by Midhun HP News | Nov 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവ് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഡിസ്റ്റിലറികളിൽ നിർമാണം കുറഞ്ഞതാണ് കാരണം.
പ്രശ്നം സർക്കാരിന്‍റെ പരിഗണനയിലാണ്. ഇതിന് വേഗത്തിൽ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. 750 രൂപവരെ വിലവരുന്ന മദ്യമാണ് കിട്ടാത്തത്. ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ വിലകുറഞ്ഞ മദ്യം കിട്ടാനില്ല.
ബാറുകളിലും വിലകുറഞ്ഞ മദ്യമില്ല. ഇതുമൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മദ്യവില്‍പനശാലകൾ വന്‍ പ്രതിസന്ധി നേരിടുകയാണ്. ബെവ്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്നത് കുറഞ്ഞ നിരക്കിലുള്ള മദ്യവിൽപ്പനയിലൂടെയാണ്. ഇടത്തരം മദ്യ ബ്രാൻറുകളുടെ വിതരണം കമ്പനികള്‍ കുറച്ചത് ബെവ്കോയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്പിരിറ്റിന്‍റെ വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ നടപടി ഇല്ലാതെ വന്നതോടെ മദ്യ വിതരണം കമ്പനികള്‍ കുറയ്ക്കുകയായിരുന്നു.

by Midhun HP News | Nov 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മൂന്നാര്‍- കുണ്ടള റോഡില്‍ മണ്ണിടിച്ചിലില്‍ കാണാതായ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അശോകപുരം കുന്നിയില്‍കാവ് കല്ലട വീട്ടില്‍ രൂപേഷി (40)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ അഗ്നിരക്ഷാസേനയും നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വട്ടവട റോഡിന് അരകിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനശല്യവും കനത്ത മഴയും മൂലം നിര്‍ത്തിവെച്ച തിരച്ചില്‍ രാവിലെ ഏഴുമണിയോടെ പുനരാരംഭിക്കുകയായിരുന്നു. വിനോദസഞ്ചാരത്തിനെത്തിയ രൂപേഷ് ഇന്നലെ വൈകീട്ടാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാര്‍ മേഖലയില്‍ ടോപ്പ് സ്‌റ്റേഷനും കുണ്ടള അണക്കെട്ടിനും ഇടയിലുള്ള പ്രദേശത്ത് ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്.

കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍ പൊട്ടലിലും കോഴിക്കോട് വടകര സ്വദേശികളായ വിനോദസഞ്ചാരികളുടെ മിനിബസ് കൊക്കയിലേക്ക് ഒഴുകിപ്പോയി. വടകരയില്‍നിന്ന് രണ്ട് വാഹനത്തിലെത്തിയ സംഘം ടോപ്പ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച് അണക്കെട്ട് കാണാന്‍ വരികയായിരുന്നു. ബസില്‍ 11 പേരാണുണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന രൂപേഷ് ഒഴികെയുള്ളവര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ ബസ് 750 മീറ്റര്‍ താഴെനിന്ന് കണ്ടെത്തുകയായിരുന്നു. മിനി ബസ് നിശ്ശേഷം തകര്‍ന്ന നിലയിലാണ്.

by Midhun HP News | Nov 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: രാജ്ഭവൻ മാർച്ചിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കുമെന്ന്
ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു )ആറ്റിങ്ങൽ ഏരിയ കൺവെൻഷൻ. ആറ്റിങ്ങൽ എസ്.ഡി.ബാലൻ സ്മാരകഹാളിൽ നടന്ന കൺവെൻഷനിൽ
ജില്ലാ ജനറൽ സെക്രട്ടറി കേശവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഗായത്രിദേവി അധ്യക്ഷ വഹിച്ച കൺവെൻഷനിൽ സി.ഐ.ടി യു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, പ്രസിഡന്റ് എം.മുരളി, ജില്ലാ ജോ.സെക്രട്ടറി ബി. വിജയകുമാർ, രാജശേകരൻ, അരുൺ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എസ്.ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ആറ്റിങ്ങൽഏരിയ ഭാരവാഹികളായി ബി.എൻ.സൈജു രാജ് (പ്രസിഡന്റ്), ഷൈനിചന്ദ്രൻ (വൈസ് പ്രസിഡന്റ്), എസ് ചന്ദ്രൻ (സെക്രട്ടറി), കെ. മോഹനൻ,എസ്.സാബു (ജോ.സെക്രട്ടറി), ഗായത്രിദേവി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 21പേരുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ കൺവെൻഷൻ തെരഞ്ഞെടുത്തു. പഞ്ചായത്ത് കൺവെൻഷനുകൾ കിഴുവിലം 27, അഞ്ചുതെങ്ങ് 29, ചിറയിൻകീഴ് 28, കടയ്ക്കാവൂർ, ഡിസംബർ 1,
ആറ്റിങ്ങൽ 2, വക്കം3, മുദാക്കൽ 4 തീയ്യതികളിൽ നടക്കും.

