by Midhun HP News | Oct 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വയനാട്: പനമരത്ത് നിന്ന് കാണാതായ വനിതാ എസ്.എച്ച്.ഒയെ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നാണ് കെ.എ എലിസബത്തിനെ കണ്ടെത്തിയത്. തിങ്കളാഴ്ച മുതലാണ് ഇവരെ കാണാതായത്. ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. വയനാട് നിന്നുള്ള പോലീസ് സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
എന്തിനാണ് ഇവര്‍ മാറി നിന്നത്, എന്തിനായിരുന്നു ഈ ഒരു ദുരൂഹത എന്ന കാര്യത്തില്‍ പോലീസ് സംഘം എത്തിയ ശേഷം മാത്രമേ വ്യക്തതയുണ്ടാകുകയുള്ളൂ. തിങ്കളാഴ്ച പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് ഔദ്യോഗിക യാത്ര എന്നുപറഞ്ഞാണ് എലിസബത്ത് പനമരം സ്റ്റേഷനില്‍നിന്ന് ഇറങ്ങിയത്.
ഇവരുടെ ഔദ്യോഗിക നമ്പര്‍ ഉള്‍പ്പെടെ രണ്ട് മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ് ആയിരുന്നു. പാലക്കാട് ഇവരെ കണ്ടുവെന്നും കോഴിക്കോട് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചു എന്നീ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നെങ്കിലും എലിസബത്ത് എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
by Midhun HP News | Oct 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി : നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോട് പറഞ്ഞു. ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളിൽ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നൽകി.

നരബലിക്ക് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങൾ മുഹമ്മദ് ഷാഫി കൈക്കലാക്കിയിരുന്നു. ഇവ പിന്നീട് എറണാകുളം,പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളിൽ പണയം വെച്ചുവെന്നും മൊഴി നൽകിയിട്ടുണ്ട്. മാംസം കഴിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കൂടി വന്നതോടെ ഇക്കാര്യത്തിൽ അടക്കം കൂടുതൽ അന്വേഷണം നടത്തണമെന്ന നിലപാടിലാണ് പൊലീസ്. മൂന്ന് പ്രതികളേയും കോടതിയിൽ ഹാജരാക്കി. പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.
by Midhun HP News | Oct 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പോത്തന്‍കോട് : തിരുവനന്തപുരത്ത് വീടിനു മുന്നിലെ റോഡില്‍ കളിക്കുകയായിരുന്ന കുട്ടി മരിക്കാനിടയായ സംഭവം ; ശ്രദ്ധയില്ലാതെ കാര്‍ എടുത്തതുകൊണ്ടാകാമെന്ന് പൊലീസ്. വേങ്ങോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ അബ്ദുള്‍ റഹിം-ഫസ്‌ന ദമ്പതിമാരുടെ മകന്‍ ഒന്നേകാല്‍ വയസ്സുകാരന്‍ റയ്യാന്‍റെ മരണത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കാര്‍ ഓടിച്ചിരുന്ന പോത്തന്‍കോട്ടെ ജ്വല്ലറി കളക്ഷന്‍ ഏജന്റ് വേളാവൂര്‍ സ്വദേശി തൗഫീഖിനെ (29) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ വേങ്ങോട്-അമ്പാലൂര്‍കോണം റോഡിലായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. വീട്ടുകാരുടെ ശ്രദ്ധയൊന്ന് മാറിയപ്പോഴാണ് തുറന്ന് കിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാൽ വയസുകാരന്‍ കാര്‍ തട്ടി മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ ആണ്- അറസ്റ്റിലായ തൗഫീക് ജ്വല്ലറി കളക്ഷന്‍ ഏജന്റ് ആണ്. ഇയാളും സുഹൃത്തും വീട്ടില്‍നിന്ന് പണം പിരിക്കാനായി എത്തിയതായിരുന്നു. വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടാണ് ഇവര്‍ വീട്ടില്‍ കയറിയത്. തിരിച്ചിറങ്ങുമ്പോള്‍ ഗേറ്റ് പാതിയെ അടച്ചിരുന്നുള്ളൂ. പുറത്തിറങ്ങിയ ഇവര്‍ തൊട്ടടുത്ത വീട്ടിലേക്ക് പോയി. ഈ സമയം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന റയ്യാന്‍ റോഡില്‍ ഇറങ്ങി കാറിന് പിന്നില്‍ പിടിച്ചുകൊണ്ട് നിന്നതാവാമെന്നാണ് പൊലീസിന്‍റെ നിഗമനം

പിരിവ് കഴിഞ്ഞ് മടങ്ങിയെത്തിയ തൗഫീഖും സുഹൃത്തും കുട്ടി വാഹനത്തിന് പിന്നില്‍ നില്‍കുന്നത് കാണാതെ കാര്‍ ഓടിച്ചുപോയി. കാര്‍ നീങ്ങിയപ്പോള്‍ റയ്യാന്‍ റോഡിലേക്ക് വീഴുകയോ കാര്‍ പിന്നിലോട്ട് എടുത്തപ്പോള്‍ കാര്‍തട്ടി വീഴുകയും ചെയ്തതാവാം അപകടകാരണമെന്നാണ് പൊലീസ് നിഗമനം. അപകടത്തില്‍ കുട്ടിയുടെ തലയ്ക്ക് പിന്നില്‍ മുറിവുണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കാര്‍ കടന്നുപോയതിന് ശേഷം ഇതുവഴി വരികയായിരുന്ന സമീപവാസിയായ ഓട്ടോക്കാരനാണ് പരിക്കേറ്റു റോഡില്‍ കിടക്കുന്ന കുട്ടിയെ കണ്ടത്. തുടര്‍ന്ന് വീട്ടുകാരോട് പറയുകയും അയല്‍വാസികള്‍ ചേര്‍ന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.
കുട്ടിയെ ഇടിച്ചിട്ട വാഹനം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ വീട്ടിലേക്കു വന്നപ്പോൾ സംഭവം നടന്ന വീടിനു 100 മീറ്റർ അപ്പുറത്തുവെച്ച് ഒരു കാര്‍ കണ്ടുവെന്ന് ഓട്ടോ ഡ്രൈവറായ അബ്‍ദുള്‍ സലാം പറഞ്ഞിരുന്നു. ആ വാഹനം ഇടിച്ചിട്ടതാകാമെന്ന നിഗമനത്തില്‍ പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിഞ്ഞതും തൗഫീഖിനെ അറസ്റ്റ് ചെയ്തതും.
by Midhun HP News | Oct 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: കുടുംബ ഐശ്വര്യത്തിനായി എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചുമൂടിയ കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ഭഗവൽ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുക. പത്തനംതിട്ടയിൽ നിന്ന് പ്രതികളുടെ സാന്നിധ്യത്തിൽ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു.

കടവന്ത്രയിൽ താമസിക്കുന്ന പത്മം, തൃശ്ശൂർ സ്വദേശി റോസിലി എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. റോസിലിയെ ജൂൺ എട്ടിനും പത്മത്തെ സെപ്റ്റംബർ 26 നും കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഇരുവരുടെയും മൃതദേഹം ഡിഎൻഎ പരിശോധനടക്കം പൂർത്തിയാക്കിയ ശേഷം ആയിരിക്കും ബന്ധുക്കൾക്ക് വിട്ടു നൽകുക. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. പെരുമ്പാവൂരിലും എറണാകുളം നഗരത്തിലുമായി വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി ഇടുക്കി സ്വദേശിയാണ്.
