കൊച്ചി ബാര്‍ ഹോട്ടലിലുണ്ടായ വെടിവെയ്പ്പില്‍ രണ്ടു പേര്‍ അറസ്റ്റിൽ

കൊച്ചി ബാര്‍ ഹോട്ടലിലുണ്ടായ വെടിവെയ്പ്പില്‍ രണ്ടു പേര്‍ അറസ്റ്റിൽ

കൊച്ചി: കുണ്ടന്നൂര്‍ ബാര്‍ ഹോട്ടലിലുണ്ടായ വെടിവെയ്പ്പില്‍ രണ്ടു പേര്‍ പിടിയില്‍. എഴുപുന്ന സ്വദേശി റോജന്‍, സുഹൃത്ത് അഭിഭാഷകനായ ഹെറാള്‍ഡ് എന്നിവരാണ് പിടിയിലായത്. മരട് പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു കുണ്ടന്നൂരിലെ ‘ഓജീസ് കാന്താരി’ എന്ന ബാര്‍ ഹോട്ടലില്‍ വെടിവയ്പ്പുണ്ടായത്. മദ്യപിച്ച് ബിൽ തുക കൊടുത്ത ശേഷം മടങ്ങുന്നതിനിടെ പ്രകോപനം ഒന്നുമില്ലാതെ ഒരാൾ ചുവരിലേക്കു വെടിയുതിർക്കുകയായിരുന്നു. രണ്ട് തവണ നിറയൊഴിച്ചു.

ജീവനക്കാർ സ്തംഭിച്ചു നിൽക്കെ ഇവർ ഓട്ടോയിൽ കയറി പോയി. ഉച്ചയ്ക്ക് മൂന്നരയോടെ സംഭവമുണ്ടായിട്ടും രാത്രി ഏഴു മണിയോടെ മാത്രമാണ് ബാര്‍ അധികൃതര്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ബാര്‍ പൊലീസ് അടച്ചുപൂട്ടി. ഹോട്ടലില്‍ ഇന്ന് ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തും. സിസിടിവി ദ്യശ്യങ്ങളിൽനിന്ന് യുവാക്കളുടെ ചിത്രം ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേർ പിടിയിലായത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം: ഞായറാഴ്ച കേരളത്തില്‍ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ട്. തെക്കു കിഴക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ശനിയാഴ്ചയോടെ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു

കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു

കൊല്ലം: കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു. ഇന്നലെ രാത്രി 11 മണിയോടെ ആണ് സംഭവം. പരിക്കേറ്റ അഭിഭാഷകൻ മുകേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുകേഷിന്റെ സുഹൃത്തും അയൽക്കാരനുമായ പ്രൈം അലക്സ് എന്ന ആളാണ് എയ‍ർ​ഗൺ ഉപയോ​ഗിച്ച് വെടി ഉതി‍ർത്തത്. ഇയാളും മുകേഷും തമ്മിൽ കുറച്ചുനാളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു എന്ന് പൊലീസ് പറയുന്നു. എയർ​ഗൺ ഉപയോ​ഗിച്ചുള്ള വെടിവെയ്പിൽ മുകേഷിന്റെ തോളിനാണ് പരിക്കേറ്റത്. പരിക്ക് ​ഗുരുതരമല്ല. പ്രൈം അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.



മുകേഷിന്റെ മൊഴി എടുത്ത ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. പ്രൈം അലക്സ് സമാന രീതിയിൽ ഉളള കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് . ക്രിമിനൽ കേസുകളും ഇയാൾക്കെതിരെ ഉണ്ട്.

നഗരൂരിൽ  പ്രതിഷേധയോ​ഗം സംഘടിപ്പിച്ച് എൽഡിഎഫ്

നഗരൂരിൽ പ്രതിഷേധയോ​ഗം സംഘടിപ്പിച്ച് എൽഡിഎഫ്

കിളിമാനൂർ: ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും ഗവർണർ പിന്മാറണമെന്ന് ആരോപിച്ചുകൊണ്ടു എൽഡിഎഫ് പ്രതിഷേധയോ​ഗം സംഘടിപ്പിച്ചു. ന​ഗരൂർ ടൗണിൽ നടന്ന പ്രതിഷേധയോ​ഗം സിപിഐ എം ജില്ലാകമ്മിറ്റിയം​ഗം ബി സത്യൻ ഉദ്ഘാടനം ചെയ്തു. കെ പി അനിൽ അധ്യക്ഷനായി. നേതാക്കളായ എം ഷിബു, ഡി രജിത്, ദർശനാവട്ടം തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. അടയമൺ ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുറവൻകുഴിയിൽ നടന്ന പ്രതിഷേധ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. സിപിഐഎം ഏരിയാ കമ്മറ്റിയം​ഗം എ ​ഗണേശൻ അധ്യക്ഷനായി.

