മുന്നാക്ക സംവരണം ശരിവച്ച് സുപ്രീംകോടതി

മുന്നാക്ക സംവരണം ശരിവച്ച് സുപ്രീംകോടതി

കേന്ദ്ര സർക്കാർ നടപ്പാക്കിയ പത്ത് ശതമാനം സാമ്പത്തിക സംവരണം അംഗീകരിച്ച് സുപ്രീംകോടതി. അഞ്ചംഗ ഭരണഘടന ബഞ്ചിലെ മൂന്ന് ജഡ്ജിമാർ ഭരണഘടന ഭേദഗതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർ സംവരണവിഭാഗങ്ങളെ ഒഴിവാക്കിയതിനോട് വിയോജിച്ചു. അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ സാമ്പത്തിക സംവരണവും കോടതി അംഗീകരിച്ചു.
കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹർജികളിൽ അഞ്ചംഗ ഭരണഘടന ബഞ്ചിൽ നിന്ന് നാല് വിധി പ്രസ്താവങ്ങളാണ് ഉണ്ടായത്.

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവർ സാമ്പത്തിക സംവരണം അംഗീകരിച്ചു. പിന്നാക്കം നില്‍ക്കുന്നവരെ കൈപിടിച്ച് ഉയർത്താനാണ് സംവരണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനുള്ള അവകാശവും സർക്കാരിനുണ്ട്. അതിനാൽ ഇത് ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി വ്യക്തമാക്കി. നിലവിലെ സംവരണം കിട്ടാത്തവർക്കാണ് പത്ത് ശതമാനം സംവരണം. അതിനാൽ അമ്പത് ശതാനത്തിന് മുകളിൽ സംവരണം ഏർപ്പെടുത്തിയത് ഇന്ദ്ര സാഹ്നി കേസിലെ വിധിക്ക് എതിരല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി ചൂണ്ടിക്കാട്ടി.

നിലവിൽ സംവരണമുള്ള വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതിനെയും ഈ വിധി അംഗീകരിച്ചു. ഇതിനോട് യോജിച്ച ജസ്റ്റിസ് ബേല എം ത്രിവേദി ജാതിയുടെ അടിസ്ഥാനത്തിൽ മാത്രമേ സംവരണം പാടുള്ളു എന്ന് പറയാനാകില്ലെന്ന് നിരീക്ഷിച്ചു. സാമ്പത്തിക പിന്നാക്ക അവസ്ഥയും മാനദണ്ഡമാണെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി പറഞ്ഞു. ജസ്റ്റിസ് ജെബി പർദിവാലയും ഭൂരിപക്ഷ വിധിയോട് യോജിച്ചു. സാമ്പത്തിക സംവരണത്തോട് വിജോജിപ്പില്ലെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിധി പ്രസ്താവത്തിൽ പറഞ്ഞു. എന്നാൽ എസ്‍സി, എസ്ടി, പിന്നാക്ക വിഭാഗങ്ങൾക്ക് ഇതിൻ്റെ ആനൂകൂല്യം നല്‍കാത്തത് മൗലിക അവകാശ ലംഘനമാണ്.

സാമ്പത്തിക സംവരണത്തിൻ്റെ പരിധിയിൽ അവരെയും കൊണ്ടുവരണം അതിനാൽ ഭരണഘടന ഭേഗദതിയിലെ രണ്ട് വകുപ്പുകൾ റദ്ദാക്കുന്നു എന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. ജസ്റ്റിസ് രവീന്ദ്ര ഭട്ടിനോട് യോജിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് ഒടുവിൽ വ്യക്തമാക്കി. മൂന്ന്-രണ്ട് എന്ന നിലയ്ക്ക് ഭൂരിപക്ഷ വിധിയിലൂടെ സാമ്പത്തിക സംവരണം സുപ്രീംകോടതി അംഗീകരിച്ചത് സർക്കാരിന് വിജയമായി. ബഞ്ചിന് നേതൃത്വം നല്‍കിയ ചീഫ് ജസ്റ്റിസ് ഭൂരിപക്ഷ വിധിയോട് വിയോജിക്കുന്നത് അസാധാരണമാണ്.