by Midhun HP News | Nov 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ത്യൻ സിനിമയിലെ സൂപ്പർഹിറ്റ് സംവിധായകനാണ് എസ്എസ് രാജമൗലി. അദ്ദേഹം ഒരുക്കുന്ന സിനിമകൾ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് വൻ വിജയമാണ് നേടുന്നത്. ബാഹുബലിയ്ക്കു പിന്നാലെ ആർആർആറും വലിയ വിജയമാണ് നേടിയത്. അടുത്തിടെ ജപ്പാനിൽ റിലീസ് ചെയ്ത ചിത്രം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ഒരു സന്തോഷവാർത്ത പങ്കുവച്ചിരിക്കുകയാണ് രാജമൗലി. ആർആർആറിന്റെ രണ്ടാം ഭാഗം വരുന്നു എന്നാണ് അദ്ദേഹം അറിയിച്ചത്. ചിക്കാഗോയിൽ വച്ച് നടന്ന ഒരു ചടങ്ങിൽ വച്ചാണ് രാജമൗലി ആർആർആറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി വെളിപ്പെടുത്തിയത്. പിതാവായ വിജയേന്ദ്രപ്രസാദാണ് തന്റെ എല്ലാ ചിത്രങ്ങളുടേയും തിരക്കഥ.

ആർആർആറിന്റെ രണ്ടാം ഭാഗത്തേക്കുറിച്ച് ഞങ്ങൾ ചെറുതായി ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹം കഥ വികസിപ്പിച്ചുവരികയാണ് എന്നാണ് രാജമൗലി പറഞ്ഞത്. രാം ചരണിന്റേയും ജൂനിയർ എൻടിആറിന്റേയും കൂടെ പ്രവർത്തിക്കാൻ കഴിയും എന്നതാണ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് സംവിധായകന്റെ വാക്കുകൾ. ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് രുധിരം രണം രൗദ്രം ഒരുക്കിയത്. രാമരാജുവായി രാംചരൺ തേജയും ഭീം ആയി ജൂനിയർ എൻടിആറുമാണ് എത്തിയത്. അജയ് ദേവ്ഗൺ, ആലിയാ ഭട്ട്, ശ്രീയാ ശരൺ, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്. രാമരാജുവിന്റെയും കൊമരം ഭീമിന്റെയും സൗഹൃദത്തിന്റെയും പോരാട്ടത്തിന്റെയും കഥ ഫാന്റസിയുടെ അകമ്പടിയോടെയാണ് ഒരുക്കിയത്.

by Midhun HP News | Nov 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ബെന്‍ സ്‌റ്റോക്‌സിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ പാകിസ്ഥാനും മുട്ടുമടക്കി. ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് ഇംഗ്ലണ്ട് രണ്ടാം ടി20 ലോകകിരീടം സ്വന്തമാക്കിയത്. ആവേശം അവസാന നിമിഷം വരെ നിന്ന, ജയ പരാജയങ്ങള്‍ മാറി മറിഞ്ഞ ഫൈനലില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ വെല്ലുവിളി സമര്‍ഥമായി അതിജീവിച്ചാണ് ഇംഗ്ലണ്ട് കിരീടത്തിൽ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് ഒരോവര്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്താണ് വിജയവും കപ്പും നേടിയത്. 1992ലെ ഏകദിന ലോകകപ്പിനെ അനുസ്മരിപ്പിക്കും വിധം ഫൈനലിലേക്ക് കുതിച്ചെത്തിയ പാകിസ്ഥാനെ ബാറ്റിങിലും ബൗളിങിലും നിഷ്പ്രഭമാക്കിയാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ടി20 ലോക കിരീട നേട്ടം.

