by Midhun HP News | Oct 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചാരുംമൂട്: ലോട്ടറി ടിക്കറ്റുകളിൽ നമ്പർ തിരുത്തി സമ്മാനത്തുക വാങ്ങുന്ന രണ്ടംഗ തട്ടിപ്പ് സംഘം അറസ്റ്റിൽ. കുണ്ടറ മുളവന കാഞ്ഞിരക്കോട് മുറിയിൽ സെന്‍റ് ജൂഡ് വില്ലായിൽ സിജോ (39), കുണ്ടറ മുളവന നാന്തിരിക്കൽ മുറിയിൽ സജീവ് ഭവനത്തിൽ സജീഷ് (30) എന്നിവരെയാണ് നൂറനാട് സി.ഐ ശ്രീജിത്ത് പിയും സംഘവും അറസ്റ്റ് ചെയ്തത്. കേരള സർക്കാരിന്‍റെ ലോട്ടറി ടിക്കറ്റുകളിലെ നമ്പറിൽ കൃത്രിമം കാണിച്ച് സമ്മാനാർഹമായ ടിക്കറ്റെന്ന് ലോട്ടറി കച്ചവടക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ടിക്കറ്റ് വില്പനക്കാരായ പ്രായമുള്ളവരും, ഭിന്നശേഷിക്കാരും, രോഗികളും, സ്ത്രീകളുമൊക്കെയാണ് ഇവരുടെ പ്രധാന ഇരകൾ. കഴിഞ്ഞദിവസം താമരക്കുളം നാലുമുക്ക് ഭാഗത്ത് തട്ടിപ്പിന് ശ്രമിക്കുമ്പോളാണ് ഇവർ പൊലീസിന്‍റെ പിടിയിലായത്.അവസാനത്തെ നാലക്ക നമ്പറിന് സമ്മാനം ലഭിച്ച ടിക്കറ്റുകളുടെ നമ്പറുകൾ മനസിലാക്കി അതേ ദിവസം ശേഖരിച്ചു വയ്ക്കുന്ന ടിക്കറ്റുകളിലെ ചില നമ്പറുകൾ, സീരീസുകൾ എന്നിവ തിരുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ലോട്ടറി ഫലം വരുന്ന ദിവസം സമ്മാനം അടിക്കാത്ത ലോട്ടറി ടിക്കറ്റുകൾ കടകളിൽ നിന്നും മറ്റും ശേഖരിച്ചു വയ്ക്കും. നമ്പറുകൾ വെട്ടിമാറ്റി ഒട്ടിച്ചു വെക്കുന്ന രീതിയും ഇവർക്കുണ്ട്. ആർക്കും മനസ്സിലാവാത്ത രീതിയിൽ വളരെ സൂക്ഷ്മമായാണ് ഇവർ നമ്പറുകൾ ഒട്ടിച്ചു വെക്കുന്നത്.
by Midhun HP News | Oct 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് അവശേഷിക്കുന്ന നിരക്ഷരരെ സാക്ഷരരാക്കാൻ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പിലാക്കി വരുന്ന കേന്ദ്ര-സംസ്ഥാന സാക്ഷരതാ പദ്ധതിയായ ‘ന്യൂ ഇൻഡ്യ ലിറ്ററസി പ്രോഗ്രാമിലൂടെ തിരുവനന്തപുരംജില്ലയിൽ 6000 നിരക്ഷരെ സാക്ഷരരാക്കുന്നു. പദ്ധതി വിജയകരമാക്കുന്നതിനു വേണ്ടി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തെരഞ്ഞെടുത്ത റിസോഴ്സ് പേഴ്സൺമാർക്കുള്ള ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു.

ഇതോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ ഒലീന.എ.ജി യുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ, ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, സംസ്ഥാന സാക്ഷരതാ മിഷൻ അസി. ഡയറക്ടർ ഡോ. വിജയമ്മ, സംസ്ഥാന സാക്ഷരതാ മിഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സിനി സാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ .വിജയകുമാർ, ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ടോജോ ജേക്കബ്, അസി. കോ-ഓർഡിനേറ്റർ ബി.സജീവ് എന്നിവർ സംസാരിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ ഓഫീസിലെ ജീവനക്കാരായ ചിത്ര നാരായണൻ, മനു, ജില്ലാ ഓഫീസിലെ ജീവനക്കാർ എന്നിവർ പരിശീലനത്തിന് നേതൃത്യം നൽകി.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിൽ പദ്ധതിയുടെ ആമുഖാവതരണം, സാക്ഷരതാ ചരിത്രം, പദ്ധതി വിശദീകരണം, സാക്ഷരത കാഴ്ചപ്പാടും പൊതു സമീപനവും, ഗണിത പഠന സമീപനം, പരിസര പഠന സമീപനം, മൂല്യം, മനോഭാവം, നൈപുണി, മുതിർന്നവരുടെ വിദ്യാഭ്യാസം, കൈപ്പുസ്തകം പരിചയപ്പെടുത്തൽ, ഉള്ളടക്കവും മൂല്യനിർണ്ണയവും എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. സ്‌റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പംഗങ്ങളായ ഡോ.പി.സത്യനേശൻ, മടവൂർ ശശി, അസി.പ്രൊഫ.എൻ.കെ സുനിൽകുമാർ എന്നിവരും ജില്ലാ റിസോഴ്സ് ഗ്രൂപ്പംഗങ്ങളായ ടി.ചന്ദ്രശേഖരൻ നായർ, ബി. നീലകണ്ഠൻ നായർ, ശാന്തി പ്രമീള എന്നിവരും ചേർന്നാണ് വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കുന്നത്. പരിശീലനത്തിനു ശേഷം സാക്ഷരതാ മിഷൻ പ്രേരക്മാർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോളന്ററി അദ്ധ്യാപകർക്കും പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും പദ്ധതിയുടെ ഭാഗമായുള്ള തുടർപ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യും.
by Midhun HP News | Oct 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ടും കഴിഞ്ഞ പാർട്ടി കോൺഗ്രസിനു ശേഷം സംഘടനാ തലത്തിലുണ്ടായ ഉയർച്ച താഴ്ചകളും യോഗത്തിൽ ചർച്ചയാകും. സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് ചർച്ച ചെയ്യുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ മൂന്ന് ദിവസമായി ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കും.

