by Midhun HP News | Nov 7, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സിനിമ- നാടക നടിയും ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കൊച്ചിൻ അമ്മിണി അന്തരിച്ചു. 80 വയസായിരുന്നു. രോഗബാധിതയായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിയ്ക്കെ ഞായറാഴ്ചയാണ് അന്ത്യം. കേരളത്തിലെ ഹിറ്റ് നാടക ഗാനങ്ങളിൽ ഒന്നായിരുന്ന ‘കണ്ണു തുറക്കാത്ത ദൈവങ്ങളേ’ എന്ന ഗാനം ആലപിച്ചത് അമ്മിണി ആയിരുന്നു. കൂടാതെ നിരവധി സൂപ്പർഹിറ്റ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മുളങ്കാടകം മുതിരപ്പറമ്പിലെ വീട്ടിൽ രാവിലെ 8ന് പൊതുദർശനത്തിന വയ്ക്കും. 11ന് തുയ്യം പള്ളി സെമിത്തേരിയിൽ സംസ്കാരം.

കൊച്ചി തോപ്പുംപടി സ്വദേശിയായ മേരി ജോൺ എന്ന അമ്മിണി 12-ാം വയസ്സിൽ നാടകവേദിയിലൂടെയാണ് കലാ രംഗത്തേയ്ക്ക് എത്തുന്നത്. കെപിഎസി, കാളിദാസ കലാകേന്ദ്ര, കലാനിലയം, ആലപ്പി തിയറ്റഴ്സ്, കലാഭവൻ തുടങ്ങിയ ഒട്ടേറെ ട്രൂപ്പുകളിൽ നൂറോളം നാടകങ്ങളിൽ നടിയും ഗായികയുമായി. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, സർവേകല്ല് എന്നീ നാടകങ്ങളിൽ പാടി അഭിനയിച്ചു.

1961ൽ റിലീസ് ചെയ്ത മലയാളത്തിലെ ആദ്യത്തെ കളർ ചിത്രമാണ് കണ്ടം ബച്ച കോട്ടിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. തോക്കുകൾ കഥ പറയുന്നു, ഉണ്ണിയാർച്ച, അടിമകൾ, ഭാര്യമാർ സൂക്ഷിക്കുക, വാഴ്കേ മായം, ജനനി ജന്മഭൂമി തുടങ്ങി ഒട്ടേറേ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ശാരദ, കെ.ആർ.വിജയ, ബി.എസ്.സരോജ, വിജയ നിർമല, ഉഷാകുമാരി തുടങ്ങിയവരുടെ സിനിമകളിൽ ശബ്ദം നൽകിയ മലയാളത്തിലെ ആദ്യകാല ഡബ്ബിങ് ആർട്ടിസ്റ്റും ആയിരുന്നു.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ പൂർണിമ ജയറാമിനും ശബ്ദം നൽകി. സീരിയലുകളിലും അഭിനയിച്ചു. സംഗീത നാടക അക്കാദമി പുരസ്കാരം, തിക്കുറിശ്ശി സ്മാരക പുരസ്കാരം, ഒ.മാധവൻ പുരസ്കാരം, ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമി പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മകൾ ഏയ്ഞ്ചൽ റാണി, മരുമകൻ സുജയ് മോഹൻ എന്നിവർക്കൊപ്പം വിദേശത്തായിരുന്ന അമ്മിണി 2 മാസം മുൻപാണ് നാട്ടിലെത്തിയത്.
by Midhun HP News | Nov 7, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സാമ്പത്തിക സംവരണകേസിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധി ഇന്ന്. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ദിനേഷ് മഹേശ്വരി എന്നിവർ ചേർന്ന് ഒരു വിധിയും ജസ്റ്റിസ് രവീന്ദ്ര ബട്ട്, ബേല എം ത്രിവേദി, ജെ ബി പർദ്ദിവാലാ എന്നിവർ ചേർന്ന് മറ്റൊരു വിധി പ്രസ്താവവും നടത്തും. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹർജികൾ എത്തിയത്. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹർജിക്കാർ മുന്നോട്ട് വച്ച പ്രധാനവാദം.

by Midhun HP News | Nov 7, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഇടുക്കി: കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കൊപ്പം സംസ്ഥാനത്ത് മിതമായ നിരക്കിൽ ഉച്ചഭക്ഷണം നൽകുന്ന സുഭിക്ഷ ഹോട്ടലുകളും അടച്ചു പൂട്ടലിലേയ്ക്ക്. സർക്കാർ നൽകേണ്ട സബ്സിഡി മാസങ്ങളായി നൽകാത്തതിനാൽ ഹോട്ടൽ നടത്തുന്നവർ ലക്ഷങ്ങളുടെ കടക്കെണിയിലായി. ഭക്ഷ്യ പൊതുവിതരണ വകുപ്പാണ് സബ്സിഡി അനുവദിക്കേണ്ടത്. മിതമായ നിരക്കിൽ ഉച്ചഭക്ഷണം നൽകുന്നതിനാണ് സർക്കാർ സുഭിക്ഷ ഹോട്ടൽ പദ്ധതി ആവിഷ്ക്കരിച്ചത്.

