ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ; കയ്യില്‍ 250 ലേറെ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ്

ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ; കയ്യില്‍ 250 ലേറെ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ്

തൃശൂര്‍: തൃശൂര്‍ കയ്പമംഗലത്ത് ലഹരിമരുന്നുകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായി. ചെന്ത്രാപ്പിനി സ്വദേശി ജിനേഷ്, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. 15.2 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് എക്‌സൈസ് പിടികൂടി.
ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയില്‍ എടുത്തു. പ്രതികളുടെ കയ്യില്‍ നിന്നും 250 ലേറെ വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്. പതിനേഴും 25 ഉം വയസ്സിന് ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ പേരാണ് ലിസ്റ്റിലുള്ളത്. ഇതില്‍ പെണ്‍കുട്ടികളുടെ പേരും ഉള്‍പ്പെടുന്നു.

കടമായി ലഹരി നല്‍കിയവരുടെ ലിസ്റ്റാണ് ഇതെന്നാണ് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ബാംഗ്ളൂരിൽ നിന്നാണ് ഇവര്‍ ലഹരിവസ്തുക്കള്‍ കൊണ്ടുവന്നതെന്നാണ് മനസ്സിലാക്കുന്നത്. ലിസ്റ്റില്‍ പേരുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നവംബർ 15 ന് തുറക്കുമെന്ന് മന്ത്രി റിയാസ്

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നവംബർ 15 ന് തുറക്കുമെന്ന് മന്ത്രി റിയാസ്

കഴക്കൂട്ടം: കഴകൂട്ടത്ത് നിർമ്മാണം പൂർത്തിയാകുന്ന കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ നവംബർ 15ന് തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ പുരോഗതി വിലയിരുത്താനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യാനിരുന്നെങ്കിലും നിർമ്മാണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് രണ്ടാഴ്ച കൂടി നീട്ടിവച്ചത്.

മേൽപാലത്തിന്റെ 95 ശതമാനം പണികളും പൂർത്തിയായി. എന്നാൽ സംസ്ഥാന സർക്കാർ വിപുലമായ ഉദ്ഘാടന പരിപാടി സംഘടിപ്പിക്കുന്നില്ല. അത് കേന്ദ്ര സർക്കാരാണ് തീരുമാനിക്കേണ്ടത്. നിർമ്മാണം പൂർത്തിയായാൽ 15 ന് തന്നെ വാഹന ഗതാഗതം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. നിർമ്മാണം പൂർത്തിയാക്കാൻ ഒപ്പം നിന്ന കേന്ദ്ര സർക്കാറിനെയും, ദേശീയപാത അതോറിട്ടിയേയും, കരാറുകാരെയും, മറ്റു ജനപ്രതികളെയും മന്ത്രി അഭിനന്ദിച്ചു. 2.72 കിലോമീറ്ററാണ് എലിവേറ്റഡ് ഹൈവേയുടെ നീളം. സ്ഥലം എം എൽ എ കടകംപള്ളി സുരേന്ദ്രൻ ദേശീയപാത അതോറിട്ടി കേരള റീജണൽ ഓഫീസർ ബി.എൽ. മീന, പോജക്ട് ഡയറക്ടർ പി.പ്രദീപ്, ആർ ഡി എസ് വൈസ് പ്രസിഡന്റ് കേണൽ രവീന്ദൻ നായർ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവത്തില്‍  അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവത്തില്‍
അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റില്‍ നിന്നും അപായ സന്ദേശം ലഭിച്ചിരുന്നു. സാങ്കേതിക പ്രശ്‍നം ഉണ്ടായെന്നാണ് എയർ ട്രാഫിക് കൺട്രോളിന് പൈലറ്റിൻ്റെ സന്ദേശം ലഭിച്ചത്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് സൈന്യം വ്യക്തമാക്കി. അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഇന്നലെ രാവിലെ ഹെലികോപ്റ്റർ തകർന്നുവീണത്. ആകെ അഞ്ച് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അഞ്ചാമത്തെ ആള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗനമനം.

അപകടത്തിൽ മലയാളി സൈനികനും മരിച്ചിരുന്നു. കാസർകോഡ് ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്‍റെ മകൻ കെ വി അശ്വിൻ (24) ആണ്‌ അപകടത്തിൽ മരിച്ച നാല് പേരിൽ ഒരാള്‍. നാലുവർഷം മുമ്പാണ്‌ ഇലക്‌ട്രോണിക്ക്‌ ആൻഡ്‌ മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ സൈന്യത്തിൽ ജോലിക്ക്‌ കയറിയത്‌. നാട്ടിൽ അവധിക്ക്‌ വന്ന അശ്വിൻ ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. മരണ വിവരം സൈന്യത്തിലെ മുതി‍‍ര്‍ന്ന ഉദ്യോഗസ്ഥരാണ് വീട്ടിൽ അറിയിച്ചത്. അശ്വിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും.

