ജനകീയ ചർച്ചയുമായി ഗവ. എൽപിഎസ് ചെമ്പൂര്

ജനകീയ ചർച്ചയുമായി ഗവ. എൽപിഎസ് ചെമ്പൂര്

സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരണത്തിനായുള്ള ചട്ടക്കൂടുകൾ രൂപീകരിക്കുന്നതിനായി ചെമ്പൂര് എൽ പി എസ് സ്കൂൾതല സംഘാടകസമിതിയുടെ നേതൃത്വത്തിൽ നടന്ന പാഠ്യ പദ്ധതി പരിഷ്കരണത്തിനുള്ള ചർച്ചയിൽ നൂറ്റി അൻപതോളം രക്ഷിതാക്കൾ പങ്കെടുത്തു. ബി ജയകുമാറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന സമൂഹ ചർച്ച പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പ്രവീൺ ഹരിശ്രീ, പി.ടി.എ പ്രതിനിധികളായ ദിനേശ് ചെമ്പൂര്, രാജേഷ് മയിൽപീലി, എസ് എസ് ജി അംഗങ്ങളായ മോഹനൻ, ജയദേവൻ, നടരാജൻ, ബി ആർ സി കോഡിനേറ്റർ അഭിലാഷ്, സീനിയർ അസിസ്റ്റൻ്റ് മോളി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

പൊതുസമൂഹത്തിന്റെ അഭിലാഷങ്ങളും ആവശ്യകതയും പ്രതിഫലിക്കുന്നതായിരിക്കണം പാഠ്യ പദ്ധതി എന്ന ലക്ഷ്യത്തിലൂന്നിയ ചർച്ചയിൽ പത്ത് ഗ്രൂപ്പുകളിലായി ഇരുപത്താറ് ഫോക്കസ് ഏരിയകൾ ചർച്ച ചെയ്യപ്പെട്ടു. വിദ്യാഭ്യാസദർശനം, ശാസ്ത്രവിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം, ഗണിത വിദ്യാഭ്യാസവും ഗണനചിന്തയും, ഭാഷ വിഭ്യാസം, പരിസ്ഥിതി വിദ്യാഭ്യാസം, ആരോഗ്യ കായിക വിദ്യാഭ്യാസം, വിലയിരുത്തൽ സമീപനം, ഇന്ത്യയെ കുറിച്ചുള്ള അറിവ്, മൂല്യ വിദ്യാഭ്യാസം, ഉൾച്ചേർന്ന വിദ്യാഭ്യാസം, ലിംഗനീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, കൗൺസിലിംഗ്, സ്കൂൾ ഭരണവും നേതൃത്വവും, ഗുണമേന്മ വിദ്യാഭ്യാസം, പഠന സാമഗ്രികളുടെ രൂപീകരണം, ഉന്നത വിദ്യാഭ്യാസം, വിദ്യാഭ്യാസത്തിൽ സമൂഹത്തിനുള്ള പങ്ക്, രക്ഷിതാക്കളുടെ വിദ്യാഭ്യാസം എന്നിങ്ങനെയുള്ള മേഖലകളിൽ മേൽ നടന്ന ചർച്ചയിൽ ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഗ്രൂപ്പ് അംഗങ്ങൾ പങ്കുവച്ചു.

എൽ എസ് എസ് കിട്ടിയ കുട്ടികളെ അനുമോദിക്കുകയും രേണുക ടീച്ചറേയും, വിദ്യാഭ്യാസ പ്രവർത്തകനായ ബി. ജയകുമാർ മാഷിനേയും സ്കൂൾ പി ടി എ ആദരിക്കുകയും ചെയ്തു.
തൊഴിൽ പരിചയം, ലിംഗനീതി, മതനിരപേക്ഷത, ജനാധിപത്യം, സ്ഥിതി സമത്വം, ഭരണഘടന ദർശനങ്ങളും പുരോഗമന വിദ്യാഭ്യാസം, സാമൂഹിക പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസം എന്നീ മേഖലകളെ കുറിച്ചുള്ള വളരെ വിശദമായ കാഴ്ചപാടുകളാണ് ഓരോ ഗ്രൂപ്പും ജനകീയ ചർച്ചയിൽ അവതരിപ്പിച്ചത്.

ഇന്ത്യയെ 10 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ടി 20 ലോകകപ്പ് ഫൈനലിൽ

ഇന്ത്യയെ 10 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ടി 20 ലോകകപ്പ് ഫൈനലിൽ

ടി20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. സെമി ഫൈനലില്‍ ഇംംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഡ്‌ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. അലക്‌സ് ഹെയ്ല്‍സ് (86), ജോസ് ബട്‌ലര്‍ (80) പുറത്താവാതെ നിന്നു. നേരത്തെ, വിരാട് കോലി (50), ഹാര്‍ദിക് പാണ്ഡ്യ (33 പന്തില്‍ 63) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. ക്രിസ് ജോര്‍ദാന്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട്, പാകിസ്ഥാനെ നേരിടും.