ഓരോ നിയമസഭ മണ്ഡലത്തിലും ഒന്നു വീതം തുടങ്ങാനായിരുന്നു തീരുമാനം. സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്കാണ് നടത്തിപ്പ് ചുമതല. 20 രൂപ നിരക്കിലാണ് ഉച്ചയൂണ് നൽകുന്നത്. ഓരോ ഊണിനും സബ്സിഡിയായി 5 രൂപ സർക്കാർ നൽകുമെന്നായിരുന്നു പ്രഖ്യാപനം. പാഴ്സലായി നൽകുന്ന ഊണിന് 25 രൂപ ഈടാക്കാം. എന്നാൽ മാസങ്ങളായി ആർക്കും സബ്സിഡി ലഭിക്കുന്നില്ല. സാധനങ്ങളുടെ വിലക്കയറ്റവും ഇവരുടെ പ്രതിസന്ധി ഇരട്ടിയാക്കി. സാധനങ്ങൾ വാങ്ങാനും ജോലിക്കാർക്ക് ശമ്പളം നൽകാനും നടത്തിപ്പുകാർ കടം വാങ്ങുകയാണിപ്പോൾ.
by Midhun HP News | Nov 7, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വാഗമണ്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനിടെ കൊക്കയിലേക്ക് വീണ വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്‌നാട് കോയമ്പത്തൂര്‍ ശരവണപ്പെട്ടി കുമാരഗുരു എന്‍ജിനീയറിങ് കോളജ് മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥിയായ സഞ്ജയ് ആണ് അപകടത്തില്‍പെട്ടത്. വാഗമണ്‍ കാരികാട് ഭാഗത്ത് ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. കോളജില്‍നിന്ന് സഞ്ജയ് ഉള്‍പ്പെടെ 41 പേരടങ്ങിയ വിദ്യാര്‍ത്ഥി സംഘമാണ് കഴിഞ്ഞദിവസം വാഗമണ്ണിലെത്തിയത്. ഞായറാഴ്ച രാവിലെ സംഘം മടങ്ങുന്നതിനിടെ കാരികാട് ടോപ്പില്‍ വാഹനം നിര്‍ത്തിയിരുന്നു. ഇതിനിടെ സഞ്ജയ് താഴേക്ക് വീഴുകയായിരുന്നു.

വീഴ്ചക്കിടെ കൊക്കയുടെ വശത്തെ തിട്ടയില്‍ തങ്ങിനിന്നതിനാല്‍ വന്‍ഗര്‍ത്തത്തിലേക്ക് പതിച്ചില്ല. ഇതാണ് സഞ്ജയ്ക്ക് രക്ഷയായതെന്ന് പൊലീസ് പറഞ്ഞു.
സഞ്ജയ് ഇവിടെനിന്ന് ഇറങ്ങി വിജനമായ പ്രദേശത്തുകൂടി നടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഒരുകിലോമീറ്ററോളം പരുക്കുമായി ഇയാള്‍ നടന്നതായും പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് ഈരാറ്റുപേട്ടയില്‍നിന്ന് എത്തിയ അഗ്‌നിരക്ഷ സേനയും പൊലീസും തീക്കോയി പഞ്ചായത്ത് മെമ്പര്‍ രതീഷും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ മണിക്കൂറുകള്‍ക്കു ശേഷമാണ് ഒരു കിലോമീറ്റര്‍ അകലെനിന്ന് ഇയാളെ കണ്ടെത്തി പുറത്തേക്ക് എത്തിച്ചത്. നടുവിനും കാലിനും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

by Midhun HP News | Nov 7, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ തിരുവന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ ഇന്ന് ഗവർണർക്ക് പരാതി നൽകും. മേയർ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും നഗരസഭയിലെ കരാർ നിയമനങ്ങളിൽ അന്വേഷണം വേണമെന്നുമാണ് ബിജെപിയുടെ ആവശ്യം. 35 ബിജെപി കൗൺസിലർമാർ ഇന്ന് 12 മണിയോടെയാവും ഗവർണറെ നേരിട്ടു കണ്ട് പരാതി നൽകുക. സംഭവം വിവാദമായതിനു പിന്നാലെ പുറത്തുവന്ന കത്ത് തന്റേതല്ല എന്ന് ആര്യ രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ മേയറുടെ കത്ത് തന്നെയാണ് പുറത്ത് വന്നതെന്നാണ് ബിജെപിയുടെ നിലപാട്. കരാര്‍ നിയമനത്തിന് പാര്‍ട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്താണ് വിവാദത്തിലായത്.

ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കോർപറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെൻ്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക നല്‍കണമെന്നും അറിയിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്.

മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ക്ലിഫ് ഹൗസില്‍ എത്തിയാണ് ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കിയത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി നേതൃത്വത്തിന് വിശദീകരണം നല്‍കിയതിന് ശേഷമാണ് മേയര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒരുമണിക്കൂറോളം മേയര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
by Midhun HP News | Nov 7, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുലാവർഷത്തോട് ഒപ്പം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയും അനുബന്ധ ന്യൂനമർദ പാത്തിയുമാണ് മഴ കനക്കുന്നതിന് കാരണം. മറ്റന്നാളോടെ തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും.

Recent Comments