സബ് ജില്ലാ ശാസ്ത്രമേളയിൽ ഉജ്വലവിജയം നേടി ആലംകോട് ഗവ.എൽ.പി.എസ്

സബ് ജില്ലാ ശാസ്ത്രമേളയിൽ ഉജ്വലവിജയം നേടി ആലംകോട് ഗവ.എൽ.പി.എസ്

ആലംകോട്: ആറ്റിങ്ങൽ സബ് ജില്ലാ ശാസ്ത്രമേളയിൽ ആലംകോട് ഗവ.എൽ.പി.എസ് തിളക്കമാർന്ന വിജയം നേടി. പ്രവൃത്തി പരിചയമേളയിൽ ഒരുഫസ്റ്റും നാല്സെക്കൻ്റും ഉൾപ്പെടെ 51 പോയിൻ്റുകൾ നേടി സ്കൂൾ സബ് ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ മേളകളിലായി 66 പോയിൻ്റുകൾ നേടിയെടുക്കാൻ സ്കൂളിന് കഴിഞ്ഞു. അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കുഞ്ഞുങ്ങളെ എസ്.എം.സി.യും വികസന സമിതിയും അനുമോദിച്ചു. തെഞ്ചേരിക്കോണം ഡി വൈ എഫ് ഐ യൂണിറ്റ്
മൊമൻ്റോകളും മധുരവും നൽകി. ആലംകോട് വാക്കേഴ്സ് ടീം കുട്ടികൾക്ക് സ്വീകരണം ഒരുക്കി. വാർഡ്കൗൺസിലറും, പൗരപ്രമുഖരും, നാട്ടുകാരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ആഹ്ളാദ പ്രകടനം ജനശ്രദ്ധ പിടിച്ചുപറ്റി.

ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നെടുമങ്ങാട് വാളിക്കോട് – നെട്ടയിൽ ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു.
നെട്ട സ്വദേശിനി ജീനയാണ് മരിച്ചത്. നവജീവൻ സ്കൂൾ ടീച്ചറാണ്. ഭർത്താവ് ഷാജിക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഭാര്യയും ഭർത്താവും നെടുമങ്ങാട് വരുകയായിരുന്നു. വാളിക്കോട് നിന്നും നെട്ടയിൽ വന്ന ടിപ്പർ ലോറിയുടെ സൈഡിൽ ബുള്ളറ്റ് തട്ടിയെന്നാണ് പറയുന്നത്. ടിപ്പറിന്റെ ടയറിനടിയിൽ ജീന വീഴുകയായിരുന്നു. നെടുമങ്ങാട് പോലീസ് കേസെടുത്തു.

ഒക്ടോബർ 24 ന് തിങ്കളാഴ്ച ലഹരിയ്ക്കെതിരെ സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കണം

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് (22) ന് എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ദീപം തെളിയിക്കുകയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. 24 ന് തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ലഹരിയ്ക്കെതിരെ സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കും. ലഹരിക്കെതിരെയുള്ള കേരളത്തിന്റെ ഈ മഹാ പോരാട്ടത്തിൽ പങ്കാളികളായി വീടുകളിൽ ദീപം തെളിയിക്കാൻ എല്ലാവരും തയ്യാറാകണം. ഞായർ, തിങ്കൾ (23,24) ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കുന്ന പരിപാടി നടക്കും.

ഒക്ടോബർ 2 ന് ആരംഭിച്ച പ്രചാരണത്തിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികളാണ് സംസ്ഥാനത്തെങ്ങും നടന്നു വരുന്നത്. നവംബർ ഒന്നിനാണ് ഒന്നാം ഘട്ടം പ്രചാരണം അവസാനിക്കുന്നത്. ഒന്നാം തീയതി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഓഫീസുകളിലും ലഹരിക്കെതിരെ വിദ്യാർഥികളും പൊതുജനങ്ങളും ശൃംഖല തീർക്കും. വിദ്യാലയങ്ങളില്ലാത്ത സ്ഥലങ്ങളിൽ വാർഡുകളിലെ പ്രധാന കേന്ദ്രത്തിലാകും ശൃംഖല. മയക്കുമരുന്നിനെതിരെയുള്ള പ്രചാരണത്തിൽ പങ്കാളികളാകാൻ എല്ലാവർക്കും ഒന്നിച്ച് അണിചേരാം.

ലീ കെക്വിയാങ് ഉള്‍പ്പെടെ നാലു പ്രമുഖര്‍ പുറത്ത്;

ലീ കെക്വിയാങ് ഉള്‍പ്പെടെ നാലു പ്രമുഖര്‍ പുറത്ത്;

ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് ഉള്‍പ്പെടെ നാലു പ്രമുഖരെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. കേന്ദ്ര കമ്മിറ്റിയില്‍ നിന്നും അതുവഴി പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍നിന്നും പുറത്താവുന്നതോടെ, രാജ്യത്തെ രണ്ടാമത്തെ ശക്തനായ നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യമായതായാണ് കണക്കാക്കപ്പെടുന്നത്.