ട്രെയിലറിലേറി വിമാനം; സെൽഫി എടുക്കലിന്റെ ബഹളം

ട്രെയിലറിലേറി വിമാനം; സെൽഫി എടുക്കലിന്റെ ബഹളം

കൊല്ലം: പുലര്‍ച്ചെ ആളുകള്‍ നോക്കിയപ്പോള്‍ റോഡില്‍ വിമാനം! പിന്നെ സെല്‍ഫി എടുക്കലായി, ഗ്രൂപ്പ് ഫോട്ടോ എടുക്കലായി, ആകെ ബഹളം! തിരുവനന്തപുരത്തു നിന്ന് ആന്ധ്രയിലേക്ക് വിമാനത്തിന്റെ പ്രധാനഭാഗവുമായി എത്തിയ കൂറ്റന്‍ ട്രെയിലറാണ് കുരീപ്പുഴ ടോള്‍ പ്ലാസയ്ക്കു സമീപം ഞായറാഴ്ച പുലര്‍ച്ചെ നിര്‍ത്തിയിട്ടത്. ടോള്‍ പ്ലാസയ്ക്കു സമീപം വിമാനമിറങ്ങിയെന്ന് വാര്‍ത്ത പരന്നതോടെ അത് കാണാനായി പലയിടത്തുനിന്നും ജനം എത്തിത്തുടങ്ങി.

ബൈപാസ് വഴി വാഹനങ്ങളില്‍ വന്നവരും വിമാനം കാണാനായി വാഹനം നിര്‍ത്തി സമയം ചെലവിട്ടു. വൈകാതെ പൊലീസെത്തി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ കുരുക്ക് ഒഴിവായി. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്താനും സെല്‍ഫിയെടുക്കാനും തിരക്കായതോടെ പൊലീസും വലഞ്ഞു. ട്രെയിലര്‍ ഡ്രൈവര്‍മാരെ ‘വിമാനത്തിന്റെ ഡ്രൈവര്‍മാരാ’ക്കിയും ചിലര്‍ സെല്‍ഫിയില്‍ ഉള്‍പ്പെടുത്തി. ഇതിനിടെ ട്രെയിലറിന്റെ ടയര്‍ പഞ്ചറായത് ശരിയാക്കാന്‍ തൊഴിലാളികളോടൊപ്പം നാട്ടുകാരും ചേര്‍ന്നു.

ഉപയോഗശൂന്യമായ വിമാനം ഒരു സ്വകാര്യ കമ്പനി വിലയ്‌ക്കെടുക്കുകയായിരുന്നു. വിമാനത്തിന്റെ ചിറകുഭാഗം വേര്‍പെടുത്തിയശേഷം കൂറ്റന്‍ ട്രെയിലറില്‍ കയറ്റി ഹൈദരാബാദിലേയ്ക്ക് കൊണ്ടുപോകവേയാണ് ഞായറാഴ്ച പുലര്‍ച്ചെ കുരീപ്പുഴയില്‍ എത്തിയത്. രാത്രി മാത്രമേ വിമാനവുമായി സഞ്ചരിക്കാന്‍ അനുമതിയുള്ളൂ. 30 കിലോമീറ്റര്‍ വേഗത്തിലാണ് യാത്ര. പകല്‍ വിശ്രമമാണ്. ആന്ധ്രയിലെത്തിയ്ക്കുന്ന വിമാനഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഹോട്ടല്‍ തുടങ്ങുമെന്നാണ് വിവരം.