തൊഴിലാളി സംഘടന റിപ്പോർട്ടും കേന്ദ്രക്കമ്മിറ്റി ചർച്ച ചെയ്യുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണ ശേഷമുള്ള ആദ്യ കേന്ദ്രകമ്മിറ്റി യോഗമാണിത്. തിങ്കളാഴ്ച വരെ നീളുന്ന യോഗത്തിൽ കോടിയേരിയ്ക്ക് പകരം എം വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതിലും തീരുമാനമുണ്ടായേക്കും. ഹിമാചൽ, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളും വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളും യോഗം ചർച്ച ചെയ്യും.
by Midhun HP News | Oct 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വെഞ്ഞാറമൂട്: കെട്ടിട നിർമ്മാണ തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പരാതി. വാമനപുരം മേലാറ്റുമൂഴി തേക്കിൻകാട് വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെയും ഓമനയുടെയും മകൻ അരുൺ(30) നെയാണ് മേലാറ്റുമൂഴിക്കു സമീപം ചായക്കടയിൽ ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കൾ രാവിലെ സുഹൃത്തിന്റെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് പുറത്തേക്കു പോയ ഇയാളെ പിന്നീട് കാണാതായി. അന്വേഷണത്തിൽ ചൊവ്വ ഉച്ചയ്ക്ക് ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് അരുൺ എത്താൻ സാധ്യതയില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കാണിച്ച് ബന്ധുക്കൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സമീപത്തെ സിസിടിവി ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | Oct 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഗാന്ധിനഗറിനു സമീപം വാഹനമിടിച്ചു പരിക്കേറ്റു കിടന്ന കാട്ടുപന്നിയെ വെടിവച്ചു. കഴിഞ്ഞദിവസം രാത്രി വാഹനമിടിച്ചു നടക്കാൻ കഴിയാത്ത നിലയിലായിരുന്നു പന്നി. ഫോറെസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങൾ. പരിക്കേറ്റ് റോഡരികിൽ കിടന്ന പന്നിയെ കണ്ട നാട്ടുകാർ പഞ്ചായത്ത് അംഗങ്ങളെ വിവരമറിയിച്ചു. പഞ്ചായത്ത് അംഗങ്ങൾ എത്തി ഡിഎഫ്ഒയെ വിവരം അറിയിക്കുകയും മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്ത് സെക്രട്ടറി, വാർഡ് അംഗങ്ങൾ എന്നിവരുടെ സാനിധ്യത്തിൽ പന്നിയെ വെടിവെച്ചു കൊല്ലുകയായിരുന്നു. പന്നിയെ കുഴിച്ചുമൂടി.

by Midhun HP News | Oct 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചെന്നൈ: തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ട നിരോധന നിയമം നിലവിൽ വന്നു. ഇക്കഴിഞ്ഞ 19 ന് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ആർ.എൻ രവി ഒപ്പുവച്ചു. സെപ്റ്റംബർ 26ന് മന്ത്രിസഭ പാസാക്കിയ ഓൺലൈൻ ചൂതാട്ട നിരോധന ഓർഡിനൻസിന് പകരമാണ് പുതിയ നിയമം. ഇതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓൺലൈൻ ഗെയിമുകളും തമിഴ്നാട്ടിൽ നിയമവിരുദ്ധമായി. ഓൺലൈൻ റമ്മിയടക്കം ചൂതാട്ടങ്ങളുടെ എല്ലാതരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാകും. ചൂതാട്ടം നടത്തുന്നവർക്കും കളിക്കുന്നവർക്കും മൂന്ന് വർഷം വരെ തടവുശിക്ഷ നിയമം നിഷ്കർഷിക്കുന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പേയ്മെന്റ് ഗേറ്റ് വേകളും ഓൺലൈൻ ചൂതാട്ട, ഗെയിമിംഗ് സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പണം കൈമാറരുത്.

ഓൺലൈൻ റമ്മിയടക്കം ചൂതാട്ടങ്ങൾക്ക് അടിമകളായി ചെറുപ്പക്കാരും വിദ്യാർത്ഥികളുമടക്കം ഇരുപതിലേറെപ്പേർ തമിഴ്നാട്ടിൽ ജീവനൊടുക്കിയ സാഹചര്യത്തിലാണ് സർക്കാർ നിയമനിർമാണത്തെപ്പറ്റി ആലോചിച്ചത്. തമിഴ്നാട് സർക്കാർ പാസാക്കിയ ഒരുപിടി ബില്ലുകളിന്മേൽ ഒപ്പിടാതെ ഗവർണർ ആർ.എൻ രവി മാസങ്ങളായി തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് ഈ ബില്ലിൽ ഒപ്പുവച്ചത് എന്നതും ശ്രദ്ധേയമാണ്.
Recent Comments