കാമുകൻ നൽകിയ ശീതളപാനീയം കുടിച്ച് അവശയായ 19കാരി മരണപെട്ടു

കാമുകൻ നൽകിയ ശീതളപാനീയം കുടിച്ച് അവശയായ 19കാരി മരണപെട്ടു

തിരുവനന്തപുരം: കാമുകൻ നൽകിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. കേരള തമിഴ്‌നാട് അതിർത്തിയ്ക്ക് സമീപം കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടിൽ സി അഭിത(19) യാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. സുഹൃത്തായ യുവാവിനെതിരെ അഭിതയുടെ അമ്മ തങ്കഭായി നിദ്രവിള പൊലീസിന് പരാതി നൽകി.

ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നും എന്നാല്‍ വിവാഹ വാഗ്ദാനം നൽകിയ യുവാവ് പിന്നീട് ഇതിൽ നിന്ന് പിൻമാറിയതിന് പിന്നാലെ അഭിതയെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. യുവാവ് അഭിതയെ ഒഴിവാക്കാന്‍ വേണ്ടി മനഃപൂര്‍വം വിഷം കലര്‍ത്തിയ ശീതളപാനീയം നല്‍കിയെന്നും വീട്ടുകാര്‍ ആരോപിക്കുന്നു. യുവാവുമായി കൂടിക്കാഴ്ച നടത്തിയതിന് അടുത്ത ദിവസം മുതലാണ് യുവതിയ്ക്ക് വയറുവേദന തുടങ്ങിയത്. ഇരുവരും കണ്ടുമുട്ടിയപ്പോള്‍ യുവാവ് ശീതള പാനീയം കുടിക്കാൻ നൽകിയതായി അഭിത വീട്ടുകാരോട് പറഞ്ഞിരുന്നു.

വയറു വേദന ശക്തമായതിനെ തുടർന്ന് അഭിതയെ മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാലാം തീയതി ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് അഭിതയെ മാറ്റി. ഇവിടെ ചികിത്സയിൽ കഴിയുമ്പോഴാണ് അഭിത മരണത്തിന് കീഴടങ്ങിയത്. അഭിതയുടെ കരളിന്‍റെ പ്രവർത്തനം പൂർണമായും തകരാറിലായതാണ് മരണ കാരണം എന്ന് ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട് നിദ്രവിള പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമെ കൂടുതൽ കര്യങ്ങൾ വ്യക്തമാകൂ എന്ന് നിദ്രവിള പൊലീസ് അറിയിച്ചു.

ന​ഗരൂര്‍ പഞ്ചായത്ത് കേരളോത്സവം; 10 വരെ അപേക്ഷിക്കാം

ന​ഗരൂര്‍ പഞ്ചായത്ത് കേരളോത്സവം; 10 വരെ അപേക്ഷിക്കാം

കിളിമാനൂർ: ന​ഗരൂർ പഞ്ചായത്തിൽ നവംബർ 12 മുതൽ 14 വരെ നടക്കുന്ന കേരളോത്സവത്തിൻ്റെ വിവിധ കലാകായിക മത്സരങ്ങൾക്കുള്ള അപേക്ഷ നവംബർ 10 ന് വൈകുന്നേരം 5 മണി വരെ പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയോടൊപ്പം ആധാർ, ഐഡി കാർഡ്, റേഷൻ കാർഡ്, ഫോട്ടോ, എന്നിവ കൂടി നൽകണം. ക്ലബുകൾ, വായനശാലകൾ എന്നിവർ ലെറ്റർപാഡിൽ മത്സരാർത്ഥിയുടെ പേര് വിവരം നൽകണം.

മത്സര ഇനങ്ങൾ:

മാരത്തോൺ, ഓട്ടമത്സരം(100 മീറ്റർ,200 മീറ്റർ,800 മീറ്റർ ) ലോംഗ്ജംപ്, ഹൈജംപ്, ജാവലിൻ ത്രോ, ഡിസ്ക് ത്രോ, ചെസ്സ്, വടംവലി, ഷട്ടിൽ (സിംഗിൾ, ഡബിൾ), വോളിബോൾ, കബഡി, ക്രിക്കറ്റ്, ഫുട്ബോൾ, ദഫ് മുട്ട്, കഥാ രചന, കവിത രചന, ഉപന്യാസ രചന, ചിത്രരചന, കാർട്ടൂൺ, ക്വിസ്സ് മത്സരം, പ്രസംഗ മത്സരം,നാടോടി പാട്ട്, ലളിതഗാനം, മാപ്പിളപ്പാട്ട്, കവിത ആലാപനം, ദേശഭക്തിഗാനം, സംഘഗാനം മോണോ ആക്ട്, ചെണ്ട, വയലിൻ, നാടോടി നൃത്തം, തിരുവാതിര, സംഘനൃത്തം, ഓട്ടൻതുള്ളൽ, ഒപ്പന, നാടകം