പവര്‍ പ്ലേയില്‍ തന്നെ ഇംഗ്ലണ്ട് മത്സരം വരുതിയിലാക്കിയിരുന്നു. 63 റണ്‍സാണ് അടിച്ചെടുത്തത്. ഒരിക്കല്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇംഗ്ലീഷ് ഓപ്പണര്‍മാരെ വെല്ലുവിളിക്കാനായില്ല. 47 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെയാണ് ഹെയ്ല്‍സ് 86 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ബട്‌ലര്‍ 49 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സും നേടി. അഡ്‌ലെയ്ഡില്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് രാഹുലിനെ നഷ്ടമായി. വോക്്‌സിന്റെ പന്ത് തേര്‍ഡ്മാനിലേക്ക് കളിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നു.

കത്ത് വിവാദം: മേയർക്ക് ഹൈക്കോടതി നോട്ടീസ്

കത്ത് വിവാദം: മേയർക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സർക്കാർ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി തീരുമാനം. ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. എൽ‍ഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കും.

കത്ത് വിവാദത്തിൽ വാദം കേൾക്കാൻ തീരുമാനിച്ച ഹൈക്കോടതി ഹർജി 25 ലേക്ക് മാറ്റി. വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടാണ് തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയത്തിൽ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. വിഷയത്തിൽ നിലവിലുള്ള പരിശോധന നടക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നിൽ രാഷ്ട്രീയമാണെന്നുമുള്ള വാദമാണ് സർക്കാർ നിരത്തിയത്.

മേയർക്ക് നോട്ടീസ് നൽകുന്നതിനെ സർക്കാർ എതിർത്തു. എന്നാൽ, ആരോപണം നിലനിൽക്കുന്നത് മേയർക്കെതിരെ ആയതിനാൽ വിശദീകരണം നൽകേണ്ടത് മേയർ ആണെന്ന് കോടതി വ്യക്തമാക്കി. അതിനാൽ മേയർക്കും പാർലമെന്ററി പാർട്ടി നേതാവ് ഡി. ആർ അനിലിനും നോട്ടീസ് നൽകാൻ കോടതി തീരുമാനിക്കുകയായിരുന്നു. സിബിഐ അടക്കമുള്ളവർ ഹർജിയിൽ എതിർ കക്ഷികളാണ്. സിബിഐയ്ക്കും നോട്ടീസ് അയക്കും.

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ വ്യാപക മഴ; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച എട്ടു ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യത. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ഇതേ ജില്ലകളില്‍ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ ന്യൂനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നിലകൊള്ളുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാനാണ് സാധ്യത. നവംബര്‍ 10 മുതല്‍ 12 വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു തമിഴ്‌നാട് പുതുച്ചേരി തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ നാളെ പ്രാദേശിക അവധി

തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ നാളെ പ്രാദേശിക അവധി

തിരുവനന്തപുരം: തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷമാണ് അവധി. വെട്ടുകാട് തിരുനാള്‍ പ്രമാണിച്ചാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിലെ 10 ദിവസത്തെ തിരുനാള്‍ മഹോത്സവം നാളെ കൊടിയേറും. വൈകിട്ട് 6.30ന് ഇടവക വികാരി ഡോ. ജോര്‍ജ് ജെ ഗോമസ് കൊടിയേറ്റും. തുടര്‍ന്ന് ക്രിസ്തുരാജ പാദപൂജ നടക്കും.
13ന് രാവിലെ മലങ്കര ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് കര്‍ദ്ദിനാള്‍ ക്‌ളീമിസ് കതോലിക്ക ബാവയുടെ നേതൃത്വത്തില്‍ സമൂഹദിവ്യബലി നടക്കും. 18ന് വൈകിട്ട് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസ് സമൂഹദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

19ന് വൈകിട്ട് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകാണ്ടുള്ള പ്രദക്ഷിണം നടക്കും. വെട്ടുകാട് നിന്നാരംഭിച്ച് കണ്ണാന്തുറ പള്ളി വഴി കൊച്ചുവേളി പള്ളിയിലെത്തിയ ശേഷം തിരികെ ദേവാലയത്തിലെത്തും. 20ന് വൈകിട്ട് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ മുഖ്യകാര്‍മ്മികനാകും.

മധുരയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു;10 പേര്‍ക്ക് ഗുരുതര പരിക്ക്

മധുരയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു;10 പേര്‍ക്ക് ഗുരുതര പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മധുര ജില്ലയിലെ ഉസിലാംപെട്ടിക്ക് സമീപം അഴകുചിറ ഗ്രാമത്തിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തില്‍ പടക്കനിര്‍മ്മാണശാല പൂര്‍ണമായി കത്തിനശിച്ചു. സ്‌ഫോടനകാരണം വ്യക്തമായിട്ടില്ല. തൊഴിലാളികള്‍ ജോലിയിലേര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് പടക്കശാലയ്ക്ക് തീപിടിച്ചതെന്നാണ് വിവരം. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.