by Midhun HP News | Nov 19, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്തല ശലഭോത്സവം 2022-23 സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ. വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കടയ്ക്കാവൂർ എസ് എൻ വി ജി എച്ച് എസിൽ വച്ചു നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി അധ്യക്ഷയായി.

ജില്ലാ പഞ്ചായത്ത് മെമ്പർ ആർ സുഭാഷ്, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിറോസ് ലാൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ കവിതാ സന്തോഷ്, മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ, ജനപ്രതിനിധികളായ എ എസ് ശ്രീകണ്ഠൻ, മോഹനൻ, നന്ദു രാജ്, ശ്രീകല, രാധികാ പ്രദീപ്, അജിത, ജയശ്രീ രാമൻ, ശിശു വികസന ഓഫീസർമാർ, അംഗണ വാടി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വർണ്ണശബളമായ ചടങ്ങ് വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ചു കൊണ്ടാണ് സംഘടിപ്പിച്ചത്.

by Midhun HP News | Nov 19, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കാട്ടാക്കട: 3 ബൈക്കുകളിലെത്തിയ 6 അംഗ സംഘം രാത്രിയില്‍ വീടുകയറി ആക്രമിച്ചു. കുളത്തുമ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം വാടകയ്ക്ക് താമസിക്കുന്ന അനിലിന്റെ ജെ.ജെ.ഹൗസിനു നേരെ വ്യാഴം രാത്രി 10.30 ഓടെയായിരുന്നു ആക്രമണം. അനിലിന്റെ മാതാവ് ജെസ്സിക്ക് അക്രമികളുടെ മര്‍ദനമേറ്റു. അനില്‍ ആദ്യം താമസിച്ചിരുന്ന പുതുവയ്ക്കലിലെ വാടക വീടിനു നേരെയും ആക്രമണം നടന്നു. ആക്രമണത്തിനു പിന്നില്‍ ലഹരി സംഘമാണെന്നാണ് വിവരം. അനിലിന്റെ മരുമകന്‍ അമലിനെ തേടിവന്ന സംഘം വീടിന്റെ മുന്‍വശത്തെ ജനാല ചില്ലുകള്‍ അടിച്ച് തകര്‍ത്തു. വീട്ടുപകരണങ്ങള്‍ നശിപ്പിച്ച സംഘം തടയാന്‍ ശ്രമിച്ച അനിലിന്റെ മാതാവ് ജെസ്സിയെ മര്‍ദിച്ചു. കാലിനും കഴുത്തിനും അടിയേറ്റ ജസ്സി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒട്ടേറെ ക്രിമിനല്‍ കേസിലെ പ്രതിയായ നെയ്യാറ്റിന്‍കര സ്വദേശിയുമായുള്ള പണം ഇടപാടാണു ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. അനില്‍ നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്ന പുതുവയ്ക്കലിലെ വീടിന്റെ മുന്‍ ഭാഗത്തെ ജനാല ചില്ല് തകര്‍ത്ത ശേഷമാണ് കുളത്തുമ്മലിലെ വീട് ആക്രമിച്ചത്. ലഹരി മാഫിയയാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചനയെന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു. അനിലിന്റെ മരുമകന്‍ അമല്‍, നെയ്യാറ്റിന്‍കര സ്വദേശി ഷൈന്‍ രാജിനു 10 ലക്ഷം രൂപ നല്‍കാനുണ്ടെന്നും ഈ പണം നല്‍കുന്നില്ലെന്നും ആരോപിച്ചായിരുന്നു അക്രമികള്‍ എത്തിയതെന്നു വീട്ടുകാര്‍ മൊഴി നല്‍കി.
ഷൈന്‍ രാജ് 2 കിലോ ഗ്രാം കഞ്ചാവ് കൈവശം വച്ചതിനും കൊലപാതക ശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നു പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് 2 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
by Midhun HP News | Nov 19, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂര്‍: കണ്ണൂർ തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ മാസം മൂന്നിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.

പ്രതിയായ പൊന്യം പാലം സ്വദേശി മുഹമ്മദ് ഷിഹാദ് നടത്തിയത് ഗുരുതരമായ നരഹത്യശ്രമം ആണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുട്ടിയാണെന്ന പരിഗണന പോലും നൽകാതെയുളള ആക്രമണമാണ് പ്രതി നടത്തിയത്. ആദ്യഘട്ടത്തിൽ പൊലീസിന് വലിയ വീഴ്ച സംഭവിച്ച കേസിൽ റെക്കോഡ് വേഗത്തിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. നവംബർ മൂന്നിന് വൈകിട്ടാണ് തലശ്ശേരി മണവാട്ടി ജംഗ്ഷനിൽ കാറിൽ ചാരി നിന്ന് എന്ന കുറ്റത്തിന് രാജസ്ഥാൻ സ്വദേശിയായ ആറ് വയസുകാരൻ ക്രൂരമായി മർദ്ദിക്കപ്പെട്ടത്. കേരള മനഃസാക്ഷിയെ നടുക്കിയ സംഭവത്തിൽ ലോക്കൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിട്ടും കുറ്റക്കാരായ പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടില്ല.