അപേക്ഷ ഫോം പഞ്ചായത്ത് ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് അം​ഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

പ്രവാസികൾക്കായി നോർക്കയുടെ ആഭിമുഖ്യത്തിൽ ലോൺ മേള

പ്രവാസികൾക്കായി നോർക്കയുടെ ആഭിമുഖ്യത്തിൽ ലോൺ മേള

തിരുവനന്തപുരം: നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്കായി നോർക്കയുടെ ആഭിമുഖ്യത്തിൽ കാനറാ ബാങ്കിന്റെറെ സഹകരണത്തോടെ തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ലോൺ മേള സംഘടിപ്പിക്കുന്നു. നവംബർ 10,11 തീയതികളിൽ കാനറാ ബാങ്ക് റീജണൽ ഓഫീസുകളിലാണ് മേള നടക്കുക. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തു തൊഴിൽ ചെയ്തു സ്ഥിരമായി മടങ്ങി വന്നവർക്ക് www.norkaroots.org എന്ന വെബ് സൈറ്റിൽ നവംബർ 8 വരെ അപേക്ഷിക്കാം . നോർക്ക റൂട്സിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നവർക്കാണ് ലോൺ മേളയിൽ പങ്കെടുക്കാൻ അവസരം.

നോർക്ക ഡിപ്പാർട്ട്മെൻറ് പ്രൊജക്റ്റ് ഫോർ റീട്ടേൺഡ് എമിഗ്രൻസ് (എൻ ഡി പി ആർ ഇ എം) പദ്ധതി പ്രകാരമാണ് ലോൺ നൽകുന്നത്. ഇതുവഴി 15 ശതമാനം മൂലധന സബ്‌സിഡിയും 3 ശതമാനം പലിശ സബ്‌സിഡിയും സംരംഭകർക്ക് ലഭിക്കും.

പൊതു ജലാശയങ്ങളിലെ മത്സ്യവിത്തു നിക്ഷേപ പദ്ധതിയ്ക്ക് ചിറയിൻകീഴിൽ തുടക്കമാകും

പൊതു ജലാശയങ്ങളിലെ മത്സ്യവിത്തു നിക്ഷേപ പദ്ധതിയ്ക്ക് ചിറയിൻകീഴിൽ തുടക്കമാകും

ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുകതമായി ഗുണമേന്മയുള്ളതും ധ്രുദഗതിയിൽ വളരുന്നതുമായ വിവിധ ഇനത്തിലുള്ള മത്സ്യ കുഞ്ഞുങ്ങളെ ഉൾനാടൻ ജലാശയങ്ങളിൽ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് നാളെ തുടക്കമാകും. ചിറയിൻകീഴ് പഞ്ചായത്തിൽ പുളിമൂട്ട് കടവിൽ കാരചെമ്മീൻ നിക്ഷേപിച്ചാണ് പദ്ധതിയ്ക് തുടക്കമിടുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശൈലജ ബീഗം പദ്ധതി ഉദ്ഘാടനം ചെയ്യും. ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മുരളി അധ്യക്ഷനാകും.

സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ബുധനാഴ്ച

സംസ്ഥാനത്തെ 11 ജില്ലകളിലെ (കോട്ടയം, കണ്ണൂർ, കാസർകോട് ഒഴികെ) 29 തദ്ദേശ വാർഡുകളിൽ നവംബർ 9ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. സമ്മതിദായകർക്ക് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി. ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.

സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് www.sec.kerala.gov.in സൈറ്റിൽ ഓൺലൈനിലൂടെ സമർപ്പിക്കാം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ഈ അവസരമുള്ളത്. ആദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ സൗകര്യം ഏർപ്പെടുത്തുന്നത്.

11 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 102 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 40 പേർ സ്ത്രീകളാണ്.

വോട്ടർപട്ടിക ഒക്ടോബർ 10 ന് പ്രസിദ്ധീകരിച്ചു. ആകെ 1,39,025 വോട്ടർമാർ. 65,964 പുരുഷന്മാരും 73,061 സ്ത്രീകളും. പ്രവാസി വോട്ടർപട്ടികയിൽ 9 പേർ.

വോട്ടെടുപ്പിന് 190 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ തൊണ്ണൂറ്റിരണ്ടും പുളികീഴ് ബ്ലോക്ക് പഞ്ചായത്തിലെ എട്ടും ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ പന്ത്രണ്ടും വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പതിന്നാലും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പതിനെട്ടും മേലടി ബ്ലോക്ക് പഞ്ചായത്തിലെ ആറും ബൂത്തുകൾ ഇതിൽ ഉൾപ്പെടും.