കോളജിന്റെ മതില്‍ ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കോളജിന്റെ മതില്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കാര്‍മല്‍ ഏണസ്റ്റ് ആണ് മരിച്ചത്. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളജിന്റെ മതിലാണ് ഇടിഞ്ഞു വീണത്. ആറടിയോളം ഉയരമുള്ള മതിലാണ് ഇടിഞ്ഞത്. മതില്‍ ഏറെക്കാലമായി അപകടാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

കത്ത് നിയമന വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം

കത്ത് നിയമന വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം

തിരുവനന്തപുരം: കത്ത് നിയമന വിവാദത്തിൽ തിരുവനന്തപുരം കോ‍ർപ്പറേഷനിൽ സംഘർഷം. ക്ഷേമകാര്യ സ്റ്റാംന്റിം​ഗ് കമ്മിറ്റി ചെയർമാനെ ബിജെപി കൗൺസിലർമാർ പൂട്ടിയിട്ടു. ഇതിനെ ചോദ്യം ചെയ്ത് സിപിഎം കൗൺസിലർമാരും എത്തിയതോടെ ഇരു വിഭാ​ഗവും തമ്മിൽ സംഘർഷം ആരംഭിക്കുകയായിരുന്നു. വലിയ സംഘർഷമാണ് കോർപ്പറേഷനിൽ നടക്കുന്നത്. ഇന്ന് രാവിലെ മുതൽ പ്രതിഷേധം നടക്കുന്നുണ്ട്. രാവിലെ നടന്ന പ്രതിഷേധത്തിനിടെ ​ഗ്രിൽ പൂട്ടിയിട്ടതാണ് ഇത്ര വലിയ സംഘർഷത്തിലേക്ക് എത്തിച്ചത്. ​ഗ്രിൽ തുറക്കണമെന്ന് ബജെപി കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ഇതിന് അധികൃതർ തയ്യാറായില്ല.

മേയറുടെ മുറിയിലേക്ക് പ്രവേശിക്കുകയാണ് പ്രതിഷേധകരുടെ ലക്ഷ്യം. മേയർ എത്തിയ സമയത്തും ബിജെപി കൗൺസിലർമാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇവിടേക്കെത്തിയ ക്ഷേമകാര്യ സ്റ്റാംന്റിം​ഗ് കമ്മിറ്റി ചെയർമാന്റെ മുറി പൂട്ടിയിട്ടത്. ഇടയ്ക്ക് കല്ല് ഉപയോ​ഗിച്ച് പൂട്ട് പൊളിക്കാനുള്ള ശ്രമവും നടത്തി. പ്രധാന ​ഗേറ്റ് പൊലീസും അടച്ചിരിക്കുകയാണ്. ഇതിനിടെ കോർപ്പറേഷനിൽ സേവനങ്ങൾ ലഭിക്കാനായെത്തിയ പ്രായമായവർ ഉൾപ്പെട്ടയുള്ളവർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി.

സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാന്റെ ഓഫീസിൽ അദ്ദേഹത്തെ കാണാൻ എത്തിയ വൃദ്ധയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പ്രതിഷേധം കണ്ട് ഭയന്ന് ഇരിക്കുകയാണ് ഇവർ. ഇവർക്കും പുറത്തുകടക്കാനാകാത്ത അവസ്ഥയാണ്. ജനങ്ങളാണ് ഈ പ്രതിഷേധത്തിൽ ബുദ്ധിമുട്ടുന്നതെന്ന് സ്റ്റാംന്റിം​ഗ് കമ്മിറ്റി ചെയർമാൻ പറഞ്ഞു. അതേസമയം തനിക്കും ഈ പ്രായത്തിലുള്ള മക്കളുണ്ടെന്നും ഇങ്ങനെ ചവിട്ടുന്നതും അടിക്കുന്നതുമൊന്നും കാണാൻ വയ്യെന്നും വൃദ്ധ പ്രതികരിച്ചു. ഈ പ്രായത്തിൽ തനിക്ക് എന്തെങ്കിലും പറ്റിയാൽ കുഴപ്പമില്ലെന്നും എന്നാൽ ഇതൊന്നും കാണാൻ വയ്യെന്നും അവർ കരഞ്ഞുകൊണ്ട് പറഞ്ഞു. ബിജെപി വനിതാ കൗൺസിലർമാർ പ്രതിഷേധത്തിന്റെ മുൻനിരയിൽ തന്നെയുണ്ട്.

