വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ സർക്കാർ നിലപാട് കടുപ്പിക്കുന്നു

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ സർക്കാർ നിലപാട് കടുപ്പിക്കുന്നു

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ സർക്കാർ നിലപാട് കടുപ്പിക്കുന്നു. ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ സമരം മൂലമുണ്ടായ നഷ്ടം ഇടാക്കണമെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം കൂടുതൽ ശക്തമാക്കാനുള്ള അറിയിപ്പ് ഇന്ന് എല്ലാ പള്ളികളിലും വായിക്കും. സമരത്തെ തുടർന്ന് തുറമുഖ നിർമാണം തടസപ്പെടുന്നതിൽ ദിനംപ്രതി 2 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്. നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന ആവശ്യം നിർമാണക്കമ്പനി സർക്കാരിനെ അറിയിച്ചിരുന്നു. ഈ നിർദേശം മുഖ്യമന്ത്രി അം​ഗീകരിച്ചതായാണ് സൂചന. 

അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി തിങ്കളാഴ്ച പരിഗണനക്ക് വരും. പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടഞ്ഞതിൽ സമരക്കാർക്കെതിരെ ഹൈക്കോടതി എന്ത് നടപടി സ്വീകരിക്കുമെന്നതും സർക്കാർ നോക്കുന്നുണ്ട്. അതിന് ശേഷമാകും തുടർ നീക്കങ്ങൾ. 

കേരളോത്സവോദ്ഘാടനം നടന്നു

കേരളോത്സവോദ്ഘാടനം നടന്നു

ആറ്റിങ്ങൽ നഗരസഭ കേരളോത്സവം ആറ്റിങ്ങൽ കോളേജ് ഗ്രൗണ്ടിൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.ട.കുമാരി ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഗിരിജ, നജാം ,രമ്യാ സുധീർ എന്നിവർ പങ്കെടുത്തു. ക്രിക്കറ്റ് മത്സരങ്ങൾ തുടങ്ങിയവ കോളേജ് ഗ്രൗണ്ടിലും അത്ലറ്റ് മത്സരങ്ങൾ ശ്രീപാദം സ്റ്റേഡിയത്തിലും കലാമത്സരങ്ങൾ ഡിസംബർ 3, 4 തീയതികളിൽ ടൗൺ യു.പി സ്കൂൾ ഓഡിറ്റോറിയത്തിലും നടക്കും.

കിളികൊല്ലൂര്‍ കേസ്: സൈനികനും സഹോദരനും മര്‍ദ്ദനമേറ്റു; കമ്മീഷണറുടെ റിപ്പോര്‍ട്ട്

കിളികൊല്ലൂര്‍ കേസ്: സൈനികനും സഹോദരനും മര്‍ദ്ദനമേറ്റു; കമ്മീഷണറുടെ റിപ്പോര്‍ട്ട്

കൊല്ലം: കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ മര്‍ദ്ദനക്കേസില്‍, സൈനികനും സഹോദരനും മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. സ്‌റ്റേഷന് പുറത്തു വെച്ചാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റതെന്ന പൊലീസുകാരുടെ വാദം റിപ്പോര്‍ട്ടില്‍ തള്ളിയിട്ടുണ്ട്. സ്‌റ്റേഷന് പുറത്തു വെച്ചാണ് മര്‍ദ്ദനമേറ്റതെന്നതിന് തെളിവില്ല.

അതേസമയം പൊലീസ് മര്‍ദ്ദിച്ചുവെന്ന സൈനികന്റെയും സഹോദരന്റെയും വാദത്തിന് തെളിവില്ല. അതുകൊണ്ടു തന്നെ മര്‍ദ്ദിച്ചത് ആരാണെന്ന് വ്യക്തമല്ല. ആരു മര്‍ദ്ദിച്ചു എന്നതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് വിചിത്രമായ കണ്ടെത്തലുള്ളത്.

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ സുഹൃത്തിനെ കാണാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സൈനികന്‍ വിഷ്ണുവിനെയും സഹോദരനും ഡിവൈഎഫ്ഐ പേരൂർ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ വിഘ്നേഷിനെയും പൊലീസ് ക്രൂരമായി മര്‍ദിച്ചത്. പൊലീസുകാരെ മര്‍ദിച്ചെന്ന കുറ്റം ചുമത്തി വിഷ്ണുവിനെയും വിഘ്നേഷിനെയും 12 ദിവസം ജയിലിലിട്ടു. മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 4 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും രണ്ടുപേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

വർക്കലയിൽ അതിവേഗ പോക്സോ കോടതി വരുന്നു

വർക്കലയിൽ അതിവേഗ പോക്സോ കോടതി വരുന്നു

വർക്കല: പോക്സോ കേസുകൾ അതിവേഗം തീർപ്പാക്കാൻ രൂപപ്പെടുത്തിയ ഫാസ്റ്റ് ട്രാക്ക് കോടതി വർക്കലയിലും. വർക്കലയിൽ പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി അനുവദിച്ചതായി വർക്കല എംഎൽഎ അഡ്വക്കേറ്റ് വി.ജോയ് അറിയിച്ചു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ അതിവേഗം തീർപ്പ് കൽപ്പിക്കാനാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾ.