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി. പോളിംഗ് സാധനങ്ങൾ തലേദിവസം 12 മണിക്ക് മുമ്പ് സെക്ടറൽ ഓഫീസർമാർ മുഖേന അതാത് പോളിംഗ് ബൂത്തുകളിൽ എത്തിക്കും. ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിൽ നേരിട്ട് ഹാജരായാൽ മതിയാകും.

ക്രമസമാധാന പാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫി നടത്തും. പ്രത്യേക പോലീസ് സുരക്ഷയും ഏർപ്പെടുത്തും.

വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് മോക്ക്‌പോൾ നടത്തും. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്.

വോട്ടെണ്ണൽ പത്തിന് രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളിൽ നടത്തും. ഫലം അപ്പോൾ തന്നെ www.lsgelection.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ ജില്ലാ അടിസ്ഥാനത്തിൽ:

തിരുവനന്തപുരം – പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പാറ, കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെക്കിട്ടവിളാകം

കൊല്ലം – പേരയം ഗ്രാമപഞ്ചായത്തിലെ പേരയം ബി, പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കോട്ടുവൻകോണം

പത്തനംതിട്ട – പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി

ആലപ്പുഴ – എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാത്തറ, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ വൻമഴി വെസ്റ്റ്, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ കാർത്തികപ്പള്ളി, മുതുകുളം ഗ്രാമപഞ്ചായത്തിലെ ഹൈസ്‌കൂൾ, പാലമേൽ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര തെക്ക്

ഇടുക്കി – ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം, ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ തൊട്ടിക്കാനം, ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പൊന്നെടുത്താൽ, കരുണാപുരം ഗ്രാമപഞ്ചായത്തിലെ കുഴിക്കണ്ടം

എറണാകുളം – വടക്കൻ പറവൂർ മുനിസിപ്പൽ കൗൺസിലിലെ വാണിയക്കാട്, വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടിമറ്റം, പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ കുറിഞ്ഞി, കീരംപാറ ഗ്രാമപഞ്ചായത്തിലെ മുട്ടത്തുകണ്ടം

തൃശ്ശൂർ – വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ മിണാലൂർ സെന്റർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പൈങ്കുളം

പാലക്കാട് – കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ പാലത്തറ, പുതൂർ ഗ്രാമപഞ്ചായത്തിലെ കോളപ്പടി

മലപ്പുറം – മലപ്പുറം മുനിസിപ്പൽ കൗൺസിലിലെ കൈനോട്

കോഴിക്കോട് – മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂർ, തുറയൂർ ഗ്രാമപഞ്ചായത്തിലെ പയ്യോളി അങ്ങാടി, മണിയൂർ ഗ്രാമപഞ്ചായത്തിലെ മണിയൂർ നോർത്ത്, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റിൽ

വയനാട് – കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചിത്രമൂല

കിളിമാനൂരിൽ പത്തൊൻപതുകാരൻ തൂങ്ങി മരിച്ച നിലയിൽ

കിളിമാനൂരിൽ പത്തൊൻപതുകാരൻ തൂങ്ങി മരിച്ച നിലയിൽ

കിളിമാനൂരിൽ പത്തൊൻപതുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ , കുന്നുമ്മൽ അഷ്ടമി ഭവനിൽ ഷിജു (19) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോട് കൂടിയായിരുന്നു സംഭംവം. ചിറ്റിലഴികം പെട്രോൾ പമ്പിലെ ജീവക്കാരനായ ഷിജു ഉച്ചയോട് കൂടി വീട്ടിൽ എത്തിയ ശേഷം വീട്ടിലെ അടുക്കളയോട് ചേർന്ന മുറിയിൽ തൂങ്ങുകയായിരുന്നുവെന്ന് സമീപവാസികൾ അറിയിച്ചു. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കൂലിപ്പണികഴിഞ്ഞ് ഉച്ചയോടെ വീട്ടിൽ എത്തിയ മാതാവ് സിന്ധുവാണ് മകൻ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ സമീപവാസികൾ എത്തി ഷിജുവിനെ അഴിച്ചിറക്കിയെങ്കിലും മരണം സംഭംവിച്ചിരുന്നു.

പിതാവ് തുളസി ആറ് വർഷങ്ങൾക്ക് മുമ്പ് മരണമടഞ്ഞിരുന്നു. അഷ്ടമി, സജു എന്നിവർ സഹോദരങ്ങളാണ്. കിളിമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.