നടി ഷംന കാസിം വിവാഹിതയായി

നടി ഷംന കാസിം വിവാഹിതയായി

നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ നടന്ന വിവാഹാഘോഷത്തിന്റെ ചിത്രങ്ങൾ നടി പങ്കുവച്ചു. അടുത്തബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

“ഞാൻ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആയിരിക്കില്ല ഞാൻ, ഒരു നല്ല പങ്കാളിയുടെ എല്ലാ സ്വഭാവങ്ങളും എന്നിൽ ഇല്ലായിരിക്കാം പക്ഷെ ഈ കുറവുകളൊക്കെ ഓർത്ത് സ്വയം ചെറുതായി ചിന്തിക്കാൻ നീ ഒരിക്കലും ഇടനൽകിയിട്ടില്ല. ഞാൻ എന്താണോ അതാണ് നീ ഇഷ്ടപ്പെട്ടത്, ഒരിക്കലും എന്നെ മാറ്റാൻ ശ്രമിച്ചിട്ടില്ല. എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ സ്വയം പ്രയത്നിക്കാൻ അതെന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇന്ന് നമ്മുടെ പ്രിയപ്പെട്ടവരുടെ മുന്നിൽ വച്ച് നമ്മൾ ഒന്നിച്ചുള്ള ഈ മനോഹര യാത്ര ഞാൻ തുടങ്ങി.

നിന്റെ കൂടെ എല്ലാ അവസ്ഥയിലും ഉണ്ടായിരിക്കുമെന്നും എപ്പോഴും പിന്തുണയ്ക്കുമെന്നും ഞാൻ ഉറപ്പ് തരുന്നു”, എന്ന് കുറിച്ചാണ് ഷംന വിവാഹചിത്രങ്ങൾ പങ്കുവച്ചത്. സ്റ്റുഡിയോ 360 ബൈ പ്ലാൻ ജെ ഇവന്റ് കമ്പനിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെയാണ് കണ്ണൂർ സ്വദേശിയായ ഷംന ശ്രദ്ധേയയാകുന്നത്. 2004ൽ മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രമാണ് ആദ്യ അന്യഭാഷാ സിനിമ. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം അഭിനയിച്ചത്.

കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. കുപ്‌വാരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം സുഡ്‌പോരയിലാണ് ഏറ്റുമുട്ടല്‍.
ഭീകരനില്‍ നിന്നും അത്യാധുനിക ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നും അതിര്‍ത്തി കടന്നെത്തിയതാണ് ഇയാളെന്നാണ് സൈന്യം സൂചിപ്പിച്ചു.
കൂടുതല്‍ ഭീകരര്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടരുകയാണ്.

താമരശ്ശേരിയിൽ നിന്ന് കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ചെത്തി

താമരശ്ശേരിയിൽ നിന്ന് കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ചെത്തി

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അഷറഫ് മൂന്ന് ദിവസങ്ങൾക്ക് ശേഷം തിരികെയെത്തി. ഇയാൾക്കായി വിപുലമായ അന്വേഷണം നടക്കുന്നതിനിടയാണ് ചൊവ്വാഴ്ച രാത്രിയോടെ വീട്ടിലെത്തിയത്. തന്നെ ഇന്ന് രാവിലെ കൊല്ലത്ത് കണ്ണ് കെട്ടി ഇറക്കിവിടുകയായിരുന്നുവെന്നാണ് അഷറഫ് പറയുന്നത്. കൊല്ലത്ത് നിന്ന് ബസ് കയറി കോഴിക്കോട്ടെത്തി. തട്ടിക്കൊണ്ട് പോകലിനിടെ മൊബൈൽ ഫോൺ നഷ്ടമായതിനാൽ ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും ഇയാള്‍ പറയുന്നു. ഇയാളിൽ നിന്ന് വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും.

അഷ്റഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹറെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റ് രണ്ട് പേരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മുക്കം കൊടിയത്തൂർ സ്വദേശികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്മാൻ എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹോദരൻ അലി ഉബൈറുമായി അഷറഫിൻ്റെ ഭാര്യ സഹോദരന് ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് പൊലീസ് പറയുന്നത്. കരിപ്പൂർ സ്വർണ്ണ കടത്ത് കേസിലെ പ്രതികളാണ് അലി ഉബൈറാനും സഹോദരൻ ഹബീബ് റഹ്മാനും.

മുക്കത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മുഹമ്മദ് അഷ്റഫിനെ ശനിയാഴ്ച രാത്രി 8.45 നാണ് താമരശേരിയില്‍ നിന്ന് രണ്ട് വാഹനങ്ങളില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും അടിസ്ഥാനമാക്കി ഊര്‍ജ്ജിതമായി അന്വേഷണം നടത്തിയിട്ടും അഷറഫ് എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അഷ്റഫിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങള്‍ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ അലി ഉബൈറാന്‍റെ നേതൃത്വത്തിലുളള സംഘമാണ് അഷ്റഫിനെ തട്ടികാണ്ടുപോയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചായിരുന്നു തട്ടിക്കൊണ്ടുപോകാനുളള വാഹനങ്ങളിലൊന്ന് വാടകയ്കക്ക് എടുത്തത്.

കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും

കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും

കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് സോണിയ ഗാന്ധിയിൽ നിന്ന് ഖാർഗെ അധികാരമേറ്റെടുക്കും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ ഖാർഗെക്ക് ആശംസകളറിയിക്കും. പതിനൊന്നരക്ക് ചേരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാർഗെ നേതൃത്വം നൽകും. അധ്യക്ഷനായ ശേഷം ഖാർഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമാണിത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി എത്തുന്നത്.

