പുത്തൻ കാരവാൻ സ്വന്തമാക്കി മോഹൻലാൽ

പുത്തൻ കാരവാൻ സ്വന്തമാക്കി മോഹൻലാൽ

ഒരുക്കിയിരിക്കുന്ന കാരകവാന്റെ ഇന്റീരിയർ ഡിസൈനും എക്സ്റ്റീരിയറും ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് കാരവാൻ ഒരുക്കിയിരിക്കുന്നത്. ആരാധകർക്കിടയിൽ ശ്രദ്ധനേടുകയാണ് വിഡിയോ. രാജാവിന്റെ രഥം എന്നാണ് ആരാഥകരുടെ കമന്റ്.

ആഡംബരം നിറഞ്ഞ ലിവിങ് റൂമിന്റെയും മേക്കപ്പ് റൂമിന്റെയും ദൃശ്യങ്ങൾ വിഡിയോയിലുണ്ട്. ആവശ്യമുള്ളപ്പോൾ മാത്രം ഉയർന്നു വരുന്ന തരത്തിലുള്ള വലിയ ടിവിയാണ് കാരവാനിലുള്ളത്. സോഫ, ഡൈനിക് ടേബിൾ ഉൾപ്പെടയുള്ള ഫർണിച്ചറുകളും ഒരുക്കിയിട്ടുണ്ട്. അതിമനോ​ഹരമായിട്ടാണ് റൂഫും ഡിസൈൻ ചെയ്തിരിക്കുന്നത്. കിടപ്പുമുറിയും വാഷ്റൂമും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും കാരവാനിലുണ്ട്.

നേരത്തെ കാരവാനിന്റെ താക്കോൽ കൈമാറുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അമ്പലത്തിൽ എത്തിച്ച് വാഹനം പൂജിക്കുന്നതും വിഡിയോയിലുണ്ട്. നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങൾ ഒരുക്കിയ കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈൽസാണ് മോഹൻലാലിന്റെയും കാരവാൻ നിർമിച്ചിരിക്കുന്നത്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുരുഷ-വനിതാ താരങ്ങള്‍ക്ക് ഇനി തുല്യ മാച്ച് ഫീ

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുരുഷ-വനിതാ താരങ്ങള്‍ക്ക് ഇനി തുല്യ മാച്ച് ഫീ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രപരമായ തീരുമാനവുമായി ബിസിസിഐ. ഇന്ത്യന്‍ പുരുഷ, വനിതാ താരങ്ങളുടെ മാച്ച് ഫീ തുല്യമായി ഏകീകരിച്ചു. ഇതോടെ പുരുഷ താരങ്ങള്‍ക്ക് സമാനമായ മാച്ച് ഫീ കരാറിലുള്ള വനിതാ താരങ്ങള്‍ക്ക് ലഭിക്കും. ടെസ്റ്റില്‍ 15 ലക്ഷവും ഏകദിനത്തില്‍ 6 ലക്ഷവും രാജ്യാന്തര ടി20യില്‍ 3 ലക്ഷവുമാണ് വനിതാ താരങ്ങള്‍ക്ക് ഓരോ മത്സരങ്ങള്‍ക്കും പുരുഷന്‍മാരുടേതിന് സമാനമായി പ്രതിഫലം ലഭിക്കുക. എന്നാല്‍ വാർഷിക പ്രതിഫലത്തിന്‍റെ കാര്യത്തില്‍ പുതിയ പ്രഖ്യാപനമൊന്നുമില്ല. 

കോയമ്പത്തൂര്‍ സ്ഫോടനം: എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു

കോയമ്പത്തൂര്‍ സ്ഫോടനം: എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. തമിഴ്നാട് സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. പ്രതികളിൽ ഒരാളുടെ ഐ എസ് ബന്ധവും ചാവേർ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് ശുപാർശ നല്‍കിയത്. എന്‍ഐഎ സംഘം ഇന്നലെ തന്നെ കോയമ്പത്തൂരെത്തി പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു. അറസ്റ്റിലായ അഞ്ച് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.

അതേസമയം കോയമ്പത്തൂർ ഉക്കടം സ്ഫോടനത്തിൽ മരിച്ച സൂത്രധാരൻ ജമേഷ് മുബീന്‍റെ ബന്ധു അഫ്‌സ്ഖർ ഖാനെ അറസ്റ്റ് ചെയ്തു. ഓൺലൈനായി സ്ഫോടനക്കൂട്ടുകൾ ഓർഡർ ചെയ്തെന്ന് സംശയിക്കുന്ന ലാപ്ടോപ് പൊലിസ് അഫ്സ്ഖർ ഖാന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ജമേഷ മുബീന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത എഴുപത്തിയാറര കിലോ സ്ഫോടകവസ്തു ചേരുവ ഓൺലൈനായി വാങ്ങി എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇവ പലപ്പോഴായി വാങ്ങി സൂക്ഷിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ. വിശദവിവരം അറിയാൻ, ഇ കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവയ്ക്ക് പൊലീസ് കത്തെഴുതി.

രണ്ട് വർഷത്തിനിടെ കോയമ്പത്തൂരിൽ വിറ്റ സ്ഫോടക വസ്‍തുക്കളുടെ വിവരമാണ് ആവശ്യപ്പെട്ടത്. ആരാണ് ഓർഡർ ചെയ്തത്, പണം നൽകിയ രീതി, എവിടെയാണ് ഡെലിവറി ചെയ്തത് എന്നും പൊലീസ് പരിശോധിക്കുന്നു. മുക്കാൽ ക്വിന്‍റല്‍ സ്ഫോടക ശേഖരം സൂക്ഷിച്ചത് കൂടുതൽ ആക്രമണങ്ങൾക്ക് വേണ്ടിയാണ് എന്നാണ് പൊലീസ് സംശയം. ഇന്ന് അറസ്റ്റിലായ അഫ്സ്ഖറിന്‍റെ വീട്ടിലാണ് പൊട്ടിത്തെറിച്ച കാർ പാർക്ക്‌ ചെയ്യാറുള്ളത് എന്നും പൊലീസ് കണ്ടെത്തി. നഗരത്തിൽ സംശയം തോന്നുന്ന എല്ലാ വാഹനവും പോലീസ് പരിശോധിക്കുന്നുണ്ട്. ക്രമസമാധാന സാഹചര്യം വിലയിരുത്താൻ കോയമ്പത്തൂരിൽ പ്രത്യേക യോഗം ചേർന്നു.

ടി 20 ലോകകപ്പ്: നെതർലൻഡിനെതിരെ ഇന്ത്യക്ക് 56 റൺസ് ജയം

ടി 20 ലോകകപ്പ്: നെതർലൻഡിനെതിരെ ഇന്ത്യക്ക് 56 റൺസ് ജയം

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് 56 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങി നെതര്‍ലന്‍ഡ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 15 പന്തില്‍ 20 റണ്‍സെടുത്ത ടിം പ്രിംഗിളാണ് നെതര്‍ലന്‍ഡ്സിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും അക്സര്‍ പട്ടേലും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ രണ്ട് കളികളില്‍ രണ്ട് ജയത്തോടെ നാലു പോയന്‍റുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 179-2, നെതര്‍ലന്‍ഡ്സ് 20 ഓവറില്‍ 123-9.