by Midhun HP News | Oct 11, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ല ശാസ്ത്രമേള സ്വാഗതസംഘം യോഗം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ എസ് കുമാരി നിർവഹിച്ചു. യോഗത്തിൽ വൈസ് ചെയർമാൻ തുളസീധരൻ പിള്ള, വിവിധ കൗൺസിലർമാർ, എ ഇ ഒ വിജയകുമാരൻ നമ്പൂതിരി, സീനിയർ സൂപ്രണ്ട് ദിനേശ്, പ്രഥമാധ്യാപകർ, പ്രിൻസിപ്പൽ, വിവിധ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഒക്ടോബർ 18ന് ശാസ്ത്രമേളയും ഐടി മേളയും 19ന് ഗണിതശാസ്ത്രമേളയും സാമൂഹികശാസ്ത്രമേളയും നടക്കും. പ്രധാന വേദിയായി ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും ഉപവേദികളായി ഗവൺമെൻറ് ടൗൺ യുപിഎസ്, ഡയറ്റ് ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നടക്കും.
by Midhun HP News | Oct 11, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പത്മയുടെയും റോസ്‌ലിയുടെയും രഹസ്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ച്, ഈ രക്തം വീട് മുഴുവൻ തളിച്ചായിരുന്നു പൂജകൾ. രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിച്ച ശേഷം വീട്ടുവളപ്പിൽ തന്നെ കുഴിച്ചുമൂടുകയായിരുന്നു.
തിരുവല്ല: നാട്ടുകാർക്ക് തിരുമ്മൽ ചികിത്സകൻ, പുരോഗമനവാദി, ഫെയ്സ്ബുക്കിൽ ഹെക്കു കവി, സിപിഎം പ്രവർത്തകൻ… അങ്ങിനെ നീളുന്നു ഭഗവൽ സിംഗിന്റെ വിശേഷണങ്ങൾ. ആദ്യ ഭാര്യ വേർപിരിഞ്ഞ ശേഷം രണ്ടാം ഭാര്യ ലൈലയുമൊത്ത് തിരുവല്ലയിൽ അയൽവാസികൾക്ക് ഒരു പരാതിയുമില്ലാത്ത ജീവിതം. പഞ്ചായത്ത് നിർമ്മിച്ചു നൽകിയ കെട്ടിടത്തിലെ തിരുമ്മൽ കേന്ദ്രമായിരുന്നു വൈദ്യന്റെ വരുമാന മാർഗ്ഗം. കേരളം ഇതുവരെ കേട്ടിട്ടില്ലാത്തത്ര ക്രൂരമായ നരബലിയുടെ ചുരുളുകൾ അഴിഞ്ഞതോടെ വൈദ്യനെ പതിറ്റാണ്ടുകളായി നേരിട്ടറിയുന്ന നാട്ടുകാർ അമ്പരന്നിരിക്കുകയാണ്.
നരബലിയുടെ തുടക്കം ഫെയ്സ്ബുക്കിലൂടെയായിരുന്നു. ഫെയ്സ്ബുക്കിൽ ഹെക്കു കവിതകളിലൂടെ സജീവമായിരുന്ന വൈദ്യന് ശ്രീദേവിയെന്ന അക്കൗണ്ടിൽ നിന്ന് ആദ്യം സൗഹൃദാഭ്യർത്ഥന വരുന്നു. നിരന്തര ചാറ്റുകളിലൂടെ ആ സൗഹൃദം ശക്തമാകുന്നു. എന്നാൽ ഈ ശ്രീദേവി യഥാർത്ഥത്തിൽ പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയെന്ന റഷീദായിരുന്നു. ശ്രീദേവിയാണ് വൈദ്യനോട് പെരുമ്പാവൂർ സ്വദേശിയായ മന്ത്രവാദിയെ പ്രീതിപ്പെടുത്തിയാൽ സമ്പത്തും ഐശ്വര്യവും നേടാമെന്ന് വിശ്വസിപ്പിച്ചത്. യഥാർത്ഥത്തിൽ ശ്രീദേവിയെന്ന് ചമഞ്ഞ് റഷീദ്, തന്നെ പ്രീതിപ്പെടുത്താൻ വൈദ്യൻ ഭഗവത് സിംഗിനോട് ആവശ്യപ്പെടുകയായിരുന്നു.