എൽദോസ് കുന്നപ്പിള്ളിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തും

എൽദോസ് കുന്നപ്പിള്ളിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തും

തിരുവനന്തപുരം: ബലാത്സം​ഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായി. എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. എൽദോസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അഭിഭാഷകൻ അഡ്വക്കേറ്റ് കുറ്റിയാനി സുധീർ വ്യക്തമാക്കി. മൊബൈൽ, പാസ്പോർട്ട് എന്നിവ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കില്ലെന്നും കേസുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽദോസിന് ജില്ലാ സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നായിരുന്നു കോടതി ഉത്തരവ്. എൽദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും. പത്തു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകാനാണ് കോടതി നിർദ്ദേശം. ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പരാതിക്കാരിയെ നവമാധ്യമങ്ങള്‍ വഴി ആക്ഷേപിച്ചുവെന്ന പരാതിയിൽ മറ്റൊരു കേസ് കൂടി പൊലീസ് എൽദോസിനെതിരെ എടുത്തിരുന്നു. പേട്ട പൊലീസാണ് കേസെടുത്തത്. കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിലായിരുന്ന എൽദോസ് ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്നലെ പെരുമ്പാരൂരിലെ വീട്ടിലെത്തിയിരുന്നു.

ഒളിവ് ജീവിതത്തിന് ശേഷം പുറത്ത് വന്ന എല്‍ദോസ് ഒരു തെറ്റും ചെയ്തില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ആവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനം വിട്ട് പോയിട്ടില്ലെന്നും ഫോണില്‍ കിട്ടിയില്ല എന്നത് കൊണ്ട് ഒളിവിലായിരുന്നു എന്ന് പറയാന്‍ കഴിയില്ലെന്നും എംഎല്‍എ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ കോടതി ഉത്തരവ് പരിശോധിച്ച്, വക്കീലുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം, ബലാത്സംഗ കേസിൽ ആരോപണ വിധേയനായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ വിളിച്ചതായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ഇന്നലെ വ്യക്തമാക്കി. ഒളിവിൽ പോയതിൽ എൽദോസ് ഖേദം അറിയിച്ചതായും സുധാകരൻ പറഞ്ഞു. എൽദോസിനെതിരെ നടപടി എടുക്കുന്നതിൽ നേതാക്കളുമായി ചർച്ച നടത്തും. മുൻകൂർ ജാമ്യം നൽകാൻ കോടതി കണക്കിലെടുത്ത കാരണങ്ങൾ പരിശോധിക്കും.
സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന എൽദോസിന്റെ ആരോപണവും പരിശോധിക്കുമെന്ന് കെ സുധാകരൻ പറഞ്ഞു.

ചെങ്ങന്നൂരില്‍ വയോധികയെ വെട്ടിക്കൊന്നു

ചെങ്ങന്നൂരില്‍ വയോധികയെ വെട്ടിക്കൊന്നു

ആലപ്പുഴ:ആലപ്പുഴ ചെങ്ങന്നൂരില്‍ എണ്‍പതുകാരിയെ വെട്ടിക്കൊന്നു. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി മറിയാമ്മ വര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു സംഭവം. ബന്ധുവായ റിന്‍ജു സാം പൊലീസിന്റെ പിടിയിലായി. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായി സംശയിക്കുന്നു.

ഇന്ന് പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. ഒരു വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. അതിക്രൂരമായിട്ടാണ് വെട്ടിക്കൊന്നത്. ശരീരത്തിൽ ഇരുപതിലേറെ വെട്ടുകളുണ്ട്. പൊലീസ് എത്തുമ്പോഴും പ്രതി അന്നമ്മയെ വെട്ടുകയായിരുന്നു. ആദ്യം അമ്മയേയും അച്ഛനെയും മർദ്ദിച്ച് പുറത്താക്കി. അകത്ത് നിന്ന് വാതിൽ അടച്ചു. തുടർന്നായിരുന്നു ആക്രമണം.

സ്വര്‍ണ വിലയില്‍ വർധന

സ്വര്‍ണ വിലയില്‍ വർധന

കൊച്ചി: രണ്ടു ദിവസം ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 600 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപ. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4700 ആയി.
കഴിഞ്ഞ രണ്ടു ദിവസവും സ്വര്‍ണ വില ഇടിഞ്ഞിരുന്നു. വ്യാഴാഴ്ച 160 രൂപയും വെള്ളിയാഴ്ച 80 രൂപയുമാണ് പവന് താഴ്ന്നത്.