കല്ലറ തച്ചോണം ശ്രീ ഭദ്രാദേവി ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കാൻ നിരവധി കുരുന്നുകളെത്തി

കല്ലറ തച്ചോണം ശ്രീ ഭദ്രാദേവി ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കാൻ നിരവധി കുരുന്നുകളെത്തി

കല്ലറ തച്ചോണം ശ്രീ ഭദ്രാദേവി ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കാനുള്ള വിജയദശമി ദിനമായ ഇന്ന് നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കറിച്ചത്. വർക്കല പനയറ എസ് എൻ വി എച്ച് എസ് എസിലെ ഹെഡ്മാസ്റ്റർ എസ്.എസ്.ഷാജി കുട്ടികൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകി. രാവിലെ 7.30 മുതൽ എഴുത്തിനിരുത്തൽ ചടങ്ങാരംഭിച്ചു. 50 ൽ പരം കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. കുട്ടികൾക്ക് പഠനോപകരണ കിറ്റുകളും മധുരവും നൽകിയാണ് വിദ്യാരംഭ ആഘോഷങ്ങൾ നടന്നത്. കുട്ടികൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ എസ്.എസ്.ഷാജി യെ ക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചു ആദരിച്ചു.

മൂന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യയെ 49 റണ്‍സിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

മൂന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യയെ 49 റണ്‍സിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

ഇന്‍ഡോര്‍: മൂന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യയെ 49 റണ്‍സിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് ഓള്‍ഔട്ടായി. 49 റണ്‍സിനായിരുന്നു പരാജയം. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു (2-1).

പരമ്പര നേടിയതിനാല്‍ ഇന്ത്യ വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഇല്ലാതെയാണ് മത്സരത്തിനിറങ്ങിയത്. ശ്രേയസ് അയ്യര്‍, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (0) നഷ്ടമായി. കാഗിസോ റബാദയ്ക്കായിരുന്നു വിക്കറ്റ്. രണ്ടാം ഓവറില്‍ ശ്രേയസ് അയ്യരും (1) മടങ്ങി. ഋഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് സ്‌കോര്‍ 45ലെത്തിച്ചു. അഞ്ചാം ഓവറില്‍ പന്തിനെ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി. 14 പന്തില്‍ നിന്ന് 27 റണ്‍സാണ് താരം നേടിയത്. മറുഭാ​ഗത്ത് ദിനേശ് കാര്‍ത്തിക്ക് തകര്‍ത്തടിച്ചു. നാല് സിക്സും നാല് ഫോറും സഹിതം 21 പന്തില്‍ നിന്ന് 46 റണ്‍സ് താരം നേടി. സൂര്യകുമാര്‍ യാദവ് എട്ട് റൺസ് മാത്രം നേടി മടങ്ങി. ദീപക് ചാഹര്‍ 17 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 31 റണ്‍സ് ചേർത്തു. പട്ടേല്‍ (17), അക്ഷര്‍ പട്ടേല്‍ (9), ആര്‍. അശ്വിന്‍ (2), മുഹമ്മദ് സിറാജ് (5) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. 17 പന്തില്‍ നിന്ന് 20 റണ്‍സുമായി ഉമേഷ് യാദവ് പുറത്താകാതെ നിന്നു.

നേരത്തെ സെഞ്ചുറി നേടിയ റൈലി റൂസോയുടെയും അര്‍ധ സെഞ്ചുറി നേടിയ ക്വിന്റണ്‍ ഡിക്കോക്കിന്റെയും തകർപ്പൻ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്. 48 പന്തില്‍ നിന്ന് എട്ടു സിക്‌സും ഏഴ് ഫോറുമടക്കം റൂസോ 100 റണ്‍സോടെ പുറത്താകാതെ നിന്നു.

അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി സേവന വികാസ് കേന്ദ്ര വയോജന സൗഹൃദ മാസാചരണത്തിന്റെ പദ്ധതി രൂപരേഖ പ്രകാശനം ചെയ്തു

അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി സേവന വികാസ് കേന്ദ്ര വയോജന സൗഹൃദ മാസാചരണത്തിന്റെ പദ്ധതി രൂപരേഖ പ്രകാശനം ചെയ്തു

ഒക്ടോബർ ഒന്ന് അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സേവന വികാസ് കേന്ദ്ര വയോജന സൗഹൃദ മാസാചരണത്തിന്റെ പദ്ധതി രൂപരേഖ പ്രകാശനം ചെയ്തു. ഒരുമാസം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ വയോജനങ്ങൾ സംരക്ഷിക്കപ്പെടേണ്ടത്തിന്റെ ആവശ്യകത യുവതലമുറയെ ബോധ്യപ്പെടുത്തുന്നതിന് തക്ക രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സി. ജയശ്രീ പദ്ധതി രൂപരേഖ പ്രകാശനം ചെയ്തു.

