ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു

ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സംശയം. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നും ക്ലീനിങ്ങിന് ഉപയോഗിക്കുന്ന അണുനാശിനി കുടിക്കുകയായിരുന്നു. ഗ്രീഷ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉടന്‍ തന്നെ ഗ്രീഷ്മയെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തിരുവന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാവിലെ എഴരയോടെ ബാത്ത്‌റൂമില്‍ പോകണമെന്നാവശ്യപ്പെട്ടു. ബാത്ത്‌റൂമില്‍ വെച്ച് അവിടെയുണ്ടായിരുന്ന കീടനാശിനി ഗ്രീഷ്മ കുടിക്കുകയായിരുന്നു. ചര്‍ദ്ദിലിനെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി

ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കേ ലക്ഷ്യം കണ്ടു. 19.4 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. അര്‍ധ സെഞ്ചുറികള്‍ നേടിയ എയ്ഡന്‍ മാര്‍ക്രവും ഡേവിഡ് മില്ലറുമാണ് വിജയത്തില്‍ നിര്‍ണായകമായത്.

തുടക്കത്തില്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. 5.4 ഓവറില്‍ 24 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ക്വിന്റണ്‍ ഡിക്കോക്ക് (1), റൈലി റുസ്സോ (0), ടെംബ ബവുമ (10) എന്നിവരാണ് പുറത്തായത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 133 റണ്‍സ് മാത്രമാണ്.പെര്‍ത്ത് പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നപ്പോള്‍ ഒറ്റയ്ക്ക് പോരാടിയ സൂര്യകുമാര്‍ യാദവിന്റെ പ്രകടനമാണ് ഇന്ത്യയെ 133ല്‍ എത്തിച്ചത്.

40 പന്തുകള്‍ നേരിട്ട സൂര്യ മൂന്ന് സിക്സും ആറ് ഫോറുമടക്കം 68 റണ്‍സെടുത്തു.29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ലുങ്കി എന്‍ഗിഡിയും 15 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ വെയ്ന്‍ പാര്‍നെലുമാണ് ഇന്ത്യയെ തകര്‍ത്തത്.

പേസര്‍മാരെ അകമഴിഞ്ഞ് തുണയ്ക്കുന്ന പെര്‍ത്ത് പിച്ച് തനിസ്വരൂപം പുറത്തെടുത്തതോടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ നിറഞ്ഞാടി. അഞ്ചാം ഓവറില്‍ ലുങ്കി എന്‍ഗിഡിയുടെ പന്തിന്റെ ബൗണ്‍സ് മനസിലാക്കുന്നതില്‍ പിഴച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. 14 പന്തില്‍ നിന്ന് 15 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. പിന്നാലെ അതേ ഓവറിലെ അവസാന പന്തില്‍ കെ എല്‍ രാഹുലിനെയും (9) എന്‍ഗിഡി മടക്കി.

നന്നായി തുടങ്ങിയ ഇന്‍ഫോം ബാറ്റര്‍ വിരാട് കോലിയുടെ ഊഴമായിരുന്നു അടുത്തത്. 11 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത കോലിയെ റബാദ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. അക്ഷര്‍ പട്ടേലിന് പകരം ടീമിലെത്തിയ ദീപക് ഹൂഡയ്ക്ക് (0) അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല. ആന്റിച്ച് നോര്‍ക്യയുടെ പന്തില്‍ ഹൂഡ ഡിക്കോക്ക് പിടിച്ച് പുറത്താകുകയായിരുന്നു.

നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ഒരറ്റത്ത് അപ്പോഴും ബൗണ്ടറികള്‍ നേടുന്നുണ്ടായിരുന്നു. എന്നാല്‍ ആറാമനായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയ്ക്കും ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. വെറും രണ്ടു റണ്‍സ് മാത്രമെടുത്ത താരത്തെയും എന്‍ഗിഡിയുടെ പന്തില്‍ റബാദ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി.

