മാമം ചൈതന്യ റസിഡൻസ് അസോസിയേഷനും ആറ്റിങ്ങൽ ശ്രീ ഗോകുലം മെഡിക്കൽ സെന്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മാമം ചൈതന്യ റസിഡൻസ് അസോസിയേഷനും ആറ്റിങ്ങൽ ശ്രീ ഗോകുലം മെഡിക്കൽ സെന്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മാമം ചൈതന്യ റസിഡൻസ് അസോസിയേഷനും ആറ്റിങ്ങൽ ശ്രീ ഗോകുലം മെഡിക്കൽ സെന്ററും സംയുക്തമായി ഒക്ടോബർ രണ്ടാം തീയതി രാവിലെ 9 മണിക്ക് മാമം ജി. വി. ആർ.എം യു പി എസിൽ ശ്വാസകോശ രോഗ നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചൈതന്യ റസിഡൻസ് അസോസിയേഷന്റെയും സമൂഹപ്രദേശങ്ങളിലെയും കുടുംബാംഗങ്ങൾക്ക് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം സ്പൈറോമെട്രി ടെസ്റ്റ് സൗജന്യമായി നടത്തി കൊടുത്തു.

ശ്വാസംമുട്ടൽ, ആസ്മ, ചുമ, അലർജി, വിട്ടുമാറാത്ത തുമ്മൽ എന്നീ അസുഖങ്ങളുള്ളവർക്ക് ക്യാമ്പ് ഏറെ പ്രയോജനപ്രദമായി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പുരവൂർ ഡിവിഷൻ മെമ്പറും ചൈതന്യ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റുമായ എ. എസ്സ് ശ്രീകണ്ഠൻ അധ്യക്ഷത വഹിച്ച ക്യാമ്പ് നഗരൂർ രാജധാനി ബിസിനസ് സ്കൂൾ എം. ബി. എ വിഭാഗം മേധാവി ഡോക്ടർ ജുബീരാജ് സേനൻ ഉദ്ഘാടനം ചെയ്തു.

മുൻ ജനപ്രതിനിധികളായ മഞ്ജുപ്രദീപ്, ബിജു കുമാർ, പൊതുപ്രവർത്തകരായ ദേവരാജൻ, ഗോപകുമാർ, സുരേഷ് ബാബു, വിജയകുമാർ, സ്കൂൾ മാനേജർ പി സി നാരായണൻ, പി ജി പ്രദീപ്, അജിത കുമാരി എന്നിവർ പങ്കെടുത്തു. പ്രസ്തുത യോഗത്തിന് രഞ്ജുഷ സ്വാഗതവും അസോസിയേഷൻ സെക്രട്ടറി അശോകൻ കൃതജ്ഞതയും അർപ്പിക്കുകയുണ്ടായി. ക്യാമ്പിന് ആറ്റിങ്ങൽ ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡോക്ടർ ജിതിൻ നേതൃത്വം നൽകുകയുണ്ടായി.

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില. പവന് 280 രൂപയുടെ വർദ്ധനവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 37,480 രൂപയായി. 4685 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില. ഗ്രാമിന് 35 രൂപയാണ് ഇന്നുയർന്നത്. ശനിയാഴ്ച സ്വർണ വിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവായിരുന്നു ഉണ്ടായത്. ഇതോടെ 37,200 രൂപയിലായിരുന്നു വ്യാപാരം പുരോഗമിച്ചിരുന്നത്.

സിപിഐ സംസ്ഥാന കൗണ്‍സിലിലേയ്ക്കുള്ള തിരുവനന്തപുരത്തെ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് സി. ദിവാകരനെ ഒഴിവാക്കി

സിപിഐ സംസ്ഥാന കൗണ്‍സിലിലേയ്ക്കുള്ള തിരുവനന്തപുരത്തെ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് സി. ദിവാകരനെ ഒഴിവാക്കി

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ സി ദിവാകരന് തിരിച്ചടി. 75 വയസ്സെന്ന ഉയര്‍ന്ന പ്രായപരിധി നടപ്പാക്കാന്‍ തലസ്ഥാന ജില്ല കമ്മറ്റി തീരുമാനിച്ചതോടെയാണിത്. തിരുവനന്തപുരത്ത് നിന്നുള്ള സംസ്താന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. സംസ്ഥാന കൗൺസിൽ പ്രതിനിധികളായി 101 പേരെ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുൻപത്തെ സംസ്ഥാന കൗൺസിലിനെ അപേക്ഷിച്ച് അഞ്ച് അംഗങ്ങൾ ഇക്കുറി അധികമുണ്ട്. ജില്ലാ കമ്മിറ്റികൾ യോഗം ചേർന്ന് സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാന കൗൺസിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മൽസരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക. അതിനാൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടാകുമോയെന്നത് സംസ്ഥാന കൗൺസിലിലെ അംഗബലമാണ് തീരുമാനിക്കുക.

സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. അതിനിടെ പാർട്ടിയിൽ മേധാവിത്വം ഉറപ്പിച്ച് കാനം രാജേന്ദ്രൻ പക്ഷം മുന്നോട്ട് പോവുകയാണ്. സി ദിവാകരനും കെ ഇ ഇസ്മയിലിനും എതിരെ സമ്മേളത്തിൽ ഉയർന്ന രൂക്ഷ വിമർശനം വിമത നീക്കങ്ങൾ പ്രതിസന്ധിയിലാക്കി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാം ഊഴത്തിന് ഇറങ്ങുന്ന കാനം രാജേന്ദ്രന് മത്സരം നേരിടേണ്ടി വരുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നുണ്ട്. പരസ്യ പ്രതികരണം നടത്തിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന് ഇതിനകം ആവശ്യം ശക്തമായിട്ടുണ്ട്.

കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം അറസ്റ്റിൽ

കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം അറസ്റ്റിൽ

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം പിടിയിലായി. എറണാകുളം നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇന്നു പുലര്‍ച്ചെ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ മോഷണത്തിന് കയറിയപ്പോഴാണ് പിടിയിലായത്. രാത്രി ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാരന്‍ മോഷ്ടാവിനെ കണ്ടു.

തുടര്‍ന്ന് മരിയാര്‍പൂതവും വീട്ടുകാരനും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. ഇതിനിടെ മരിയാര്‍പൂതം കയ്യിലിരുന്ന വാക്കത്തി കൊണ്ട് വീട്ടുകാരനെ വെട്ടി. തലയ്ക്ക് സാരമായി പരിക്കേറ്റു. ഇതിനിടെ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി മരിയാര്‍പൂതത്തെ പിടിച്ചുകെട്ടി. പൊലീസിനെ വിളിച്ചുവരുത്തി മോഷ്ടാവിനെ കൈമാറുകയായിരുന്നു. കൊച്ചിയില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് മരിയാര്‍ പൂതം.

ജാഗ്രതാ സമിതി ലഹരി വിരുദ്ധ പോരാട്ടത്തിന് തുടക്കമായി

ജാഗ്രതാ സമിതി ലഹരി വിരുദ്ധ പോരാട്ടത്തിന് തുടക്കമായി

കണിയാപുരം: പൊതുസമൂഹത്തിന് ഭീതി ഉയർത്തി ലഹരി എന്ന വിപത്തിന് എതിരെ ജാഗ്രതാ സമിതി ഒരു മാസം നീണ്ടു നിൽക്കുന്ന പ്രചരണ പരിപാടികൾക്ക് തുടക്കമിട്ടു. കേരള പോലീസിന്റെ യോദ്ധാവ്, എക്സൈസ് വകുപ്പിന്റെ വിമുക്തി, തിരുവനന്തപുരം ആർ.സി.സി.യുടെ കമ്മ്യൂണിറ്റി ഓങ്കോളജി വകുപ്പുകളുടെ സഹകരണത്തോടെയാണ് ജാഗ്രതാ സമിതി പദ്ധതി നടപ്പിലാക്കുന്നത്. ബോധവൽക്കരണ ക്ലാസ്സുകൾ,
കൂട്ടയോട്ടം, ബൈക്ക് റാലി, സെമിനാറുകൾ, കലാസാഹിത്യ മത്സരങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലാതല ഉദ്ഘാടനം കണിയാപുരം പള്ളിനട നിബ്റാസുൽ ഇസ്ലാം ആഡിറ്റോറിയത്തിൽ ജാഗ്രതാ സമിതി ചെയർമാൻ എം.എ.ലത്തീഫ് നിർവഹിച്ചു.

തിരുവനന്തപുരം ആർ.സി.സി.കമ്മ്യൂണിറ്റി ഓങ്കോളജി ഡിവിഷൻ അഡീഷണൽ പ്രൊഫസർ ഡോ. ആർ.ജയകൃഷ്ണൻ, എക്സൈസ് ഇൻസ്പെക്ടർ എസ്.സുധീഷ് കൃഷ്ണ എന്നിവർ ക്ലാസ്സെടുത്തു. കണിയാപുരം മുസ്ലീം ജമാഅത്ത് ചീഫ് ഇമാം അൻവരുദ്ദീൻ അൻവരി, ജമാ അത്ത് പ്രസിഡന്റ് എസ്. അബ്ദുൽ ഖരീം, എൻ.എച്ചു.എം മദ്രസ്സ പ്രസിഡന്റ് ഷഫീഖ്, വാഫി കോളേജ് പ്രിൻസിപ്പൽ അൻസർ ബാഖവി, എൻ.എസ്.എസ് കരയോഗം പ്രസിഡൻ്റ് കൃഷ്ണപിള്ള, അസിസ്റ്റൻ്റ് ഇമാം നസീം ഫൈസി, ബി.അനസ്, ജാഗ്രത സമിതി ഭാരവാഹികളായി ബിനു, ജെ.സലിം, എം.എസ്.നിസാം, സുബൈർ വടക്കതിൽ എന്നിവർ സംസാരിച്ചു.

ആറ്റിങ്ങൽ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വദേശ് മെഗാ ക്വിസ് 2022 സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വദേശ് മെഗാ ക്വിസ് 2022 സംഘടിപ്പിച്ചു

കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അക്കാദമിക് കൗൺസിലിന്‍റെ നേതൃത്വത്തിൽ നടത്തുന്ന സ്വദേശ് മെഗാ ക്വിസ് 2022 ആറ്റിങ്ങൽ ഉപജില്ലാ തല മത്സരങ്ങൾ ആറ്റിങ്ങൽ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. വിവിധ വിഭാഗങ്ങളിലായി നൂറിൽ പരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. കെ.പി.എസ്.റ്റി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ. ശ്രീകുമാർ, ജില്ലാ സെക്രട്ടറി എൻ.സാബു, വി.വിനോദ്, ഒ.ബി ഷാബു, സി.എസ്. വിനോദ്, പി.രാജേഷ്, എസ്.ശ്രീജിത്ത്, രാകേന്ദു എന്നിവർ നേതൃത്വം നൽകി.

എൽ.പി. വിഭാഗം (ഡയറ്റ്, ആറ്റിങ്ങൽ) ഒന്നാം സ്ഥാനം: ട്രിക്കേ ലെജന്റ്
രണ്ടാം സ്ഥാനം: ജെ.ഹരിനന്ദ് (ഗവ. യു.പി.എസ്, വെഞ്ഞാറമൂട്)

മൂന്നാം സ്ഥാനം: അർപ്പിത വിനോദ് (ഗവ.എൽ.പി.എസ്. ഇളമ്പ)
യു.പി. വിഭാഗം
ഒന്നാം സ്ഥാനം: ഗൗതം ആർ.നായർ (ഗവ. യു.പി.എസ്. ആലന്തറ)
രണ്ടാം സ്ഥാനം: കൃപ ആർ.എസ് (ടൗൺ യു.പി.എസ്, ആറ്റിങ്ങൽ)
മൂന്നാം സ്ഥാനം: സാധിക.ഡി.എസ്. (ജി.എച്ച്.എച്ച്.എസ്. ഇളമ്പ)

ഹൈസ്ക്കൂൾ വിഭാഗം ഒന്നാം സ്ഥാനം: നിള റിജു (ജി.എച്ച്.എച്ച്.എസ്. ഇളമ്പ)
രണ്ടാം സ്ഥാനം: വൈഷ്ണവ് ദേവ്. എസ്. (ജി.എം.ബി.എച്ച്.എച്ച്.എസ്. ആറ്റിങ്ങൽ)
മൂന്നാം സ്ഥാനം: ശിവനന്ദ സോണി (ജി.ജി.എച്ച്.എച്ച്.എസ്.ആറ്റിങ്ങൽ)
ഹയർസെക്കൻഡറി വിഭാഗം
ഒന്നാം സ്ഥാനം: ശ്രീന.എസ്.എസ്. (ജി.ജി.എച്ച്.എച്ച്.എസ്.ആറ്റിങ്ങൽ)
രണ്ടാം സ്ഥാനം: അമൽ. എ.എം (ജി.എം.ബി.എച്ച്.എച്ച്.എസ്. ആറ്റിങ്ങൽ)
മൂന്നാം സ്ഥാനം: അശ്വിൻ.വി.ജെ.(ജി.എച്ച്.എച്ച്.എസ്. വെഞ്ഞാറമൂട്)