പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ്

പ്രമുഖ നടി നിമിഷ സജയൻ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ്

പ്രമുഖ നടി നിമിഷ സജയൻ 20.65 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചതായി ജിഎസ്ടി വകുപ്പ്. ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. നിമിഷ സജയൻ വരുമാനം ഒളിപ്പിച്ച് വച്ചതായാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്. ഇങ്ങനെ 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചതായും അന്വേഷണം തുടരുന്നതായും ഉള്ള സംസ്ഥാന ജിഎസ്ടി ജോയന്റ് കമ്മീഷണർ ഐബി അറിയിച്ചു. നിമിഷയുടെ തട്ടിപ്പ് സംബന്ധിച്ച ഇന്റലിജൻസ് വിവരം ലഭിച്ച ജിഎസ്ടി വകുപ്പ് അവർക്ക് സമൻസ് നൽകുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ്‌. നായർ ഹാജരാവുകയും ചെയ്തു. വരുമാനം രേഖപ്പെടുത്തിയതിൽ പിശക് സംഭവിച്ചതായി അമ്മ സമ്മതിച്ചു.

നടിയെ ആക്രമിച്ച സംഭവം; വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും

നടിയെ ആക്രമിച്ച സംഭവം; വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 11 മാസത്തെ ഇടവേളയ്ക്ക് ശേഷം വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും. വിസ്താരം അവശേഷിയ്ക്കുന്ന 36 സാക്ഷികൾക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സമൻസ് അയച്ചിരുന്നു. ഇന്ന് രണ്ട് സാക്ഷികളെയാണ് വിസ്തരിക്കുക. സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള സമയക്രമം വിചാരണക്കോടതി നിശ്ചയിച്ചിട്ടുണ്ട്. ഡിസംബർ ആറു വരെ വിസ്തരിക്കേണ്ടവരുടെ പട്ടികയാണ് തയാറായിട്ടുള്ളത്. നടി മഞ്ജു വാര്യർ, കേസിലെ സാക്ഷിയായ സാഗർ വിൻസെന്റ്, പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസൺ എന്നിവരെ നേരത്തേ വിസ്തരിച്ചെന്ന സാങ്കേതിക കാരണത്താൽ തൽക്കാലം വിസ്തരിക്കില്ല.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന് നോട്ടീസ് അയക്കാൻ കഴിഞ്ഞദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. ദിലീപിൻറെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാണ് കോടതി നടപടി. നേരത്തെ നൽകിയ നോട്ടീസ് ദിലീപ് കൈപ്പറ്റാത്തതിനെ തുടർന്ന് തിരിച്ചെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ മുഖേന നോട്ടീസ് അയക്കാൻ ഹൈകോടതി നിർദേശം നൽകിയത്. ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ്‌ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെങ്കിൽ പ്രത്യേക അപേക്ഷ നൽകി പ്രതിഭാഗത്തിന്റെകൂടി വാദം കേട്ടശേഷമേ തീരുമാനമെടുക്കാനാകൂ എന്നാണ് കോടതിയുടെ നിലപാട്.

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസില്‍ ഒടുവില്‍ വഴിത്തിരിവ്

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസില്‍ ഒടുവില്‍ വഴിത്തിരിവ്

തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസില്‍ ഒടുവില്‍ വഴിത്തിരിവ്. ആശ്രമത്തിന് തീയിട്ടത് സമീപവാസിയായിരുന്ന പ്രകാശ് എന്നയാളാണെന്ന് സഹോദരന്‍ പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന പ്രകാശ്, ഈ വര്‍ഷം ജനുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. ഒരാഴ്ച മുന്‍പ് പ്രകാശിന്റെ സഹോദരന്‍ പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. തന്റെ സഹോദരന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആയിരുന്നെന്നും പ്രകാശും കൂട്ടുകാരും ചേര്‍ന്നാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീയിട്ടതെന്നും പ്രശാന്ത് വെളിപ്പെടുത്തി.

അനുജന്‍ മരിക്കുന്നതിന് കുറച്ചുദിവസം മുന്‍പ് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായും പ്രകാശ് അസ്വസ്ഥനായിരുന്നെന്നും പ്രശാന്ത് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജഗതിയിലുള്ള യുവാവിനെ കഴിഞ്ഞ വര്‍ഷംക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് അസ്വസ്ഥനായതെന്നും തന്നോട് കാര്യങ്ങള്‍ പറഞ്ഞതെന്നും പ്രശാന്ത് പറഞ്ഞു. മരിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ പ്രകാശ് വീട്ടില്‍ ഇല്ലായിരുന്നു. വീട്ടില്‍ വന്നാലും കുണ്ടമണ്‍ കടവിലുള്ള കൂട്ടുകാര്‍ വന്നു കൂട്ടിക്കൊണ്ടുപോകുമായിരുന്നു. ഇവർ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും മരിക്കുന്നതിന് മുന്‍പ് പ്രകാശിനെ മര്‍ദിച്ചിരുന്നതായും പ്രശാന്ത് ആരോപിക്കുന്നു.