പിന്നാലെ ക്രീസില്‍ ഒന്നിച്ച സൂര്യകുമാര്‍ – ദിനേഷ് കാര്‍ത്തിക്ക് സഖ്യം 52 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ 100 കടത്തി. അര്‍ധ സെഞ്ചുറി നേടിയ സൂര്യ തന്നെയായിരുന്നു സ്‌കോറിങ്ങില്‍ മുന്നില്‍. പിന്നാലെ 16-ാം ഓവറില്‍ കാര്‍ത്തിക്ക് മടങ്ങി. 15 പന്തില്‍ നിന്ന് ആറു റണ്‍സെടുത്ത താരത്തെ വെയ്ന്‍ പാര്‍നല്‍ പുറത്താക്കുകയായിരുന്നു. അശ്വിന്‍ ഏഴു റണ്‍സെടുത്തു.

പിടികിട്ടാപുള്ളിയായ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തലവനും ,കൂട്ടാളിയും അറസ്റ്റിൽ

പിടികിട്ടാപുള്ളിയായ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തലവനും ,കൂട്ടാളിയും അറസ്റ്റിൽ

ആറ്റിങ്ങൽ: നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ ശ്രീകാര്യം ഇടവക്കോട്, പൊറ്റയിൽ വീട്ടിൽ പാറ അഭിലാഷ് എന്ന് വിളിക്കുന്ന ഇടവക്കോട് അഭിലാഷ്(37),
കരിമണൽ കുളത്തൂർ എസ്സ്.എം.ആർ കോളനിയിൽ തോപ്പിൽ വീട്ടിൽ മൊട്ട അനി എന്ന് വിളിക്കുന്ന പ്രദീഷ്കുമാർ (വയസ്സ് 36) എന്നിവരെയാണ് ആറ്റിങ്ങൽ, വെഞ്ഞാറമൂട് പോലീസും തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. ഒഡീഷയിലെ മാവോയിസ്റ്റ് സ്വാധീനമുള്ള വനഭൂമിയിൽ കഞ്ചാവ് കൃഷി ചെയ്ത് കേരളത്തിലേക്ക് ലോഡ് കണക്കിന് കഞ്ചാവ് കടത്തി വന്നിരുന്നതിലെ പ്രധാനിയാണ് പിടിയിലായ അഭിലാഷ്. പിടിക്കപ്പെടാതിരിക്കാനായി ഒഡീഷയിലെ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളാണ് ഇയാൾ പണമിടപാട് നടത്താനായി ഉപയോഗിച്ചിരുന്നത്. സോഷ്യൽ മീഡിയാ ഉപയോഗിക്കാതെയും, സ്വന്തമായി സിം കാർഡ് ഉപയോഗിക്കാതെയും ഇയാൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഈ കഴിഞ്ഞ ജൂലൈ മാസത്തിൽ വെഞ്ഞാറമൂട്ടിൽ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന നാല് പേരെ ഇരുന്നൂറ് കിലോ കഞ്ചാവുമായി പിടിച്ചതിന്റെ ഉറവിടം തേടി നടത്തിയ അന്വേഷണമാണ് ലഹരി കടത്ത് തലവനായ അഭിലാഷും കൂട്ടാളിയും പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പാ ഐ.പി.എസ്സ് എ.എസ്സ്.പി എം.കെ. സുൽഫീക്കർ ആറ്റിങ്ങൽ ഡി.വൈ.എസ്സ്.പി, ജി.ബിനു , നർക്കോട്ടിക് സെൽ ഡി.വൈ.എസ്സ്.പി പി.റ്റി.രാസിത്ത് , ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ എസ്സ്.എച്ച്.ഒ സി.സി പ്രതാപചന്ദ്രൻ, വെഞ്ഞാറമൂട് ഇൻസ്പെക്ടർ എസ്സ്.എച്ച്.ഒ സൈജുനാഥ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം നടത്തിയ മികച്ച പ്രവർത്തനത്തിലൂടെയാണ് ഇയാളെ പിടികൂടാനായത്. കഴിഞ്ഞ നാല് മാസമായി അന്വേഷണ സംഘം ഇയാളുടെ പിന്നാലെ ആയിരുന്നു. ഇയാളുടെ താവളമായ ഒഡീഷയിലെ കോറാപുട്ട് ജില്ലയിൽ അന്വേഷണ സംഘം ആഴ്ചകളോളം താമസിച്ച് ഇയാളെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും പോലീസ് സാന്നിധ്യം മനസ്സിലാക്കിയ ഇയാൾ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനത്തിനകത്തേക്ക് ഉൾവലിയുകയായിരുന്നു. ഇയാളെ പുറത്ത് ചാടിക്കാനായി അവസാനം പോലീസ് സംഘം അവിടെ നിന്നും പിന്മാറുകയായിരുന്നു. പോലീസ് പിൻവാങ്ങിയതോടെ ഇയാൾ കേരളത്തിലേക്കും ബാംഗ്ലൂരിലേക്കും ലഹരി കടത്തിൽ വീണ്ടും സജീവമാകുകയായിരുന്നു.

