്കൽ അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ തുടങ്ങിയ തസ്തികകളിൽ സ്പെഷൽ റിക്രൂട്ട്മെന്റുമാണ് നടത്തുക.

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പ്രൊഫൈലിൽ സമർപ്പിച്ചിരിക്കുന്ന വിവരങ്ങൾ കൃത്യമാണോ എന്ന് ഉറപ്പു വരുത്തുക. അഡ്മിഷൻ ടിക്കറ്റ് ഉദ്യോ​ഗാർത്ഥികളുടെ പ്രൊഫൈൽ വഴി ലഭ്യമാകും. അഡ്മിഷന്‍ ടിക്കറ്റ് ഉള്ളവരെ മാത്രമേ പരീക്ഷയെഴുതാൻ സമ്മതിക്കൂ.