ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പദ്യം ചൊല്ലലിൽ ഒന്നാമതായി ശ്രീന

ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പദ്യം ചൊല്ലലിൽ ഒന്നാമതായി ശ്രീന

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പദ്യം ചൊല്ലൽ ഇംഗ്ലീഷ്, പദ്യം ചൊല്ലൽ ഹിന്ദി എന്നിവയിൽ ഒന്നാം സ്ഥാനവും ഏ ഗ്രേഡും നേടി അവനവഞ്ചേരി ഗവണ്മെൻ്റ് ഹൈസ്കൂൾ വിദ്യാർത്ഥിനി ശ്രീന.എം.എസ്. അവനവഞ്ചേരി പരവൂർക്കോണം നിരാലയിൽ വിരമിച്ച അധ്യാപകൻ എൻ.മണികണ്ഠൻ്റേയും കെ.എസ്.ശ്രീലേഖയുടേയും മകളാണ്.

രാജ്യത്തെ യുവാക്കളായ 71,000 പേർക്ക് പ്രധാനമന്ത്രി ഇന്ന് നിയമന ഉത്തരവ് നൽകും

രാജ്യത്തെ യുവാക്കളായ 71,000 പേർക്ക് പ്രധാനമന്ത്രി ഇന്ന് നിയമന ഉത്തരവ് നൽകും

രാജ്യത്തെ യുവാക്കളായ 71,000 പേർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിയമന ഉത്തരവ് നൽകും. യുവജനങ്ങൾക്കു കൂടുതൽ തൊഴിൽ സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാർ നടപടികളുടെ ഭാഗമായി തൊഴിൽ മേള.

രാവിലെ 10.30ന് വീഡിയോ കോൺഫറൻസ് വഴി നിയമന ഉത്തരവുകൾ പ്രധാനമന്ത്രി ഉത്തവുകൾ കൈമാറും. പുതുതായി നിയമിച്ചവരെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്യും. നിയമനം ലഭിയ്ക്കുന്നവർക്കുള്ള ഓൺലൈൻ പരിശീലന പരിപാടിയായ കർമയോഗി പ്രാരംധും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഒക്ടോബറിൽ നികത്തിയ ഒഴിവുകൾക്കു പുറമേ അധ്യാപകർ, ലക്ചറർമാർ, നഴ്‌സുമാർ, നഴ്‌സിങ് ഓഫീസർമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, റേഡിയോഗ്രാഫർമാർ, പാരാമെഡിൽ ജീവനക്കാർ തുടങ്ങിയ ഒഴിവുകളിലാണ് ഇന്നു നിയമന ഉത്തരവുകൾ നൽകുക.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇനി ഇരുമുടിക്കെട്ടില്‍ തേങ്ങയുമായി വിമാനത്തില്‍ യാത്ര ചെയ്യാം; വിലക്ക് താല്‍ക്കാലികമായി നീക്കി

ഡല്‍ഹി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇനി ഇരുമുടിക്കെട്ടില്‍ തേങ്ങയുമായി വിമാനത്തില്‍ യാത്ര ചെയ്യാം. ഇതിനുള്ള വിലക്ക് താല്‍ക്കാലികമായി നീക്കി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറാണ് ഉത്തരവ് ഇറക്കിയത്. ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം അവസാനിക്കുന്നതുവരെയാണ് വിലക്ക് നീക്കിയത്.

നേരത്തെ സുരക്ഷാ കാരണങ്ങളാല്‍ തേങ്ങ ക്യാബിനില്‍ കയറ്റാന്‍ അനുവദിച്ചിരുന്നില്ല. തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് വിലക്കില്‍ ഇളവു വരുത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ എല്ലാവിധ സുരക്ഷാപരിശോധനകള്‍ക്കും ശേഷം മാത്രമേ ഇരുമുടിക്കെട്ടിലെ തേങ്ങയുമായുള്ള യാത്ര അനുവദിക്കൂവെന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടകരെ പരിശോധിക്കുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാനും എല്ലാ വിമാനത്താവളങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ ജോയിന്റ് ഡയറക്ടര്‍ ജയ്ദീപ് പ്രസാദ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു പവൻ സ്വർണത്തിന് ആകെ 400 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ കുറഞ്ഞു. വിപണിയിൽ നിലവിലെ വില 4835 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4010 രൂപയാണ്.

അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് വയസുകാരന് ദാരുണാന്ത്യം

അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പേരൂർക്കടയിൽ അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു വയസ്സുകാരന്‍ മരിച്ചു. കോട്ടൂര്‍ മുണ്ടണിനട മുംതാസ് മന്‍സിലില്‍ മുജീബ്-റഹീന ദമ്പതിമാരുടെ മകന്‍ മുഹമ്മദ് അമാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പേരൂര്‍ക്കട വഴയിലയിലായിരുന്നു അപകടം. ഓട്ടോയില്‍ ഭാര്യ റഹീന, മുജീബിന്റെ അമ്മ എന്നിവരും ഓട്ടോയിലുണ്ടായിരുന്നു. പട്ടത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് വഴയില തുരുത്തുംമൂലയില്‍ വെച്ച് ഓട്ടോയുടെ നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. റോഡില്‍ തെറിച്ചുവീണ മുഹമ്മദ് അമാനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പേരൂര്‍ക്കട പൊലീസ് കേസെടുത്തു.

ശബരിമലയിൽ വിഐപി ദർശനം; പരസ്യം നൽകിയ കമ്പനിയ്ക്കെതിരെ നടപടി ആരംഭിച്ചെന്ന് പൊലീസ് ഹൈക്കോടതിയിൽ

ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ യാത്രയും വിഐപി ദർശനവും വാഗ്ദാനം ചെയ്തു പരസ്യം നൽകിയ കമ്പനിയ്ക്കെതിരെ നടപടി ആരംഭിച്ചതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഹൈക്കോടതിയിൽ. ദേവസ്വം ബോർഡ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ഇക്കാര്യത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

‘പ്രത്യേക ദർശനം നൽകുമെന്നായിരുന്നല്ലോ വാഗ്ദാനം, വിഐപി ദർശനത്തിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്തു?’ എന്നു കമ്പനിയോടു പരിഹാസ രൂപേണ കോടതി ആരാഞ്ഞു. ഹെലി കേരള കമ്പനിയാണ് അവരുടെ വെബ്സൈറ്റിൽ വിഐപി ദർശനം വാഗ്ദാനം ചെയ്തത്. കൊച്ചിയിൽനിന്ന് ഹെലികോപ്റ്റർ യാത്ര, പമ്പയിലേയ്ക്ക് കാർ യാത്ര, അവിടെനിന്നു ഡോളിയിൽ സന്നിധാന യാത്ര, വിഐപി ദർശനം എന്നിവ അരലക്ഷം രൂപയ്ക്കാണ് വാഗ്ദാനം ചെയ്തത്. ഇത് ആരുടെ അനുമതിയോടെ ആണെന്നായിരുന്നു കേസ് ആദ്യം പരിഗണിക്കുമ്പോൾ കോടതിയുടെ ചോദ്യം.

പരസ്യം നീക്കം ചെയ്തതായി കമ്പനി കോടതിയെ അറിയിച്ചു. എന്തു നടപടി എടുത്തെന്ന ദേവസ്വം ബോർഡിനോടുള്ള ചോദ്യത്തിനു പരാതി നൽകിയതായി അറിയിച്ചിരുന്നു. വ്യോമയാന വകുപ്പിന്റെ അനുമതി ഉൾപ്പടെ ഉണ്ടോ എന്നും കോടതി ചോദിച്ചിരുന്നു. സംഭവത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാർ ഹൈക്കോടതിയോട് രണ്ടാഴ്ചത്തെ സാവകാശം തേടി. കേസ് കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.