രോഹിത്, കോലി, സൂര്യ മിന്നി; ഇന്ത്യക്കെതിരെ നെതര്‍ലന്‍ഡ്‌സിന് ലക്ഷ്യം 180 റണ്‍സ്

രോഹിത്, കോലി, സൂര്യ മിന്നി; ഇന്ത്യക്കെതിരെ നെതര്‍ലന്‍ഡ്‌സിന് ലക്ഷ്യം 180 റണ്‍സ്

ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 179 റണ്‍സ് നേടി. അര്‍ധ സെഞ്ചുറികള്‍ നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 53(39), പുറത്താകാതെ നിന്ന വിരാട് കോലി 62*(44), സൂര്യകുമാര്‍ യാദവ് 51*(25) എന്നിവരുടെ പ്രകടനങ്ങളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ കെഎല്‍ രാഹുല്‍ 9(12) റണ്‍സ് നേടി പുറത്തായി.



പതിഞ്ഞ തുടക്കമായിരുന്നു ഇന്ത്യയുടേത്. പവര്‍പ്ലേയിലെ ആറ് ഓവറുകളില്‍ വെറും 32 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്. പിന്നീട് താളം കണ്ടെത്തിയ രോഹിത്തും കോലിയും ചേര്‍ന്ന് റണ്‍ നിരക്ക് ഉയര്‍ത്തി. നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. രണ്ടാമനായി പുറത്താകുമ്പോള്‍ കോലിയുമൊത്ത് 73 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തിരുന്നു രോഹിത്.

നായകന്‍ മടങ്ങിയതോടെ കോലി ഗിയര്‍ മാറ്റി. 44 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നു. 25 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. ഏഴ് ഫോറും ഒരു സിക്‌സും സ്‌കൈയുടെ ബാറ്റില്‍ നിന്ന് പിറന്നു. നെതര്‍ലന്‍ഡ്‌സിന് വേണ്ടി ഫ്രെഡ് ക്ലാസന്‍, പോള്‍ വാന്‍ മെക്കീരന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.



മുതലപ്പൊഴി ഉപരോധസമരം; തീരദേശ പാതവഴിയുള്ള ഗതാഗതം സ്തംഭിച്ചു

മുതലപ്പൊഴി ഉപരോധസമരം; തീരദേശ പാതവഴിയുള്ള ഗതാഗതം സ്തംഭിച്ചു

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളി സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത പ്രതിരോധ സമരം ശക്തമായി.



അഞ്ചുതെങ്ങ് ഫെറോനയ്ക്ക്കീഴിലെ സമരക്കാർ കൂടിയെത്തിയതോടെ പ്രതിരോധ സമരം ശക്തമായി. ഇതോടെ തീരദേശ പാത വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

വിഴിഞ്ഞം തുറമുഖ സമരം നൂറ് ദിവസം തികയുന്നതിന്റെ പശ്ചാത്തലത്തിലാണ് കരയിലും കടലിലും മത്സ്യതൊഴിലാളികളെ അണിനിരത്തി പ്രതിരോധം തീർത്തുകൊണ്ട് സമരം സംഘടിപ്പിക്കുന്നത്.

രാവിലെയോടെ മുതലപ്പൊഴിയിലേക്ക് അഞ്ചുതെങ്ങ്, പുതുക്കുറിച്ച് ഫെറോനകൾ നേതൃത്വത്തിലുള്ള മത്സ്യതൊഴിലാളിസംഘം പ്രതിഷേധ പ്രകടനമായ് എത്തുകയായിരുന്നു.

കാടലിലും മത്സ്യബന്ധന യാണങ്ങൾ ആണിനിരത്തി പ്രതിരോധം തീർക്കുന്നുണ്ട്.



സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 120 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37680 രൂപയാണ്. രണ്ട് ദിവസം കൊണ്ട് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെ 15 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4710 രൂപയാണ്.

വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് കോടതി

വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും വിധിച്ച് കോടതി

ചിറയിൻകീഴ്, അഴൂർ മുട്ടപ്പലം കീഴേക്കുന്നിൽ വീട്ടിൽ ശശികലയെ(46) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട ശശികലയുടെ ഭർത്താവ് രാജൻ എന്ന് വിളിക്കുന്ന ലാലു (52) വിനെയാണ് തിരുവനന്തപുരം ആറാം അഡീഷണൽ ജഡ്ജ് കെ.വിഷ്ണു ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലങ്കിൽ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴ തുക സർക്കാരിലേക്ക് കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു.