ചുമട്ടു തൊഴിലാളി ഐ. എൻ. റ്റി. യു. സി വക്കം – കടയ്ക്കാവൂർ മേഖലാ സമ്മേളനം നടന്നു

ചുമട്ടു തൊഴിലാളി ഐ. എൻ. റ്റി. യു. സി വക്കം – കടയ്ക്കാവൂർ മേഖലാ സമ്മേളനം നടന്നു

ചുമട്ടു തൊഴിലാളി കോൺഗ്രസ് ഐ. എൻ. റ്റി. യു. സി വക്കം – കടയ്ക്കാവൂർ മേഖലാ സമ്മേളനം ആങ്ങാവിള തപസ്യാ കോളേജിൽ ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്യുന്നു. തൊഴിലാളി ബോർഡുകളിലും, കമ്മിറ്റികളിലും ട്രേഡ് യൂണിയനുമായി പുലബന്ധമില്ലാത്തവരെ നിയമിക്കുന്നതിന് പിന്നിൽ നടക്കുന്ന അഴിമതികൾ ഓരോ മേഖലകളിലുമുള്ള ഫെഡറേഷനുകൾ അന്വേഷിച്ചു തിരുത്തിയില്ലായെങ്കിൽ വലിയ വില കൊടുക്കേണ്ടിവരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. തൊഴിലാളി ക്ഷേമനിധികളിലെ പണം സർക്കാർ ആവശ്യങ്ങൾക്ക്‌ വകമാറ്റി ചിലവഴിക്കുന്നത് തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നും സൂചിപ്പിച്ചു.

സമ്മേളനത്തിൽ മേഖലാ പ്രസിഡന്റ്‌ രാജു വക്കം അദ്ധ്യക്ഷത വഹിച്ചു. മണനാക്ക് ഷിഹാബുദീൻ, യു. പ്രകാശ്‌, കടയ്ക്കാവൂർ അശോകൻ, വക്കം താഹിർ,സലിം പാണന്റെമുക്ക്, എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ, വി.ചന്ദ്രിക, വക്കം സുധ, ആങ്ങാവിള സുരാജ്, പാണന്റെമുക്ക് രാജീവ് എന്നിവർ സംസാരിച്ചു.

വിഴിഞ്ഞം സമരത്തിന്റെ മറവില്‍ കലാപശ്രമം; പൊലീസിന്റെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുത്: മന്ത്രി ആന്റണി രാജുവിന്റെ മുന്നറിയിപ്പ്

വിഴിഞ്ഞം സമരത്തിന്റെ മറവില്‍ കലാപശ്രമം; പൊലീസിന്റെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുത്: മന്ത്രി ആന്റണി രാജുവിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന്റെ മറവില്‍ കലാപശ്രമമെന്ന് മന്ത്രി ആന്റണി രാജു. പൊലീസിന്റെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുത്. സമരക്കാരുടെ ആവശ്യങ്ങളില്‍ സര്‍ക്കാരിനെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. ബാക്കിയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ അടക്കം കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആര്‍ച്ച് ബിഷപ്പാണ് ഒന്നാം പ്രതി. സഹായമെത്രാന്‍ ആര്‍ ക്രിസ്തുദാസ് ഉള്‍പ്പെടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്.

ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. രണ്ടു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. സംഘര്‍ഷ ഭൂമിയില്‍ നിന്നും ലഭിച്ച പരാതിക്ക് പുറമേ, സ്വമേധയായും പൊലീസ് കേസെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി സംഘം ചേരല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

അക്രമത്തിന് എത്തിയവരുടെ വാഹനങ്ങളുടെ നമ്പര്‍ അടക്കം എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. വൈദികര്‍ അടക്കമുള്ള പ്രതികള്‍ കലാപത്തിന് ആഹ്വാനം നല്‍കിയെന്നും, ഇതര മതസ്ഥരുടെ വീട് ആക്രമിച്ചെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു. അമ്പതോളം വൈദികരുള്‍പ്പെടെ 95 ഓളം പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെയുണ്ടായ അക്രമങ്ങളില്‍ തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കും, തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 10 കേസുകളാണ് എടുത്തത്. ഇതില്‍ തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കെതിരെ ഒമ്പതു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കെതിരെ ഒരു കേസുമാണ് എടുത്തത്.