കണ്ണൂരില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ക്ക് മരണം; ഒരാള്‍ക്കായി തിരച്ചില്‍

കണ്ണൂരില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ക്ക് മരണം; ഒരാള്‍ക്കായി തിരച്ചില്‍

കണ്ണൂര്‍: കണ്ണൂരിൽ പുല്ലൂപ്പിക്കടവില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. അത്താഴക്കുന്ന് സ്വദേശികളായ റമീസ്, അഷ്‌കര്‍ എന്നിവരാണ് മരിച്ചത്. തോണിയിലുണ്ടായിരുന്ന സഹദിനായി തിരച്ചില്‍ തുടരുകയാണ്.

ഇന്ന് രാവിലെ പുഴയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വളളം മറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

പുനർവിവാഹ പരസ്യം വഴി പരിചയപ്പെട്ട യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു; 36കാരി അറസ്റ്റിൽ

പുനർവിവാഹ പരസ്യം വഴി പരിചയപ്പെട്ട യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു; 36കാരി അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാവിനെ ഫോണിലൂടെ പരിചയപ്പെടുകയും പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത യുവതി അറസ്റ്റിൽ. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ്‌ പുത്തൻതുറ വീട്ടിൽ വിജയന്റെ മകൾ വി.ആര്യ (36) ആണ് അറസ്റ്റിലായത്. 2020 മേയിൽ, കോയിപ്രം കടപ്ര സ്വദേശി അജിത്ത് നൽകിയ പുനർവിവാഹ പരസ്യം കണ്ട് ആര്യ ഫോണിലൂടെ പരിചയപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സഹോദരിക്ക് വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അ‍ജിത്തിനെ വിശ്വസിപ്പിച്ച്, അമ്മയുടെ ചികിത്സയ്ക്കെന്നു പറഞ്ഞ് ഡിസംബർ വരെ പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ ആര്യ തട്ടിയെടുത്തു എന്നാണ് കേസ്. കറ്റാനം സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറിയത്. കൂടാതെ രണ്ടു പുതിയ മൊബൈൽ ഫോണും കൈക്കലാക്കി. ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ അജിത്ത് , 2022 ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈഎസ്പിക്കു പരാതി നൽകി.

കോയിപ്രം എസ്ഐ രാകേഷ് കുമാർ, പരാതി പ്രകാരം കേസെടുത്ത് വിശദമായ അന്വേഷണം നടത്തി. മൊബൈൽ ഫോണുകളുടെ വിളികൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം ശേഖരിച്ചു. പണമിടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തു. പ്രതി ആവശ്യപ്പെട്ടതനുസരിച്ച് മൊബൈൽ ഫോൺ വാങ്ങിയ തിരുവല്ലയിലെ മൊബൈൽ കടയിലും, ഫോൺ വിൽക്കാൻ ഏൽപ്പിച്ച കായംകുളത്തെ ബേക്കറി ഉടമയെ കണ്ടും അന്വേഷണം നടത്തി. പിന്നീട്, യുവതിയുടെ ഫോൺ ലൊക്കേഷൻ അന്വേഷിച്ചുകൊണ്ടിരുന്ന പൊലീസ് സംഘത്തിന്, പാലക്കാട് കിഴക്കൻചേരിയിൽ ഉണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്. സമാന രീതിയിലുള്ള കുറ്റകൃത്യം പ്രതി നടത്തിയിട്ടുണ്ടോ എന്നതും, പണത്തിന്റെ ക്രയവിക്രയം സംബന്ധിച്ചും, കൂടുതൽ പ്രതികളുണ്ടോ എന്നതിനെപ്പറ്റിയും വിശദമായ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിൽ ആര്യയ്ക്കു സഹോദരിയില്ലെന്നും ഇല്ലാത്ത സഹോദരിയുടെ പേരുപറഞ്ഞു വിവാഹത്തിന് താൽപര്യമുണ്ടെന്ന് അറിയിച്ച് യുവാവിനെ കബളിപ്പിക്കുകയായിരുന്നെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറാതെ തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 36800 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4600 രൂപയാണ്. ശനിയാഴ്ച 50 രൂപ കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ശനിയാഴ്ച ഇടിഞ്ഞു. 45 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3795 രൂപയാണ്.

25,000 രൂപ വില വരുന്ന മൊബൈൽ അടി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് മോഷ്ടാവ്; ജിപിഎസ് ട്രാക്ക് ചെയ്ത് പ്രതിയെ പിടികൂടി

25,000 രൂപ വില വരുന്ന മൊബൈൽ അടി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് മോഷ്ടാവ്; ജിപിഎസ് ട്രാക്ക് ചെയ്ത് പ്രതിയെ പിടികൂടി

പത്തനംതിട്ട: യാത്രയ്‌ക്കിടെ മോഷണം പോയ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പോലീസും ഉടമയും. പന്തളം സ്വദേശി ജയിംസാണ് ബസിനുള്ളിൽ വച്ച് മോഷണം പോയ മൊബൈൽ അതിവിദഗ്ധമായി കണ്ടെത്തിയത്. തിരുവനന്തപുരത്ത് നിന്നുളള സൂപ്പർഫാസ്റ്റ് ബസിൽ പന്തളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ജയിംസ്. പന്തളത്ത് സ്റ്റാൻഡിൽ ഇറങ്ങിയതിന് ശേഷമാണ് പഴ്‌സും മൊബൈൽ ഫോണും നഷ്ടപ്പെട്ട കാര്യം ജയിംസ് അറിയുന്നത്. 25,000 രൂപ വില വരുന്ന മൊബൈലാണ് നഷ്ടപ്പെട്ടത്.

ഉടനെ തന്നെ മറ്റൊരു വണ്ടിയിൽ കയറി ബസിന് പിന്നാലെ കുതിച്ചു. തിരുവല്ല പോലീസിലും വിവരം അറിയിച്ചിരുന്നു. സൂപ്പർഫാസ്റ്റ് തിരുവല്ലയിലെ സ്റ്റാൻഡിൽ എത്തുന്നതിന് മുൻപ് തന്നെ ജയിംസും പോലീസും സ്റ്റാൻഡിൽ എത്തി. നഷ്ടപ്പെട്ട ഫോണിന്റെ ജിപിഎസ് ട്രാക്ക് ചെയ്താണ് പോലീസ് മോഷ്ടാവിനെ ബസിൽ നിന്ന് പിടികൂടിയത്. ജയിംസിന്റെ അടുത്ത് തന്നെ ആയിരുന്നു പ്രതിയായ തിരുവനന്തപുരം സ്വദേശി സോമനും ഇരുന്നിരുന്നത്. വിശദമായ ദേഹപരിശോധനയിൽ ഇയാളുടെ അടിവസ്ത്രത്തിനുള്ളിൽ നിന്നാണ് മൊബൈൽ കണ്ടെത്തിയത്.

ജയിംസിന്റെ മൊബൈലിന് പുറമെ മറ്റ് രണ്ട് ഫോണുകൾ കൂടി സോമന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 1800 രൂപയടങ്ങിയ പഴ്‌സും കണ്ടെടുത്തു. പോക്കറ്റടി കേസിൽ അകത്തായിരുന്ന സോമൻ കഴിഞ്ഞയാഴ്ചയാണ് ജാമ്യത്തിൽ ഇറങ്ങിയത്. സമാനമായ കേസിൽ ഇയാൾ നേരത്തേയും പ്രതിയായിട്ടുണ്ട്. അറസ്റ്റിലായ സോമനെ റിമാൻഡ് ചെയ്തു.