സംഭവത്തിൽ പൊലീസിന് വലിയ വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. തലശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുളളവർക്ക് വീഴ്ച പറ്റിയെന്ന് കാണിച്ചുള്ള അന്വേഷണ റിപ്പോർട്ട് കണ്ണൂർ റൂറൽ എസ്പി പി ബി. രാജീവ് എഡിജിപിയ്ക്ക് നൽകി. പ്രതിയെ സ്റ്റേഷനിൽ എത്തിച്ചിട്ടും സ്റ്റേഷനിലുണ്ടായിരുന്ന എസ് എച്ച് ഒ നടപടിയൊന്നും എടുക്കാതെ വിട്ടയച്ചു എന്നതാണ് പ്രധാന വീഴ്ചയായി റിപ്പോർട്ടിലുള്ളത്. മർദ്ദനമേറ്റ സ്ഥലത്ത് പൊലീസുദ്യോഗസ്ഥർ പോയെങ്കിലും സംഭവത്തിൻ്റെ ഗൗരവം മനസിലാക്കി ഇടപെടുകയോ മേലുദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്യാതിരുന്നതും വീഴ്ചയാണ്. എസ് എച്ച് ഒ അടക്കം സ്റ്റേഷനിലെ നാല് പൊലീസുദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞാണ് വീഴ്ച പറ്റിയെന്ന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
by Midhun HP News | Nov 19, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കുന്നുവാരം യു.പി സ്കൂളിൽ വായന പരിപോഷണം രക്ഷിതാക്കളിലൂടെ എന്ന ലക്ഷ്യം മുൻ നിർത്തി ‘ഉണർവ്വ്’ എന്ന പരിപാടി സംഘടിപ്പിച്ചു. ഇടയ്ക്കോട് ഗവ.എൽ.പി.സ്കൂൾ ഹെഡ് മാസ്റ്റർ ജയകുമാറാണ് ക്ലാസ്സ് നയിച്ചത്. ഹെഡ്മാസ്റ്റർ മധു ജി.ആർ സ്വാഗതവും, അഞ്ജലി നന്ദിയും പറഞ്ഞു.

by Midhun HP News | Nov 19, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: കൊച്ചിയിൽ വാഹനത്തിനുള്ളിൽ വച്ച് മോഡലിനെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരാണ് പിടിയിലായത്. മോഡലിന്‍റെ സുഹൃത്തായ രാജസ്ഥാൻ സ്വദേശി ഡിംപലിനെയും എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡിംപലിന്‍റെ സുഹൃത്താണ് വിവേക്. കസ്റ്റഡിയിലെടുത്ത വാഹനവും വിവേകിന്‍റേതാണ്.
തേവരയിലെ ഹോട്ടൽ പാർക്കിംഗിൽ മോഡൽ കുഴഞ്ഞ് വീണ ശേഷം മൂന്ന് പ്രതികൾ ചേർന്ന് വാഹനത്തിൽ കയറ്റുമ്പോൾ ഡിംപൽ വാഹനത്തിൽ ആദ്യം കയറിയിരുന്നില്ല. നാൽപത്തിയഞ്ച് മിനിറ്റ് നഗരത്തിൽ കറങ്ങിയ ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയാണ് ഡിംപലിനെ കൂട്ടികൊണ്ട് പോകുന്നത്. കളമശേരി മെഡിക്കൽ കോളെജിൽ തുടരുന്ന മോഡലിൽ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തേക്കും.

പിടിയിലായവരെ ലഹരി പരിശോധനക്കും വിധേയമാക്കും. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയും ഇവരും പരിചയക്കാരാണ്. കൊച്ചി എം ജി റോഡിലെ ഡാൻസ് ബാറിലേക്കാണ് ഇവർ പോയത്. ബാറിലെത്തി മദ്യപിക്കുകയായിരുന്നു ഇവർ. എന്നാൽ ബലാത്സംഗത്തിനിരയായ യുവതി രാത്രി പത്ത് മണിയോടെ ബാറിൽ കുഴഞ്ഞു വീഴുകയായിരുന്നു.

മദ്യലഹരിയിൽ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് തങ്ങളുടെ വാഹനത്തിൽ കയറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഇവർക്കൊപ്പം വാഹനത്തിൽ കയറിയതുമില്ല. ഇതിന് ശേഷമായിരുന്നു ക്രൂര ബലാത്സംഗം നടന്നത്. കൊച്ചി നഗരത്തിലെ പല ഭാഗങ്ങളിൽ കൊണ്ടുപോയി വാഹനത്തിനുളളിൽവെച്ച് പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അർധരാത്രിയോടെ യുവതിയെ പ്രതികൾ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുകയും ചെയ്തു.
by Midhun HP News | Nov 19, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു. 44 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു കുട്ടിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിജയവാട വെസ്റ്റ് ഗോദാവരി സ്വദേശികളാണ് അപകടത്തിൽപെട്ടത്. 10 പേരോളം വാഹനത്തിൽ കുടുങ്ങി കിടന്നിരുന്നു. നാട്ടുകാരുടെ രക്ഷാപ്രവർത്തനത്തിൽ ഏഴ് പേരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേർ വാഹനത്തിന് അടിയിൽ കുടുങ്ങിക്കിടക്കുകയാണ്. അഗ്നിരക്ഷാസേനയെത്തി വാഹനത്തിന്റെ ഭാഗം മുറിച്ച് മാറ്റിയാൽ മാത്രമേ ഇവരെ പുറത്തെത്തിക്കാനാകൂ.

Recent Comments