തന്നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. അന്വേഷണ സംഘത്തിന് പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന് തെളിവുകള്‍ ലഭിച്ചിരുന്നതായും കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് തന്നെ വിളിച്ചു വരുത്തിയതെന്നും പ്രശാന്ത് പറഞ്ഞു. ആത്മഹത്യ ചെയ്ത പ്രകാശ് ആശ്രമത്തില്‍ മുന്‍പും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇയാളുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചു. ആദ്യം തിരുവനന്തപുരം സിറ്റി പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. 2018 ഒക്ടോബര്‍ 27ന് ആണ് തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്.

ഉടുമ്പുൻചോലയിൽ അച്ഛന്റെ വെട്ടേറ്റ മകൻ മരിച്ചു

ഉടുമ്പുൻചോല ചെമ്മണ്ണാറിൽ അച്ഛന്റെ വെട്ടേറ്റ മകൻ മരിച്ചു. ജെനീഷ് (38) ആണ് മരിച്ചത്. പിതാവ് തമ്പിയെ ഉടമ്പൻചോല പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചു വീട്ടിലെത്തി ബഹളം വച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആണ് മകനെ അച്ഛൻ വെട്ടിയത്. തുടർന്ന് ജെനീഷിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരണപ്പെടുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ ജെനീഷ് ഭാര്യയേയും മകനേയും പിതാവിനേയും മർദിച്ചു. തുടർന്ന് സ്വയരക്ഷയ്ക്ക് വേണ്ടി പിതാവ് വെട്ടുകയായിരുന്നു. കൈയിലാണ് വെട്ടേറ്റത്.

തമിഴ്‌നാട്ടില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്

തമിഴ്‌നാട്ടില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) വ്യാപക റെയ്ഡ്. 45 ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. കോയമ്പത്തൂര്‍ നഗരത്തില്‍മാത്രം 21 സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് വിവരം. കാര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലാണ് ഉദ്യോഗസ്ഥരെത്തിയത്. പുലര്‍ച്ചെ അഞ്ച് മണി മുതലാണ് പരിശോധന ആരംഭിച്ചത്. ചെന്നൈയില്‍ അഞ്ചിടങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഭീകരാക്രമണ ലക്ഷ്യവുമായാണ് ജമേഷ കോയമ്പത്തൂരിലെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ 23ന് പുലര്‍ച്ചെ നാലിന് കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ സ്‌ഫോടനം നടന്നിരുന്നു. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിന് രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ആറ്റിങ്ങൽ ഉപജില്ലാ കായികമേള; കാര്യവട്ടത്ത് വ്യാപക പ്രതിഷേധം

ആറ്റിങ്ങൽ ഉപജില്ലാ കായികമേള; കാര്യവട്ടത്ത് വ്യാപക പ്രതിഷേധം

ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാതല കായിക മേള കാര്യവട്ടം എൽഎൻസിപിഇ സ്റ്റേഡിയത്തിൽ നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ആവശ്യത്തിന് സൗകര്യങ്ങളുള്ളപ്പോഴാണ് കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിലാക്കിക്കൊണ്ട് കാര്യവട്ടത്ത് കായികമേള നടത്താൻ തീരുമാനിച്ചത്.

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം എല്ലാ സൗകര്യങ്ങളോടും കൂടി ജനങ്ങൾക്ക് തുറന്നു കൊടുത്തു എന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് ഇത്തരത്തിൽ ഒരു അനീതി കുട്ടികളോട് കാണിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ മാസം ഒന്നിനായിരുന്നു ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന്റെ കൊട്ടിഘോഷിക്കപ്പെട്ട ഉദ്ഘാടനം നടന്നത്. വാഹന സൗകര്യം ഇല്ലാത്ത പൊതു വിദ്യാലയങ്ങളിലെ കായികതാരങ്ങളായ കുറേപ്പേർ സ്വന്തം കയ്യിൽ നിന്നു കാശ് മുടക്കി 30 ലേറെ കിലോമീറ്റർ ദൂരം സഞ്ചരിച്ച് കാര്യവട്ടത്ത് എത്തേണ്ട സാഹചര്യമാണ് ഉള്ളത്.

കുട്ടികൾ ഇത്രയും ദൂരം സഞ്ചരിച്ചെത്തി ശാരീരികമായി തളരുന്ന സാഹചര്യത്തിൽ വേണം മത്സരങ്ങളിൽ പങ്കെടുക്കേണ്ടതെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല എന്നും അധ്യാപകർ അവകാശപ്പെടുന്നു. ചരിത്രത്തിലാദ്യമായിട്ടാണ് ഉപജില്ലാതല പരിധി വിട്ടു മറ്റൊരു സ്ഥലത്ത് മേള നടത്തുന്നത്. കാര്യവട്ടത്ത് നടത്താൻ തീരുമാനിച്ചതുവഴി സ്കൂളുകളും അധ്യാപകരും രക്ഷിതാക്കളും ബുദ്ധിമുട്ടുന്ന സാഹചര്യം കണക്കിലെടുത്ത് എല്ലാ സൗകര്യങ്ങളും ഉണ്ടെന്നു സ്പോർട്സ് കൗൺസിൽ അവകാശപ്പെടുന്ന ശ്രീപാദം സ്റ്റേഡിയം മേളയ്ക്കായി അനുവദിച്ചു നൽകണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു.