by Midhun HP News | Oct 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തൃശ്ശൂർ: ഛര്‍ദ്ദിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി അഞ്ചുവയസ്സുകാരന്‍ മരിച്ചു. തൃശ്ശൂര്‍ പഴുവില്‍ കിഴുപ്പിള്ളിക്കര സ്വദേശി ഷാനവാസ് – നസീബ ദമ്പതികളുടെ മകന്‍ ഷദീദ് ആണ് മരിച്ചത്. പനിയെ തുടര്‍ന്നാണ് കുട്ടി ഛര്‍ദ്ദിക്കാനിടയായത്. പഴുവില്‍ സെന്‍റ് ആന്‍റണീസ് സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയാണ്.
by Midhun HP News | Oct 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും. കേസിലെ ഉത്തരവിന് പിന്നാലെ വിചാരണ പുനരാരംഭിക്കുന്നതിലും തീരുമാനമാകും. സെഷൻസ് ജഡ്ജ് ഹണി എം.വർഗീസാണ് ഉച്ചയ്ക്ക് വിധി പ്രസ്താവിക്കുക. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പ്രതികളുടെ വാദം. തുടരന്വേഷണ റിപ്പോർട്ട് തള്ളി വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ആദ്യ കുറ്റപത്രത്തിൽ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടരന്വേഷണത്തിന് പിന്നാലെ ദിലീപിനെതിരെ ഒരു കുറ്റം കൂടി ചുമത്തി. ഹൈക്കോടതി ഹാജരാക്കാൻ നിർദ്ദേശിച്ച ഫോണിലെ വിവരങ്ങൾ നീക്കിയതിനാണ് പുതിയ കുറ്റം ചുമത്തിയത്. മുംബൈയിലെ ലാബിൽ വച്ചും സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ദിലീപ് ഫോണുകളിലെ തെളിവ് നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം.
നടിയെ ആക്രമിച്ച് പകത്തിയ ദൃശ്യങ്ങൾ ഒളിപ്പിച്ചെന്ന കുറ്റമാണ് ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെതിരെ തുടരന്വേഷണത്തിൽ ചുമത്തിയിട്ടുള്ളത്.
തുടരന്വേഷണത്തിന് ശേഷം ശരത്തിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ഐപാഡിൽ ആക്കി ദിലീപിന്‍റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത് ആണെന്നും ഈ ദൃശ്യം കാണാൻ തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുണ്ട്. 112 സാക്ഷി മൊഴികളും 300ൽ ഏറെ അനുബന്ധ തെളിവുകളുമാണ് തുടരന്വേഷണ റിപ്പോർട്ടിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയത്.
by Midhun HP News | Oct 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് ട്യൂഷൻ സെന്റർ ഉടമയെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. മുതുവിള സ്വദേശി ജയപ്രസാദ് (54)ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

by Midhun HP News | Oct 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ സബ് ജില്ലയിലെ ഈ വർഷത്തെ ശാസ്ത്ര മേളയിൽ എൽ പി വിഭാഗം ഓവറാൾ ഒന്നാം സമ്മാനം നേടി ഗവ. യു പി എസ് മാതശ്ശേരിക്കോണം ഡയറ്റ് ആറ്റിങ്ങലുമായി പങ്കു വച്ചു. കലോൽസവ ഉദ്ഘാടനത്തോടനുബന്ധിച്ച് ശാസ്ത്രമേള വിജയികൾക്ക് അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ അനിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ, വാർഡ് മെമ്പർ ബി. മനോഹരൻ എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. എസ് എം സി ചെയർമാൻ ബിപിൻ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ്സ് ബീന സ്വാഗതവും സീനിയർ അസിസ്റ്റൻറ് മുഹമ്മദ് റാഫി കൃതജ്ഞതയും അറിയിച്ചു.

