by Midhun HP News | Nov 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സഞ്ചരിക്കുന്ന ‘അരിവണ്ടി’ ഇന്നുമുതൽ. അരിവണ്ടിയുടെ ഉദ്ഘാടനം രാവിലെ 8.30ന് പാളയം മാർക്കറ്റിനു മുന്നിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ജയ, കുറുവ, മട്ട, പച്ചരി ഇനങ്ങളിലായി ആകെ 10 കിലോ അരി ഇതിൽ നിന്ന് ഓരോ റേഷൻ കാർഡുടമകൾക്കും വാങ്ങാം. സപ്ലൈകോ സ്റ്റോറുകൾ ഇല്ലാത്ത 500 താലൂക്ക്, പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരിവണ്ടി എത്തുക.

ഒരു താലൂക്കിൽ 2 ദിവസം എന്ന ക്രമത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ആന്ധ്രയിൽ നിന്നടക്കം പൊതുവിപണിയില്‍ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ മാസം എല്ലാ മുന്‍ഗണനേതര (വെള്ള, നീല) റേഷൻ കാര്‍ഡുടമകള്‍ക്ക് എട്ടു കിലോ ഗ്രാം അരി വീതം ലഭിക്കും. 10.90 രൂപ നിരക്കിലാണ് സ്പെഷ്യൽ അരി ലഭിക്കുക. നിലവിലുള്ള റേഷൻ വിഹിതത്തിന് പുറമേയാണിത്. ഒക്ടോബർ-നവംബർ- ഡിസംബർ ത്രൈമാസ കാലയളവിലേക്കുള്ള മണ്ണെണ്ണ വിതരണവും തുടരുന്നതായി സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.
by Midhun HP News | Nov 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് സംസ്ഥാനത്തെ വിസിമാർ ഹൈക്കോടതിയിൽ. കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ അടക്കമുള്ളവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഗവർണർ നൽകിയ നോട്ടീസ് നിയമ വിരുദ്ധമെന്നാണ് ഹർജിക്കാർ വാദിക്കുന്നത്. ഹർജി ഇന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും. ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഏഴ് വിസിമാരാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

അതേസമയം, ഗവർണറുടെ പുറത്താക്കൽ നടപടിയ്ക്കെതിരെ കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്. അംഗത്വം റദ്ദാക്കിയ ഗവർണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് സെനറ്റ് അംഗങ്ങളുടെ നിലപാട്. എന്നാൽ സെർച്ച് കമ്മിറ്റിയിലേക്ക് ഒരു അംഗത്തെ നോമിനേറ്റ് ചെയ്ത് തീർക്കേണ്ട വിഷയം സർവ്വകലാശാല അനാവശ്യ വിവാദത്തിലാക്കിയെന്നും വിസിയില്ലാതെ എങ്ങനെ സർവ്വകലാശാലയ്ക്ക് പ്രവർത്തിക്കാനാകുമെന്നും കോടതി ചോദിച്ചിരുന്നു.
നവംബർ 4 ന് ചേരുന്ന സർവ്വകലാശാല സെനറ്റ് യോഗത്തിൽ സെർച്ച് കമ്മിറ്റിയെ നോമിനേറ്റ് ചെയ്യാനുള്ള അജണ്ടയുണ്ടോയെന്ന് സർവ്വകലാശാല ഇന്ന് അറിയിക്കണം. ഗവർണ്ണർ പുറത്താക്കിയ അംഗങ്ങൾക്ക് നവംബർ 4 ന് ചേരുന്ന സെനറ്റിൽ പങ്കെടുക്കാനാകുമോ എന്ന് ഇന്ന് കോടതി തീരുമാനിക്കും. അതേസമയം, വിജ്ഞാപനം പിൻവലിക്കണമെന്ന് മുൻ വി സിയും സെനറ്റും ആവശ്യപ്പെട്ടത് നിയമ വിരുദ്ധവും പ്രകടമായ അധിക്ഷേപമാണെന്നും ഗവർണർ കോടതിയെ അറിയിച്ചിരുന്നു.
by Midhun HP News | Nov 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് സർക്കാറിനോട് ആവശ്യപ്പെട്ടു. 122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെ പുതിയ ഉത്തരവ് ബാധകമാവുകയാണ്. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണ്.

റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചത്. വിവിധ സ്ഥാപനങ്ങളിൽ 56, 58, 60 എന്നിങ്ങനെ വ്യത്യസ്തമാണ് പെൻഷൻ പ്രായം. ഒന്നരലക്ഷം പേർക്കാണ് ആനുകൂല്യം കിട്ടുക. 29 നാണ് ധനവകുപ്പ് ഉത്തരവിറങ്ങിയത്. ഈ മാസം വിരമിക്കേണ്ടവർക്ക് കൂടുതൽ സർവ്വീസ് ലഭിക്കും. കൂടുതൽ തൊഴിലവസരങ്ങൾ ഉള്ള കെഎസ്ഇബിയിലെയും,കെഎസ്ആർടിസിയിലെയും, വാട്ടർ അതോറിറ്റിയിലെയും പെൻഷൻ പ്രായം കൂട്ടൽ പിന്നാലെ വരും. ഈ മൂന്ന് സ്ഥാപനങ്ങളിലെയും സാഹചര്യം പ്രത്യേകം പഠിക്കാനും ഉത്തരവിൽ നിർദ്ദേമുണ്ട്.
by Midhun HP News | Nov 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ പ്രതിയായ കേസിൽ അഭിഭാഷകര്‍ക്ക് എതിരെ കേസെടുക്കാന്‍ കാരണമായ പരാതിക്കാരിയുടെ മൊഴി പുറത്ത്. പരാതി പിൻവലിക്കാൻ അഭിഭാഷകരുടെ മുന്നിലിട്ട് എൽദോസ് മർദ്ദിച്ചെന്നാണ് മൊഴി. മൂന്ന് അഭിഭാഷകർ നോക്കി നിൽക്കേ മർദ്ദിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തു. സാമ്പത്തിക തർക്കമാണ് കോവളത്തെ പരാതിയ്ക്ക് കാരണമെന്ന രേഖയിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അഭിഭാഷകർ തടഞ്ഞു. തുടര്‍ന്ന് അഭിഭാഷകർ വാഹനത്തിൽ കയറ്റി നഗരത്തിൽ ചുറ്റിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചെന്നുമാണ് പരാതിക്കാരിയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൽദോസ് ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസെടുത്തത്. ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

രാവിലെ 9 മണിമുതൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എത്താനാണ് കോടതി നിർദ്ദേശം. കേസ് അന്വേഷണവുമായി എൽദോസ് കുന്നപ്പിള്ളിൽ സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അന്വേഷണവുമായി എംൽഎ സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എൽദോസ് കുന്നപ്പിള്ളിലിന്‍റെ മുൻകൂർ ജാമ്യം നൽകിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
by Midhun HP News | Nov 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലി ചേരുകയും ഭാഷാ പ്രതിജ്ഞ, പ്രസംഗം, നൃത്തശില്പം, കേരള ഗാനം എന്നീ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. മലയാള അക്ഷരമാലയിലെ അക്ഷരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള കുട്ടികളുടെ അക്ഷര ചങ്ങല ശ്രദ്ധേയമായി. ഹെഡ്മിസ്ട്രസ് ബിനു ഷെറീന കുട്ടികൾക്ക് മാതൃഭാഷാ ദിന സന്ദേശം നൽകി. അധ്യാപകരായ സജിത്ത്, റാണി, രമ്യ, അൽത്താഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

by Midhun HP News | Nov 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നിര്‍ണ്ണായകമായ തെളിവ് ശേഖരിച്ച് പൊലീസ്. രാമവര്‍മ്മന്‍ ചിറയിലെ വീടിന് പരിസരത്തുള്ള കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു. ഗ്രീഷ്‍മയുടെ അമ്മാവനുമായി നടത്തിയ തിരച്ചിലിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തെളിവുകൾ നശിപ്പിച്ചതിന് ഇരുവരെയും പ്രതി ചേർക്കുകയും ചെയ്തിരുന്നു.

ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതൽ ഷാരോൺ രാജിന്‍റെ കുടുംബം ഉറപ്പിച്ച് പറഞ്ഞിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരെകൂടിയാണ് ഇപ്പോൾ പൊലീസ് പ്രതി ചേർത്തത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ. ഇരുവരും ചേർന്ന് വിഷം ചേർത്ത കഷായത്തിന്‍റെ കുപ്പി നശിപ്പിച്ചുവെന്നും കണ്ടെത്തി. ഷാരോണിന്‍റെ കൊലയിൽ ഇനിയും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
Recent Comments