ആന്റീ ഡ്രോൺ മൊബൈൽ വെഹിക്കിൾ ‘ഈഗിൾ ഐ’ സജ്ജമായി

ആന്റീ ഡ്രോൺ മൊബൈൽ വെഹിക്കിൾ ‘ഈഗിൾ ഐ’ സജ്ജമായി

അനുമതിയില്ലാതെ ഇനി സംസ്ഥാനത്ത് എവിടെയും നിശ്ചിത പരിധിക്കുള്ളിൽ ഡ്രോണുകൾക്ക് പാറിപ്പറക്കാനാകില്ല. സർക്കാരിന്റേയോ, പോലീസിന്റേയോ മുൻകൂർ അനുമതി വാങ്ങാനെ സംസ്ഥാനത്ത് പ്രത്യേക സ്ഥലങ്ങളിൽ പറപ്പിക്കുന്ന ഡ്രോണുകൾ
കണ്ടെത്തുവാനും നിർവ്വീര്യമാക്കുവാനും വേണ്ടി കേരള പോലീസിന്റെ ഡ്രോൺ ഫോറൻസിക് വിഭാഗം പുറത്തിറക്കിയ ആന്റീ ഡ്രോൺ മൊബൈൽ വെഹിക്കിളായ ഈഗിൾ ഐ മുഖ്യമന്ത്രി പിണറായി വിജയൻ കൊക്കൂൺ കോൺഫറൻസിൽ വച്ച് പുറത്തിറക്കി.

ആക്രമണങ്ങൾക്കും, അനുമതിയില്ലാതെയും പ്രവർത്തിക്കുന്ന ഡ്രോണുകളെ കണ്ടെത്തി അതിനെ നിർവ്വീര്യമാക്കി പിടിച്ചെടുക്കുകയാണ് ആന്റി ഡ്രോൺ സിസ്റ്റത്തിന്റെ പ്രവർത്തനം. അന്യ സംസ്ഥാനത്ത് നിന്നും നിരവധി ഓഫീസർമാരും ഇതിന്റെ പ്രവർത്തനം മനസിലാക്കാനായി എത്തിയിരുന്നു. പുതിയ കാലഘട്ടത്തിൽ പ്രതീക്ഷിക്കാവുന്ന ഡ്രോൺ ആക്രമണങ്ങളേയും, അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഡ്രോണുകളേയും തടയുക എന്ന ലക്ഷ്യത്തിൽ ഇന്ത്യയിലെ ഒരു പോലീസ് സേന ആദ്യമായാണ് ഇത്തരത്തിലൊരു വാഹനം പുറത്തിക്കുന്നത്.

ഹർത്താൽ ദിനത്തിലെ അക്രമം; സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ 157

ഹർത്താൽ ദിനത്തിലെ അക്രമം; സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ 157

പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായി 170 പേർ അറസ്റ്റിലായി. 368 പേരെ കരുതൽ തടങ്കലിലാക്കി.

വിശദവിവരങ്ങൾ താഴെ

(ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽ തടങ്കൽ എന്നിവ ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 12, 11, 3 തിരുവനന്തപുരം റൂറൽ – 10, 2, 15

