എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് ഒമ്പതിന് ആരംഭിക്കും; പ്ലസ്ടു മാര്‍ച്ച് 10ന്

എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് ഒമ്പതിന് ആരംഭിക്കും; പ്ലസ്ടു മാര്‍ച്ച് 10ന്

ഈ അക്കാദമിക വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. എസ് എസ് എല്‍ സി പരീക്ഷ 2023 മാര്‍ച്ച് ഒമ്പത് മുതല്‍ മാര്‍ച്ച് 29 വരെയായിരിക്കും.

മാതൃകാ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. പരീക്ഷാ ഫലം മെയ് 10നുള്ളില്‍ പ്രഖ്യാപിക്കും. പ്ലസ്ടു പരീക്ഷ മാര്‍ച്ച് 10 മുതല്‍ മാര്‍ച്ച് 30 വരെയാണ്.

മാമം ചൈതന്യ കുടുംബാംഗങ്ങളുടെ ആറു വർഷത്തെ കാത്തിരിപ്പിനു വിരാമം

മാമം ചൈതന്യ കുടുംബാംഗങ്ങളുടെ ആറു വർഷത്തെ കാത്തിരിപ്പിനു വിരാമം

മാമം ചൈതന്യ കുടുംബാംഗങ്ങളുടെ ആറു വർഷത്തെ കാത്തിരിപ്പിനു സമാപനം.
കിഴുവിലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ
പതിനേഴാം വാർഡ് ഉൾപ്പെടുന്ന പ്രദേശമായ മാമം ചൈതന്യ ജംഗ്ഷനിലെ 200 കുടുംബാംഗങ്ങൾക്ക് വോൾട്ടേജ് ക്ഷാമം അനുഭവപ്പെട്ടതിനെത്തുടർന്ന് 2016 ആറ്റിങ്ങൽ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർദ്ദേശപ്രകാരം ചൈതന്യ ജംഗ്ഷനിൽ ഒരു ട്രാൻസ്ഫോമർ കൊണ്ടുവരികയും ഉദ്ഘാടനത്തിന് മുന്നേ തദ്ദേശവാസിയായ ഒരാൾ ആറ്റിങ്ങൽ കോടതിയിൽ കേസ് കൊടുത്തു ട്രാൻസ്ഫോമർ പ്രവർത്തിയ്ക്കുന്നതിനെതിരെ നിരോധന ഉത്തരവ് വരുകയും ചെയ്തു.

2021 മുതൽ ചൈതന്യ റസിഡൻസ് അസോസിയേഷൻ നൽകിയ നിരവധി അപേക്ഷകൾ പരിഗണിച്ച് ആറ്റിങ്ങൽ കെഎസ്ഇബിയിലെ E & AXE എന്നിവരുടെ കൂട്ടായ തീരുമാനപ്രകാരം നിലവിലെ ആറ്റിങ്ങൽ കെഎസ്ഇബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിനു അടിയന്തര നടപടികൾ സ്വീകരിക്കുകയും പുതുതായി ട്രാൻസ്ഫോമർ പരാതി നൽകിയ സ്ഥലവാസികളുടെ വസ്തുവിനെ സമീപത്തു നിന്നും മാറ്റി ചൈതന്യ ജംഗ്ഷനിൽ സ്ഥാപിക്കുകയും ചെയ്തു. ട്രാൻസ്ഫോർമറിന്റെ പ്രവർത്തന ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗവും ചൈതന്യ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ എ എസ് ശ്രീകണ്ഠൻ നിർവഹിച്ചു.

കിഴുവിലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ പ്രസന്ന, കെഎസ്ഇബി ഉദ്യോഗസ്ഥർ, അസോസിയേഷൻ ഭാരവാഹികൾ, ചൈതന്യ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ട്രാൻസ്ഫോർമർ അടിയന്തിരമായി ചൈതന്യ ജംഗ്ഷനിൽ സ്ഥാപിക്കുന്നതിന് നടപടികൾ കൈകൊണ്ട ആറ്റിങ്ങൽ ഇലക്ട്രിസിറ്റി സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ ബിനുവിനെ ആദരിച്ചു.

സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണം; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണം; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി 942 കടകളിൽ പരിശോധനകള്‍ നടത്തി. നിലവാരം ഉയര്‍ത്തുന്നതിനായി 284 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാത്ത 168 സ്ഥാപനങ്ങള്‍ക്ക് പിഴ അടക്കുന്നതിന് നോട്ടീസ് നല്‍കുകയും 3.43 ലക്ഷം രൂപ ഫൈന്‍ ആയി ഈടാക്കുകയും ചെയ്തു. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. പരിശോധനകള്‍ വരും ദിവസങ്ങളിലും ശക്തമായി തുടരുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

തലശ്ശേരിയിൽ ഇരട്ടക്കൊലപാതകം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ

തലശ്ശേരിയിൽ ഇരട്ടക്കൊലപാതകം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ: തലശേരിയിൽ ലഹരി മാഫിയ നടത്തിയ ഇരട്ട കൊലപാതകത്തിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. തലശ്ശേരി സ്വദേശികളായ ജാക്ക്സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ്രതിയായ പാറായി ബാബുവിനായി തെരച്ചിൽ തുടരുന്നു. ബാബുവും ജാക്സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയിൽ പറഞ്ഞിരുന്നു. ഇന്നലെയാണ് കണ്ണൂർ തലശേരിയിൽ സംഘർഷത്തിനിടെ സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചത്. തലശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരി വിൽപ്പന ചോദ്യം ചെയ്തതും ചില സാമ്പത്തിക തർക്കവുമാണ് സംഘർഷത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെ തലശേരി സിറ്റി സെന്‍ററിനടുത്തുവച്ചാണ് മൂവർക്കും കുത്തേൽക്കുന്നത്.

ഇല്ലിക്കുന്ന്‌ ത്രിവർണഹൗസിൽ കെ ഖാലിദ്, ഖാലിദിന്റെ സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീർ എന്നിവരാണ് മരിച്ചത്. ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. ഷമീറിന്റെ സുഹൃത്ത് നെട്ടൂർ സാറാസിൽ ഷാനിബിനും സംഘർഷത്തിനിടെ കുത്തേറ്റു. ഇയാളുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ലഹരി വിൽപ്പന സംഘത്തിൽപ്പെട്ട ജാക്സണും പാറായി ബാബുവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ഷമീർ നൽകിയ മൊഴിയിൽ പറയുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ലഹരി വിൽപന ചോദ്യം ചെയ്‌ത ഷമീറിന്റെ മകനെ ബുധനാഴ്‌ച ഉച്ചക്ക്‌ നെട്ടൂർ ചിറക്കക്കാവിനടുത്ത് വച്ച് ജാക്‌സൺ മർദിച്ചിരുന്നു. ഇവർ തമ്മിൽ വാഹനം വിറ്റ പണം സംബന്ധിച്ച തർക്കവുമുണ്ടായിരുന്നു. മകനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ്‌ ഒത്തുതീർപ്പിന് എന്ന നിലയിലാണ് ജാക്സണും സംഘവും ഖാലിദിനേയും മറ്റും റോഡിലേയ്ക്ക്‌ വിളിച്ചിറക്കിയത്‌. സംസാരത്തിനിടയിൽ കൈയിൽ കരുതിയ കത്തിയെടുത്ത്‌ ജാക്സൺ ഖാലിദിനെ കുത്തി. തടയാൻ ശ്രമിച്ച ഷമീറിനും ഷാനിബിനും കുത്തേറ്റു. ഖാലിദിനും ഷമീറിനും കഴുത്തിനും വയറിലുമാണ് കുത്തേറ്റത്.

ശാരീരികാസ്വാസ്ഥതകളെ തുടർന്ന് കമൽഹാസൻ ആശുപത്രിയിൽ

ശാരീരികാസ്വാസ്ഥതകളെ തുടർന്ന് കമൽഹാസൻ ആശുപത്രിയിൽ

ശാരീരികാസ്വാസ്ഥതകളെ തുടർന്ന് കമൽഹാസൻ ആശുപത്രിയിൽ ചികിത്സ തേടി. ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പതിവ് ചികിത്സാ ചെക്കപ്പുകൾക്കു വേണ്ടിയാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്നും റിപ്പോർട്ട് ഉണ്ട്. നിർബന്ധിത വിശ്രമം താരത്തിന് ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചതായും അടുത്തവൃത്തങ്ങൾ പറയുന്നു. ഉടൻ തന്നെ അദ്ദേഹം ആശുപത്രി വിടും. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2വിന്റെ ഷൂട്ടിങ് തിരക്കിലാണ് കമൽഹാസൻ. കാജൾ അഗർവാൾ ചിത്രത്തിൽ നായികയായെത്തുന്നു.

