by Midhun HP News | Nov 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സ്റ്റേഷൻ വാഹനങ്ങൾ പണിമുടക്കുന്നത് തുടർക്കഥയാകുന്നത് പതിവായതോടെ അഞ്ചുതെങ്ങ് പോലീസ് ദുരിതത്തിലായി. കാലപ്പഴക്കത്താലും അറ്റക്കുറ്റപ്പണികൾ നടത്താത്തതിനാലുമാണ് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ വാഹനങ്ങളുടെ പണിമുടക്ക് സ്ഥിരം സംഭവമായ് മാറിയിരിക്കുന്നത്. രണ്ട് ബൊലേറോ വാഹനങ്ങളാണ് നിലവിൽ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനായി അനുവദിച്ചു കിട്ടിയിട്ടുള്ളത്. അതിൽ 2014 രജിസ്ട്രെഷൻ ചെയ്തിട്ടുള്ള KL01BN8433 എന്ന വാഹനം മൂന്ന് ലക്ഷത്തിൽ അധികം കിലോമീറ്ററുകളും 2016 രജിസ്ട്രെഷൻ ചെയ്തിട്ടുള്ള KL01BW7958 എന്ന വാഹനം രണ്ട് ലക്ഷത്തിലധികം കിലോമീറ്ററുകളുമാണ് ഇതിനോടകം ഓടിയിട്ടുള്ളത്.

കൃത്യമായ ഇടവേളകളിലെ അറ്റകുറ്റപ്പണികളും കൃത്യമായ പരിപാലനവും ഇല്ലാത്തതാണ് വാഹനങ്ങൾ വളരെവേഗം നശിക്കുവാനുള്ള പ്രധാന കാരണം കൂടാതെ, തീരദേശമായതിനാൽ പ്രദേശത്തെ ഉപ്പുരസം കലർന്ന കാറ്റിന്റെ സാമീപ്യം വാഹനങ്ങൾക്ക് പെട്ടെന്ന് കേടുപാട് ഉണ്ടാക്കുവാൻ കാരണമായിട്ടുണ്ട്. നിലവിൽ രണ്ടു വാഹനങ്ങളുടെയും പല പ്രധാന ഭാഗങ്ങളും തുരുമ്പ് പിടിച്ച് ദ്രവിച്ചുകഴിഞ്ഞു. റൂഫ് അടക്കമുള്ള പ്രധാന ഭാഗങ്ങളിലെല്ലാം ദ്രവിച്ച് ചെറുതും വലുതുമായ തുളകൾ വീണ അവസ്ഥയിലുമാണ്. ഇതിനാൽ തന്നെ മഴക്കാലങ്ങളിൽ വാഹനങ്ങൾ ചോർന്നൊലിക്കുന്ന അവസ്ഥയാണ്. കൂടാതെ വാഹനം തുരുമ്പുപിടിച്ച് ദ്രവിച്ചതോടെ വാഹനത്തിന്റെ പല ഉപകരണങ്ങളും ഉറപ്പിച്ചിട്ടുള്ള ഫ്രെയിമുകളിൽ നിന്ന് ഇളകിവീഴുന്ന അവസ്ഥയിലായി. ഇവയിൽ പലതും നിലവിൽ മറ്റു ഗദ്യന്തരങ്ങൾ ഇല്ലാതെ കയറുകൊണ്ടും റോപ്പ് കൊണ്ടും വലിച്ചു കെട്ടിനിർത്തിയിരിക്കുന്ന ശോചനീയ അവസ്ഥയാണ്.
വാഹനത്തിന്റെ ഗിയർ ബോക്സ്, ക്ലച്ച് തുടങ്ങി ഇലക്ട്രിക്കൽ വയറിങ്ങ് കിറ്റ് എന്നിവയും തകരാറിലാണ്.

