ചരിത്രമെഴുതി ഹര്‍മന്‍പ്രീത് കൗര്‍; മികച്ച വനിതാ താരത്തിനുള്ള ഐസിസി പുരസ്‌കാരം

ചരിത്രമെഴുതി ഹര്‍മന്‍പ്രീത് കൗര്‍; മികച്ച വനിതാ താരത്തിനുള്ള ഐസിസി പുരസ്‌കാരം

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് ശ്രദ്ധേയ നേട്ടം. ഐസിസിയുടെ സെപ്റ്റംബര്‍ മാസത്തിലെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരത്തിന് ഇന്ത്യന്‍ ക്യാപ്റ്റനെ തിരഞ്ഞെടുത്തു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായും ഹര്‍മന്‍പ്രീത് ഇതോടെ മാറി. 

സഹ താരവും ഇന്ത്യന്‍ വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ധനയേയും ബംഗ്ലാദേശ് താരം നിഗര്‍ സുല്‍ത്താനയേയും മറികടന്നാണ് ഹര്‍മന്‍പ്രീതിന്റെ നേട്ടം. പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനാണ് മികച്ച പുരുഷ താരം. ഇന്ത്യന്‍ താരം അക്ഷര്‍ പട്ടേല്‍, ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍ എന്നിവരെ മറികടന്നാണ് റിസ്വാന്‍ പുരസ്‌കാരം നേടിയത്. 10 ടി20 മത്സരങ്ങളില്‍ നിന്നായി 553 റണ്‍സാണ് റിസ്വാന്‍ അടിച്ചെടുത്തത്. 

ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പോരാട്ടത്തിലെ മികച്ച ബാറ്റിങാണ് ഹര്‍മന്‍പ്രീതിന് തുണയായത്. ബാറ്റിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹര്‍മന്‍ അക്ഷരാര്‍ഥത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ബാറ്ററായി ഹര്‍മന്‍പ്രീത് മാറി. താരം 221 റണ്‍സാണ് കണ്ടെത്തിയത്. ആദ്യ രണ്ട് ഏകദിനങ്ങളിലും ഫിനിഷര്‍ റോളിലും താരം തിളങ്ങി. 

താരത്തിന്റെ മിന്നും ഫോം 3-0ത്തിന് ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്ത് ചരിത്രമെഴുതാനും ഇന്ത്യന്‍ ടീമിനെ സഹായിച്ചു. 1999ന് ശേഷം ആദ്യമായിട്ടായിരുന്നു ഇംഗ്ലണ്ട് മണ്ണില്‍ ഇന്ത്യയുടെ ഏകദിന പരമ്പര നേട്ടം. 

ആദ്യ ഏകദിനത്തില്‍ 74 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. രണ്ടാം പോരില്‍ 111 പന്തുകള്‍ നേരിട്ട് ഹര്‍മന്‍പ്രീത് 143 റണ്‍സ് അടിച്ചെടുത്തു. മൂന്നാം ഏകദിനത്തില്‍ 88 റണ്‍സായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്‌കോര്‍ ചെയ്തത്. 

2022ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്

2022ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്

സ്റ്റോക്കോം: 2022ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ക്ക്. ബെന്‍ എസ് ബെര്‍നാങ്ക. ഡഗ്ലസ് ഡയമണ്ട്. ഫിലിപ്പ് എച്ച് ഡിവ് വിഗ് എന്നിവര്‍ക്കാണ് പുരസ്‌കാരം. ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിനാണ് പുരസ്‌കാരം.

നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുമ്പോള്‍ ബാങ്കുകള്‍ തകര്‍ച്ച നേരിടുന്നതെങ്ങനെയെന്ന് സ്ഥിതിവിവര കണക്കുകളും ചരിത്ര സ്രോതസ്സുകളും ഉപയോഗിച്ച് ബെന്‍ ബെര്‍നാങ്ക വിശദീകരിക്കുന്നുണ്ട് ഇതുമായി ബന്ധപ്പെട്ട് 30കളിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് 1983ലെ പ്രബന്ധത്തിലാണ് അദ്ദേഹം പ്രതിപാദിച്ചിട്ടുള്ളത്.

ചിക്കാഗോ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഡഗ്ലസ് ഡയമണ്ട്, സെന്റ് ലൂയിസിലെ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ പ്രൊഫസറാണ് ഫിലിപ്പ് എച്ച് ഡിവ് വിഗ്. മുന്‍ ഫെഡറല്‍ ചെയര്‍ അംഗമാണ് ബെന്‍ എസ് ബെര്‍നാങ്ക.