by Midhun HP News | Oct 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: ഉഷ സ്കൂൾ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ച് മരിച്ച നിലയിൽ. തമിഴ്നാട് സ്വദേശിയായ ജയന്തി (22) ആണ് മരിച്ചത്. കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിന്റെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിക വിവരം.
ബാലുശേരി പൊലീസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഒന്നര വർഷം മുൻപാണ് ജയന്തി ഉഷ സ്കൂൾ അത്ലറ്റിക്സിൽ പരിശീലകയായി എത്തുന്നത്. ഇവരുടെ കീഴിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സഹകോച്ചുമാരുടെയും വിദ്യാർത്ഥികളുടെയും മൊഴി രേഖപ്പെടുത്തും. അതിനിടെ സ്ഥാപനത്തിൽ വിദ്യാർത്ഥികളും ജീവനക്കാരും മാനസിക സമ്മർദ്ദം നേരിടുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടക്കും.
by Midhun HP News | Oct 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. കോടതി നിർദേശിച്ചതനുസരിച്ച് കരാർ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി ഉള്ളപ്പോൾ ആണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. 44 ബില്യൺ ഡോളർ ചെലവഴിച്ചാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്.

ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ സിഇഒ പരാഗ് അഗ്രവാളിനെയും സിഎഫ്ഒ നെഡ് സെഗാലിനെയും പോളിസി മേധാവി വിജയ ഗഡ്ഡെയേയും പുറത്താക്കി. ട്വിറ്റർ ഏറ്റെടുക്കൽ മസ്ക് പ്രഖ്യാപിച്ചപ്പോൾ തന്നെ പരാഗ് തെറിക്കുമെന്ന് ഉറപ്പായിരുന്നു. ഇരുവരും തമ്മിൽ ട്വിറ്ററിൽ തന്നെ പലവട്ടം കൊമ്പുകോർക്കുകയും ചെയ്തു. പക്ഷേ പിരിഞ്ഞു പോകുമ്പോഴും പരാഗിനും സംഘത്തിനും നല്ല തുക നഷ്ടപരിഹാരം ലഭിക്കും, ട്വിറ്ററിലെ അവരുടെ ഓഹരികൾക്ക് അനുപാതികമായ പണം വേറെയും.
ആരായിരിക്കും ട്വിറ്ററിന്‍റെ പുതിയ മേധാവിയെന്നറിയാൻ ഇനിയും കാത്തിരിക്കണം. ട്വിറ്ററിലെ ജോലി ചെയ്യൽ രീതി ഉടച്ചു വാർക്കുമെന്ന് മസ്ക് വ്യക്തമാക്കി കഴിഞ്ഞു. കൂടുതൽ ആളുകളെ പിരിച്ചുവിടും. നിലവിലെ ട്വിറ്ററിന്‍റെ രാഷ്ട്രീയ സമീപനം തന്നെ മാറും. ആർക്കും എന്തും ചെയ്യാവുന്ന ഇടമാകാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തിൽ തന്നെ പുതിയ നയം വ്യക്തമാണ്. ഡൊണാൾഡ് ട്രംപിനെ തിരിച്ചുകൊണ്ടുവരുമെന്ന് നേരത്തെ വ്യക്തമാക്കിയതുമാണ്.
സാൻഫ്രാൻസിസ്കോയിൽ ഉള്ള ട്വിറ്റർ ആസ്ഥാനവും മസ്ക് സന്ദർശിച്ചിരുന്നു. ചൈനീസ് വി ചാറ്റ് മാതൃകയിൽ ട്വിറ്ററിനെ ചാറ്റ് മുതൽ പണമിടപാട് വരെ ചെയ്യാൻ പറ്റുന്ന ഓൾ ഇൻ വൺ ആപ്പാക്കുമെന്ന സ്വപ്നമാണ് മസ്ക് മുമ്പും പങ്ക് വച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം മസ്ക് തന്‍റെ ബയോ ചീഫ് ട്വിറ്റ് എന്ന് മാറ്റിയിരുന്നു.
Recent Comments