ആറ്റിങ്ങൽ എം പി അഡ്വ. അടൂർപ്രകാശിന് നിവേദനം നൽകി

ആറ്റിങ്ങൽ എം പി അഡ്വ. അടൂർപ്രകാശിന് നിവേദനം നൽകി

എൽ ഐ സി യെ പൂർണ്ണമായും സ്വാകാര്യവത്കരിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക, ഡയറക്ട് മാർക്കറ്റിങ് നിർത്തലാക്കുക, ഐ ആർ ഡി എ യുടെ കരട് റിപ്പോർട്ട് പിൻവലിക്കുകയും റിന്യൂവൽ കമ്മീഷൻ പഴയ പടി തുടരുകയും ചെയ്യുക, കമ്മീഷനിൽ റിബയ്റ്റ് നൽകി ബീമസുഖം ഇൻഷുറൻസ് എക്സ്ചേഞ്ച് നടപ്പിലാക്കാനുള്ള തീരുമാനം പിൻവലിക്കുക, ഇ. ഇൻഷുറൻസ് പോളിസികൾ നിർത്തലാക്കുക, ഇൻഷുറൻസ് മേഖലയിൽ എല്ലാ ഇടപാടുകൾക്കും ജി എസ് റ്റി ഒഴിവാക്കുക, ക്ലബ്‌ സി എൽ ഐ എ മൂചൽ ഫണ്ട്‌ ഏജന്റ്മാരുടെ തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചു നിയമം കൊണ്ടുവരുവാനായി അഖിലേന്ത്യാ തലത്തിൽ ലോക സഭ എം പി മാർക്ക് ഏജന്റ്മാരുടെ സംഘടനയായ എൽ ഐ സി എ ഒ ഐ യുടെ ആഭിമുഖ്യത്തിൽ നിവേദനം നൽകുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ എം പി അഡ്വ. അടൂർപ്രകാശ് ന് നിവേദനം നൽകി. എൽ ഐ സി എ ഒ ഐ ഡിവിഷൻ സെക്രട്ടറി ബി. ഷാജി ഡിവിഷൻ കൗൺസിൽ അംഗങ്ങളായ വഞ്ചിയൂർ ഉദയകുമാർ, വി ശശി, കൗൺസിലർ ഗ്രാമം ശങ്കർ എന്നിവർ പങ്കെടുത്തു.

ലോണ്‍ ആപ്പുകളില്‍ വൻ തട്ടിപ്പ്; ടിപ്പ്‌സുമായി എസ്ബിഐ

ലോണ്‍ ആപ്പുകളില്‍ വൻ തട്ടിപ്പ്; ടിപ്പ്‌സുമായി എസ്ബിഐ

ഡല്‍ഹി: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളില്‍ വീണ് തട്ടിപ്പിന് ഇരയാകുന്ന ആളുകളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ടിപ്പ്‌സുകള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പ് അതിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ ശ്രമിക്കണമെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കുന്നു. സംശയം തോന്നുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. നിയമവിരുദ്ധമായ ആപ്പുകള്‍ ഉപയോഗിക്കരുത്. അവ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന് വരാമെന്നും എസ്ബിഐയുടെ ടിപ്പ്‌സില്‍ പറയുന്നു.

ആപ്പ് പെര്‍മിഷന്‍ സെറ്റിങ് പരിശോധിച്ച് ഡേറ്റ ആരും മോഷ്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക. ബാങ്ക്, ധനകാര്യ സ്ഥാപനം എന്ന വ്യാജേന ബന്ധപ്പെടുന്നവര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ കൈമാറാതിരിക്കുക.

ആറ്റിങ്ങൽ ഐടിഐയ്ക്ക് സമീപം വാഹനാപകടം

ആറ്റിങ്ങൽ ഐടിഐയ്ക്ക് സമീപം വാഹനാപകടം

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐടിഐയ്ക്ക് സമീപം വാഹനാപകടം. ആറ്റിങ്ങൽ ഐടിഐയ്ക്കു മുന്നിൽ രണ്ടു കാറും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. ആറ്റിങ്ങലിൽ നിന്നും മാമത്തേയ്ക്ക് പോകുകയായിരുന്ന രണ്ടു കാറുകളിൽ ഒരെണ്ണം യു ടേൺ എടുക്കവേ മുന്നിലുള്ള കാറിനെ ഇടിയ്ക്കുകയും നിയന്ത്രണം വിട്ട കാർ എതിർദിശയിൽ നിന്നും വന്ന ഓട്ടോയിൽ ഇടിക്കുകയുമായിരുന്നു. രാത്രി 7 മണിയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവറെ നിസ്സാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൈനയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

ചൈനയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

ചൈനയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. കോവിഡ് രോഗം തുടങ്ങിയതിന് ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് ബാധിതരാണ് ബുധനാഴ്ചത്തേത്. 31,454 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 27,517 പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന്, പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ചൈന. ലോക്ഡൗണുകളും വിപുലമായ നിലയില്‍ പരിശോധനകള്‍ സംഘടിപ്പിച്ചും യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ചൈന ശ്രമിക്കുന്നത്.

തലസ്ഥാനമായ ബെയ്ജിങ്ങില്‍ അടക്കം സീറോ കോവിഡ് നയമാണ് നടപ്പാക്കുന്നത്. ചെറിയ വ്യാപനം ഉണ്ടായാല്‍ പോലും അടച്ചിടുന്ന അവസ്ഥയാണ്. രോഗം ബാധിച്ചവര്‍ക്ക് കര്‍ശന ക്വാറന്റൈന്‍ വ്യവസ്ഥയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ കടുത്തതോടെ, ജനങ്ങളുടെ ഇടയില്‍ നിന്ന് പ്രതിഷേധം ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍(59) അന്തരിച്ചു. വഞ്ചിയൂരിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ ഇന്നലെ നാട്ടില്‍ പോയിരുന്നു. ഇന്ന് ഉച്ചയായിട്ടും ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും ഫോണില്‍ കിട്ടിയില്ല. തുടര്‍ന്ന് പൊലീസെത്തി ഫ്ളാറ്റ് തള്ളിത്തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റ്‌മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് പൊലീസ് അറിയിച്ചു. വിദ്യാഭ്യാസ കാലത്തു തന്നെ സാഹിത്യലോകത്തെത്തി.

80കളിൽ ആനുകാലികങ്ങളിൽ നിറഞ്ഞുനിന്ന പയ്യന്നൂരിന്റെ കൃതികൾ വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ തുടങ്ങി ഒട്ടേറെ നോവലുകളും പ്രസിദ്ധീകരിച്ചു.  പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കാരൂർ പുരസ്കാരം, മലയാറ്റൂർ അവാർഡ്, തോപ്പിൽ രവി അവാർഡ് എന്നീ അവാർ‍‍ഡുകൾക്കും അർഹനായി.  കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു, ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടുണ്ട്. കേരള സാംസ്കാരിക വകുപ്പിന്‍റെ കീഴിലുള്ള ഭാരത് ഭവന്‍റെ മെമ്പർ സെക്രട്ടറിയായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. 1992 ൽ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ഇദ്ദേഹം ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു.

പകൽവീട് പദ്ധതിയ്ക് തുടക്കം കുറിച്ച്  ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത്

പകൽവീട് പദ്ധതിയ്ക് തുടക്കം കുറിച്ച് ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത്

ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ വയോജനങ്ങളുടെ സംരക്ഷണത്തിനായ് പകൽ വീടിന് പദ്ധതിയ്ക്ക് തുടക്കമിട്ടു. ആധുനിക സമൂഹത്തിൽ കൂട്ടുകുടുംബ വ്യവസ്ഥയിൽ ഉണ്ടായിട്ടുള്ള തകർച്ച നിമിത്തം വയോജനങ്ങളുടെ സംരക്ഷണത്തിൽ വേണ്ട ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ല എന്ന ബോധ്യത്തിൽ “കൂട്ടിനുണ്ട് ഗ്രാമപഞ്ചായത്ത്” എന്ന ആശയം പ്രായോഗികതലത്തിൽ കൊണ്ടുവരുന്നതിനും, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായും സ്നേഹാലയം (പകൽവീട്) ആരംഭിച്ചു.

നവംബർ 24 വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് നടന്ന ചടങ്ങിൽ ചിറയിൻകീഴ് എംഎൽഎ വി ശശിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ എംഎൽഎ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മുരളി,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈലജ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി സി ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.