സിനിമ സംവിധായകൻ വർക്കല സ്വദേശി രാമൻ അശോക് കുമാർ അന്തരിച്ചു

സിനിമ സംവിധായകൻ വർക്കല സ്വദേശി രാമൻ അശോക് കുമാർ അന്തരിച്ചു

പ്രസിദ്ധ സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ വർക്കല സ്വദേശി രാമൻ അശോക് കുമാർ (60) കൊച്ചി ലേക്ഷോർ ആശുപത്രിയിൽ അന്തരിച്ചു.
അശോകൻ എന്ന പേരിൽ ചലച്ചിത്ര സംവിധാന രംഗത്ത് പതിറ്റാണ്ടുകൾക്ക് മുമ്പ് പേരു ഉറപ്പിച്ച അദ്ദേഹം വർണ്ണം സിനിമയുടെ സംവിധായകനായിരുന്നു.
അശോകൻ- താഹ കൂട്ടുകെട്ടിൽ നിരവധി സിനിമകൾ പിറവി കൊണ്ടു. ശശികുമാറിന്റെ അസിസ്റ്റൻറ് ആയി അദ്ദേഹത്തിൻറെ 35ൽ അധികം സിനിമകൾക്ക് സഹസംവിധായകനായി. അതിനിടെ കൈരളി ടിവിയുടെ തുടക്കത്തിൽ കാണാപ്പുറങ്ങൾ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് ആ വർഷത്തെ മികച്ച ടെലിഫിലിനുള്ള സംസ്ഥാനസർക്കാർ അവാർഡ് ലഭിച്ചു.

സിംഗപ്പൂരിൽ നിന്നും എത്തി ഇവിടെ ചികിത്സയിലായിരുന്നു. വിവാഹത്തിനുശേഷം സിംഗപ്പൂരിൽ ബന്ധുക്കൾക്കൊപ്പം അശോകൻ ബിസിനസ്സിൽ മുഖ്യശ്രദ്ധ പതിപ്പിച്ചു. ഗൾഫിലും കൊച്ചിയിലും പ്രവർത്തിക്കുന്ന ഒബ്രോൺ എന്ന ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്‍റി 20യ്ക്ക് ഒരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം; ഇന്ത്യന്‍ ടീം വൈകിട്ടെത്തും

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്‍റി 20യ്ക്ക് ഒരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം; ഇന്ത്യന്‍ ടീം വൈകിട്ടെത്തും

കാര്യവട്ടം: മൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗ്രീൻഫീൽഡിൽ വീണ്ടും ക്രിക്കറ്റ് ആരവമുയരുകയാണ്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്‍റി 20യ്ക്ക് ഒരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. ഇന്ത്യൻ ടീം ഇന്ന് വൈകിട്ട് നാലരയ്ക്ക് തിരുവനന്തപുരത്തെത്തും. കഴി‌ഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കൻ ടീം ഇന്ന് ഗ്രീൻഫീൽഡിൽ പരിശീലനത്തിനിറങ്ങും. 28-ാം തിയതിയാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം.

മറ്റന്നാൾ ഏഴരയ്ക്ക് റണ്ണൊഴുകും മൈതാനത്ത് ശക്തന്മാര്‍ കൊമ്പുകോര്‍ക്കും. ഹൈദരാബാദിൽ നിന്ന് ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ന് രോഹിത് ശര്‍മ്മയും സംഘവും തിരുവനന്തപുരത്തേക്ക് പറന്നിറങ്ങും. കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഉശിരൻ സ്വീകരണം ടീമിന് ഒരുക്കും. നാളെ വൈകിട്ട് അഞ്ച് മുതൽ എട്ട് വരെ ടീം ഇന്ത്യ ഗ്രീൻഫീൽഡിൽ പരിശീലനത്തിറങ്ങും. മുഴുവൻ സമയവും വിശ്രമത്തിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ അബുദാബിയിൽ നിന്നെത്തിയ ദക്ഷിണാഫ്രിക്കൻ സംഘം. യാത്രാക്ഷീണം കാരണം ഇന്നലത്തെ പരിശീലനം ഒഴിവാക്കിയ ടീം ഇന്ന് വൈകീട്ട് അഞ്ചിന് പരിശീലനത്തിനെത്തും. ട്വന്‍റി 20 ലോകകപ്പിന് തൊട്ടുമുമ്പുള്ള മൂന്ന് മത്സര പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ആരാധകര്‍ പ്രതീക്ഷിക്കുന്നത് വീറുറ്റ മത്സരമാണ്.