അമ്മയുടെ സ്വർണം മോഷ്ടിച്ച കേസിൽ മകളും ഭർത്താവും അറസ്റ്റിൽ

അമ്മയുടെ സ്വർണം മോഷ്ടിച്ച കേസിൽ മകളും ഭർത്താവും അറസ്റ്റിൽ

കോട്ടയം: അമ്മയുടെ സ്വർണം മോഷ്ടിച്ച കേസിൽ മകളും ഭർത്താവും അറസ്റ്റിൽ. തിരുവനന്തപുരം കരമന കുന്നിൻപുറം വീട്ടിൽ താമസിക്കുന്ന ഐശ്വര്യ (22), ഭർത്താവ് കിരൺരാജ് (26) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഓണാവധിക്ക് വീട്ടിൽ എത്തിയപ്പോൾ 10 പവൻ സ്വർണം കൈക്കലാക്കുകയായിരുന്നു. ഇളയ മകളുടെ വിവാഹത്തിനായി മാറ്റിവച്ചതായിരുന്നു സ്വർണം. ഐശ്വര്യയുടെ കുടുംബവീടായ പേരൂരിലെ വീട്ടിൽ ഓണാവധിക്കാലത്താണു മോഷണം നടന്നത്. ഐശ്വര്യ ഓണത്തിന് ഇവിടെ എത്തിയ അവസരത്തിൽ അമ്മ പാലക്കാട്ട് ജോലിക്കു പോയിരിക്കുകയായിരുന്നു. ഈ സമയത്ത് ഐശ്വര്യ സ്വർണവുമായി തിരുവനന്തപുരത്തേക്കു പോയി. അമ്മ തിരികെ എത്തിയപ്പോഴാണു സ്വർണം കാണാതായ വിവരം അറിയുന്നത്. തുടർന്ന് അമ്മ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സ്വർണം മോഷ്ടിച്ചത് ഐശ്വര്യയാണെന്ന് കണ്ടെത്തിയ പൊലീസ് കിരൺരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് മോഷണമുതൽ വീണ്ടെടുത്തു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇതിലെ 5 പവൻ മുക്കുപണ്ടമാണെന്നു വ്യക്തമായത്. മോഷ്ടിച്ച സമയത്തുണ്ടായിരുന്ന സ്വർണത്തിൽ നിന്ന് 5 പവൻ മാലയെടുത്തു പണയം വയ്ക്കുകയും പകരമായി ഇതേ തൂക്കത്തിൽ മുക്കുപണ്ടം വയ്ക്കുകയുമായിരുന്നു. അറസ്റ്റു ചെയ്ത
ഐശ്വര്യയേയും കിരൺരാജിനേയും ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് അലർട്ടുള്ളത്. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

വൈവിധ്യമായ പരിപാടികളോടെ ഇന്ന് നബിദിനം

വൈവിധ്യമായ പരിപാടികളോടെ ഇന്ന് നബിദിനം

മുഹമ്മദ് നബിയുടെ ജന്മദിനമായ നബി ദിനം ഇന്ന് വൈവിധ്യമായ പരിപാടികളോടെയാണ് മുസ്ലീം സമൂഹം നബി ദിനം ആഘോഷമാക്കുക. മഹൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പള്ളികളിൽ മൗലീദ് പാരായണ സദസ്സുകളും അന്നദാനവും നടക്കും. മദ്രസ വിദ്യാർഥികളുടെ നബിദിന റാലികളും കലാപരിപാടികളും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നബിദിന സമ്മേളനങ്ങളും സംഘടിപ്പിക്കും.

പ്രവാചകൻ പിറന്ന മാസമായ റബീഉൽ അവ്വലിന്റെ തുടക്കം മുതൽ മസ്ജിദുകളിലും സ്ഥാപനങ്ങളിലും മൗലീദ് സദസ്സുകൾ തുടങ്ങിയിരുന്നു. കോവിഡ് പ്രതിസന്ധിയെത്തുടർന്നു കഴിഞ്ഞ രണ്ടു വർഷം നബിദിനം വിപുലമായി ആഘോഷിച്ചിരുന്നില്ല. ഇന്ന് പുലർച്ചെ മസ്ജിദുകളിൽ പ്രവാചക പ്രകീർത്തന സദസ്സുകൾ നടക്കും. മദ്രസ വിദ്യാർത്ഥികളും ബഹുജനങ്ങളും പങ്കെടുക്കുന്ന ഘോഷയാത്രകൾ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്. മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ മത സൗഹാർദ സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ദഫ്മുട്ട് ഉൾപ്പടെയുള്ള മാപ്പിള കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. വർണ്ണക്കൊടികളേന്തി പരമ്പരാ​ഗത മുസ്ലീം വേഷമണിഞ്ഞാകും മദ്രസ വിദ്യാർത്ഥികൾ ഘോഷയാത്രയിൽ പങ്കെടുക്കുക.

