ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കി

ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കി

ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കി. കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയുടെ പേരില്‍ സാമ്പത്തിക പിരിവ് നടത്തിയെന്ന് ഉള്‍പ്പടെ പരാതികളാണ് സന്ദീപിനെതിരെ ഉയര്‍ന്നത്. സംസ്ഥാന വക്താവ് എന്ന നിലയില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും യോഗം വിലയിരുത്തി. സന്ദീപിനെതിരായ പരാതികള്‍ മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് യോഗശേഷം നേതാക്കള്‍ പറഞ്ഞു. അതേസമയം, സന്ദീപ് വാര്യര്‍ ഭാരവാഹിയോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി. സന്ദീപ് ലക്ഷക്കണക്കിന് രൂപ തട്ടിച്ചെന്ന് പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികള്‍ ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

‘കരുത്തും കരുതലും’ എന്ന  വെൽനെസ് പ്രോഗ്രാമിന് തുടക്കമാകും

‘കരുത്തും കരുതലും’ എന്ന വെൽനെസ് പ്രോഗ്രാമിന് തുടക്കമാകും

തിരുവനന്തപുരം ഡയറ്റിലേയും ജില്ലയിലെ ഐ ടി ഐകളിലെയും അധ്യാപക വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് ഒക്ടോബർ 11 ന് രാവിലെ 10 മണിയ്ക്ക് ആറ്റിങ്ങൽ ഡയറ്റ് കോൺഫെറെൻസ് ഹാളിൽ ‘കരുത്തും കരുതലും’ എന്ന
വെൽനെസ് പ്രോഗ്രാമിന് തുടക്കം കുറിയ്ക്കും. നഗരസഭാ ചെയർപേഴ്സൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം ഡയറ്റ് ലക്ചറർ അജികുമാർ. ടി പദ്ധതി വിശദീകരണം നടത്തും. ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, തിരുവനന്തപുരം ഡയറ്റ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ടി.ആർ ഷീജാകുമാരി തുടങ്ങിയ വിശിഷ്ടാതിഥികൾ പങ്കെടുക്കും.

സൂര്യകുമാറും അര്‍ഷ്ദീപും തിളങ്ങി, സന്നാഹമത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം

സൂര്യകുമാറും അര്‍ഷ്ദീപും തിളങ്ങി, സന്നാഹമത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം

ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് വിജയം. 13 റണ്‍സിനാണ് ഇന്ത്യ വിജയം പിടിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സില്‍ അവസാനിച്ചു. 

മൂന്നോവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷ്ദീപ് സിങിന്റെ ബൗളിങാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും ഹര്‍ഷല്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി.  

59 റണ്‍സെടുത്ത സാം ഫന്നിങാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കായി തിളങ്ങിയത്. കമറോണ്‍ ബന്‍ക്രോഫ്റ്റ് 22 റണ്‍സും ഹാമിഷ് മക്കെന്‍സി 19 റണ്‍സും കണ്ടെത്തി. 

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവിന്റെ മികവിലാണ് മെച്ചപ്പെട്ട സ്‌കോര്‍ നേടിയത്. സൂര്യകുമാര്‍ യാദവ് 52 റണ്‍സെടുത്ത് പുറത്തായി. 35 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതമായിരുന്നു താരത്തിന്റെ ബാറ്റിങ്. 

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറില്‍ മൂന്നു റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയാണ് ആദ്യം പുറത്തായത്. ജേസണ്‍ ബെന്‍ഡോര്‍ഫിനായിരുന്നു വിക്കറ്റ്. 15 റണ്‍സായിരുന്നു അപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ ഇന്ത്യയ്ക്കുണ്ടായിരുന്നത്. അഞ്ചാം ഓവറില്‍ 22 റണ്‍സെടുത്ത ദീപക് ഹൂഡയെയും പുറത്താക്കി ബെന്‍ഡോര്‍ഫ് ഇന്ത്യയെ ഞെട്ടിച്ചു. തൊട്ടുപിന്നാലെ ഒന്‍പത് റണ്‍സെടുത്ത ഋഷഭ് പന്തും പുറത്തായി.

45 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ഹര്‍ദിക് പാണ്ഡ്യ- സൂര്യകുമാര്‍ യാദവ് സഖ്യമാണ് വന്‍ തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്. ഇന്ത്യന്‍ സ്‌കോര്‍ 94 ല്‍ നില്‍ക്കെ, 27 റണ്‍സെടുത്ത പാണ്ഡ്യയെ മാത്യു കെല്ലി പുറത്താക്കി. തുടര്‍ന്ന് ഒത്തുചേര്‍ന്ന ദിനേഷ് കാര്‍ത്തിക്- സൂര്യകുമാര്‍ സഖ്യമാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 129 റണ്‍സില്‍ നില്‍ക്കെ, 52 റണ്‍സെടുത്ത സൂര്യകുമാറും പുറത്തായി.

തുടര്‍ന്ന് കാര്‍ത്തിക് ഹര്‍ഷല്‍ പട്ടേലിന്റെ കൂട്ടുപിടിച്ച് സ്‌കോര്‍ 158ല്‍ എത്തിക്കുകയായിരുന്നു. ഇന്ത്യ വിരാട് കോഹ്ലിക്കും കെഎല്‍ രാഹുലിനും വിശ്രമം നല്‍കി. രോഹിതും ഋഷഭ് പന്തുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയത്. ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീം വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ രണ്ട് പരിശീലന മത്സരങ്ങളാണ് കളിക്കുന്നത്.