രാത്രികാലങ്ങളിൽ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ അഞ്ചുതെങ്ങ് പോലീസിന്റെ അടിയന്തര സേവനം ലഭ്യമാകുവാൻ നിലവിൽ പരാതിക്കാർ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. പലപ്പോഴും വാഹനം സ്റ്റാർട്ട് ആകുവാൻ തന്നെ മണിക്കൂറുകൾ വേണ്ടിവരുന്നുണ്ട്, ചില ഘട്ടങ്ങളിൽ പോലീസ്ഉദ്യോഗസ്ഥർ പ്രതികളുടെയും പരാതി നൽകുവാൻ സ്റ്റേഷനിൽ എത്തിയവരുടെയും സഹായത്തോടെ വാഹനം മീറ്ററുകളോളം തള്ളി സ്റ്റാർട്ട് ആക്കിയാണ് അന്വേഷണങ്ങൾക്കും മാറ്റുമായി പോകുന്നത്.സ്റ്റാർട്ട് ആയ വാഹനം ഓഫ് ആയി കഴിഞ്ഞാൽ വീണ്ടും സ്റ്റാർട്ട് ആയില്ലെങ്കിലോ എന്ന ഭയത്താൽ പലപ്പോഴും വാഹനത്തിന്റെ എഞ്ചിൻ ഓഫ് ആക്കാറില്ല. തന്മൂലം ഇന്ധന ചിലവും വർദ്ധിയ്ക്കുന്നുണ്ട്.
എത്രയും പെട്ടെന്ന് തന്നെ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന് പുതിയ വാഹനങ്ങൾ അനുവദിക്കുകയും അവയുടെ അറ്റകുറ്റപ്പണികൾ കൃത്യമായ ഇടവേളകളിലും ശ്രദ്ധയോടുംകൂടി കൈകാര്യം ചെയ്തില്ലെങ്കിൽ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ പ്രവർത്തനം കൂടുതൽ ശോചനീയമാകും.
by Midhun HP News | Nov 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മാറനല്ലൂർ: പട്ടാപകൽ ജനവാസ മേഖലയിൽ വെള്ളം ചോദിച്ചെത്തി മോഷ്ടാവ് വയോധികയെ ക്രൂരമായി ആക്രമിച്ചു സ്വർണ്ണ മാല കവർന്നു. മാറനല്ലൂർ അരുമാളൂർ മയൂരം വീട്ടിൽ അരുന്ധതി (85) യെയാണ് കള്ളൻ മർദ്ദിച്ചു അവശയാക്കി മാല പിടിച്ചു പറിച്ചത്. മുഖത്തും നെഞ്ചിലും ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റു. മുഖത്തും കണ്ണിലുമൊക്കെ മർദ്ദനത്തെ തുടർന്ന് നീര് വന്നു വീർത്ത അവസ്ഥയിലാണ്. മൂക്കില്‍കൂടി അമിതമായി രക്തം വാര്‍ന്ന അരുദ്ധതി അവശതയിലും പുറത്തിറങ്ങി നാട്ടുകാരെ കൂട്ടിയെങ്കിലും കള്ളൻ ഓടി മറഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ ജോലിക്ക് പോയ മകൾ സുജയെയും ഇവരുടെ മറ്റൊരു മകൻ സതി കുമാറിനെയും വിവരം അറിയിച്ചു. ഇവര്‍ നെയ്യാറ്റിൻകര ആശുപത്രിയിലും തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു ചികിത്സ നൽകി.

അരുന്ധതിയും മകൾ സുജ ചെറുമകൻ മിഥുൻ എന്നിവരാണ് മയൂരം വീട്ടിൽ താമസിക്കുന്നത്. മകളും ചെറുമകനും പുറത്ത് പോയ സമയം തിങ്കളാഴ്ച രാവിലെ 11. 30 ഓടെ മെലിഞ്ഞ ശരീര പ്രകൃതിയുള്ള യുവാവ് കുടിക്കാൻ വെള്ളം ചോദിച്ചു എത്തിയത്. ഇതിനിടെ ചിലരുടെ പേരുകൾ പരാമർശിച്ചു ഇവരെ അറിയുമോ എന്നും അരുന്ധതിയോട് കള്ളൻ ചോദിച്ചു. അടുക്കളയിൽ ചെന്ന് വെള്ളവുമായി തിരികെ എത്തിയപ്പോഴാണ് കള്ളൻ അകത്തേക്ക് കയറി കഴുത്തിന് പിടിക്കുകയും അതി ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. മുഖത്തെ എല്ലുകൾക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട് എന്ന് ബന്ധുക്കൾ പറഞ്ഞു. മാറനല്ലൂർ പോലീസ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തി പ്രദേശങ്ങളിലെ സി സി ടീ വി ഉൾപ്പെടെ പരിശോധിച്ചു അന്വേഷണം നടത്തി വരുന്നു. കണ്ടലയിലും വെള്ളൂർ കോണത്തും സമാന രീതിയിൽ ആക്രമണം നടത്തി മാല കവർന്ന സംഭവം ഉണ്ടായിട്ടുണ്ട്.
by Midhun HP News | Nov 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കൊടുമൺ ശ്രീവിലാസത്തിൽ ഗൗരികുട്ടിയമ്മ (റിട്ടയേർഡ് ടീച്ചർ) അന്തരിച്ചു.
മക്കൾ: ജയശ്രീ ബി. ജി, ശ്രീലത ബി. ജി
മരുമക്കൾ: മധുകുമാർ (late), മോഹനചന്ദ്രൻ നായർ
by Midhun HP News | Nov 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
“അര്‍ജന്‍റീനയുടെ മത്സരം വൈകുന്നേരം നടക്കുന്നതിനാല്‍ നേരത്തെ സ്കൂള്‍ വിടണമെന്ന അപേക്ഷയുമായി നിവേദനം നല്‍കി വിദ്യാര്‍ത്ഥികള്‍. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ 12 പേര്‍ ചേര്‍ന്നാണ് ഒപ്പിട്ട് നിവേദനം നല്‍കിയിരിക്കുന്നത്. അര്‍ജന്‍റീന ഫാന്‍സ് എന്‍എച്ച്എസ്എസിന്‍റെ പേരിലാണ് നിവേദനം. ഷൊര്‍ണൂര്‍ എംഎല്‍എ പി മമ്മിക്കുട്ടിയാണ് നിവേദനം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ലോകകപ്പില്‍ അര്‍ജന്‍റീന – സൗദി അറേബ്യ മത്സരം മൂന്നരയ്ക്ക് നടക്കുകയാണ്. അര്‍ജന്‍റീനയെ സ്നേഹിക്കുന്ന തങ്ങള്‍ക്ക് മത്സരം കാണല്‍ അനിവാര്യമായി തോന്നുന്നു. മത്സരം വീക്ഷിക്കാന്‍ സ്കൂള്‍ മൂന്ന് മണിയ്ക്ക് വിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്‍റീന ഇന്നാണ് കളത്തിലിറങ്ങുന്നത്.