2010ലാണ് ഇംഗ്ലണ്ട് കന്നി കിരീടം സ്വന്തമാക്കിയത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം മെല്‍ബണില്‍ അവര്‍ രണ്ടാം കിരീടം ഉയര്‍ത്തി. വെസ്റ്റ് ഇന്‍ഡീസിന് ശേഷം ടി20 ലോകകപ്പ് രണ്ട് തവണ സ്വന്തമാക്കുന്ന ടീമായും ഇതോടെ ഇംഗ്ലണ്ട് മാറി. ഓരേ സമയം ഏകദിന, ടി20 ലോക കിരീടങ്ങൾ കൈവശം വയ്ക്കുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഇനി ഇംഗ്ലണ്ടിന് സ്വന്തം.
ബെന്‍ സ്റ്റോക്‌സിന്റെ ഉജ്ജ്വല അര്‍ധ ശതകമാണ് ഇംഗ്ലണ്ടിന്റെ കിരീട നേട്ടത്തിന്റെ കാതല്‍. 49 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം സ്‌റ്റോക്‌സ് 52 റണ്‍സുമായി പുറത്താകാതെ നിന്നു. താരത്തിന് ഒരു റണ്ണുമായി ലിയാം ലിവിങ്സ്റ്റന്‍ കൂട്ടായി.
138 റണ്‍സിന്റെ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സിനെ നഷ്ടമായി. മനോഹരമായൊരു പന്തില്‍ ഷഹീന്‍ അഫ്രീദിയാണ് ഇംഗ്ലീഷ് ഓപ്പണറെ മടക്കിയത്. താരം ഒരു റണ്ണുമായി മടങ്ങി.
മറുഭാഗത്ത് സഹ ഓപ്പണറും നായകനുമായ ജോസ് ബട്‌ലര്‍ കൂറ്റനടികളിലൂടെ പാക് നിരയ്ക്ക് ഭീഷണി ഉയര്‍ത്തി നിന്നു. അതിനിടെ അലക്‌സ് സാള്‍ട്ടിന്റെ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. താരം പത്ത് റണ്‍സില്‍ പുറത്തായി. സ്‌കോര്‍ 45ല്‍ നില്‍ക്കെ ബട്‌ലറെ മടക്കി ഹാരിസ് റൗഫ് പാക് നിരയ്ക്ക് ആശ്വാസം നല്‍കി. 17 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം ബട്‌ലര്‍ 26 റണ്‍സെടുത്തു. നാലാമനായി ക്രീസിലെത്തിയ ബെന്‍ സ്‌റ്റോക്‌സ് ഹാരി ബ്രൂകിനെ കൂട്ടുപിടിച്ച് ഇന്നിങ്‌സ് കരുപ്പിടിപ്പിച്ചതോടെ ഇംഗ്ലണ്ട് അങ്കലാപ്പ് ഒഴിവാക്കിയെന്ന് തോന്നിച്ചു. എന്നാല്‍ 20 റണ്‍സെടുത്ത ഹാരി ബ്രൂകിനെ ഷദബ് ഖാന്‍ മടക്കിയതോടെ ഇംഗ്ലണ്ട് അപകടം മണത്തു.

എന്നാല്‍ പിന്നീടെത്തിയ മൊയിന്‍ അലി സ്റ്റോക്‌സിനൊപ്പം ചേര്‍ന്ന് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് കളി തിരികെ പിടിച്ചു. മൊയിന്‍ എത്തിയതോടെ അതുവരെ നിലയുറപ്പിച്ച് കളിച്ച സ്റ്റോക്‌സ് ഗിയര്‍ മാറ്റി വമ്പൻ അടികൾ തുടങ്ങിയതോടെ പാകിസ്ഥാന്റെ തോല്‍വി ഏതാണ്ട് നിര്‍ണയിക്കപ്പെട്ടു. തുടരെ ബൗണ്ടറികളുമായി ഇരുവരും കളം വാണു. വിജയത്തിലേക്ക് നീങ്ങുന്നതിനിടെ മൊയിന്‍ അലിയെ പുറത്താക്കി മുഹമ്മദ് വാസിം ഞെട്ടിച്ചെങ്കിലും ഇംഗ്ലീഷ് ജയത്തെ തടുക്കാനൊന്നും അതിന് സാധിച്ചില്ല. മൊയിന്‍ അലി 12 പന്തില്‍ മൂന്ന് ഫോറുകള്‍ സഹിതം 19 റണ്‍സ് കണ്ടെത്തി. പിന്നീടെത്തിയ ലിയാം ലിവിങ്സ്റ്റനെ കൂട്ടുപിടിച്ച് സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ മറ്റൊരു വിശ്വ കിരീടത്തിലേക്ക് ആനയിച്ചു.