സംഗീത വസന്തം തീർത്ത നവരാത്രി പരിപാടി സമാപിച്ചു

സംഗീത വസന്തം തീർത്ത നവരാത്രി പരിപാടി സമാപിച്ചു

വെഞ്ഞാറമൂട്: നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ച് വെഞ്ഞാറമൂട് ജീവകല സംഘടിപ്പിച്ച “സ്വരങ്ങളേ പാടൂ “സംഗീത പരിപാടി സമാപിച്ചു. വിശ്രുത കർണാടക സംഗീതഞ്ജൻ കെ.ജെ ചക്രപാണി രാഗങ്ങളെയും ചലച്ചിത്ര ഗാനങ്ങളെയും കോർത്തിണക്കി അവതരിച്ച “കർണാടക സംഗീതവും സിനിമയും”ആസ്വാദകർക്ക് നവ്യാനുഭവമായിരുന്നു. ഡി കെ മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ജീവകലയുടെ ഉപഹാരം ചക്രപാണിക്ക് സമർപ്പിക്കുകയും ചെയ്തു.

ജീവകലയിലെ 16 വയലിൻ വിദ്യാർഥികളുടെ രംഗപ്രവേശവും ഇതോടൊപ്പം നടന്നു.
രണ്ടാം ദിനം പ്രശസ്ത വയലിനിസ്റ്റ് ആറ്റുകാൽ ബാലസുബ്രഹ്മണ്യൻ്റെ നേതൃത്വത്തിൽ വയലിൻ കച്ചേരിയും ജീവകലവയലിൻ അദ്ധ്യാപകൻ അരുൺ ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ 18 വയലിസ്റ്റുകൾ ചലച്ചിത്ര ഗാനങ്ങളിലൂടെ വയലിനിൽ ഫ്യൂഷൻ സംഗീതമൊരുക്കി. ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. നവംബർ 20നടക്കുന്ന ഹരിവരാസനം പരിപാടിയുടെ ലോഗോ പ്രകാശനവും നടന്നു. ജീവകല ഭാരവാഹികളായ വി.എസ് ബിജുകുമാർ, പി.മധു, കെ.ബിനുകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ബിവറേജസ് കോർപറേഷൻ സെക്യൂരിറ്റി ജീവനക്കാരുടെ സംസ്ഥാന സമ്മേളനം നടന്നു

ബിവറേജസ് കോർപറേഷൻ സെക്യൂരിറ്റി ജീവനക്കാരുടെ സംസ്ഥാന സമ്മേളനം നടന്നു

ബിവറേജസ് കോർപറേഷൻ സെക്യൂരിറ്റി ജീവനക്കാരുടെ സംസ്ഥാന സമ്മേളനം എറണാകുളം കെ. കെ ഇന്റർനാഷണൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഐ.എൻ.റ്റി. യൂ. സി ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. ബൈജു കൊട്ടാരക്കര അദ്ധ്യക്ഷത വഹിച്ചു.

ഓരോ രൂപമാറ്റത്തിനും 10,000 വീതം പിഴ: ആന്റണി രാജു

ഓരോ രൂപമാറ്റത്തിനും 10,000 വീതം പിഴ: ആന്റണി രാജു

തിരുവനന്തപുരം: ബസുകളുടെ നിയമലംഘനം നേരിടാന്‍ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വേഗപ്പൂട്ടില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക്‌ വാഹന ഉടമകള്‍ മാത്രമല്ല, അതിന് സഹായം ചെയ്യുന്ന ഡീലര്‍മാര്‍ക്കും വര്‍ക്ക് ഷോപ്പ് ഉടമകള്‍ക്കുമെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാനത്ത് പരിശോധനകള്‍ ശക്തമാക്കുമെന്നും നിയമവിരുദ്ധമായ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്നും ആന്റണി രാജു പറഞ്ഞു.

സംസ്ഥാനത്ത് 86 ആര്‍ടിഓഫീസുകളാണ് ഉള്ളത്. അവയുടെ പരിധിയില്‍ വരുന്ന ടൂറിസ്റ്റ് ബസ്, സ്വകാര്യ ബസുകളുടെ എണ്ണം നിശ്ചയിച്ചശേഷം ഓരോ ഓഫീസിന് കീഴിലും വരുന്ന ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിതബസുകളുടെ ചുമതല നല്‍കും. ബസുകളില്‍ ക്രമക്കേട് എന്തെങ്കിലും കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും. ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കും. കണ്ടെത്താന്‍ സംസ്ഥാനത്ത് എക്‌സൈസ് വകുപ്പിന്റെ സഹായത്തോടെ നാളെ മുതല്‍ പരിശോധന ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

കളര്‍ കോഡ് ലംഘിക്കുന്ന വാഹനം പിടിച്ചെടുക്കും. അനധികൃതരൂപമാറ്റം ഓരോ രൂപമാറ്റത്തിനും പതിനായിരം രൂപയായി വര്‍ധിപ്പിക്കും. അഡീഷണല്‍ ഹോണ്‍ ഫിറ്റ് ചെയ്താല്‍ ഓരോ രൂപമാറ്റത്തിനും പതിനായിരം രൂപ വിതം ഈടാക്കും. ജിപിഎസ് ഘടിപ്പിക്കാത്ത പൊതുവാഹനങ്ങളുടെ സിഎഫ് ക്യാന്‍സല്‍ചെയ്യും. എല്ലാ വാഹനങ്ങളിലും ജിപിഎസ് നിര്‍ബന്ധമാക്കും. അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സംസ്ഥാനത്ത് ഓടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് മോഡല്‍ കേരളത്തിലും വാഹനനികുതി അടച്ചുമാത്രമേ ഓടാന്‍ ആവുകയുള്ളു. വാഹനങ്ങളില്‍ രുപമാറ്റം വരുത്തുന്ന വർക്ക് ഷോപ്പ് ഉടമകൾക്കെതിരെയും ക്രിമിനൽ കേസ് എടുക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.