2018 ആഗസ്റ്റ് 18നായിരുന്നു കേസിനാസ്പദമായ സംഭവം. ശശികലയുടെ സ്വഭാവത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഭർത്താവ് രാജൻ ശശികലയെ വീടിനകത്തെ ഹാൾ മുറിയിൽ വച്ച് കുത്തിക്കൊന്നത്. സംഭവദിവസം രാത്രി 8 മണിയോടെ ശശികലയും ഭർത്താവ് രാജനും താമസിച്ചിരുന്ന വീട്ടിൽ നിന്നും ശശികലയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് തൊട്ടടുത്ത വീട്ടിലിരിക്കുകയായിരുന്ന ശശികലയുടെ മക്കളായ 15 വയസ്സായ മകൻ അഭിഷേക് രാജും 13 വയസ്സായ മകൾ ആരഭിയും ഓടി വീട്ടിലെത്തുമ്പോൾ വീടിന്റെ അകത്ത് ഹാൾ മുറിയിൽ വച്ച് പ്രതി കൈയ്യിൽ കരുതിയ മൂർച്ചയേറിയ കത്തി കൊണ്ട് ശശികലയുടെ അടിവയറ്റിലും, മുതുകിലും കുത്തുന്നതാണ് കാണുന്നത്. തുടർന്ന് നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ശശികല മരണപ്പെട്ടു.

കൃത്യം നടത്തിയതിന് ശേഷം ഒളിവിൽ പോയ രാജനെ അന്നേ ദിവസം രാത്രി 12 മണിയോടെ ചിറയിൻകീഴ് പോലീസ് പിടികൂടി. കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് 2018 മുതൽ ജുഡീഷ്യൽ കസ്റ്റഡിൽ കിടന്നാണ് പ്രതി വിചാരണ നേരിട്ടത്. ഇരുവരുടെയും മക്കളായ അഭിഷേകും, ആരതിയുമായിരുന്നു കേസിലെ നിർണ്ണായക സാക്ഷികൾ. ഇരുവരും പിതാവിനെതിരെ കോടതിയിൽ മൊഴി നൽകി. രാജനെ അറസ്റ്റ് ചെയ്തപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളിൽ കണ്ട മനുഷ്യ രക്തം ശശികലയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത് കേസ്സിൽ നിർണ്ണായക തെളിവായി. കേസിലെ ഒന്നും രണ്ടും സാക്ഷികളായ കൊല്ലപ്പെട്ട ശശികലയുടെ മകൻ അഭിഷേക് രാജിനും, മകൾ ആരഭിക്കും ലീഗൽ സർവ്വീസ് അതോറിറ്റി മുഖേന നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, അഡ്വ.ദീപ വിശ്വനാഥ്, അഡ്വ: വിനു മുരളി അഡ്വ:മോഹിത മോഹൻ എന്നിവർ കോടതിയിൽ ഹാജരായി. 14 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്മരിച്ചു. 16 രേഖകളും 15 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ചിറയിൻകീഴ് പോലീസ് അന്വേഷിച്ച കേസിൽ സർക്കിൾ ഇൻസ്പെക്ടർ വി.കെ.ശ്രീജേഷ്, സജീഷ് .എച്ച്.എൽ എന്നിവരാണ് കുറ്റപത്രം ഹാജരാക്കിയത്.

വ്യാപാരിയെ തട്ടിക്കൊണ്ടുപോയത് കരിപ്പൂര്‍ സ്വര്‍ണ്ണകടത്തു സംഘമെന്ന് പോലീസ്; പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

വ്യാപാരിയെ തട്ടിക്കൊണ്ടുപോയത് കരിപ്പൂര്‍ സ്വര്‍ണ്ണകടത്തു സംഘമെന്ന് പോലീസ്; പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയത് കരിപ്പൂര്‍ സ്വര്‍ണ്ണകടത്തു സംഘമെന്ന് പൊലീസ്. വ്യാപാരിയായ മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യസഹോദരന്‍ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നതെന്നാണ് പൊലീസ് പറയുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ അലി ഉബൈര്‍, നൗഷാദ് അലി എന്നിവരാണ് തട്ടിക്കൊണ്ടു പോകലിന്റെ മുഖ്യ ആസൂത്രകരെന്നും പൊലീസ് പറഞ്ഞു.

അഷ്‌റഫിന്റെ ഭാര്യ സഹോദരനായ മുക്കം സ്വദേശിയും കാവന്നൂര്‍ സ്വദേശി അബ്ദുല്‍ സലാമും പ്രധാന പ്രതി അലി ഉബൈറുമായി നടത്തിയ സ്വര്‍ണ ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിലേയ്ക്ക് എത്തിയത്. കാവന്നൂര്‍ സ്വദേശിക്ക് കേരളത്തിലേയ്ക്ക് കടത്താനുള്ള സ്വര്‍ണം അഷ്‌റഫിന്റെ ബന്ധുവായ മുക്കം സ്വദേശി ഗള്‍ഫില്‍ തടഞ്ഞുവച്ചു.
ഇതുവിട്ടുകിട്ടാന്‍ ഇടപാടിലെ മറ്റൊരു പങ്കാളിയായ അലി ഉബൈര്‍ തട്ടിക്കൊണ്ടുപോകല്‍ നടപ്പാക്കുകയായിരുന്നു. മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി വിലപേശി ഭീഷണിപ്പെടുത്തി സ്വര്‍ണം തിരിച്ചുപിടിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍.