17കാരന്‍റെ കൈ മുറിയ്ക്കേണ്ടി വന്ന സംഭവം; തലശ്ശേരി ജനറൽ ആശുപതിയിലെ ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

17കാരന്‍റെ കൈ മുറിയ്ക്കേണ്ടി വന്ന സംഭവം; തലശ്ശേരി ജനറൽ ആശുപതിയിലെ ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂ‍ർ: തലശ്ശേരി ജനറൽ ആശുപതിയിൽ ചികിൽസ തേടിയ 17 വയസ്സുകാരൻ സുൽത്താന്‍റെ കൈ മുറിച്ച് മാറ്റേണ്ടി വന്ന സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്. തലശ്ശേരി ജനറൽ ആശുപതിയിൽ സുൽത്താനെ ചികിൽസിച്ച എല്ലു രോഗ വിദഗ്ദൻ ഡോ. വിജു മോനെതിരെയാണ് കേസ്. ചികിൽസ പിഴവിനാണ് കേസെടുത്തത്. സുൽത്താന്‍റെ പിതാവിന്റെ പരാതിയില്‍ ആണ് കേസ് തലശേരി പൊലിസ് കേസെടുത്തത്. തലശ്ശേരി
എ എസ് പി, പി.നിഥിൻ രാജാണ് കേസന്വേഷിക്കുന്നത്. സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം നടത്തുകയാണ്. ഫുട്ബോൾ കളിയ്ക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർഥിയുടെ കൈ ആണ് മുറിച്ചു മാറ്റേണ്ടി വന്നത്. ആശുപത്രിയുടെ അനാസ്ഥയാണ് കാരണമെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. തലശേരി ചേറ്റംകുന്ന് നാസാ ക്വാർട്ടേർസിൽ താമസിക്കുന്ന അബൂബക്കർ സിദ്ധിഖിന്റെ മകൻ സുൽത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് 17കാരനായ സുൽത്താൻ.

ഒക്ടോബർ 30 ന് വൈകീട്ടാണ് അപകടം നടന്നത്. വൈകുന്നേരം വീടിന് അടുത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കഴിക്കുന്നതിനിടെ ഗ്രൗണ്ടിൽ വീണാണ് എല്ല് പൊട്ടിയത്. തുടർന്ന് തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെ എക്സ്റേ മെഷീൻ കേടായിരുന്നു. എക്സ്റേ എടുക്കാൻ കൊടുവള്ളി കോ-ഓപറേറ്റീവ് ആശുപത്രിയിൽ പോയി. ഒരു മണിക്കൂറിൽ എക്സ്റേ തലശേരി ആശുപത്രിയിൽ ഹാജരാക്കി. കുട്ടിയുടെ കൈയ്യിലെ രണ്ട് എല്ല് പൊട്ടിയിരുന്നു. അന്ന് എക്സ്റേ ഫോട്ടോയെടുത്ത് അസ്ഥിരോഗ വിഭാഗം ഡോക്ടർക്ക് അയച്ചുകൊടുത്തു. തുടർന്ന് സ്കെയിൽ ഇട്ട് കൈ കെട്ടി. കുട്ടിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു. തൊട്ടടുത്ത ദിവസം ഡോക്ടർ വിജുമോൻ ശസ്ത്രക്രിയ നിർദ്ദേശിച്ചു. എന്നാൽ നടപടികൾ കൈക്കൊണ്ടില്ല. നവംബർ ഒന്നിന് രാവിലെ കൈ നിറം മാറി. തുടർന്ന് വിജുമോൻ അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്നും ഒരു പൊട്ടൽ പരിഹരിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. നവംബർ 11 നാണ് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചതെന്നും കുടുംബം പറയുന്നു.

പിന്നീട് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല. മെഡിക്കൽ കോളേജിൽ വെച്ച് ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് കൈമുട്ടിന് താഴേയ്ക്കുള്ള ഭാഗം മുറിച്ച് മാറ്റി. സർക്കാർ ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നൽകി.

അതേസമയം ചികിത്സാ പിഴവ് ഉണ്ടായില്ലെന്ന് തലശേരി ജനറൽ ആശുപത്രി അധികൃതർ വിശദീകരിക്കുന്നു. കുട്ടിയുടെെ എല്ല് പൊട്ടി മൂന്നാമത്തെ ദിവസം കുട്ടിയ്ക്ക് കൈയ്യിലേയ് ക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കമ്പാർട്ട്മെന്റ് സിൻഡ്രോം എന്ന അവസ്ഥ വന്നു. പിന്നീട് സർജറി ചെയ്തെങ്കിലും നീർക്കെട്ട് മാറാനുള്ളത് കൊണ്ട് കൈ തുന്നിക്കെട്ടിയിരുന്നില്ല. അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയിൽ പെട്ടത്. ഒപ്പം രക്തം വാർന്നുപോവുകയും ചെയ്തു. രക്തം വാർന്ന് പോയില്ലെങ്കിൽ കൈ രക്ഷിക്കാൻ കഴിയുമായിരുന്നു. ഉടൻ മെഡിക്കൽ കോളേജിലേക്ക് വിടുകയും ചെയ്തെന്നും ആശുപത്രിയുടെ വിശദീകരണം.