കൊല്ലം സിറ്റി – 9, 0, 6

കൊല്ലം റൂറൽ – 10, 8, 2 കോഴിക്കോട് റൂറൽ – 5, 4, 23 വയനാട് – 4, 22, 19

പത്തനംതിട്ട – 11, 2, 3

ആലപ്പുഴ – 4, 0, 9 കോട്ടയം – 11, 87, 8

ഇടുക്കി – 3, 0, 3

എറണാകുളം സിറ്റി – 6, 4, 16

എറണാകുളം റൂറൽ – 10, 3, 3

തൃശൂർ സിറ്റി – 6, 0, 2 തൃശൂർ റൂറൽ – 2, 0, 5

പാലക്കാട് – 2, 0, 34 മലപ്പുറം – 9, 19, 118

കോഴിക്കോട് സിറ്റി – 7, 0, 20

കണ്ണൂർ സിറ്റി – 28, 1, 49

കണ്ണൂർ റൂറൽ – 2, 1, 2 കാസർഗോഡ് – 6, 6, 28

കണ്ണൂരില്‍ മില്‍മ ടീ സ്റ്റാള്‍ അടിച്ചു തകര്‍ത്തു; തൊഴിലാളിയ്ക് പരിക്ക്

കണ്ണൂരില്‍ മില്‍മ ടീ സ്റ്റാള്‍ അടിച്ചു തകര്‍ത്തു; തൊഴിലാളിയ്ക് പരിക്ക്

കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലയിയിലെ മിൽമ ടീസ്റ്റാൾ അടിച്ച് തകർത്തു. പലഹാരങ്ങൾ ഉൾപ്പെടെ നശിപ്പിച്ചു. രണ്ട് പേരെത്തി ഇരുമ്പ് വടി കൊണ്ട് അടിച്ച് തകർക്കുകയായിരുന്നു. കടയിൽ ജോലി ചെയ്യുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ തലയ്ക്ക് പരിക്കേറ്റു. പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലയിലാണ് അക്രമം നടന്നത്. കട ഉടമ സത്താർ നോക്കി നിൽക്കെ ആയിരുന്നു ആക്രമണം. പൊലീസ് സി സി ടിവി പരിശോധിക്കുന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, പയ്യന്നൂരില്‍ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിച്ച നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാമന്തളി, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് എത്തിയ പിഎഫ്ഐ പ്രവര്‍ത്തകരാണ് പയ്യന്നൂര്‍ സെന്‍റര്‍ ബസാറില്‍ തുറന്ന ചില കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത്. ആദ്യം സ്ഥലത്ത് എത്തിയ ഇവര്‍ കടക്കാരോട് കട അടച്ചിടാന്‍ പറഞ്ഞെങ്കിലും കടക്കാര്‍ വിസമ്മതിച്ചതോടെ ബലപ്രയോഗത്തിന് ശ്രമിച്ചു. ഇതോടെയാണ് ഇവിടെ ഉണ്ടായിരുന്ന നാട്ടുകാരും, ഓട്ടോക്കാരും ഇവരെ എതിര്‍ത്ത് രംഗത്ത് വന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ കൈകാര്യം ചെയ്യുകയായിരുന്നു. ഇതോടെ സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പയ്യന്നൂര്‍ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു.

ചലച്ചിത്ര പുരസ്‌കാരവിതരണം നാളെ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍

ചലച്ചിത്ര പുരസ്‌കാരവിതരണം നാളെ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍

തിരുവനന്തപുരം: 2021ലെ ചലച്ചിത്ര പുരസ്‌കാരവിതരണം നാളെ വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജെസി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ പി കുമാരനും ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രഥമ ലൈഫ്‌ടൈം അച്ചിവ്‌മെന്റ് പുരസ്‌കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിനും മുഖ്യമന്ത്രി സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷത വഹിക്കും.

മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട ബിജുമേനോന്‍, ജോജൂ ജോര്‍ജ്, നടി രേവതി, സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച ചിത്രത്തിന്റെ സംവിധായകന്‍ കൃഷാന്ദ് ആര്‍ കെ, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, അവലംബിത തിരക്കഥയ്ക്ക് അംഗീകാരം നേടിയ ശ്യാം പുഷ്‌ക്കരന്‍, എഡിറ്റര്‍ മഹേഷ് നാരായണന്‍, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍, ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍ തുടങ്ങിയ 50 പേര്‍ മുഖ്യമന്ത്രിയില്‍നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുമെന്നു മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

2021ലെ ചലച്ചിത്ര അവാര്‍ഡ് വിശദാംശങ്ങള്‍ അടങ്ങിയ പുസ്തകം പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഗതാഗത മന്ത്രി ആന്റണി രാജുവിനു നല്‍കി പ്രകാശനം ചെയ്യും. ‘മലയാള സിനിമ നാള്‍വഴികള്‍’ എന്ന റഫറന്‍സ് ഗ്രന്ഥത്തിന്റെ പ്രകാശനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, വികെ പ്രശാന്ത് എംഎല്‍എയ്ക്കു നല്‍കി നിര്‍വഹിക്കും.

പുരസ്‌കാര സമര്‍പ്പണ ചടങ്ങിനുശേഷം ബിജിബാല്‍ നയിക്കുന്ന സൗണ്ട് ഓഫ് മ്യൂസിക്ക് എന്ന സംഗീതപരിപാടിയില്‍ ഗായത്രി, നജീം അര്‍ഷാദ്, 2021 ലെ മികച്ച പിന്നണി ഗായാകനുള്ള അവാര്‍ഡ് നേടിയ പ്രദീപ് കുമാര്‍, സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയ ഹിഷാം അബ്ദുല്‍ വഹാബ്, ജനപ്രീതി നേടിയ ചിത്രത്തിനുള്ള സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍, രാജലക്ഷ്മി, സൂരജ് സന്തോഷ്, സംഗീത ശ്രീകാന്ത്, രൂപരേവതി, സൗമ്യ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും.

വര്‍ക്കലയില്‍ മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു

വര്‍ക്കലയില്‍ മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. പ്രായപൂർത്തിയാകാത്ത മകളുടെ അടുത്തേക്ക് മതിൽ ചാടിയെത്തിയ യുവാവിനെയാണ് പിതാവ് വെട്ടി പരിക്കേൽപ്പിച്ചത്. വർക്കല ബിഎസ്എൻ ടെലഫോൺ എക്സ്ചേഞ്ച്ന് സമീപം വൈകുന്നേരം 3 അര മണിയോടെയാണ് സംഭവം.