ഇതിനിടെ ഇവിടേയ്ക്ക് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധവും വൈകാതെ എത്തും. ഇരു മുന്നണികളുടെയും പ്രതിഷേധം മേയറുടെ രാജി ആവശ്യപ്പെടുന്നതിലേക്ക് എത്തിയിരിക്കുകയാണ്. കോർപ്പറേഷന് മുന്നിൽ യുഡിഎഫ് കൗൺസിലർമാരുടെ സമരവും നടക്കുന്നുണ്ട്. ഇതിനിടെ ഒരു കണ്ണൻമൂലയിലെ കൗൺസിലർക്ക് ശരണ്യയ്ക്ക് പരിക്കേറ്റു. സിപിഎം – ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിലാണ് പരിക്കേറ്റത്.

മുടികൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

മുടികൊഴിച്ചിലിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

കോഴിക്കോട്: മുടികൊഴിച്ചിലില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട് നോര്‍ത്ത് കന്നൂര്‍ സ്വദേശി പ്രശാന്തിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ ഒന്നിനാണ് സംഭവം. മുടികൊഴിച്ചില്‍ മാറുന്നതിന് ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആത്മഹത്യാ കുറിപ്പും ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം ആരോപിച്ചു. അത്തോളി പൊലീസിലാണ് പരാതി നല്‍കിയിരുന്നത്. അന്വേഷണം നടന്നുവരുന്നു എന്നാണ് പൊലീസ് പറയുന്നത്.

2014മുതല്‍ മുടികൊഴിച്ചില്‍ മാറാന്‍ മരുന്ന് കഴിച്ചിരുന്നതായി കുറിപ്പില്‍ പറയുന്നു. ആദ്യം മുടിയെല്ലാം കൊഴിയുമെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് നല്ല മുടി വരുമെന്നും ഡോക്ടര്‍ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാല്‍ മുടി കൊഴിയാന്‍ തുടങ്ങി. കൈയിലെയും പുരികത്തിലെയും വരെ രോമം കൊഴിയാന്‍ തുടങ്ങി. ഇത് കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ല. പുറത്തിറങ്ങി ആളുകളെ അഭിമുഖീകരിക്കാന്‍ വരെ പ്രയാസം തോന്നി തുടങ്ങിയതായും കുറിപ്പില്‍ പറയുന്നു.

യുവാവിന്റെ മരണത്തില്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. ആദ്യം അത്തോളി പൊലീസിലാണ് പരാതി നല്‍കിയത്. നടപടിയൊന്നും ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് എസ്പിക്ക് പരാതി നല്‍കിയതായും കുടുംബം പറയുന്നു. ഒറ്റനോട്ടത്തില്‍ ഡോക്ടര്‍ കുറ്റക്കാരനാണ് എന്ന് തെളിയിക്കുന്ന തെളിവ് ഒന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. എന്നാലും വിശദമായി അന്വേഷണം നടത്തിവരുന്നതായും പൊലീസ് പറയുന്നു

വർക്കല റിസോർട്ടിൽ തീപിടുത്തം; വൻ ദുരന്തം ഒഴിവായി

വർക്കല റിസോർട്ടിൽ തീപിടുത്തം; വൻ ദുരന്തം ഒഴിവായി

വർക്കലയിലെ റിസോർട്ടിൽ തീപിടുത്തം. റിസോർട്ട് അടച്ചിട്ടിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. രാത്രി 12.30ഓടെയായിരുന്നു അപകടം. നോർത്ത് ക്ലിഫിലെ പുച്നി ലാല എന്ന റിസോർട്ടിലാണ് തീപിടുത്തം ഉണ്ടായത്. റിസോർട്ടിലെ യോഗ ഹാളിലുള്ള ഹട്ടിലായിരുന്നു തീപിടുത്തം. തീപിടുത്തം ഉണ്ടാവുമ്പോൾ ബുക്ക് സ്റ്റാൾ നടത്തുന്ന ഒരാൾ മാത്രമാണ് റിസോർട്ടിൽ ഉണ്ടായിരുന്നത്. ഇദ്ദേഹം ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപിടുത്തത്തിൽ അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു.