കളി കാണാന്‍ മാസ്‌ക് നിര്‍ബന്ധം; സ്റ്റേഡിയത്തില്‍ പ്രവേശനം 4.30 മുതല്‍

കളി കാണാന്‍ മാസ്‌ക് നിര്‍ബന്ധം; സ്റ്റേഡിയത്തില്‍ പ്രവേശനം 4.30 മുതല്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം കാണാന്‍ മാസ്‌ക് നിര്‍ബന്ധം. 38000 പേര്‍ക്ക് കളികാണാന്‍ അവസരമുണ്ട്. ടിക്കറ്റുകളെല്ലാം വിറ്റുപോയതായി കെ.സി.എ. അധികൃതര്‍ അറിയിച്ചു. വൈകീട്ട് 4.30 മുതല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. സ്റ്റേഡിയത്തില്‍ കയറാന്‍ ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കാണിക്കണം.

കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാമത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണിത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരവിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയോട് ഏറ്റുമുട്ടാനൊരുങ്ങുന്നത്. ബുധനാഴ്ച വൈകീട്ട് ഏഴുമണിക്കാണ് മത്സരം. 4.30 മുതല്‍ കാണികള്‍ക്ക് പ്രധാന കവാടം വഴി സ്റ്റേഡിയത്തിലെത്താം.

സ്റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. നാലു ടവറുകളിലായി എട്ട് ഫ്ളഡ്‌ലിറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്. മത്സരത്തിനായി മൂന്ന് പ്രധാന പിച്ചുകളും പരിശീലനത്തിനായി ആറു പിച്ചുകളും തയ്യാറാക്കിയിട്ടുണ്ട്. മികച്ച ബാറ്റിങ് പോരാട്ടം പ്രതീക്ഷിക്കുന്ന റണ്ണൊഴുകുന്ന പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ, ഗതാഗത ചുമതലയ്ക്കായി സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ 1500 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

വെള്ളാണിക്കൽ പാറയിലെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു

വെള്ളാണിക്കൽ പാറയിലെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു

പോത്തൻകോട്: വെള്ളാണിക്കൽ പാറയിലെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. പോത്തൻകോട് സ്വദേശി ശിവജി, അഭിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. അഭിജിത്ത് വധശ്രമ കേസിലെ പ്രതിയാണ്. സ്കൂൾ കുട്ടികളെ മർദ്ദിച്ച മനീഷിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം 4നാണ് വെള്ളാണിക്കൽ പാറ കാണാനെത്തിയ കുട്ടികളെ സംഘം തടഞ്ഞു നിർത്തി മർദ്ദിച്ചത്. നിസാര വകുപ്പുകൾ ചുമത്തി പ്രതി മനീഷിനെ ജാമ്യത്തിൽ വിട്ടയച്ചത് വിവാദമായിരുന്നു. റൂറൽ എസ്.പി ഇടപെട്ട് തുടരന്വേഷണത്തിന് നിർദ്ദേശം നൽകുകയായിരുന്നു. ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ് നിലവിൽ കേസന്വേഷിക്കുന്നത്.

പുനരധിവാസം ലക്ഷ്യമിടുന്ന പുനർഗേഹം പദ്ധതിയിൽ ജില്ലയിൽ 259 പേർ കൂടി ഗുണഭോക്താക്കളാകുന്നു

പുനരധിവാസം ലക്ഷ്യമിടുന്ന പുനർഗേഹം പദ്ധതിയിൽ ജില്ലയിൽ 259 പേർ കൂടി ഗുണഭോക്താക്കളാകുന്നു

തീരദേശത്തു വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ അധിവസിക്കുന്ന മുഴുവൻ ജനങ്ങളുടെയും പുനരധിവാസം ലക്ഷ്യമിടുന്ന പുനർഗേഹം പദ്ധതിയിൽ ജില്ലയിൽ 259 പേർ കൂടി ഗുണഭോക്താക്കളാകുന്നു. ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയ്ക്ക് ജില്ലാതല അപ്പ്രൂവൽ കമ്മിറ്റി അംഗീകാരം നൽകി.

വലിയതുറ, കൊച്ചുതോപ്പ്, ശംഖുമുഖം, വെട്ടുകാട്, കണ്ണൻതുറ, കൊച്ചുവേളി, വലിയവേളി , പൂന്തുറ, ബീമാപ്പള്ളി, മരിയനാട്, പുതുക്കുറുച്ചി, അഞ്ചുതെങ്ങ്, മാമ്പള്ളി, പൂന്തുറ, നെടുങ്കണ്ടം, കായ്ക്കര, പരുത്തിയൂർ, കൊല്ലംകോട്, പനത്തുറ എന്നീ മത്സ്യ ഗ്രാമങ്ങളിലുള്ളവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇതോടെ ജില്ലയിൽ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ എണ്ണം 4044 ആയി. ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലുമായി കഴിയുന്ന 77 പേരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുനർഗേഹം പദ്ധതിയിൽ മുൻപ് അംഗീകാരം ലഭിച്ച 43 ഗുണഭോക്താക്കൾ കണ്ടെത്തിയ ഭൂമിയുടെ വില ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അംഗീകരിച്ചു. വസ്തുവിന്റെ രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കാനും തുടർനടപടികൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി. 62 കോടി രൂപയാണ് ജില്ലയിൽ ഇതുവരെ പുനർഗേഹം പദ്ധതിക്കായി ചെലവഴിച്ചത്. സംസ്ഥാനത്ത് ഏറ്റവും അധികം വ്യക്തിഗത ഗുണഭോക്താക്കളുള്ളതും തിരുവനന്തപുരം ജില്ലയിലാണ്.

കായിക്കര ആശാൻ സ്മാരകത്തിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നു

കായിക്കര ആശാൻ സ്മാരകത്തിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നു

ആശാൻ മെമ്മോറിയൽ അസോസിയേഷൻ നേതൃത്വത്തിൽ കായിക്കര ആശാൻ സ്മാരകത്തിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നു. ഒക്ടോബർ അഞ്ചിന് രാവിലെ 7 മണി മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും.മുൻ വൈസ് ചാൻസിലർ ഡോ.പി ചന്ദ്രമോഹനൻ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.എം ജയപ്രകാശ്, ഡോ ബി. ജയചന്ദ്രൻ,ഡോ. ബി.ഭുവനേന്ദ്രൻ, ഉണ്ണി ആറ്റിങ്ങൽ, രാമചന്ദ്രൻ കരവാരം എന്നിവർ കുട്ടികളെ എഴുത്തിനു ഇരുത്തും.അസോസിയേഷൻ വർക്കിംഗ് പ്രസിഡണ്ട് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ്,സെക്രട്ടറി വി.ലൈജു എന്നിവർ
വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

ലഹരിവിരുദ്ധ ക്യാമ്പയിന്‍ തുടര്‍പ്രക്രിയയാക്കും; മുഖ്യമന്ത്രി

ഒക്ടോബര്‍ 2ന് തുടക്കം കുറിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്‍ തുടര്‍പ്രക്രിയയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവംബര്‍ 1 വരെ നീളുന്ന ആദ്യഘട്ട അനുഭവം വിലയിരുത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. സര്‍വ്വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്‌കൂളുകളില്‍ ബോധവല്‍ക്കരണം ശക്തമാക്കും. ആവശ്യത്തിനു കൗണ്‍സിലര്‍മാര്‍ ഉണ്ടാകും. കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റം മനസ്സിലാക്കാന്‍ അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കണം നടത്തും. അതിഥി തൊഴിലാളികള്‍ക്കിടയില്‍ അവരുടെ ഭാഷയില്‍ ബോധവല്‍ക്കരണം നടത്തും.

എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളായ പോലീസ്, എക്‌സൈസ്, നാര്‍ക്കോട്ടിക് സെല്‍ തുടങ്ങിയവ ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്. കനത്ത ശിക്ഷ ഉറപ്പാക്കുന്നതിന് നിയമം കൂടുതല്‍ കര്‍ക്കശമാക്കി. മയക്കുമരുന്ന് കേസില്‍ പെടുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കിക്കഴിഞ്ഞു. കേസില്‍പ്പെട്ടാല്‍ നേരത്തെ സമാനമായ കേസില്‍ ഉള്‍പ്പെട്ട വിവരവും കോടതിയില്‍ സമര്‍പ്പിക്കും. ഇതിലൂടെ കൂടുതല്‍ ശിക്ഷ ഉറപ്പിക്കാനാകും. കാപ്പ മാതൃകയില്‍ ഇത്തരം കേസുകള്‍ക്ക് ബാധകമായ നിയമം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതിര്‍ത്തികളിലും റെയില്‍വേ സ്റ്റേഷനുകളിലും ജാഗ്രത ശക്തിപ്പെടുത്തും. സ്‌കൂളുകളിലും കടകളിലും ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെയുള്ള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കും. വിവരം നല്‍കുന്നവരുടെ കാര്യം രഹസ്യമാക്കി സൂക്ഷിക്കും.
സ്‌കൂളുകളില്‍ പുറത്തു നിന്നു വരുന്നവരുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഡി- അഡിക് ഷന്‍ സെന്ററുകള്‍ വ്യാപിപ്പിക്കും.
റസിഡന്റ്‌സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, ഗ്രന്ഥശാലകള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിങ്ങനെ ഏതെല്ലാം കൂട്ടായ്മകള്‍ ഉണ്ടോ അവയൊക്കെ ഇതിന്റെ ഭാഗമാകണം.

മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, കെ.കെ. ജയചന്ദ്രന്‍ (സി.പി.ഐ.എം) അഡ്വ. മരിയാപുരം ശ്രീകുമാര്‍ (കോണ്‍ഗ്രസ് ഐ), സത്യന്‍ മൊകേരി (സി.പി.ഐ), ബീമാപ്പള്ളി റഷീദ് (മുസ്ലീം ലീഗ്), ചെറിയാന്‍ പോളച്ചിറയ്ക്കല്‍ (കേരള കോണ്‍ഗ്രസ് എം), മാത്യു ടി തോമസ് എം.എല്‍.എ (ജനതാദള്‍ (സെക്യുലര്‍), മോന്‍സ് ജോസഫ് എം.എല്‍.എ (കേരളാ കോണ്‍ഗ്രസ്), കെ. ഷാജി (എന്‍.സി.പി.), രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്.), പി.സി. ജോസഫ് (കേരള കോണ്‍ഗ്രസ്), എം.എം. മാഹിന്‍ (ഐഎന്‍എല്‍), കെ.ജി. പ്രേംജിത്ത് (കേരള കോണ്‍ഗ്രസ് ബി), ഷാജി ഫിലിപ്പ് (ആര്‍.എസ്.പി. ലെനിനിസ്റ്റ്), കരുമം സുന്ദരേശന്‍ (കേരള കോണ്‍ഗ്രസ് ജേക്കബ്), ബാലകൃഷ്ണപിള്ള (ആര്‍.എം.പി.), വര്‍ഗ്ഗീസ് ജോര്‍ജ് (ലോക് താന്ത്രിക് ജനതാദള്‍), കെ. ജയകുമാര്‍ (ആര്‍.എസ്.പി.) ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, എ.ഡി.ജി.പി. വിജയ് സാഖ്‌റെ, എക്‌സൈസ് കമ്മിഷണര്‍ അനന്ത കൃഷ്ണന്‍, നിയമ സെക്രട്ടറി വി. ഹരി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍; മന്ത്രി വീണാ ജോര്‍ജ്

എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നായകളില്‍ നിന്നും കടിയേറ്റ് വരുന്നവര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരാനാണ് മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് കഴുകാനുള്ള സ്ഥലം, ക്ലിനിക്ക്, വാക്‌സിനേഷന്‍ സൗകര്യം, മുറിവ് ശുശ്രൂഷിക്കാനുള്ള സ്ഥലം എന്നിവയുണ്ടാകും. ആന്റി റാബിസ് വാക്‌സിനും ഇമ്മുണോഗ്ലോബിലിനും ഈ ക്ലിനിക്കിലുണ്ടാകും. ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് അവബോധവും കൗണ്‍സിലിംഗും നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഈ വര്‍ഷത്തെ ലോക റാബീസ് ദിനം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ആര്‍ട്‌സ് കോളേജില്‍ സെപ്റ്റംബര്‍ 28ന് രാവിലെ 10.15 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന കാമ്പയിന്റെ ഭാഗമായി സ്‌കൂളുകളിലും കോളേജുകളിലും അവബോധം ശക്തിപ്പെടുത്തുന്നതാണ്. വിദ്യാര്‍ത്ഥികളിലൂടെ അവബോധം കുടുംബങ്ങളില്‍ വേഗത്തിലെത്തിക്കാന്‍ സാധിക്കുന്നതാണ്. ഇതിന്റെ ഭാഗമായാണ് ഇത്തവണത്തെ റാബീസ് ദിനം സംസ്ഥാനതല ഉദ്ഘാടനം കോളേജ് ക്യാംമ്പസിലാക്കിയത്.

‘ഏകാരോഗ്യം, പേവിഷബാധ മരണങ്ങള്‍ ഒഴിവാക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ലോക റാബീസ് ദിന സന്ദേശം. പേവിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനും മരണങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് ആരോഗ്യ വകുപ്പ് പരിശ്രമിക്കുന്നത്. സര്‍ക്കാരിന്റെ വണ്‍ ഹെല്‍ത്ത് പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പേവിഷബാധ നിയന്ത്ര പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നു. സംസ്ഥാനത്ത് പേവിഷബാധ പ്രതിരോധ വാക്‌സിന്‍ സൗകര്യമുള്ള 573 സര്‍ക്കാര്‍ കേന്ദ്രങ്ങളാണുള്ളത്. ഇമ്മിണോഗ്ലോബുലിന്‍ നല്‍കുന്ന 43 സര്‍ക്കാര്‍ സ്ഥാപനങ്ങളുമുണ്ട്.