വാട്ട്സ്ആപ്പ് പ്രവര്‍ത്തനരഹിതം; ഇന്ത്യയിലടക്കം സേവനം തടസപ്പെട്ടു

വാട്ട്സ്ആപ്പ് പ്രവര്‍ത്തനരഹിതം; ഇന്ത്യയിലടക്കം സേവനം തടസപ്പെട്ടു

മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് തകരാറില്‍. 30 മിനുട്ടില്‍ ഏറെയായി വാട്ട്സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റായ downdetector പ്രകാരം 12.11 മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് വിവരം.

കോൺഗ്രസ് പ്രവർത്തക സമിതിയിലേയ്ക്ക് തെരഞ്ഞെടുപ്പ് നടന്നാൽ എതിർക്കില്ലെന്ന് രാഹുൽ ഗാന്ധി

കോൺഗ്രസ് പ്രവർത്തക സമിതിയിലേയ്ക്ക് തെരഞ്ഞെടുപ്പ് നടന്നാൽ എതിർക്കില്ലെന്ന് രാഹുൽ ഗാന്ധി

ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ പ്രവർത്തകസമിതിയിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ ചർച്ചകൾ സജീവം. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ എതിർക്കില്ലെന്ന് രാഹുൽ ഗാന്ധി നിയുക്ത കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെ അറിയിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. കോൺഗ്രസിൻ്റെ പരമോന്നത ഘടകമായ പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന ഉറച്ച നിലപാടിലാണ് ശശി തരൂരും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളും. അതേസമയം എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മികച്ച മത്സരം കാഴ്ച വച്ച ശശി തരൂരിനെ പ്രവർത്തകസമിതിയിലേക്ക് കൊണ്ടു വരുന്ന കാര്യത്തിൽ ഖർഗെ നെഹ്റു കുടുംബവുമായി ഇന്ന് ചർച്ച നടത്തിയേക്കും.

നാളെയാണ് എഐസിസി അധ്യക്ഷനായി മല്ലികാർജ്ജുൻ ഖർഗെ ചുമതലയേറ്റെടുക്കുന്നത്. പ്രവർത്തക സമിതിയുടെ പുനസംഘടനയും വരാനിരിക്കുന്ന പ്ലീനറി സമ്മേളനവുമാണ് സംഘടനയ്ക്ക് അകത്ത് ഖർഗെയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളികൾ. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളും ഇതിനിടയിൽ നടക്കും. അതേസമയം മഹിളാ കോൺഗ്രസ് കേരള ഘടകത്തിൽ ഉടൻ പുനസംഘട നടക്കും. മഹിളാ കോൺഗ്രസ് പുനസംഘടനയ്ക്ക് ദേശീയ സമിതി അംഗീകാരം നൽകിയിട്ടുണ്ട്. കമ്മിറ്റി അംഗങ്ങളുടെ എണ്ണം പകുതിയാക്കി കുറച്ചായിരിക്കും പുനസംഘടന നടത്തുക. അഞ്ച് ഘട്ടങ്ങളിലായി പുനസംഘടന നടത്താനാണ് തീരുമാനം. നിലവിലെ മഹിള കോൺഗ്രസ് അധ്യക്ഷയായ ജെബി മേത്തർ പദവിയിൽ തുടരാനാണ് സാധ്യത.

വർക്കല താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ നിർമ്മിച്ച പ്രവേശന കവാടത്തിന്റെയും സെക്യൂരിറ്റി റൂമിന്റെയും ഉദ്ഘാടനം നിർവഹിച്ച് ജോയ് എം.എൽ.എ

വർക്കല താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ നിർമ്മിച്ച പ്രവേശന കവാടത്തിന്റെയും സെക്യൂരിറ്റി റൂമിന്റെയും ഉദ്ഘാടനം നിർവഹിച്ച് ജോയ് എം.എൽ.എ

വർക്കല താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ നിർമ്മിച്ച പ്രവേശന കവാടത്തിന്റെയും സെക്യൂരിറ്റി റൂമിന്റെയും ഉദ്ഘാടനം അഡ്വ.വി.ജോയ് എം.എൽ.എ നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സുദർശിനി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അജയകുമാർ, സജിനി, മൻസാർ, ബീവി ജാൻ, വിജി വി.ആർ, കൗൺസിലർമാരായ റുബീന, അഡ്വ.ആർ.അനിൽകുമാർ, രഞ്ജുബിനു, റെജി, ജയചന്ദ്രൻ, അനീഷ്, ഉണ്ണികൃഷ്ണൻ, രാഖി, ആമിന അലിയാർ, ഹോസ്പിറ്റൽ സൂപ്രണ്ട് അനിൽകുമാർ, എച്ച്.ഡി.അംഗങ്ങൾ
തുടങ്ങിയവർ പങ്കെടുത്തു. അഡ്വ. വി ജോയി എംഎൽഎ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് നിർമാണം നടത്തിയത്.