പാകിസ്ഥാനായി ഹാരിസ് റൗഫ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. അഫ്രീദി, ഷദബ് ഖാൻ, മുഹമ്മദ് വാസിം എന്നിവർ ഓരോ വിക്കറ്റെടുത്തു. ടോസ് നേടി ഇംഗ്ലണ്ട് പാകിസ്ഥാനെ ബാറ്റിങിന് വിടുകയായിരുന്നു. ആദ്യം ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാന് കൃത്യമായൊരു കൂട്ടുകെട്ട് ഉയര്‍ത്താന്‍ സാധിക്കാതെ പോയി. ബാറ്റിങ് പവര്‍പ്ലേയിലടക്കം ബോര്‍ഡിലേക്ക് കാര്യമായി റണ്‍സ് എത്താഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി മാറി. ഇംഗ്ലീഷ് സ്പിന്നര്‍മാരും പേസര്‍മാരും ചേര്‍ന്ന് പാക് ബാറ്റിങ് നിരയെ വരിഞ്ഞു മുറുക്കിയതോടെ കൃത്യമായ ഇടവേളകളില്‍ പാക് ബാറ്റിങ് നിര ഒന്നൊന്നായി കൂടാരം കയറി. നാലോവറില്‍ വെറും 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ പിഴുത സാം കറന്‍ ഉജ്ജ്വലമായി പന്തെറിഞ്ഞു. ആദില്‍ റഷീദ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ബെന്‍ സ്‌റ്റോക്‌സ് ഒരു വിക്കറ്റും സ്വന്തമാക്കി.
നാലാം ഓവറിന്റെ രണ്ടാം പന്തിലാണ് പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായത്. ഒപ്പണര്‍ മുഹമ്മദ് റിസ്‌വാനെ മടക്കി സാം കറനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ആദില്‍ റഷീദ് മുഹമ്മദ് ഹാരിസിനെ മടക്കി പാകിസ്ഥാനെ സമര്‍ദ്ദത്തിലേക്ക് തള്ളിയിടാന്‍ ശ്രമം നടത്തി. റിസ്‌വാന്‍ 15 റണ്‍സുമായും ഹാരിസ് എട്ട് റണ്‍സുമായും മടങ്ങി. ഇഫ്തിഖര്‍ അഹമ്മദ് (0), മുഹമ്മദ് നവാസ് (5), മുഹമ്മദ് വസിം (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഷഹീന്‍ അഫ്രീദി (5), ഹാരിസ് റൗഫ് (1) എന്നിവര്‍ പുറത്താകാതെ നിന്നു.
മൂന്നാം വിക്കറ്റില്‍ ബാബര്‍ അസമിനൊപ്പം ഷാന്‍ മസൂദ് ചേര്‍ന്നതോടെ പാകിസ്ഥാന്‍ ട്രാക്കിലായി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റ് 45 റണ്‍സില്‍ നഷ്ടമായ പാകിസ്ഥാന് പിന്നീട് 84ല്‍ വച്ച് ബാബറിനേയും നഷ്ടമായി. താരത്തെ സ്വന്തം പന്തില്‍ മികച്ച ക്യാച്ചിലൂടെ ആദില്‍ റഷീദാണ് മടക്കിയത്. ഇംഗ്ലണ്ട് കളിയില്‍ പിടിമുറുക്കിയ നിമിഷം കൂടിയായിരുന്നു അത്. പിന്നീട് ബാറ്റര്‍മാരുടെ ഘോഷയാത്രയായിരുന്നു. 28 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 32 റണ്‍സാണ് ബാബര്‍ സ്വന്തമാക്കിയത്. ഷാന്‍ മസൂദാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. താരം 28 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 38 റണ്‍സെടുത്തു. പാക് ഇന്നിങ്‌സിലെ ഏക സിക്‌സും ഷാനിന്റെ പേരിലാണ്. 14 പന്തില്‍ 20 റണ്‍സെടുത്ത ഷദബ് ഖാനാണ് രണ്ടക്കം കടന്ന മറ്റൊരു പാക് ബാറ്റര്‍.