വിഴിഞ്ഞത്ത് വള്ളം കത്തിച്ച് പ്രതിഷേധം

വിഴിഞ്ഞത്ത് വള്ളം കത്തിച്ച് പ്രതിഷേധം

തിരുവനന്തപുരം: വള്ളം കത്തിച്ചും പൊലീസ് ബാരിക്കേഡുകൾ കടലിൽ തള്ളിയും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം. തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിന്റെ നൂറാം ദിനമാണ് തീരത്ത് പ്രതിഷേധം കടുപ്പിച്ചത്. കോടതി വിധി ലംഘിച്ച് പദ്ധതിപ്രദേശത്തക്ക് നൂറ് കണക്കിന് സമരക്കാർ ഇരച്ചുകയറി. വിഴിഞ്ഞം തുറമുഖം വളഞ്ഞ് കടലിലും മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു. പ്രതിഷേധം കഴക്കിലെടുത്ത് വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരപ്പന്തലിന് സമീപം വൻ പൊലീസ് സന്നാഹമാണ് വിന്യസിപ്പിച്ചിരിക്കുന്നത്.

കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തിൽ സമരം കടുപ്പിക്കുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിൽ വള്ളങ്ങളിൽ പ്രതിഷേധക്കാർ മുതലപ്പൊഴിയിൽ നിന്നും വിഴിഞ്ഞത്തേക്ക് എത്തി തുറമുഖം വളഞ്ഞത്. മറ്റ് ഇടവകകളിൽ നിന്ന് ബൈക്ക് റാലിയായി വന്ന പ്രതിഷേധക്കാർ പൊലീസ് ബാരിക്കേഡുകൾ അറബിക്കടലിൽ വലിച്ചെറിഞ്ഞു, പദ്ധതി പ്രദേശത്തിനകത്തേക്ക് കയറി. കരയിലും കടലിലും പ്രതിഷേധകൊടി ഉയർത്തി സമരം. കടലിൽ പണിക്ക് പോകുന്ന വള്ളം കത്തിച്ചാണ് മണ്ണെണ്ണ സബ്സിഡിയിൽ അടക്കം മുഖം തിരിച്ചു നിൽക്കുന്ന സർക്കാരിന് സമരക്കാരുടെ മുന്നറിയിപ്പ്.

സമാധാനപരമായി മാത്രമേ സമരം ചെയ്യാവൂ എന്ന ഹൈക്കോടതി നിർദേശം നിലനിൽക്കെയാണ് പദ്ധതിപ്രദേശത്തേക്ക് ഇന്ന് സമരക്കാർ ഇരച്ചുകയറിയത്. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങളിൽ ഒന്നിൽ പോലും പിന്നോട്ടില്ല എന്ന ഉറച്ച സൂചനയാണ് ലത്തീൻ അതിരൂപത നൽകുന്നത്. സമരം വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ആർച്ച് ബിഷപ്പ് സർക്കുലറിലൂടെ ആഹ്വാനം ചെയ്തിരുന്നു. സമരം കടുക്കുന്നത് സർക്കാറിനും അദാനി ഗ്രൂപ്പിനും വെല്ലുവിളിയാണ്.

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു

കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൃതദേഹം രണ്ട് മണിയോടെ പാച്ചേനിയിലെ കുടുംബ വീട്ടിൽ കൊണ്ടുപോകും. നാളെ രാവിലെ 7 ന് ഡിസിസി ഓഫീസിൽ പൊതുദർശനം. സംസ്കാരം 11.30 ന് പയ്യാമ്പലത്ത് നടക്കും.

2001 ൽ മലമ്പുഴയിൽ വി എസ് അച്യുതാനന്ദനെതിരെ വാശിയേറിയ മത്സരം കാഴ്ച വെച്ചതിലൂടെ ശ്രദ്ധേയനായ പാച്ചേനി 2016 മുതൽ 2021 വരെ കണ്ണൂർ ഡിസിസി അധ്യക്ഷനായിരുന്നു. അഞ്ചുതവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ചു. 1996 ൽ തളിപ്പറമ്പിൽ നിന്നും നിയമസഭയിലേക്ക് കന്നിയംഗത്തിൽ ഗോവിന്ദൻ മാസ്റ്ററോട് തോറ്റു. 1999 ൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റായി. കോൺഗ്രസിൽ എ ഗ്രൂപ്പിലായിരുന്നു. 2016 ൽ കണ്ണൂർ ജില്ലയിലെ കോൺഗ്രസിന്‍റെ അമരക്കാരനായതോടെ സുധാകര പക്ഷത്തേക്ക് ചാഞ്ഞു.