ലക്സ്, ലൈഫ്ബോയ്, ഡവ് സോപ്പുകളുടെ വില കുറയും; ഹിന്ദുസ്ഥാൻ യുണിലിവർ

ലക്സ്, ലൈഫ്ബോയ്, ഡവ് സോപ്പുകളുടെ വില കുറയും; ഹിന്ദുസ്ഥാൻ യുണിലിവർ

ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) കമ്പനികളിലൊന്നായ ഹിന്ദുസ്ഥാൻ യുണിലിവർ, സോപ്പുകളുടെയും ഡിറ്റർജന്റുകളുടെയും വില കുറച്ചു. മുൻനിരയിലുള്ള സോപ്പുകളുടെ വില രണ്ട് മുതൽ പത്തൊൻപത് ശതമാനം വരെ കുറച്ചതായി കമ്പനിയുടെ വിതരണക്കാർ അറിയിച്ചു. രണ്ട് വർഷത്തിന് ശേഷമാണ് ഹിന്ദുസ്ഥാൻ യുണിലിവർ വില കുറയ്ക്കാൻ തയ്യാറായത്. കഴിഞ്ഞ വർഷങ്ങളിൽ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ കുത്തനെ വർദ്ധനവിനെത്തുടർന്ന് കമ്പനി തങ്ങളുടെ ഉത്പന്നങ്ങളുടെ വില ഉയർത്തിയിരുന്നു.

അസംസ്‌കൃത വസ്തുക്കളുടെ വില ജൂണിൽ ഏറ്റവും ഉയർന്ന നിരക്കിൽ ആയിരുന്നു ഉണ്ടായിരുന്നത്. അടുത്തിടെയാണ് അസംസ്‌കൃത വസ്തുക്കളുടെ വില കുറയാൻ തുടങ്ങിയത്. കഴിഞ്ഞ നാല് പാദങ്ങളിൽ, എഫ്എംസിജി കമ്പനികൾ 8 മുതൽ 15 ശതമാനം വിലവർദ്ധന വരുത്തിയതായി വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം വില കുറയ്ക്കുമ്പോഴും ഒരു വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഉൽപ്പന്ന വില ഉയർന്നു തന്നെയാണ് തുടരുന്നത്. സർഫ് എക്സൽ 500 മില്ലി ലിക്വിഡ് പായ്ക്കിന് വില 115 രൂപയിൽ നിന്നും 112 രൂപയായി. റിൻ ഡിറ്റർജന്റ് പൗഡർ വില 103 രൂപയിൽ നിന്ന് 99 രൂപയായി. 125 ഗ്രാം വരുന്ന നാല് ലൈഫ്ബോയ് സോപ്പിന്റെ വില 140 രൂപയിൽ നിന്ന് 132 രൂപയായി കുറഞ്ഞു. 50 ഗ്രാം ഡവ് സോപ്പിന്റെ വില 27 രൂപ രൂപയിൽ നിന്നും 22 രൂപയായി കുറഞ്ഞു. അതേസമയം, ലക്സ് സോപ്പിന്റെ തൂക്കം 100 ഗ്രാം കൂട്ടി. വിലയും അതിനനുസരിച്ച് കൂട്ടി. എന്നാൽ ഫലത്തിൽ വില 10.86 ശതമാനം കുറഞ്ഞു. വില കുറച്ചത് വിപണിയിൽ പ്രതിഫലിക്കാൻ സമയമെടുക്കും. കുറഞ്ഞ വിലയുള്ള ഉൽപ്പന്നങ്ങൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ വിപണിയിലെത്തും എത്തുമെന്ന് കമ്പനി അറിയിച്ചു. വിപണിയിൽ ഹിന്ദുസ്ഥാൻ യുണിലിവറുമായി കനത്ത മത്സരം നടത്തുന്ന ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ആണ് ആദ്യം ഉത്പന്നങ്ങളുടെ വില കുറച്ചത്.

അമിത നിരക്ക്; റാപ്പിഡോ, ഊബര്‍, ഓല സർവീസുകൾ ഉടൻ നിർത്തണമെന്ന് കർണാടക

അമിത നിരക്ക്; റാപ്പിഡോ, ഊബര്‍, ഓല സർവീസുകൾ ഉടൻ നിർത്തണമെന്ന് കർണാടക

ബാംഗ്ലൂർ: റാപ്പിഡോ, ഊബര്‍, ഓല കമ്പനികളുടെ ഓട്ടോറിക്ഷ സര്‍വീസ് നിര്‍ത്തലാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. അമിത നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് നിരന്തരമായി യാത്രക്കാർ പരാതി ഉയർത്തുന്നതിനെത്തുടർന്നാണ് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അടുത്ത രണ്ട് ദിവസത്തിനുള്ള സർവീസുകൾ നിർത്തണമെന്നാണ് നിർദേശം. ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപയും അധിക കിലോമീറ്ററുകള്‍ക്ക് 15 രൂപയും എന്ന നിലയിലാണ് നഗരത്തിലെ സാധാരണ ഓട്ടോറിക്ഷ നിരക്ക്. എന്നാല്‍ ഊബര്‍, ഓല, റാപ്പിഡോ കമ്പനികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് സര്‍വീസിന് ഈടാക്കുന്നത്. കിലോമീറ്ററിന് പോലും 100 രൂപയില്‍ അധികം തുക ഈടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. തിരക്കുള്ള സമയങ്ങളില്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്തുകയും ചെയ്യും.

ബാംഗ്ലൂരിലെ തങ്ങളുടെ സര്‍വീസുകള്‍ നിയമവിരുദ്ധമല്ലെന്നും നോട്ടിസിന് മറുപടി നല്‍കുമെന്നും റാപ്പിഡോ അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഊബറും ഒലയും നോട്ടീസിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

കാർ ഡ്രിഫ്റ്റ് ചെയ്ത് മമ്മൂട്ടി; വൈറലായി റോഷാക് വീഡിയോ

കാർ ഡ്രിഫ്റ്റ് ചെയ്ത് മമ്മൂട്ടി; വൈറലായി റോഷാക് വീഡിയോ

മമ്മൂട്ടി നായകനായി എത്തുന്ന റോഷാക്ക് കഴിഞ്ഞ ദിവസമാണ് റിലീസിന് എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ എത്തുന്നത്. റിലീസിനു മുൻപു തന്നെ ചിത്രത്തിന്റെ താരത്തിന്റെ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോൾ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ചിത്രത്തിലെ ഒരു ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

മമ്മൂട്ടിയുടെ കഥാപാത്രം കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന രംഗത്തിന്‍റെ ചിത്രീകരിക്കുന്നതാണ് വീ ഡിയോയിൽ. ഡ്യൂപ്പ് ഒന്നുമില്ലാതെ മമ്മൂട്ടി തന്നെയാണ് കാർ ഡ്രിഫ്റ്റ് ചെയ്തിരിക്കുന്നത്. സിംഗിള്‍ ടേക്കില്‍ ഷോട്ട് ഓകെയാക്കിയ മമ്മൂട്ടിക്ക് കൈയടി നല്‍കുന്ന അണിയറപ്രവര്‍ത്തകരെയും വീഡിയോയില്‍ കാണാം. ചിത്രത്തിൽ കാറിന് ഏറെ പ്രാധാന്യമുണ്ട്. ട്രെയിലറിലും പോസ്റ്ററിലും മമ്മൂട്ടിക്കൊപ്പം തന്നെ കാറും സ്ഥാനം പിടിച്ചിരുന്നു. ഫോര്‍ഡിന്‍റെ മസ്ടാങ് എന്ന മോഡല്‍ കാറാണ് ചിത്രത്തിലുള്ളത്. ഡ്രൈവിങ്ങിൽ വലിയ താല്‍പര്യമുള്ള നടനാണ് മമ്മൂട്ടി. താരത്തിന്റെ ​ഗാരേജിൽ ലക്ഷ്വറി കാറുകളുടെ നീണ്ട നിരതന്നെയുണ്ട്.

കെട്ട്യോളാണെന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന റോഷാക്ക് ഇതിനോടകം മികച്ച പ്രതികരണമാണ് നേടുന്നത്. മമ്മൂട്ടി കമ്പനി എന്ന പുതിയ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമാണിത്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.