യുവാവ് തൂങ്ങിമരിച്ച നിലയില്‍; ഫേസ്ബുക്കിൽ ലൈവ് കൊടുത്തശേഷം ആത്മഹത്യയെന്ന് സൂചന

യുവാവ് തൂങ്ങിമരിച്ച നിലയില്‍; ഫേസ്ബുക്കിൽ ലൈവ് കൊടുത്തശേഷം ആത്മഹത്യയെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തനിലയില്‍. കോട്ടയം സ്വദേശിയായ യുവാവാണ് രണ്ട് ദിവസം മുമ്പ് വെമ്പായത്ത് തൂങ്ങിമരിച്ചത്. ഇയാളെ കാണാനിനില്ലെന്ന് ബന്ധുക്കൾ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. തിരുവനന്തപുരം വെമ്പായത്തെ പിരപ്പൻകോട് ഇന്‍റര്‍നാഷണല്‍ നീന്തൽ സമുച്ചയത്തിന് സമീപത്തെ റബർ തോട്ടത്തിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം പുത്തെറ്റ് സ്വദേശി കൊല്ലാടിൽ ജെയിംസ് വർഗീസാണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

തിരുവനന്തപുരത്തേക്ക് ജോലിക്ക് പോയ ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ പ്ലാസ്റ്റിക് കയറിൽ തൂങ്ങിനിൽക്കുന്ന മൃതദേഹം കണ്ടത്. ഇതിന് സമീപത്തായി ഒരു മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഓൺ ചെയ്ത് ഫേസ്ബുക്കിൽ ലൈവ് കൊടുത്തതിന് ശേഷമാണ് ആത്മഹത്യ ചെയ്തത് എന്നാണ് നിഗമനം. തൂങ്ങിക്കിടന്ന മൃതദേഹത്തിന് അഭിമുഖമായി വച്ചിരുന്ന മൊബൈൽ പൊലീസ് കണ്ടെടുത്ത് പരിശോധിച്ചു വരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇയാൾ റോഡരികിൽ കാർ പാർക്ക് ചെയ്തതിനുശേഷം ഡോർ തുറന്ന് പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. 33 കാരനായ ജെയിംസിന് ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് സൂചനയുണ്ട്. വെഞ്ഞാറമൂട് പോലീസ് നടപടികൾ ആരംഭിച്ചു.

ഡോ. ബി ആർ അംബേദ്കർ പഠന പദ്ധതിയുടെ ഭാഗമായി  പി. എസ്. സി പരീക്ഷ  പരിശീലനത്തിന്റെ രണ്ടാംഘട്ട ബാച്ച് പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഡോ. ബി ആർ അംബേദ്കർ പഠന പദ്ധതിയുടെ ഭാഗമായി പി. എസ്. സി പരീക്ഷ പരിശീലനത്തിന്റെ രണ്ടാംഘട്ട ബാച്ച് പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

കേരള പുലയർ മഹാസഭ ചിറയിൻകീഴ് യൂണിയന് കീഴിൽ എസ്. സി, എസ്. ടി ഉദ്യോഗാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ പരിശീലനം നൽകുന്നതിന് വേണ്ടി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഡോ. ബി ആർ അംബേദ്കർ പഠന പദ്ധതിയുടെ ഭാഗമായി
പി. എസ്. സി പരീക്ഷ പരിശീലനത്തിന്റെ രണ്ടാംഘട്ട ബാച്ച് പഠന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം കെപിഎംഎസ് യൂണിയൻ സെക്രട്ടറിയും ഡോ. ബി. ആർ അംബേദ്കർ പഠനകേന്ദ്രം ചെയർമാനുമായ ശാന്തശീലൻ കാട്ടുംപുറം ഉദ്ഘാടനം ചെയ്തു.

ഉദ്യോഗാർത്ഥികൾക്കായി ആരംഭിച്ചിരിക്കുന്ന ഈ പഠനപ്രവർത്തനങ്ങൾക്ക്
ഡോ. ബി ആർ അംബേദ്കർ പഠനകേന്ദ്രം നേതൃത്വം നൽകുന്നു. യൂണിയൻ അസി. സെക്രട്ടറി സുനിത ശാസ്തവട്ടം സ്വാഗതവും കെ.പി. എം. എസ് യൂണിയൻ പ്രസിഡന്റ് പമ്മംകോട് സന്തോഷ്, ട്രഷറർ പ്രസാദ് മേവർക്കൽ, റിട്ട. ഉദ്യോഗസ്ഥൻ സുദർശനൻ എന്നിവർ പദ്ധതിക്ക് ആശംസകൾ നേർന്നു. തുടർന്ന് നടന്ന പി. എസ്‌. സി ക്ലാസ് പദ്ധതിയുടെ കോഡിനേറ്റർ ഷിബു ശാസ്തവട്ടം നേതൃത്വം നൽകി. ചിറയിൻകീഴ് താലൂക്ക് യൂണിയൻ പരിധിയിൽ വരുന്ന എസ് സി/ എസ് ടി വിദ്യാർഥികൾക്ക് ഈ പദ്ധതിയിൽ ചേർന്ന് പഠിക്കാവുന്നതാണ് .

ആലംകോട് മുസ്ലിം ജമാഅത്ത് മദ്രസ മീലാദ് ഫെസ്റ്റ് 2022 സംഘടിപ്പിച്ചു

ആലംകോട് മുസ്ലിം ജമാഅത്ത് മദ്രസ മീലാദ് ഫെസ്റ്റ് 2022 സംഘടിപ്പിച്ചു

ആലംകോട് മുസ്ലിം ജമാഅത്ത് മദ്രസ മീലാദ് ഫെസ്റ്റ് 2022, പ്രസിഡന്റ്‌ ജനാബ് നിജാസ്
ഉദ്ഘാടനം ചെയ്തു. സദർ ഉസ്താദ് ഹുസൈൻ ജൗഹരി അധ്യക്ഷൻ ആയ ചടങ്ങിൽ സെക്രട്ടറി ജനാബ് സക്കീർ സ്വാഗതം ആശംസിച്ചു. ട്രഷറർ ജനാബ് നാസർ, ഹിഫ്സ്‌ പ്രിൻസിപ്പൽ അബ്ദുള്ള നഈമി എന്നിവർ ആശംസ അറിയിച്ചു.

ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ വൻ ലഹരി കടത്ത് നടത്തിയ സംഭവത്തില്‍ മലയാളി അറസ്റ്റില്‍

ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ വൻ ലഹരി കടത്ത് നടത്തിയ സംഭവത്തില്‍ മലയാളി അറസ്റ്റില്‍

മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ വൻ ലഹരി കടത്ത് നടത്തിയ സംഭവത്തില്‍ മലയാളി അറസ്റ്റില്‍. 1476 കോടിയുടെ മെത്തും കൊക്കെയ്‌നും മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയ കേസിലാണ് മലയാളിയായ വിജിന്‍ വര്‍ഗീസിനെ ഡിആര്‍ഐ അറസ്റ്റു ചെയ്തത്. എറണാകുളം കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്‌സ് മാനേജിങ് ഡയറക്ടര്‍ ആണ് വിജിന്‍ വര്‍ഗീസ്. ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയത്. 198 കിലോ മെത്തും ഒന്‍പതു കിലോ കൊക്കെയ്‌നും അടക്കമുള്ള ലഹരിവസ്തുക്കളാണ് മുംബൈയില്‍ പിടിച്ചെടുത്തത്. കഴിഞ്ഞമാസം 30 നാണ് പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച ലഹരിയുമായി എത്തിയ ട്രക്ക് പിടിയിലാകുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്നായിരുന്നു രേഖകളില്‍ ഉണ്ടായിരുന്നത്. വിജിന്‍ ഉടമയായ കമ്പനിയുടെ പേരിലാണ് ഇവ എത്തിയിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ട്രക്ക് പിടിയിലാകുന്നത്. എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളും ട്രക്കിലുണ്ടായിരുന്നു. സംഭവത്തില്‍ വിജിനെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിജിന്റെ കൂട്ടാളി മന്‍സൂര്‍ തച്ചാംപറമ്പിലിനെ ഡിആര്‍ഐ തിരയുന്നു. മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്ട് ഉടമയാണ് മന്‍സൂര്‍. ഇടപാടില്‍ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമാണെന്ന് ഡിആര്‍ഐ പറയുന്നു. എന്നാല്‍ ലഹരിക്കടത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ചോദ്യം ചെയ്യലില്‍ വിജിന്‍ വര്‍ഗീസ് ഡിആര്‍ഐയോട് പറഞ്ഞത്.

തന്നോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു സ്ഥാപന ഉടമയായ മന്‍സൂര്‍ ആണ് ഓറഞ്ച് ഇറക്കുമതിയെക്കുറിച്ച് പറഞ്ഞതെന്നും, ഇടപാടുകളെല്ലാം നടത്തിയത് മന്‍സൂര്‍ ആണെന്നുമാണ് വിജിന്‍ പറയുന്നത്. കോവിഡ് കാലത്താണ് വിജിന്‍ മന്‍സൂറുമായി ബന്ധപ്പെടുന്നത്. കോവിഡ് കാലത്ത് ഇരുവരും ചേര്‍ന്ന് മാസ്‌കുകള്‍ ദുബായിലേക്ക് കയറ്റി അയച്ചിരുന്നു. ഇതിന്റെ മറവിലും ലഹരി കടത്തു നടത്തിയിട്ടുണ്ടോയെന്നും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്.

സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു

സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു

ഡല്‍ഹി: സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റാ ഹെലികോപ്ടറാണ് തകര്‍ന്നത്. അരുണാചല്‍ പ്രദേശിലെ തവാങ് മേഖലയിലാണ് അപകടമുണ്ടായത്. പൈലറ്റായ ലെഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവ് ആണ് മരിച്ചത്. സഹപൈലറ്റ് ഗുരുതരമായ പരിക്കുകളോടെ മിലിട്ടറി ആശുപത്രിയില്‍ ചികിത്സയിലാണ്.
പതിവ് പറക്കലിനിടെ രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു.

തെങ്ങുംവിള ക്ഷേത്രത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

തെങ്ങുംവിള ക്ഷേത്രത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

മുടപുരം: വിജയദശമി ദിനത്തിൽ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ഭക്തി നിർഭരമായ വിദ്യാരംഭ ചടങ്ങുകൾ രാവിലെ ആരംഭിച്ചു. കണ്ണൂർ ഗവ.ആയുർവേദ കോളേജ് സൂപ്രണ്ട് ഡോ.ഗോപകുമാർ, കവി രാധാകൃഷ്ണൻ കുന്നുംപുറം എന്നിവരാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചത് . കുട്ടികളുടെ രക്ഷകർത്താക്കൾ മേൽശാന്തിയിൽ നിന്നും പൂജിച്ച തട്ടം ഏറ്റുവാങ്ങി സരസ്വതി മണ്ഡപത്തിൽ വച്ച് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു. ധാരാളം കുട്ടികൾ വിദ്യാരംഭ ചടങ്ങുകൾക്ക് എത്തിയിരുന്നു. കഴിഞ്ഞ മാസം 26 ന് ക്ഷേത്രത്തിൽ ആരംഭിച്ച നവരാത്രി മഹോത്സവത്തിന്റെ സമാപന ദിവസമായിരുന്നു ഇന്ന്.