2001ല്‍ നിയമസഭയിലേക്ക് മലമ്പുഴയിൽ മത്സരിക്കുന്ന വി എസിനെ നേരിടാൻ കോൺഗ്രസ് കണ്ടുവച്ചത് സതീശന്‍ പാച്ചേനിയെയായിരുന്നു. 25000 ത്തിലേറെ വോട്ടിന് ഇടത് സ്ഥാനാർത്ഥികൾ പുഷ്പം പോലെ ജയിച്ചിരുന്ന മലമ്പുഴയിൽ വിഎസിന്‍റെ ഭൂരിപക്ഷം വെറും 4703 ആയി. 2006 ലും കൊമ്പുകോർത്തെങ്കിലും വി എസ് പാച്ചേനിയെ നിലംപരിശാക്കി. 2009 ൽ പാലക്കാട് നിന്ന് ലോക്സഭയിലേക്ക് ഒരു കൈനോക്കിയെങ്കിലും ക്ലച്ച് പിടിക്കാതെ പാച്ചേനി കണ്ണൂർക്ക് മടക്ക ടിക്കറ്റെടുത്തു.

2016 കോൺഗ്രസ് സിറ്റിംഗ് മണ്ഡലമായ കണ്ണൂരിൽ ഇറങ്ങുമ്പോൾ നിയമസഭാ പ്രവേശം ഉറപ്പിച്ചതാണ് . പക്ഷേ 1196 വോട്ടിന് കടന്നപ്പള്ളിയോട് തോറ്റു. തോൽക്കുന്ന പാച്ചേനിക്ക് കണ്ണൂരിലിനി സീറ്റ് നൽകരുതെന്ന് പാർട്ടിക്കുള്ളിലെ എതിരാളികൾ വാശിപിടിച്ചെങ്കിലും 2021 ലും ടിക്കറ്റ് കിട്ടി. പക്ഷേ ഇക്കുറിയും തോറ്റു. പാർട്ടിക്കുള്ളിലുള്ളവർ കാലുവാരി തോൽപിച്ചതാണെന്ന പരിഭവം പാച്ചേനിക്കുണ്ടായിരുന്നു. നിയമസഭയിൽ ഒരു തവണയെങ്കിലും ഇരിക്കണമെന്ന ആഗ്രഹം ബാക്കിവച്ചാണ് പാച്ചേനി മടങ്ങിപ്പോകുന്നത്.

പാച്ചേനിയെന്ന കമ്യൂണിസ്റ്റ് മണ്ണിൽ 1968 ജനുവരി അഞ്ചിനായിരുന്നു സതീശന്‍റെ ജനനം. മാതാപിതാക്കളും കുടുംബക്കാരുമെല്ലാ സിപിഎമ്മുകാരായിരുന്നു. അടിന്തരാവസ്ഥയ്ക്ക് എതിരെ, സാക്ഷാൽ ഇന്ദിരയ്ക്ക് എതിരെ പ്രസംഗിച്ച ആന്‍റണിയുടെ ആദർശം കണ്ടിട്ടാണ് സതീശൻ ത്രിവർണകൊടി പിടിച്ചുതുടങ്ങിയത്. ട്യൂട്ടോറിയൽ കോളേജ് അധ്യാപകനായെങ്കിലും സംഘടന പ്രവ‍‍ർത്തനം നിർത്തിയില്ല. സിപിഎമ്മിന്‍റെ അധീശത്വമുള്ള കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾ തുടർക്കഥയായിരുന്ന സമയത്ത് പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം കൊടുക്കാൻ ഓരോ ഇടങ്ങളിലും പാച്ചേനി ഓടിയെത്തി.