കോയമ്പത്തൂർ സ്ഫോടനം; അഞ്ച് പേർ അറസ്റ്റിൽ

കോയമ്പത്തൂർ സ്ഫോടനം; അഞ്ച് പേർ അറസ്റ്റിൽ

കോയമ്പത്തൂർ: ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ. ഇവർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലർത്തിയവരായിരുന്നു. സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവർക്ക് പങ്കുള്ളതായുള്ള സൂചനകളണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലാണ് സ്ഫോടനമുണ്ടായത്.

കാർ പൂർണമായി കത്തി നശിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണത്തിൽ മുന്നോട്ട് പോയത്. സ്ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. രാത്രി 11.45ന് സിസിടിവിയിൽ റെക്കോർഡഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്. ഈ ദൃശ്യങ്ങളിൽ നാലു പേർ കാറിനകത്തേക്ക് സാധനങ്ങൾ എടുത്തു വയ്ക്കുന്നത് പതിഞ്ഞിട്ടുണ്ടായിരുന്നു. ഇതിനിടെ സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ടായി.

ആറ് പ്രത്യേക അന്വേഷണ സംഘങ്ങളാണ് കാറിലെ സ്ഫോടന കേസ് അന്വേഷിക്കുന്നത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ എന്ന യുവാവ് 2009 ൽ ദേശീയ അന്വേഷണ ഏജൻസി തീവ്രവാദ ബന്ധം സംശയിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചയാളാണെന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയത്തിന് ഇടയാക്കിയത്. ഇക്കാര്യം വ്യക്തമായതിന് പിന്നാലെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. 1998ലെ കോയമ്പത്തൂർ സ്ഫോടന പരമ്പരയിലെ പ്രതികളുടെ ബന്ധു വീടുകളിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. അൽ ഉമ സംഘടനയുടെ തലവൻ ബാഷയുടെ സഹോദരന്റെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. ബാഷയുടെ സഹോദരൻ നവാബ് ഖാന്റെ മകൻ തൽകയെ ചോദ്യം ചെയ്തിരുന്നു. ഉക്കടം വിൻസന്റ് റോഡിലെ വീട്ടിൽ വൈകിട്ടോടെയാണ് പൊലീസ് സംഘം പരിശോധനക്കെത്തിയത്.

ഋഷി സുനക് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേൽക്കും

ഋഷി സുനക് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേൽക്കും

ഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കെത്തുന്ന കൺസർവേറ്റീവ് പാർട്ടി നേതാവും ഇന്ത്യൻ വംശജനുമായ ഋഷി സുനകിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോളവിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കുറിച്ചാണ് പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റ്. ‘ആഗോള വിഷയങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാനും റോഡ്മാപ് 2030 നടപ്പാക്കാനും ആഗ്രഹിക്കുന്നു. നമ്മുടെ ചരിത്രപരമായ ബന്ധം ആധുനിക പങ്കാളിത്തത്തിലേക്ക് മാറുകയാണ്.

എതിരാളി പെന്നി മോർഡന്റ് മത്സരത്തിൽ നിന്ന് പിന്മാറിയതോടെ കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേയ്ക്ക് ഋഷി സുനകിന് എതിരാളികളില്ലാതെയായി. 190 എംപിമാരാണ് ഋഷി സുനകിനെ പിന്തുണച്ചത്. നൂറ് എംപിമാരുടെ പിന്തുണ പോലും നേടാൻ എതിരാളിയായ പെന്നി മോർഡന്റിന് സാധിച്ചില്ല. മത്സരത്തിൽ പങ്കെടുക്കുന്നതിന് നൂറ് എംപിമാരുടെയെങ്കിലും പിന്തുണ നേടണം. ഇതിനെ തുടർന്ന് പെന്നി മോർഡന്റ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത്. വാണിജ്യ, വ്യവസായ, ആരോഗ്യ, സുരക്ഷാ മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയും ബ്രിട്ടനും സംയുക്തമായി പ്രഖ്യാപിച്ച പദ്ധതിയാണ് റോഡ്മാപ് 2030.

ഗവര്‍ണര്‍ക്കെതിരെ ഇടതുപ്രക്ഷോഭം; ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധം

ഗവര്‍ണര്‍ക്കെതിരെ ഇടതുപ്രക്ഷോഭം; ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷ സമരത്തിന് ഇടതുമുന്നണി. പ്രകടനങ്ങൾ നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഗവര്‍ണര്‍ക്കെതിരെ ഇനി തെരുവിൽ പ്രതിഷേധം എന്ന നിലപാടിലാണ് ഇടതുമുന്നണി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രതിഷേധ കൂട്ടായ്മ നടത്തും. വൈകിട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രതിഷേധ പൊതുയോ​​ഗം സംഘടിപ്പിച്ചിട്ടുണ്ട്.