തന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന ബാലു എന്ന യുവാവിന്റെ കയ്യിലും മുതുകിലുമാണ് പെൺകുട്ടിയുടെ അച്ഛൻ വെട്ടി പരിക്കേല്പിച്ചത്. 17 വയസ്സുള്ള പെൺകുട്ടിയും ബാലുവും പ്രണയത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ ഇതിന് മുൻപും കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും രക്ഷകർത്തകളുടെ പരാതിയിന്മേൽ പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. 6 മാസം മുൻപ് ശിക്ഷ കഴിഞ്ഞിറങ്ങിയെങ്കിലും ഇവർ തമ്മിലുള്ള സ്നേഹബന്ധം തുടർന്നിരുന്നുവെന്നാണ് അറിയാൻ കഴിയുന്നത്.
ഗുരുതരമായി പരിക്കേറ്റ ബാലുവിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ശേഷം കുളിക്കാനായി വീട്ടിലെ ശുചിമുറിയിൽ കുട്ടി കയറുകയും എന്നാൽ കുറച്ചു സമയങ്ങൾക്ക് ശേഷം റോഡിൽ നിന്ന യുവാവ് മതിൽ ചാടി വീട്ടിൽ കയറുകയാണ് ഉണ്ടായത് എന്നും യുവാവിന്റേത് എന്ന് സംശയിക്കുന്ന ഒരു ജോഡി ചെരുപ്പ് കണ്ടതിനെ തുടർന്ന് കുട്ടിയുടെ അച്ഛനെ വിവരം അറിയിക്കുകയായിരുന്നു എന്നും പെൺകുട്ടിയുടെ അമ്മ പറയുന്നു. യുവാവിന്റെ കയ്യിൽ ആയുധം ഉണ്ടായിരുന്നുവെന്നും തന്റെ ഭർത്താവിനെ വെട്ടാൻ ശ്രമിച്ചപ്പോൾ ആണ് ഭർത്താവും ആക്രമിച്ചത് എന്നാണ് പെൺകുട്ടിയുടെ അമ്മയുടെ വെളിപ്പെടുത്തൽ. വീട്ടിലെ വെട്ടുകത്തി എടുത്താണ് പെൺകുട്ടിയുടെ അച്ഛൻ യുവാവിനെ വെട്ടിയത് എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. സംഭവത്തില്‍ ചെറുകുന്നം സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ് ജയകുമാറിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രശസ്ത എഴുത്തുകാരി ഹിലരി മാന്റൽ ലോകത്തോട് വിട പറഞ്ഞു

പ്രശസ്ത എഴുത്തുകാരി ഹിലരി മാന്റൽ ലോകത്തോട് വിട പറഞ്ഞു

ലണ്ടൻ: പ്രശസ്ത എഴുത്തുകാരി ഹിലരി മാന്റൽ അന്തരിച്ചു. ‘വോൾഫ് ഹാളി’ന്റെ സ്രഷ്ടാവും രണ്ടുതവണ ബുക്കർ പുരസ്‌കാരം നേടിയ ആദ്യ എഴുത്തുകാരിയുമാണ് ഹിലരി. എഴുപത് വയസ്സായിരുന്നു. ഹിലരിയുടെ പ്രസാധകരായ ഹാർപർ കോളിൻസ് ആണ് മരണവിവരം പുറത്തുവിട്ടത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ നോവലിസ്റ്റുകളിൽ ഒരാളായി പ്രസാധകർ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്ത എഴുത്തുകാരിയാണ് ഹിലരി. വോൾഫ് ഹാൾ, ബ്രിങ് അപ് ദ ബോഡീസ് എന്നീ നോവലുകളാണ് 2009ലും 2012ലും ഹിലരിയെ ബുക്കർ പ്രൈസ് ജേതാവാക്കിയത്. ‘എ പ്ലേസ് ഓഫ് എ ഗ്രേറ്റർ സേഫ്റ്റി’ എന്ന തലക്കെട്ടിൽ 1992ൽ പുറത്തിറങ്ങിയ നോവൽ വളരെയധികം നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. എവരി ഡേ ഈസ് മദേഴ്‌സ് ഡേ, വേക്കന്റ് പൊസ്സെഷൻ, എയ്റ്റ് മന്ത്‌സ് ഓൺ ഗാസ സ്ട്രീറ്റ്, തുടങ്ങിയവയാണ് ശ്രദ്ധേയമായ രചനകൾ. ദ മിറർ ആൻഡ് ദ ലൈറ്റ് (2020) എന്ന നോവലാണ് അവസാന കൃതി.

1952 ജൂലൈ ആറിന് ഐറിഷ് വംശജരായ മാർഗരറ്റിന്റെയും ഹെന്റി തോംസണിന്റെയും മൂന്നുമക്കളിൽ മൂത്തവളായി ഇംഗ്‌ളണ്ടിലെ ഗ്ലസ്സോപ്പിലാണ് ഹിലരി ജനിച്ചത്. പതിനൊന്നാം വയസ്സുമുതൽ അച്ഛനൊപ്പമുള്ള ജീവിതം അവസാനിപ്പിച്ചു. പിതാവിനെ അവസാനമായി കണ്ടത് തനിക്ക് പതിനൊന്ന് വയസ്സുള്ളപ്പോഴാണെന്ന് ഹിലരി തന്റെ ‘ഗിവിങ് അപ് ദ ഗോസ്റ്റ്’ എന്ന ഓർമക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.