കനത്ത മഴയിൽ റോഡ് തകർന്ന് പൊൻമുടി പൂർണ്ണമായും ഒറ്റപ്പെട്ടു

തിരുവനന്തപുരം: പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്‍മുടി പൂർണ്ണമായും ഒറ്റപ്പെട്ടു.
12 – മത്തെ വളവിൽ റോഡ് പൂർണമായി തകർന്നു. നേരത്തെ ഇടിഞ്ഞതിന്‍റെ  ബാക്കിയുള്ള റോഡാണ് ഇടിഞ്ഞ് വീണത്. 12 മത്തെ വളവിന് മുകളിലേക്ക് വാഹനങ്ങൾക്ക് കടന്നു പോകാനാവില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത മഴയിലാണ് റോഡ് പൂർണമായി തകർന്നത്. ലയങ്ങളിലെ തൊഴിലാളികളെയും കെടിഡിസി ജീവനക്കാരെയും മാറ്റാൻ ശ്രമം തുടരുന്നു.

യു എസിൽ  ഇയാൻ കൊടുങ്കാറ്റ്

യു എസിൽ ഇയാൻ കൊടുങ്കാറ്റ്

യു എസിൽ അടിച്ച ഇയാൻ കൊടുങ്കാറ്റിനെ തുടർന്ന് മരണം 77 ആയി. അമേരിക്കയുടെ ചരിത്രത്തിൽ ഉണ്ടായ വലിയ ദുരന്തങ്ങളിലൊന്നായി കൊടുങ്കാറ്റ് മാറിയിരിക്കുകയാണിപ്പോൾ. സൗത്ത് കാരലൈനയിലും ഫ്ളോറിഡയിലുമായാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്.

ന്യൂയോർക്ക്, ന്യൂജേഴ്‌സി, വാഷിംഗ്ടൺ ഡിസി എന്നിവിടങ്ങളിലേക്കാണ് ഇപ്പോൾ കൊടുങ്കാറ്റ് ദിശമാറി സഞ്ചരിക്കുന്നത്. ഫ്‌ളോറിഡയിൽ മാത്രമായി 73 പേർ മരിച്ചെന്നാണ് പുറത്ത് വരുന്ന കണക്ക്. ബുധനാഴ്ച അമേരിക്കൻ പ്രസിഡന്റ ജോ ബൈഡൻ ഫ്ലോറിഡ സന്ദർശിക്കും. മണിക്കൂറിൽ 241 കി.മീ വേഗതയിലാണ് ഇയാൻ കൊടുങ്കാറ്റ് വീശി അടിച്ചിരുന്നത്.

വൃദ്ധ ദമ്പതികളെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ ചികിൽസയിലായിരുന്ന പ്രതിയും മരിച്ചു

വൃദ്ധ ദമ്പതികളെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ ചികിൽസയിലായിരുന്ന പ്രതിയും മരിച്ചു

കിളിമാനൂർ: മടവൂരിൽ വൃദ്ധ ദമ്പതികളെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ ചികിൽസയിലായിരുന്ന പ്രതിയും മരിച്ചു. പനപ്പാംകുന്ന് അജിത്ത് ഭവനിൽ ശശിധരൻ നായർ (75) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഈ മാസം ഒന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭംവം നടന്നത് . ഒന്നാം തീയതി രാവിലെ പതിനൊന്നര മണിക്ക് മടവൂർ കൊച്ചാലുംമൂട് കാർത്തികയിൽ എത്തിയ ശശിധരൻ നായർ, പ്രഭാകരക്കുറുപ്പ് (67) ഭാര്യ വിമാലാ ദേവി (60) എന്നിവരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു.

കൃത്യം നടത്തുന്നതിനിടയിൽ ശശിധരൻ നായർക്കും പൊള്ളലേറ്റിരുന്നു. സംഭ വത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് പള്ളിക്കൽ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഇയാൾക്കും പൊള്ളലേറ്റതിനാൽ പൊലീസ് നിരീക്ഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശശിധരൻ നായർ ഇന്ന് വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യ: സുമതി, മക്കൾ: അജിത്ത് പ്രസാദ് (പരേതൻ) തുഷാര ബിന്ദു (പരേത) ഹിമബിന്ദു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താറിനെ എൻഐഎ കസ്റ്റഡിയിൽ വിട്ട് കോടതി

പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താറിനെ എൻഐഎ കസ്റ്റഡിയിൽ വിട്ട് കോടതി

കൊച്ചി: കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് ഉത്തരവ് പ്രകാരം പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യലിനായി അഞ്ചു ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടിന് വിദേശപണം ലഭിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു.