വയോജന സൗഹൃദ സദസ്സ്, വയോജന കായികമേള, വയോജന ജാഗ്രതാസമിതി, ട്രസ്റ്റ് മാനേജ്മെന്റ്, കൗൺസിലിംഗ്, മെഡിക്കൽ ക്യാമ്പ്, നിയമ സഹായ കേന്ദ്രം, വയോജന സൗഹൃദ ഭവനം എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ യുവ തലമുറയ്ക്കായി സെമിനാറുകൾ, ചിത്രരചന ക്യാമ്പ്, ലേഖനം, ഉപന്യാസരചന ക്യാമ്പ്
വയോജനങ്ങളുടെ സഹകരണത്തോടെ കുട്ടികളുടെ ഇടയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി, ജാഗ്രത സമിതി രൂപീകരണം എന്നിവയും സംഘടിപ്പിച്ചു.
ബ്ലോക്ക് മെമ്പർമാരായ മണികണ്ഠൻ, മോഹനൻ, ശ്രീകല, നന്ദു രാജ് എന്നിവരും സേവന വികാസ് കേന്ദ്ര പ്രതിനിധികളായിയ ബി. എസ് ശ്യാംകുമാർ, സിന്ധു. ബി. റ്റി, ശ്രീരാഗ്. ജി എസ്, റിനു എന്നിവരും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വച്ച് നടത്തിയ പരിപാടിയിൽ പങ്കെടുത്തു.

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാമ്പഴ മോഷണം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാമ്പഴ മോഷണം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ഇടുക്കി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സിപിഒ ഷിഹാബ് വി പിയെ ആണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് നടപടിയെടുത്തത്.

പൊലീസുകാരന്റെ നടപടി സേനയ്ക്ക് തന്നെ അപമാനകരമാണെന്നും, ഒരിക്കലും ഒരു പൊലീസുകാരനില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായിരിക്കുന്നതെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഷിഹാബിനു വേണ്ടി കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ മാസം 30ന് പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയിലാണ് മോഷണം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഷിഹാബ് പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മോഷണം നടത്തിയത് പൊലീസുകാരനാണ് എന്ന് തിരിച്ചറിഞ്ഞത്.

കടലിൽ കാണാതായവരെ കണ്ടെത്തി

കടലിൽ കാണാതായവരെ കണ്ടെത്തി

തിരുവനന്തപുരം: കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ പൂന്തുറ സ്വദേശികളായ രണ്ടു പേരെ കന്യാകുമാരിയിൽ നിന്ന് കണ്ടെത്തിയതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. പൂന്തുറ സ്വദേശികളായ ക്ലീറ്റസ്, ചാർലി എന്നിവരെയാണ് കണ്ടെത്തിയത്. കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന ഫിഷിംഗ് ബോട്ടുകാരാണ് ഇവരേയും വള്ളത്തേയും കന്യാകുമാരിയിൽ എത്തിച്ചത്. തുടർന്ന് ഇവരെ വാഹനമാർഗം നാട്ടിലേക്ക് യാത്രയാക്കി.

കടലിൽ കാണാതായവരെ കണ്ടെത്തി

വിഴിഞ്ഞത്ത് നിന്നും കടലിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികളെ വള്ളമടക്കം കാണ്മാനില്ല

വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളെ കാണാതായി. പൂന്തുറ സ്വദേശികളായ ക്ലീറ്റസ്, ചാർളി എന്നിവരെയാണ് കാണാതായത്.

വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളെ കാണാതായി. പൂന്തുറ സ്വദേശികളായ ക്ലീറ്റസ്, ചാർളി എന്നിവരെയാണ് കാണാതായത്. പൂന്തുറ സ്വദേശിയായ ജെയ്സൻ്റെ വള്ളത്തിലാണ് നാലുപേരടങ്ങിയ സംഘം ഞായറാഴ്ച വൈകുന്നേരത്തോടെ മത്സ്യബന്ധനടത്തിനായ് പുറപ്പെട്ടത്. ക്ലീറ്റസ്, ചാർളി, ബർക്കുമാൻസ്, രാജേഷ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.

ഉൾക്കടലിൽ എത്തിയ ഇവർ മത്സ്യബന്ധനം നടത്തി പുലർച്ചെ അഞ്ച് മണിക്ക് തിരികെ വരാൻ ശ്രമിക്കവേ രണ്ട് എഞ്ചിനും പ്രവർത്തനരഹിതമാവുകയായിരുന്നു. തുടർന്ന് അടുത്തു കണ്ട മറ്റൊരു വള്ളക്കാരോട് സഹായം അഭ്യർത്ഥിക്കുകയും അവർ രണ്ട് പേരെ കരയ്ക്കെത്തിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇവർ കരയ്ക്കെത്തിയ ഉടൻ ബാക്കിയുള്ളവരേയും വള്ളത്തേയും കൊണ്ട് പോകാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കി ഉടനെ തിരിച്ചു വരാം എന്ന ധാരണയിലാണ് കാണാതായ രണ്ട് പേർ ആ വള്ളത്തിൽ തന്നെ തുടർന്നത്.

കരയ്ക്കെത്തിയവർ പ്രവർത്തിക്കുന്ന എഞ്ചിനുമായി ഇവരെ തേടി പോയെങ്കിലും ജി പി എസിൽ മാർക്ക് ചെയ്ത സ്ഥലത്ത് ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല തുടർന്ന് ചുറ്റുപാടും അന്വേഷിച്ചെങ്കിലും ഭലമുണ്ടായില്ല.

നിലവിൽ, മറ്റ് നാല് വള്ളങ്ങൾ ഉപയോഗിച്ച് കാണാതായ വള്ളത്തിന്റെ ഉടമസ്ഥൻ ജയ്സൻ്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി വരികയാണ്. കൂടാതെ കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും തിരച്ചിൽ നടത്തുന്നു. ഇന്ന് നാവിക സേനയുടെ ഹെലികോപ്റ്റർ തെരച്ചിലിനായി എത്തുമെന്നുള്ള സൂചനയും ലഭിക്കുന്നുണ്ട്.