എസ് പ്രദീപ് കുമാർ സ്വാ​ഗതം പറഞ്ഞു. പുളിമാത്ത് ലോക്കൽകമ്മറ്റിയുടെ നേതൃത്വത്തിൽ കാരേറ്റ് നടന്ന പ്രതിഷേധപരിപാടി ഏരിയാകമ്മറ്റിയം​ഗം കെ വത്സലകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം ജയേന്ദ്രൻ അധ്യക്ഷനായി. കെ അനിൽകുമാർ, ആർ രാജേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. കൊടുവഴന്നൂർ ലോക്കൽകമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ഏരിയാകമ്മറ്റിയം​ഗം ടി എൻ വിജയൻ ഉദ്ഘാടനം ചെയ്തു. ശ്രീജാ ഉണ്ണികൃഷ്ണൻ, എസ് വിൻസെന്റ് എന്നിവർ നേതൃത്വം നല്കി.

കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് അതിഥി തൊഴിലാളി മരിച്ച നിലയിൽ

കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് അതിഥി തൊഴിലാളി മരിച്ച നിലയിൽ

കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് അതിഥി തൊഴിലാളി മരിച്ച നിലയിൽ. കൊലപാതകമെന്ന് പ്രാഥമിക നിഗമനം. ബംഗാൾ സ്വദേശി ഗോവിന്ദ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോത്തൻകോട് പോലീസ് കസ്റ്റഡിയിൽ എടുത്തു. മങ്ങാട്ടുകോണത്ത് മഠത്തിൽമേലെ വാടകയ്ക്ക് താമസിക്കുന്ന സംഘത്തിലെ ഒരാളാണ് ഗോവിന്ദ്.

പതിനൊന്നു പേരാണ് ഈ വീട്ടിൽ താമസമുണ്ടായിരുന്നത്.
ഇതിലൊരാളുടെ മൊബൈൽ ഫോൺ മോഷണം പോയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി.
ഗോവിന്ദാണ് മൊബൈൽ മോഷ്ടിച്ചതെന്നാരോപിച്ച് മറ്റുള്ളവർ ഗോവിന്ദിനെ മർദ്ദിച്ചു.
ഇന്നലെ രാത്രിയും വാക്കുതർക്കമുണ്ടായി. രാവിലെ തൂങ്ങിയ നിലയിൽ കണ്ട ഗോവിന്ദിനെ തുണി മുറിച്ചിട്ടെങ്കിലും മരിച്ചെന്നാണ് കസ്റ്റഡിയിലുള്ളവർ പറയുന്നത്. ഇന്ന് രാവിലെ മങ്ങാട്ടുകോണം ജംഗ്ഷനിൽ വച്ച് ഗോവിന്ദിന്റെ ജേഷ്ഠനും ഇവരുമായി അടി നടന്നിരുന്നു.

ഇതിലിടപെട്ട നാട്ടുകാരാണ് വീട്ടിനുള്ളിൽ ഒരാൾ മരിച്ചു കിടക്കുന്ന വിവരം അറിഞ്ഞത്.
തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ തടഞ്ഞ് പോത്തൻകോട് പോലീസിനു കൈമാറുകയായിരുന്നു. ഇതിൽ ഒരാൾ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.
ഇയാൾക്കായി റെയിൽവേ സ്റ്റേഷനുകളിലും മറ്റും പോലീസ് അന്വേഷിച്ചു വരികയാണ്.
പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവു എന്നാണ് പോലീസ് പറയുന്നത്
ജില്ലാ പോലീസ് മേധാവിയും നെടുമങ്ങാട് ഡിവൈഎസ്പിയും സ്ഥലത്തെത്തി.

സംരംഭകർക്കായി ബോധവത്കരണ ശില്പശാല സംഘടിപ്പിച്ച് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്

സംരംഭകർക്കായി ബോധവത്കരണ ശില്പശാല സംഘടിപ്പിച്ച് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ സംരംഭകർക്കായി ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന ഊർജിത വ്യവസായവൽക്കരണ പദ്ധതിയുടെ ഭാഗമായിട്ടാണ് സംരംഭകത്വ ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസർ ഗോകുൽ രാജ്. ജി.ആർ മുഖ്യ പ്രഭാഷണം നടത്തി.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 80 പേർ ശില്പശാലയുടെ ഭാഗമായി. പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ, സംരംഭകർക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്നിവയെപ്പറ്റിയെല്ലാം
ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. സ്വയം തൊഴിൽ സാധ്യതകളെ പറ്റിയും, സംരംഭകത്വ വികസനത്തെപ്പറ്റിയും, വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ചും പ്രത്യേകം ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.