വർക്കല പോലീസ് സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വർക്കല പോലീസ് സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വർക്കല ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ വർക്കല പോലീസ് സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സമീപ പോലീസ് സ്റ്റേഷനുകളായ അയിരൂർ, കല്ലമ്പലം, കടയ്ക്കാവൂർ എന്നീ പോലീസ് സ്റ്റേഷനുകളിലെ ഓഫീസർമാർക്ക് സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി ഡിറ്റക്ഷൻ & Hb A1c ബ്ലഡ് ടെസ്റ്റും സൗജന്യമായി നടത്തുകയുണ്ടായി. ജെ എം എ വർക്കല ബ്രാഞ്ച് പ്രസിഡന്റ് ഡോക്ടർ രാമകൃഷ്ണ ബാബു, സെക്രട്ടറി ഡോക്ടർ സജു സഹദേവൻ, ട്രഷറർ ഡോക്ടർ അബിത് അശോക്
എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.

കരുതലായി കല്ലിൻമൂട് വാർഡ് സമിതി

കരുതലായി കല്ലിൻമൂട് വാർഡ് സമിതി

കല്ലിൻമൂട് വാർഡിൽ തലയ്ക്ക് ഗുരുതരമായി രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്ന പാട്ടത്തിവിള വീട്ടിൽ പ്രസന്നയ്ക്ക് കല്ലിൻമൂട് വാർഡ് സമിതിയുടേയും പൂവണത്തുംമൂട് ബാലജ്യോതിയുടേയും നേതൃത്വത്തിൽ സമാഹരിച്ച തുക കല്ലിൻമൂട് വാർഡ് സമിതി ഭാരവാഹികൾ പ്രസന്നയുടെ വീട്ടിൽ എത്തി നൽകി. വാർഡു സമിതിയുടെ അഭ്യർത്ഥന പ്രകാരം ചിലർ പ്രസന്നയുടെ അകൗണ്ട് മുഖേനയും സഹായം നൽകിയിരുന്നു. ചില സന്നദ്ധ സംഘടനകളും സാമ്പത്തിക സഹായം നൽകിയിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പിജി ഡോക്ടർമാർ സമരത്തിൽ

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പിജി ഡോക്ടർമാർ സമരത്തിൽ

തിരുവനന്തപുരം: വനിത ഡോക്ടറെ മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് പിജി ഡോക്ടര്‍മാരുടെ സമരം. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് സമരം. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല. ഒപി, കിടത്തി ചികിൽസ എന്നിവയെ സമരം ബാധിക്കും. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ മാ‍ർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. പിജി ഡോക്ടർമാ‍ർക്കൊപ്പം മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയും ചേർന്നാണ് പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്. സമരത്തിന് ഐഎംഎ പിന്തുണ പ്രഖ്യാപിച്ചു. ആശുപത്രി ആക്രമണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് ഐഎംഎ വ്യക്തമാക്കി.

ബുധനാഴ്ച പുല‍ച്ചെയാണ് ന്യൂറോ സർജറി വിഭാ​ഗത്തിലെ വനിത ഡോക്ടറെ രോ​ഗിയുടെ ഭർത്താവ് തള്ളിയിട്ട് വയറ്റിൽ ചവിട്ടിയത്. കൊല്ലം സ്വദേശി സെന്തിൽകുമാറിനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് വൈകുന്നതിലാണ് ‍ഡോക്ട‍‍ർമാർ പ്രതിഷേധം കടുപ്പിക്കുന്നത്. ചികിൽസയിലായിരുന്ന ഭാര്യയുടെ മരണ വിവരം അറിയിച്ചപ്പോഴായിരുന്നു അക്രമം.

വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കില്ല; ഹൈക്കോടതി

വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കില്ല; ഹൈക്കോടതി

കൊച്ചി: വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ചുള്ള കേസ് നിലനില്‍ക്കില്ലെന്നു ഹൈക്കോടതി. പരാതിക്കാരി വിവാഹിതയാണെങ്കില്‍ നിയമപരമായി മറ്റൊരു വിവാഹം സാധിക്കില്ല. അതുകൊണ്ടു തന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ച് നടപടിയെടുക്കാനാവില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പുനലൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത് കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. പ്രതി കൊല്ലം സ്വദേശി ടിനോ തങ്കച്ചന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഓസ്‌ട്രേലിയയില്‍ വച്ച് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവും യുവതിയും പ്രണയത്തിലായിരുന്നു. വിവാഹിതരാകാന്‍ തീരുമാനിച്ചുവെന്നും പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും യുവതി മൊഴിയില്‍ പറയുന്നു. വിവാഹം ചെയ്യാമെന്നു പറഞ്ഞതു കൊണ്ടു ശാരീരിക ബന്ധത്തിനു സമ്മതിച്ചു എന്നാണു മൊഴി. എന്നാല്‍, വിവാഹിതയായ യുവതി പ്രണയത്തിലുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കേസ് ആണിതെന്നു കോടതി പറഞ്ഞു.