ദീപാവലി ആഘോഷിക്കുന്നതിനായി ഇയാൾ തമിഴ്നാട്ടിൽ എത്താൻ സാധ്യത ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വെഞ്ഞാറമൂട് സബ്ബ് ഇൻസ്പെക്ടർ വി.എസ് വിനീഷ്, ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം.ഫിറോസ്ഖാൻ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർമാരായ ബി.ദിലീപ് , ആർ.ബിജുകുമാർ , സീനിയർ സി.പി.ഒ അഷ്റഫ്, സി.പി.ഒ മാരായ ഷിജു , സുനിൽരാജ് എന്നിവരടങ്ങുന്ന സംഘം ആഴ്ചകളോളം ഇയാൾ എത്താൻ സാധ്യത ഉള്ള തമിഴ്നാട്ടിലെ ലഹരി കടത്ത് സംഘങ്ങളെ രഹസ്യമായി നിരീക്ഷിച്ച് നടത്തിയ നീക്കത്തിലൂടെയാണ് സാഹസികമായി ഇയാളെ പിടികൂടിയത്. നിലവിൽ എക്സൈസ് എൻഫോഴ്മെന്റ് ആന്റ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയ മൂന്ന് വലിയ അളവ് കഞ്ചാവ് കേസ്സുകളിൽ ഇയാൾ മുഖ്യ പ്രതിയാണ്. തൊള്ളായിരം കിലോയോളം കഞ്ചാവും, നിരവധി പ്രതികളേയും വാഹനങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്ത ഈ കേസ്സുകളിലെല്ലാം കഞ്ചാവ് ഒഡീഷയിൽ നിന്നും എത്തിച്ചത് അഭിലാഷ് ആയിരുന്നു. ഈ കേസ്സുകളിലെയെല്ലാം പ്രധാനപ്രതിയായ ഇയാളെ ഇത് വരെ പിടികൂടാൻ എക്സൈസ് സംഘത്തിന് കഴിഞ്ഞിരുന്നില്ല.

തിരുവനന്തപുരം സിറ്റിയിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും വധശ്രമം, എക്സ്പ്ലൊസ്സീവ് കേസ്സുകളിലെ പ്രതിയായ ഇയാളെ ശ്രീകാര്യം, കഴക്കൂട്ടം പോലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വാറണ്ടുകളും നിലവിലുണ്ട്. ബോംബ് എറിഞ്ഞ്, കൊലപ്പെടുത്താൻ ശ്രമിച്ചതിന് മെഡിക്കൽ കോളേജ് പോലീസ് എടുത്ത കേസ്സിൽ ഇയാൾ ഏഴ് വർഷം ശിക്ഷ അനുഭവിച്ച പ്രതിയാണ്. ഇയാളെ പിടികൂടാനായതോടെ ഒഡീഷയിൽ നിന്നും കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് നിർത്താനാകും എന്ന ആശ്വാസത്തിലാണ് കേരളാ പോലീസ്.