കേസിലെ പ്രധാന പ്രതിയായ അലി ഉബൈര്‍ അടക്കമുള്ള പ്രതികള്‍ ഒളിവിലാണ്. അലി ഉബൈര്‍, നൗഷാദ് അലി എന്നിവരെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഒളിവിലുള്ള നാലു പ്രതികള്‍ അയല്‍ സംസ്ഥാനത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രധാനപ്രതിയായ അലി ഉബൈറിന്റെ സഹോദരങ്ങള്‍ അടക്കം മൂന്നു പേര്‍ അറസ്റ്റിലായിരുന്നു. അലിയുടെ സഹോദരങ്ങളായ ഷബീബ് റഹ്മാന്‍, മുഹമ്മദ് നാസര്‍ എന്നിവരും മുഹമ്മദ് ജവഹര്‍ എന്നയാളും പിടിയിലായിട്ടുണ്ട്. കേസിലെ പ്രതികളെയെല്ലാം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അക്ഷരവും അറിവും സർഗ്ഗാത്മകതയുമാകണം വിദ്യാർത്ഥികളുടെ ലഹരി: മന്ത്രി ആർ ബിന്ദു

അക്ഷരവും അറിവും സർഗ്ഗാത്മകതയുമാകണം വിദ്യാർത്ഥികളുടെ ലഹരി: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: അക്ഷരവും അറിവും സർഗ്ഗാത്മകതയുമാകണം വിദ്യാർത്ഥികൾക്കിടയിലെ ലഹരിയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ലഹരി ഉപഭോഗത്തിനെതിരെ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫിസും ആരോഗ്യ കേരളവും കേരള സർവകലാശാല യൂണിയനും സംയുക്തമായി നടപ്പാക്കുന്ന മോക്ഷ സാംസ്‌കാരികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാർഥികളിലും യുവാക്കളിലും അതിഭീകരമായരീതിയിൽ പടർന്നുപിടിക്കുന്ന ലഹരി ഉപഭോഗം തടയാൻ കാര്യക്ഷമമായ പദ്ധതികളാണ്‌ സർക്കാർ നടപ്പാക്കുന്നത്. വിദ്യാർഥികൾക്കിടയിലെ ലഹരി ഉപഭോഗം സമൂഹത്തെയൊന്നാകെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



വിദ്യാർഥികളെത്തന്നെ മുൻനിരയിൽ നിർത്തി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ വലിയ രീതിയിൽ ഫലം നൽകും. എല്ലാ കോളേജുകളിലെയും വിദ്യാർഥി പ്രതിനിധികളെ പങ്കെടുപ്പിച്ച് രൂപംനൽകുന്ന ‘കരുതൽസേന’ ഇതിന് ഉദാഹരണമാണ്. സംസ്ഥാനത്തെ എല്ലാ കോളേജുകളിലെയും എൻ.എസ്.എസ്, എൻ.സി.സി വിഭാഗങ്ങളിൽ നിന്ന് 10 വീതം കുട്ടികളെ ഉൾപ്പെടുത്തിയാണ് കരുതൽ സേനയ്ക്ക്‌ രൂപം നൽകുന്നത്. ഇവർക്ക് പരിശീലനം നൽകി വിദ്യാർഥികൾക്കിടയിലെ ലഹരി ഉപഭോഗം പരമാവധി ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ലഹരി ഉപഭോഗത്തിനെതിരെ ജില്ലാ മെഡിക്കൽ ഓഫിസ് മീഡിയ വിഭാഗം തയ്യാറാക്കിയ ആനിമേഷൻ വീഡിയോ മന്ത്രി പ്രകാശനം ചെയ്തു.

പരിപാടിയുടെ ഭാഗമായി വൈകിട്ട് ആയുർവേദ കോളേജ് പരിസരത്ത് നിന്ന് ലഹരിവിരുദ്ധ സന്ദേശവുമായി നടത്തിയ മിനി മാരത്തൺ തദ്ദേശസ്വയംഭരണ എക്സൈസ് മന്ത്രി എം.ബി രാജേഷ് ഫ്ളാഗ് ഓഫ് ചെയ്തു. മാരത്തൺ യൂണിവേഴ്സിറ്റി കോളേജിൽ സമാപിച്ചു.

വി കെ പ്രശാന്ത് എം.എൽ.എ പരിപാടിയിൽ അധ്യക്ഷനായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ആശാവിജയൻ, ആരോഗ്യവകുപ്പ് ഡയറക്ടർ വി മീനാക്ഷി, ജില്ലാ മെഡിക്കൽ ഓഫിസർ ബിന്ദു മോഹൻ, അസിസ്റ്റന്റ്എക്‌സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മാനേജരുമായ ജയരാജ് പി കെ, കേരള സർവകലാശാല വൈസ് പ്രിൻസിപ്പൽ സുബ്രഹ്‌മണ്യം, കേരള സർവകലാശാല യൂണിയൻ ചെയർമാൻ വിഷ്ണു എ, ജനറൽ സെക്രട്ടറി നസീം എം തുടങ്ങിയവർ സംസാരിച്ചു.



27ന് ലഘുനാടകം, പോസ്റ്റർ മത്സരങ്ങൾ, ഫുട്ബോൾ ടൂർണമെന്റ് എന്നിവ നടക്കും. 28 ന് മൈം മത്സരം, സംഗീത നിശ എന്നിവയും അരങ്ങേറും. 28 ന് വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ അധ്യക്ഷനാകും.