ഇതിഹാസ താരം ലിയോണല്‍ മെസിയുടെ ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരമെന്ന നിലയില്‍ ലോകമാകെ ആവേശത്തോടെയാണ് സൗദി അറേബ്യയ്ക്കെതിരെയുള്ള പോരാട്ടത്തിനായി കാത്തിരിക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം തുടങ്ങുക. അവസാന 36 കളികളില്‍ തോൽവി അറിയാതെയാണ് മെസിയും സംഘവും ലോകകപ്പിന് എത്തിയിരിക്കുന്നത്. അർജന്‍റീന ഫിഫ റാങ്കിംഗിൽ മൂന്നാമതും സൗദി അറേബ്യ 51-ാം സ്ഥാനത്തുമാണ്. ജിയോവനി ലോ സെൽസോയ്ക്ക് പകരം മെക് അലിസ്റ്ററോ, അലസാന്ദ്രോ ഗോമസോ ടീമിലെത്തുമെന്ന് അർജന്‍റൈന്‍ കോച്ച് ലിയോണൽ സ്കലോണി പറഞ്ഞു. അർജന്‍റീനയും സൗദിയും ഇതിന് മുൻപ് നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അർജന്‍റീന രണ്ട് കളിയിൽ ജയിച്ചപ്പോൾ രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു.
by Midhun HP News | Nov 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തും. സംസ്ഥാന പൊലീസ് മേധാവി കേസെടുത്ത് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് ഉത്തരവിട്ടു. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണം നടത്തുക. ഏത് യൂണിറ്റ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈംബ്രാഞ്ച് മേധാവിയാകും തീരുമാനിക്കുക. സംഭവത്തിൽ നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് പൊലീസ് മേധാവി ഉത്തരവിട്ടത്.

മേയർ ആര്യ രാജേന്ദ്രൻെറ പേരിൽ പ്രചരിക്കുന്ന കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താൻ കേസെടുത്ത് അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ശുപാർശ ചെയ്തത്. ഡിജിപി ഉത്തരവിട്ടത് ഈ സാഹചര്യത്തിലാണ്.

by Midhun HP News | Nov 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. സ്കൂൾ പ്രിൻസിപ്പൽ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകൻ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് മനസ്സിലായിട്ടും വിവരം മറച്ചുവച്ചതിനാണ് നടപടി.

അധ്യാപകൻ കിരൺ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കലോത്സവത്തിൽ പങ്കെടുക്കാൻ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയ വിദ്യാർത്ഥിനിയെ അധ്യാപകൻ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറിഞ്ഞതും കേസെടുത്തതും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കലോത്സവത്തിൽ പങ്കെടുക്കാൻ അധ്യാപകനൊപ്പം ഇരുചക്രവാഹനത്തിലാണ് കുട്ടി പോയത്. രാത്രി തിരിച്ചുവരുന്നതിനിടെയാണ് അധ്യാപകന്റെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമമുണ്ടായത്. തൊട്ടടുത്ത ദിവസം തന്നെ സ്കൂൾ അധികൃതർ വിവരമറിഞ്ഞെങ്കിലും മൂടി വയ്ക്കുകയായിരുന്നു.
ഒളിവിൽ പോയ അധ്യാപകനെ നാഗർകോവിലിലെ ബന്ധുവീട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇയാളെ രക്ഷപ്പെടാൻ സഹായിച്ച രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. അധ്യാപകൻ കിരൺ മുൻപും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Recent Comments