യുവതി ഭര്‍ത്താവില്‍ നിന്നു പിരിഞ്ഞു താമസിക്കുകയാണെങ്കിലും വിവാഹമോചന നടപടികള്‍ പുരോഗമിക്കുന്നതേയുള്ളു. നിയമപരമായി നടപ്പാക്കാനാകാത്ത വിവാഹ വാഗ്ദാനം പീഡനക്കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ആധാരമാക്കാന്‍ കഴിയില്ലെന്നു വിലയിരുത്തിയ കോടതി കേസ് റദ്ദാക്കി.

വയോമധുരം പദ്ധതിയ്ക്ക് തുടക്കം കുറിച്ച് പോത്തൻകോട് ബ്ലോക്ക്‌

വയോമധുരം പദ്ധതിയ്ക്ക് തുടക്കം കുറിച്ച് പോത്തൻകോട് ബ്ലോക്ക്‌

പോത്തൻകോട് ബ്ലോക്കിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രമേഹരോഗ ബാധിതർക്ക് സൗജന്യമായി ഇൻസുലിൻ വിതരണം ചെയ്യുന്ന ‘വയോമധുരം’ പദ്ധതി വി. ശശി എം. എൽ. എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനം വഴി ഇൻസുലിൻ വിതരണം ചെയുന്നത്. സമൂഹത്തിൽ ഏറ്റവും അനിവാര്യമായ പദ്ധതിയാണിതെന്ന് എം.എൽ. എ പറഞ്ഞു. 36.50 ലക്ഷം രൂപയാണ് പദ്ധതി ചെലവ് .

ബ്ലോക്കിലെ അഞ്ച്  പഞ്ചായത്തുകളിലെയും എൻ. സി. ഡി ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 60 വയസ്സിനു മുകളിൽ പ്രായമുള്ള രോഗികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ നിർദ്ദേശിച്ച അളവിലുള്ള ഇൻസുലിൻ ഓരോ മാസത്തേയ്ക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്നു .

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷൈലജ ബീഗം ഈ മാസത്തെ ഇൻസുലിൻ രോഗികൾക്ക് വിതരണം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ തൃതല പഞ്ചായത്ത്‌ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരും പങ്കാളികളായി.

മൂതല ഗവണ്മെന്റ് എൽ പി എസിലെ എല്ലാ ക്ലാസ്സ് റൂമുകളിലും ക്ലോക്കുകൾ വിതരണം ചെയ്തു

മൂതല ഗവണ്മെന്റ് എൽ പി എസിലെ എല്ലാ ക്ലാസ്സ് റൂമുകളിലും ക്ലോക്കുകൾ വിതരണം ചെയ്തു

വയലിനിസ്റ്റ് ബിജു പകൽക്കുറി ഫാൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ മൂതല ഗവണ്മെന്റ് എൽ പി എസിലെ എല്ലാ ക്ലാസ്സ് റൂമുകളിലും ക്ലോക്കുകൾ വിതരണം നടത്തി. ഇതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവൻകുട്ടി അധ്യക്ഷത വഹിച്ചു, സ്കൂൾ എച്ച്‌ എച്ച് എം പി. ആർ പത്മകുമാരി സ്വാഗതം പറഞ്ഞു.

വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണായ എസ് ഷീബ മുഖ്യ പ്രഭാഷണം നടത്തി. വയലിനിസ്റ്റ് ബിജു, പകൽകുറി ഫാൻസ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷിബു ഹമീദ്, പി ടി എ പ്രസിഡന്റും പള്ളിക്കൽ ഫാർമേഴ്‌സ് ബാങ്ക് ബോർഡ് മെമ്പറുമായ ദീപു മോഹൻ, സി ഡി എസ് അംഗങ്ങൾ ആയ സിന്ധു, പുഷ്പലത, അധ്യാപകരായ സർവ്വശ്രീ ബീന എൽ, ജസീല എൻ. എസ്, സജി ജെ, നിസാർ. എസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.