സമ്മാന തുകയായ 23.85 കോടി രൂപ(10 ദശലക്ഷം സ്വീഡീഷ് ക്രോണര്‍) ഡിസംബര്‍ 10ന് കൈമാറും. കോവിഡ് മൂലം രണ്ട് വര്‍ഷമായി നടക്കാതിരുന്ന പുരസ്‌കാര ചടങ്ങ് ഈ വര്‍ഷം ആഘോഷപൂര്‍വം നടത്താനാണ് സംഘാടക സമിതി തീരുമാനം.

കിളിമാനൂർ കുറവൻകുഴിയിൽ നിന്നും എം ഡി എം എ യും, കഞ്ചാവും കടത്താൻ ഉപയോഗിച്ച ബൈക്കുകളുമായി  3 യുവാക്കൾ പിടിയിൽ

കിളിമാനൂർ കുറവൻകുഴിയിൽ നിന്നും എം ഡി എം എ യും, കഞ്ചാവും കടത്താൻ ഉപയോഗിച്ച ബൈക്കുകളുമായി 3 യുവാക്കൾ പിടിയിൽ

കിളിമാനൂർ: മാരക മയക്കുമരുന്നുകളുടെ വ്യാപനം തടയുന്നതിലേക്കായി സംസ്ഥാന എക്സൈസ് വകുപ്പ് നടത്തി വരുന്ന നാർക്കോട്ടിക്ക് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കിളിമാനൂർ എക്‌സൈസ് റെയിഞ്ച് പാർട്ടി കിളിമാനൂർ കുറവൻകുഴി വഴിയോരക്കടക്ക് സമീപത്ത് നിന്നും ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 100 മില്ലിഗ്രാം MDMA യും, 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
മാരക മയക്കുമരുന്നായ
MDMA യും കഞ്ചാവും കടത്തിക്കൊണ്ടു വന്ന കല്ലറ വളക്കുഴിപച്ച അജ്മൽ മൻസിലിൽ അൽ അമീൻ (22), കല്ലറ പാകിസ്താൻ മുക്ക് കട്ടയ്ക്കാലിൽ വീട്ടിൽ ഷഹനാസ് (24) എന്നിവരെയും MDMA കടത്താൻ ഉപയോഗിച്ച KL 21 X 5266 നമ്പർ ബൈക്കും കസ്റ്റഡിയിൽ എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു കേസെടുത്തു.
പ്രതികളുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ഇവർക്ക് കഞ്ചാവും MDMA യും വിൽപനക്കായി കൈമാറിയ മടവൂർ ചാലാംകോണം മണലുവട്ടം പുതുവൽ വിള പുത്തൻവീട്ടിൽ ഷെഹിൻഷായെ(20) അറസ്റ്റ് ചെയ്യുകയും ,ടിയാൻമാർ ലഹരി കടത്താനും വിതരണത്തിനും ഉപയോഗിച്ച KL 51 E 7439 നമ്പർ ബൈക്കും കസ്റ്റഡിയിൽ എടുത്തു.

ഷെഹിൻഷായുടെ കൂട്ടാളിയും സംഭവസ്ഥലത്തു നിന്നും. ഓടി പോയ അൻസീറിനെ പ്രതി ചേർത്തും കേസെടുത്തു .

കിളിമാനൂർ മേഖലയിലെ എഞ്ചിനീയറിംഗ് കോളേജ് അടക്കമുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കുംയുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന കിളിമാനൂർ കേന്ദ്രീകരിച്ചുളള സംഘത്തിലെ കണ്ണികൾ ആണ് അറസ്റ്റിലായ പ്രതികൾ.

എക്‌സൈസ് റെയ്ഡിൽ എക്‌സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഷൈജു .എസ്, അനിൽകുമാർ. പി സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെസീം.വൈ.ജെ., അഖിൽ.എ.എസ് ,സജിത്ത്.C എന്നിവർ പങ്കെടുത്തു.

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ല; പിടിച്ചെടുക്കാന്‍ നിര്‍ദേശം, കടുപ്പിച്ച്‌ ഹൈക്കോടതി

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ല; പിടിച്ചെടുക്കാന്‍ നിര്‍ദേശം, കടുപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ പൊതുനിരത്തില്‍ പാടില്ലെന്ന് ഹൈക്കോടതി.നിയമവിരുദ്ധ ലൈറ്റുകളോ ശബ്ദസംവിധാനങ്ങളോ ഉള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാം. നിയമവിരുദ്ധ നിറങ്ങളുള്ള വാഹനങ്ങളും പിടിച്ചെടുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

ഇത്തരം നിയമവിരുദ്ധമായ ശബ്ദസംവിധാനങ്ങളുള്ള വാഹനങ്ങള്‍ കൂടുതലായും വിദ്യാര്‍ത്ഥികളാണ് ആവശ്യപ്പെടുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അപ്പോള്‍ ഇത്തരം നിയമവിരുദ്ധമായ വാഹനങ്ങള്‍ ഇനി സ്‌കൂള്‍-കോളജ് ക്യാംപസില്‍ കയറ്റാന്‍ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ ഇത്തരം വാഹനങ്ങളില്‍ വിനോദയാത്ര പോകേണ്ടതില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി നിലപാട് കടുപ്പിച്ചത്. കോടതി വടക്കഞ്ചേരി അപകടത്തിന്റെ ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പരിശോധിക്കുകയും ചെയ്തു.

പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങളോട് ഒരു സൗമ്യതയും വേണ്ടെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. നിയമം ലംഘിക്കുന്ന ബസ്സുകളുടെ ഫിറ്റ്‌നസ് റദ്ദാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. ഇത്തരം വാഹനങ്ങളുടെ ഡ്രൈവറുടെ ലൈസന്‍സും ഉടനടി സസ്‌പെന്‍ഡ് ചെയ്യണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും പി ജി അജിത് കുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ആലത്തൂര്‍ ഡിവൈഎസ്പിയും ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും കോടതിയില്‍ ഹാജരായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിരത്തിലോടുന്ന വാഹനങ്ങളെക്കുറിച്ച്‌ പരാതി നല്‍കാന്‍ ഓരോ ജില്ലയിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് നമ്ബരുകള്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലും വാട്‌സാപ്പ് നമ്ബരുകള്‍ നല്‍കണം. ടൂറിസ്റ്റ് ബസുകള്‍, ട്രാവലറുകള്‍ തുടങ്ങിയവയുടെ യൂട്യൂബിലുള്ള പ്രമോ വീഡിയോകള്‍ പരിശോധിച്ചും നടപടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

പ്രേംനസീർ മെമ്മോറിയൽ റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു

പ്രേംനസീർ മെമ്മോറിയൽ റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു

കുന്തള്ളൂർ, പ്രേംനസീർ മെമ്മോറിയൽ റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമത്തോടനുബന്ധിച്ച് അവാർഡു വിതരണം സംഘടിപ്പിച്ചു. ചടങ്ങ് കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി ഉദ്ഘാടനം ചെയ്തു. പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജി.വേണുഗോപാലൻനായർ അദ്ധ്യക്ഷനായി. ചിറയിൻകീഴ് പോലീസ് എസ്.എച്ച്.ഒ. ജി.ബി. മുകേഷ് ഉന്നത വിജയികളായ കുട്ടികൾക്ക് അവാർഡുകൾ നൽകി.

കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. കിഴുവിലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ, ഗ്രാമപഞ്ചായത്ത് അംഗം പി. അനീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ചന്ദ്രാനനൻ സ്വാഗതവും
ജോയിന്റ് സെക്രട്ടറി ജി. സാജൻകുമാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടർ ജി.ബി. മുകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
മനോൻമണി, ഫ്ലവേഴ്സ് ചാനൽ ടോപ്പ് സിംഗർ സൂര്യമഹാദേവൻ, കേരള സർവ്വകലാശാല റാങ്ക് ജേതാവ് കുമാരി ശില്പ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

രാജുരാമകൃഷ്ണന്റെ കവിത സമാഹാരം ‘അമ്മയും അച്ഛനും അറിയുന്നതിന്’ പ്രകാശനം ചെയ്തു

രാജുരാമകൃഷ്ണന്റെ കവിത സമാഹാരം ‘അമ്മയും അച്ഛനും അറിയുന്നതിന്’ പ്രകാശനം ചെയ്തു

ആറ്റിങ്ങൽ വ്യാപാരഭവൻ ഹാളിൽ നടന്ന സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പുരോഗമന വിചാരവേദി സംസ്ഥാന സെക്രട്ടറി ഷിബു കോരാണി അദ്ധ്യക്ഷനായി. കവി രാധാകൃഷ്ണൻ കുന്നുംപുറം പുസ്തക പ്രകാശനം നിർവ്വഹിച്ചു. രാജുരാമകൃഷ്ണന്റെ മാതാവ് പി. ശാന്ത പുസ്തകം ഏറ്റുവാങ്ങി. പോക്സോ കോടതിസ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം.മുഹസ്സിൻ, കലാനികേതൻ കലാകേന്ദ്രം ഭരണസമിതി അംഗം സജിതൻ മുടപുരം, ചെയർമാൻ ഉദയൻ കലാനികേതൻ എന്നിവർ സംസാരിച്ചു. പ്രഭാത് ബുക്ക് ഹൗസാണ് പുസ്തകത്തിന്റെ പ്രസാധകർ. ചടങ്ങിൽ വിവിധരംഗങ്ങളിലെ പ്രതിഭകളെയും ഉന്നത വിജയികളെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. രാജുരാമകൃഷ്ണൻ നന്ദി പറഞ്ഞു.