ശ്രീദേവിയെന്ന അക്കൗണ്ട് നൽകിയ മൊബൈൽ നമ്പർ വഴിയാണ് വൈദ്യനും ഭാര്യയും റഷീദിനെ ബന്ധപ്പെടുന്നത്. ആഭിചാരക്രിയയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ആദ്യം വൈദ്യൻ ഭഗവത് സിംഗിന്റെ ഭാര്യ ലൈലയെ ഇയാൾ പീഡിപ്പിച്ചു. ഐശ്വര്യം വരാനെന്ന് പറഞ്ഞായിരുന്നു ഇത്. പിന്നീട് നരബലി നടത്തിയാൽ പൂജ പൂർണ്ണമാകുമെന്ന് വിശ്വസിപ്പിച്ചു. ഇതിനായി തനിക്ക് നേരിട്ട് പരിചയമുള്ള റോസ്‌ലിയെ റഷീദ് തിരുവല്ലയിലേക്ക് എത്തിച്ചു.
നീലച്ചിത്രത്തിൽ അഭിനയിച്ചാൽ 10 ലക്ഷം രൂപ നൽകാമെന്നായിരുന്നു റോസ്‌ലിക്ക് നൽകിയ വാഗ്ദാനം. ലോട്ടറി വിൽപ്പനക്കാരിയായ റോസ്‌ലി ഇത് വിശ്വസിച്ചു. തിരുവല്ലയിലെത്തിയ റോസ്‌ലിയെ സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലിൽ കിടത്തി. ഭഗവത് സിംഗാണ് ഇരയുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ച് ബോധം കെടുത്തിയത്. പിന്നീട് ലൈലയാണ് റോസ്‌ലിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കിയത്. പൂജകളെല്ലാം കഴിഞ്ഞ് മൃതദേഹം അടക്കിയ ശേഷം ശാപത്തിന്റെ സ്വാധീനം കൊണ്ട് പൂജ പരാജയപ്പെട്ടെന്നും ഒരിക്കൽ കൂടി നരബലി നടത്തണമെന്നും റഷീദ് വിശ്വസിപ്പിച്ചു.
ഇങ്ങിനെയാണ് കൊലയാളികൾ പത്മയിലേക്ക് എത്തുന്നത്. നീലച്ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞാണ് പത്മയെയും തിരുവല്ലയിലെത്തിച്ചത്. പിന്നെല്ലാം റോസ്‌ലി നേരിട്ടതിന് സമാനമായ ക്രൂരത. കഴുത്തിൽ കത്തിയിറക്കുകയും ഒരു രാത്രി മുഴുവൻ പത്മയുടെയും റോസ്‌ലിയുടെയും രഹസ്യ ഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ഈ രക്തം വീട് മുഴുവൻ തളിച്ചായിരുന്നു പൂജകൾ. രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിച്ച ശേഷം വീട്ടുവളപ്പിൽ തന്നെ കുഴിച്ചുമൂടുകയായിരുന്നു.
റോസ്ലിയെ കാണാതായത് ജൂൺ ആറിനാണ്. ഓഗസ്റ്റ് 17നാണ് മകൾ പൊലീസിൽ പരാതി നൽകിയത്. പത്മയെ സെപ്തംബർ 26 ന് കാണാതായി. പിന്നാലെ സഹോദരി പരാതി നൽകി. പത്മയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ട ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം റഷീദിലേക്ക് എത്തിച്ചു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് നരബലിയുടെ നിർണായക വിവരങ്ങൾ ലഭിച്ചു. പിന്നാലെ മറ്റ് രണ്ട് പ്രതികൾ കൂടെ അറസ്റ്റ് ചെയ്യപ്പെട്ടു. ദമ്പതികളിൽ നിന്ന് പൂജകളുടെ പേരിൽ റഷീദ് ലക്ഷങ്ങൾ കൈപ്പറ്റിയെന്നും പൊലീസ് പറയുന്നു
Recent Comments