പാറശാലയിലെ ഷാരോണിന്‍റെ മരണത്തിൽ വഴിത്തിരിവ്; കുറ്റം സമ്മതിച്ച് പെൺസുഹൃത്ത്

പാറശാലയിലെ ഷാരോണിന്‍റെ മരണത്തിൽ വഴിത്തിരിവ്; കുറ്റം സമ്മതിച്ച് പെൺസുഹൃത്ത്

തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തിൽ വഴിത്തിരിവ്. പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു. എഡിജിപി എം ആര്‍ അജിത് കുമാർ ഉടന്‍ റൂറൽ എസ് പി ഓഫീസിലെത്തും.

യുവാവ് ട്രാന്‍സ്‌ഫോമറിന് മുകളില്‍ കയറി; വൈദ്യുതി ലൈനിലൂടെ നടന്നു

യുവാവ് ട്രാന്‍സ്‌ഫോമറിന് മുകളില്‍ കയറി; വൈദ്യുതി ലൈനിലൂടെ നടന്നു

കാസര്‍കോട്: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ട്രാന്‍സ്‌ഫോമറിന് മുകളില്‍ കയറി ഭീതി സൃഷ്ടിച്ചു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ, വൈദ്യുതിലൈന്‍ വഴി നടക്കാന്‍ തുടങ്ങിയ യുവാവിനെ അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് താഴെയിറക്കിയത്. കാഞ്ഞങ്ങാട്ടാണ് സംഭവം. ബിഹാര്‍ സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസമാണ് അമ്പലത്തറ മൂന്നാംമൈലിലെ സ്‌നേഹാലയത്തില്‍നിന്നു രക്ഷപ്പെട്ടത്. ഇയാള്‍ പിന്നീട് പല വീടുകളിലായി കയറി ഇറങ്ങുകയായിരുന്നു.

സംശയം തോന്നിയ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് ട്രാന്‍സ്‌ഫോമറില്‍ കയറിയത്. വിവരം അറിഞ്ഞയുടന്‍ കെഎസ്ഇബി വൈദ്യുതിബന്ധം വിച്ഛേദിച്ച് അപകടം ഒഴിവാക്കി.താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് തയ്യാറായില്ല. അഗ്‌നിരക്ഷാ സേനയും പൊലീസും ഏണിവച്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വൈദ്യുതിലൈന്‍ വഴി നടക്കാന്‍ തുടങ്ങി. ഒടുവില്‍ ഉദ്യോഗസ്ഥര്‍ വൈദ്യുതി തൂണില്‍ കയറിയാണ് യുവാവിനെ പിടികൂടിയത്. ഇയാളെ സ്‌റ്റേഷനിലേക്ക് മാറ്റി.

വിദഗ്ദ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മ്മനിയിലേക്ക്

വിദഗ്ദ്ധ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മ്മനിയിലേക്ക്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും എഐസിസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്ക്.ബെര്‍ലിനിലെ ചാരിറ്റി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ചികിത്സ. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കല്‍ സര്‍വകലാശാല ആശുപത്രികളിലൊന്നാണ്. വ്യാഴാഴ്ചയ്ക്ക് മുന്‍പായി അദ്ദേഹം ജര്‍മ്മനിയിലേക്ക് പോകും.

ആശുപത്രി ചെലവ് പാര്‍ട്ടി വഹിക്കും. മക്കളായ മറിയവും ചാണ്ടി ഉമ്മനും അദ്ദേഹത്തെ അനുഗമിക്കും. തൊണ്ടയിലെ അസ്വസ്ഥത മൂലം ഉമ്മന്‍ ചാണ്ടി അമേരിക്കയില്‍ ചികിത്സ നേടിയിരുന്നു.ഉമ്മന്‍ ചാണ്ടിയുടെ ജീവന് ഭീഷണിയുണ്ടെന്നും കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് ചികിത്സ നിഷേധിക്കുകയാണെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയും മകനും പെന്തക്കോസ്ത് വിശ്വാസികളായത് കൊണ്ട് അദ്ദേഹത്തിന് ആധുനിക ചികല്‍സ നല്‍കുന്നില്ലെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ മകന്‍ ചാണ്ടി ഉമ്മന്‍ നിഷേധിച്ചു.