അറുപത്തിയേഴുകാരനായ ലീ ഒരു ഘട്ടത്തില്‍ ചൈനീസ് പ്രസിഡന്റ് ആകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന നേതാവാണ്. ഷി ജിന്‍പിങ്ങ് മൂന്നാം തവണയും നേതൃത്വത്തിലേയ് ക്കെത്തുന്ന പാര്‍ട്ടി കോണ്‍ഗ്രസോടെ, സാമ്പത്തിക പരിഷ്‌കരണങ്ങളുടെ വക്താവായ ലീ പൂര്‍ണമായും പിന്തള്ളപ്പെട്ടു. 205 അംഗ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ലീ ഉള്‍പ്പെടെ നാലു പ്രമുഖ നേതാക്കളാണ് പുറത്തായത്. ഏഴു പേരാണ്, പുനസ്സംഘടിപ്പിക്കപ്പെട്ട കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവായത്. ഷീ ജിന്‍പിങ്ങിനു സ്ഥാനത്തു തുടരാന്‍ അനുവദിക്കുന്ന വിധത്തില്‍ പാര്‍ട്ടി ഭരണഘടനയില്‍ വരുത്തിയ മാറ്റം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ദേശീയ അജണ്ടയ്ക്കും കോണ്‍ഗ്രസ് രൂപം നല്‍കി.

കണ്ണൂരിൽ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍

കണ്ണൂരിൽ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍

കണ്ണൂർ: പാനൂരിൽ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23)യാണ് വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന് സൂചന. രാവിലെ 10 മണിയോടെയാണ് സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു. യുവതി പാനൂരിലെ സ്വകാര്യ ലാബിൽ ജീവനക്കാരിയാണ്.

വീടിന് തൊട്ടടുത്ത് മരണം നടന്ന വീടുണ്ടായിരുന്നു. വിഷ്ണുപ്രിയയുടെ വീട്ടുകാരും സമീപ പ്രദേശത്തെ വീട്ടുകാരും മരണവീട്ടിലായിരുന്നു. തൊട്ടടുത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവർ മരണവീട്ടിലായിരുന്ന സമയത്താണ് കൊലപാതകം. കൊലപാതകം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായും പൊലീസ് പറയുന്നു. വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് കുറച്ചു നാളുകൾക്ക് മുമ്പാണ് ഖത്തറിലേക്കയ്ക്ക് തിരികെ പോയത്.

വാഹനങ്ങളിലെ രൂപമാറ്റം; എല്ലാ വാഹനങ്ങൾക്കും പിഴ 10,000

വാഹനങ്ങളിലെ രൂപമാറ്റം; എല്ലാ വാഹനങ്ങൾക്കും പിഴ 10,000

തിരുവനന്തപുരം: വാഹനങ്ങളിലെ രൂപമാറ്റത്തിനുള്ള പിഴ 5000-ൽനിന്ന്‌ 10,000 ആക്കിയത് ടൂറിസ്റ്റ് ബസുകൾക്ക് മാത്രമല്ല എല്ലാ വാഹനങ്ങൾക്കും ബാധകമാണെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളിൽ വരുത്തുന്ന ഓരോ മാറ്റവും വ്യത്യസ്ഥ കേസുകളായി പരിഗണിച്ച് ഓരോന്നിനും 10,000 രൂപ വീതം പിഴ ഈടാക്കും.

വടക്കഞ്ചേരിയിൽ അതിവേഗത്തിൽപോയ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് ഒമ്പതു പേർ മരിച്ചതിനെ തുടർന്ന് ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ തടയാനാണ് പിഴ ഉയർത്തിയത്. 2019-ലെ കേന്ദ്ര മോട്ടോർ വാഹനനിയമ ഭേദഗതിയിലാണ് രൂപമാറ്റത്തിനുള്ള പിഴ 10,000 രൂപയായി ഉയർത്തിയത്. എന്നാൽ പിഴ കൂടുതലാണെന്ന അഭിപ്രായമുയർന്നതിനെത്തുടർന്ന് പലതും സംസ്ഥാന സർക്കാർ പകുതിയാക്കിയിരുന്നു. രൂപമാറ്റത്തിന് 5000 രൂപയേ ഈടാക്കിയിരുന്നുള്ളൂ. നിയമലംഘനങ്ങളും രൂപമാറ്റവും നിയന്ത്രണാതീതമായതോടെ കേന്ദ്രസർക്കാർ നിശ്ചയിച്ച 10,000 രൂപ പിഴ ഈടാക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായി. ഇതുസംബന്ധിച്ച ചട്ടഭേദഗതി അന്തിമഘട്ടത്തിലാണ്.

ടൂറിസ്റ്റ് ബസുകളിലെ ക്രമക്കേടുകൾ തടയാൻ മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ഓപ്പറേഷൻ ഫോക്കസ് പരിശോധന ഞായറാഴ്ച സമാപിച്ചെങ്കിലും പരിശോധന തുടരും. രൂപമാറ്റംവരുത്തിയ കാറുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവയ്ക്കെതിരേ തുടർന്നും നടപടിയുണ്ടാകും. ഇരുചക്രവാഹനങ്ങളിൽ ഹാൻഡിൽ, ടയർ, സൈലൻസർ എന്നിവയിൽ മാറ്റംവരുത്തുന്നതും പിഴ ക്ഷണിച്ചുവരുത്തും.

കടുത്ത പിഴ ഈടാക്കുന്നത് ഈ മാറ്റങ്ങൾക്ക്:

അതിതീവ്ര പ്രകാശമുള്ള ഹെഡ് ലൈറ്റുകളുടെ ഉപയോഗം

ശബ്ദം കൂട്ടാൻ സൈലൻസറുകളിൽ മാറ്റം വരുത്തുക

വേഗം കൂട്ടാനുള്ള കൃത്രിമ സംവിധാനങ്ങൾ

പുറത്തേക്ക് തള്ളി നിൽക്കുന്ന വലിയ ടയറുകളും ഡിസ്കുകളും ഉപയോഗിക്കുക

സസ്പെൻഷനിൽ മാറ്റംവരുത്തുക, വാഹനത്തിന്റെ ഘടന മാറ്റുക തുടങ്ങിയ കുറ്റങ്ങൾക്കായിരിക്കും പരമാവധി പിഴ ചുമത്തുക