1972 ല്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് തുടര്‍ച്ചയായ 10 തവണ നിയമസഭാ തെരെഞ്ഞെടുപ്പില്‍ (1972, 1978, 1983, 1985, 1989, 1994, 1999, 2004, 2008, 2009) വിജയിക്കാന്‍ ഖാര്‍ഗെയ്ക്ക് കഴിഞ്ഞത് ഇന്നും റെക്കോര്‍ഡാണ്. 2009-2019 കാലയളവിൽ കർണാടകയിലെ ഗുൽബർഗയിൽ നിന്നുള്ള പാർലമെന്‍റ് അംഗമായിരുന്നു ഖാർഗെ. 2014-2019 കാലത്ത് മല്ലികാർജുൻ ഖാർഗെ ലോക്‌സഭയിലെ കോൺഗ്രസ് നേതാവായിരുന്നു. 2021 ഫെബ്രുവരി 16 മുതൽ 2022 ഒക്ടോബർ 01 വരെ രാജ്യസഭാഗം. ഇടക്കാലത്ത് അദ്ദേഹം റെയിൽവേ മന്ത്രിയും തൊഴിൽ, തൊഴിൽ മന്ത്രിയുമായിരുന്നു. 2019 ല്‍ 17 -ാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആദ്യമായും അവസാനമായും പരാജയപ്പെട്ടത്.

എംഎല്‍എ ആയിരുന്ന ദീര്‍ഘ കാലത്തിനിടെയില്‍ ഒക്‌ട്രോയ് അബോലിഷൻ കമ്മിറ്റിയുടെ ചെയർമാനായിരുന്ന അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കര്‍ണാടകയിലെ ദേവരാജ് ഉർസ് സർക്കാർ ഒന്നിലധികം പോയിന്‍റുകളിൽ ഒക്ട്രോയ് ലെവി നിർത്തലാക്കിയത്. 1974-ൽ, സർക്കാർ ഉടമസ്ഥതയിലുള്ള ലെതർ ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ ചെയർമാനായി. തുടര്‍ന്ന് ചെരുപ്പ് തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രവർത്തിച്ചു. ഇക്കാലത്ത് തുകല്‍ തൊഴിലാളികളുടെ ഉന്നമനത്തിനായി സംസ്ഥാനത്തുടനീളം വർക്ക് ഷെഡുകൾ കം റെസിഡൻസ് നിർമ്മിച്ചു. 1976-ൽ പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന്‍റെ സഹമന്ത്രിയായിരിക്കുമ്പോഴാണ് 16,000-ലധികം എസ്‌സി/എസ്ടി അധ്യാപകരുടെ ബാക്ക്‌ലോഗ് ഒഴിവുകൾ നികത്താനായി അവരെ നേരിട്ട് സർവീസിലേക്ക് റിക്രൂട്ട് ചെയ്തത്. എസ്‌സി/എസ്ടി മാനേജ്‌മെന്‍റുകൾ നടത്തുന്ന സ്‌കൂളുകൾക്ക് ഗ്രാന്‍റ്-ഇൻ-എയ്ഡ് കോഡിന് കീഴിലുള്ള ഗ്രാന്‍റുകൾ സംസ്ഥാനത്ത് ആദ്യമായി വിതരണം ചെയ്തതും ഖാര്‍ഗെ ആയിരുന്നു.

വര്‍ക്കലയിൽ റിസോര്‍ട്ടുകളിൽ പൊലീസ് മിന്നൽ പരിശോധന

വര്‍ക്കലയിൽ റിസോര്‍ട്ടുകളിൽ പൊലീസ് മിന്നൽ പരിശോധന

വര്‍ക്കല: വര്‍ക്കലയിൽ റിസോര്‍ട്ടുകളിൽ പൊലീസിന്‍റെ മിന്നൽ പരിശോധന. കഞ്ചാവും അനധികൃതമായി സൂക്ഷിച്ച മദ്യവും പിടികൂടി. റിസോര്‍ട്ടിൽ താമസക്കാരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശികളായ തൻസിൽ, സഞ്ജീവ്, രാജ്കുമാർ, അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ബിയർ ബോട്ടിലുകളും ഒന്നേകാൽ ലിറ്റര്‍ വിദേശമദ്യവും 31 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി. അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയാൽ റിസോര്‍ട്ട് ഉടമകൾക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വർക്കല, അയിരൂർ പൊലീസ് സംയുക്തമായാണ് റെയ്ഡ് സംഘടിപ്പിച്ചത് . വരുംദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് പോലീസ് അറിയിച്ചു.

ആറ്റിങ്ങൽ കോളേജ് ഓഫ് എൻജിനീയറിംഗിൽ ബി ടെക് കോഴ്സ് ഉദ്ഘാടനവും മെരിറ്റ് അവാർഡ് വിതരണവും  സംഘടിപ്പിക്കും

ആറ്റിങ്ങൽ കോളേജ് ഓഫ് എൻജിനീയറിംഗിൽ ബി ടെക് കോഴ്സ് ഉദ്ഘാടനവും മെരിറ്റ് അവാർഡ് വിതരണവും സംഘടിപ്പിക്കും

ആറ്റിങ്ങൽ കോളേജ് ഓഫ് എൻജിനീയറിങിൽ പുതിയ ബി ടെക് കോഴ്സ് ഉദ്ഘാടനവും മെരിറ്റ് അവാർഡ് വിതരണവും സംഘടിപ്പിക്കും. ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക ഉദ്ഘാടനം നിർവഹിയ്ക്കും.