സംസ്ഥാനത്തെ അഞ്ച് നേതാക്കൾക്കാണ് സുരക്ഷയൊരുക്കുന്നത്. ഇവർക്ക് സുരക്ഷാഭീഷണിയുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. പിഎഫ്ഐ നിരോധനത്തിൻ്റെ പശ്ചാലത്തലത്തിൽ കൂടിയാണ് അടിയന്തര സുരക്ഷ ഏർപ്പെടുത്തിയതെങ്കിലും അതിലേറെ ഈ അഞ്ച് ആർഎസ്എസ് നേതാക്കളും പിഎഫ്ഐയുടെ ഹിറ്റ് ലിസ്റ്റിൽ കൂടി ഉൾപ്പെട്ടവരാണ് എന്നാണ് വിവരം. നിരോധനത്തിന് പിന്നാലെ കേരളത്തിലെ ആർ.എസ്.എസ് നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഭീകരസംഘടനകളിലേക്കുളള റിക്രൂട്ട്മെന്റ് ബിനാമി സ്വത്തുക്കൾ വാങ്ങിക്കൂട്ടൽ എന്നിവയും പരിശോധിക്കുന്നുണ്ട്.

ഇതിനിടെ പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ അക്രമങ്ങളെപ്പറ്റിയും എൻ ഐ എ പ്രാഥമിക പരിശോധന നടത്തുന്നതായി വിവരമുണ്ട്. ഈ അക്രമം നടത്തിയവരിലൂടെ സംഘടനയുടെ താഴേത്തട്ടിലേക്കെത്താം എന്നാണ് അന്വേഷണ ഏജൻസിയുടെ കണക്കുകൂട്ടൽ.

നിങ്ങളുടെ പേരില്‍ എത്ര സിം കാര്‍ഡ് ഉണ്ടെന്ന് അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം

നിങ്ങളുടെ പേരില്‍ എത്ര സിം കാര്‍ഡ് ഉണ്ടെന്ന് അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം

ഡിജിറ്റല്‍ യുഗത്തില്‍ ആധാര്‍ കാര്‍ഡ് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിട്ടുണ്ട്. ബാങ്ക് വായ്പ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ആദ്യം ചോദിക്കുന്നത് ആധാര്‍ കാര്‍ഡാണ്. പ്രാധാന്യം വര്‍ധിച്ചത് കൊണ്ട് തന്നെ ആധാര്‍ കാര്‍ഡിന്റെ ദുരുപയോഗവും വര്‍ധിച്ചിട്ടുണ്ട്. പലപ്പോഴും തങ്ങളുടെ ആധാര്‍ കാര്‍ഡ് മറ്റു ചിലര്‍ ദുരുപയോഗം ചെയ്യുന്നതായി അറിയണമെന്നില്ല. ചിലപ്പോള്‍ മറ്റുള്ളവര്‍ ആധാര്‍ കാര്‍ഡ് ഉടമയുടെ പേരില്‍ വായ്പയോ സിം കാര്‍ഡോ വരെ എടുത്ത് തട്ടിപ്പിന് ഇരയാക്കിയെന്നും വരാം.

തട്ടിപ്പ് തടയുന്നതിന് 2019ലാണ് സിം കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയം നിര്‍ദേശിച്ചത്. ആധാര്‍ കാര്‍ഡ് ഉടമ അറിയാതെ അവരുടെ പേരില്‍ സിം കാര്‍ഡ് എടുത്ത് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. കൂടാതെ തങ്ങളുടെ പേരില്‍ എത്ര സിംകാര്‍ഡ് ഉണ്ടെന്ന് തിരിച്ചറിയാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഒരു വെബ്‌സൈറ്റിനും രൂപം നല്‍കിയിട്ടുണ്ട്. വെബ്‌സൈറ്റില്‍ കയറി വിവരങ്ങള്‍ കൈമാറിയാല്‍ തങ്ങളുടെ പേരില്‍ ആരെങ്കിലും സിംകാര്‍ഡ് എടുത്തിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും.

tafcop.dgtelecom.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക

മൊബൈല്‍ നമ്പര്‍ നല്‍കുക

ഒടിപി റിക്വിസ്റ്റില്‍ ക്ലിക്ക് ചെയ്യുക

ഒടിപി നമ്പര്‍ നല്‍കിയ ശേഷം വാലിഡേറ്റില്‍ ക്ലിക്ക് ചെയ്യുക

പേരിന്റെയോ ആധാര്‍ നമ്പറിന്റെയോ അടിസ്ഥാനത്തില്‍ അനുവദിച്ചിരിക്കുന്ന സിം നമ്പര്‍ അറിയാന്‍ സാധിക്കും. പട്ടികയില്‍ അജ്ഞാത നമ്പര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇടതുവശത്തുള്ള ചെക്ക് ബോക്‌സില്‍ ക്ലിക്ക് ചെയ്ത് പുതിയ നമ്പര്‍ റിപ്പോര്‍ട്ട് ചെയ്യുക.
തുടര്‍ന്ന് ടെലികോം സേവനദാതാക്കളെ വിളിച്ച് നമ്പര്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടി സ്വീകരിക്കുക.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.