by Midhun HP News | Nov 13, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കരാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയറുടെ പേരിൽ പുറത്തുവന്ന കത്തിന്റെ ഒറിജിനൽ എവിടെയെന്ന് കണ്ടെത്താൻ സാധിക്കാതെ ക്രൈംബ്രാഞ്ച്. കത്തിന്റെ സ്ക്രീൻ ഷോട്ട് മാത്രമാണ് ലഭിച്ചത്. കത്ത് കണ്ടെത്താൻ കേസെടുത്ത് അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി നേരിട്ട് എടുക്കാൻ ഇനി ശ്രമിക്കേണ്ടതില്ലെന്നും ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
മേയറുടെ പേരിൽ പുറത്തുവന്നു എന്ന് പറയുന്ന കത്ത്, ഡി.ആർ. അനിൽ എഴുതി എന്ന് അവകാശപ്പെട്ട കത്ത്, എന്നിങ്ങനെ രണ്ട് കത്തുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവനന്തപുരം നഗരസഭയേയും സർക്കാരിനേയും പ്രതിരോധത്തിലാക്കിയത്. സംഭവത്തിൽ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ക്രൈബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ കത്തിന്റെ ഒറിജിനൽ കണ്ടെത്തിയിട്ടില്ല. കത്തിന്റെ സ്ക്രീൻ ഷോട്ട് മാത്രമാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതിന്റെ ആധികാരികത സംബന്ധിച്ച് ഒരു വ്യക്തതയുംപറയാൻ സാധിക്കില്ലെന്ന എന്ന നിലപാടിലേക്കാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്. ഒറിജിനൽ കത്ത് നശിപ്പിക്കപ്പെട്ടോ എന്ന സംശയം ക്രൈംബ്രാഞ്ചിനുണ്ട്.
കത്തിന്റെ ഒറിജിനൽ കണ്ടെത്തിയാൽമാത്രമേ വ്യാജമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ കത്തിന്റെ ഒറിജിനൽ കണ്ടെത്തിയ ശേഷം വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കടക്കം അയക്കേണ്ടതുണ്ട്. അങ്ങനെമാത്രമേ കത്തിന്റെ ആധികാരികത വ്യക്തമാക്കാൻ കഴിയൂ തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കേസെടുത്ത് വിശദമായ അന്വേഷണത്തിലേക്ക് പോകണം. ഇപ്പോൾ നടത്തിയ മൊഴിയെടുപ്പ് മാത്രം പോര. ചോദ്യം ചെയ്യൽ അടക്കമുള്ള ക്രിമിനൽ കുറ്റാന്വേഷണ രീതിയിലുള്ള നടപടിയിലേക്ക് പോകണം. നിലവിൽ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ളത് മേയർ ആര്യാ രാജേന്ദ്രന്റെ മൊഴിയാണ്. കത്ത് വ്യാജമായി നിർമ്മിച്ചത് എന്നാണ് മൊഴി. ഇത് സാധൂകരിക്കണമെങ്കിൽ ഒറിജിനൽ കത്ത് കണ്ടെത്തേണ്ടതുണ്ട്. അത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചാൽ മാത്രമേ അത് വ്യാജമാണോ എന്ന് പരിശോധിക്കാൻ സാധിക്കൂ. അത് ആരാണ് തയ്യാറാക്കിയത് എന്ന് അറിയണമെങ്കിൽ കത്ത് കണ്ടെത്തണം. ആ കത്ത് കണ്ടെത്താൻ വേണ്ടി പ്രത്യേകം കേസെടുത്ത് വിശദമായ അന്വേഷണം നടത്തണം എന്ന വിലയിരുത്തലിലേക്കാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം എത്തിയിരിക്കുന്നത്.
അതേസമയം ആനാവൂർ നാഗപ്പന്റെ മൊഴി നേരിട്ട് രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല. പലതവണ സമയം ചോദിച്ചെങ്കിലും സമയം നൽകിയിരുന്നില്ല. ഫോണിൽ കൂടിയായിരുന്നു അദ്ദേഹം ക്രൈംബ്രാഞ്ചിനോട് കാര്യങ്ങൾ വ്യക്തമാക്കിയതെന്നാണ് വിവരം.
Recent Comments