ജനവാസമേഖലയിലെ കൂറ്റൻ കടന്നൽ കൂട് കൗൺസിലറുടെ നേതൃത്വത്തിൽ നശിപ്പിച്ചു

ജനവാസമേഖലയിലെ കൂറ്റൻ കടന്നൽ കൂട് കൗൺസിലറുടെ നേതൃത്വത്തിൽ നശിപ്പിച്ചു

ആറ്റിങ്ങൽ: അമ്പലമുക്ക് വാർഡിൽ പണയിൽ കോളനി, കുഞ്ചൻവിളാകം എന്നീ ജനവാസമേഖലയിൽ കുറച്ചുനാളുകളായി ഭീതിപരത്തിയിരുന്ന കൂറ്റൻ കടന്നൽ കൂടും, ആയിരത്തോളം കടന്നൽ മുട്ടകളും വാർഡ് കൗൺസിലർ കെ.ജെ രവികുമാറിന്റെ നേതൃത്വത്തിൽ നശിപ്പിച്ചു.

ആളൊഴിഞ്ഞ പ്രദേശത്തെ പറമ്പിൽ പുഴുത് വീണ തെങ്ങിൻ ചുവട്ടിലായിരുന്നു കൂറ്റൻ കടന്നലുകൾ വസിച്ചിരുന്നത്. ഒരു മാസം മുമ്പ് ഈ പ്രദേശത്തെ ഒരു വീട്ടമ്മയ്ക്ക് കടന്നൽകുത്തു ഏൽക്കുകയും തുടർന്നു വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ആദ്യം ചിറയിൻകീഴ് താലൂക്കു ആശുപത്രിയിൽ എത്തിക്കുകയും ആരോഗ്യ നില കൂടുതൽ വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽകോളജിൽ എത്തിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

തുടർന്ന് അയൽവാസിയായ ഒരാൾ പറമ്പ് പരിശോധിച്ചപ്പോഴാണ് കൂറ്റൻ കടന്നൽ കൂട് കണ്ടു പിടിച്ചത്. തുടർന്ന് വാർഡ് കൗൺസിലർ ആറ്റിങ്ങൽ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ കടന്നലുകളെ പിടിക്കാനുള്ള അധികാരം ഇപ്പോൾ ഫയർഫോഴ്സിന് ഇല്ലന്നാണ് മറുപടി ലഭിച്ചത്. കടന്നലുകളെ പിടിച്ചു നശിപ്പിക്കാൻ വിദഗ്ധനായ കിരൺകൊല്ലമ്പുഴയുടെ പേര് ഫയർഫോഴ്‌സ് നിർദേശിക്കുകയും തുടർന്നു കിരൺ കഴിഞ്ഞ ദിവസം സ്ഥലത്തു എത്തി പകൽ സമയം കടന്നൽ കൂട് പരിശോധിക്കുകയും അന്നേ ദിവസം രാത്രിയോടെ കൂറ്റൻ കടന്നൽ കൂടും, ആയിരത്തോളം കടന്നൽ മുട്ടകളും നശിപ്പിക്കുകയായിരുന്നു. കടന്നലുകളെ നശിപ്പിക്കുന്ന സമയം കിരണിന് ചെറിയരീതിയിൽ ശരീത്തിൽ തീപൊള്ളൽ ഏറ്റു. കടന്നൽ കൂടു നശിപ്പിച്ചതോടെ
ജനങ്ങളുടെ ഭീതി മാറുകയായിരുന്നു. കടന്നലുകളെ പേടിച്ചു കുട്ടികൾക്കും മുതിർന്നവർക്കും പുറത്ത് ഇറങ്ങുവാനോ, വഴിനടക്കുവാനോ കഴിയാത്ത സാഹചര്യമായിരുന്നു.

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ്

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്‍റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ പരിശോധന. ദില്ലിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന നടത്തുന്നത്. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി നസറുദീൻ എളമരം അടക്കം നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തു. അതേസമയം, പത്ത് സംസ്ഥാനങ്ങളിൽ പരിശോധന നടക്കുകയാണെന്നും തീവ്രവാദ ബന്ധം സംശയിക്കുന്നവരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധനയെന്നുമാണ് എൻഐഎ വിശദീകരണം.

ഇന്ന് പുലർച്ചെയാണ് റെയ്ഡ് തുടങ്ങിയത്. കേരളത്തിൽ 50 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ മണക്കാട്ടുള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എറണാകുളത്ത് പോപ്പുലർ ഫ്രണ്ട് വൈസ് പ്രസിഡണ്ട് ഇ എം അബ്ദുൾ റഹ്മാന്റെ വീട്ടിലും കോട്ടയം ജില്ലാ പ്രസിഡന്റ് സൈനുദീന്റെ വീട്ടിലും പാലക്കാട് സംസ്ഥാന സമിതിയംഗം റൗഫിൻ്റെ കരിമ്പുള്ളിയിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.

റെയ്ഡിനെതിരെ പലയിടത്തും പ്രവർത്തകരുടെ പ്രതിഷേധമുണ്ട്. തിരുവനന്തപുരത്തെ പോപുലർ ഫ്രണ്ട് ഓഫീസിന് മുന്നിലെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിൽ പ്രവർത്തകർ അടിച്ചു തടയാന്‍ ശ്രമിച്ചു. കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി. അതിനിടെ, പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗത്തെ എൻഐഎ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് തൃശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. പെരുമ്പിലാവിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പ്രതികരിച്ചു. ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പ്രസ്താവനയില്‍ പറയുന്നു.

കാട്ടാക്കട മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദിച്ച സംഭവം: പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കാട്ടാക്കട മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദിച്ച സംഭവം: പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

തിരുവനന്തപുരം: കാട്ടാക്കടയിൽ മകൾക്ക് മുന്നിൽ വച്ച് അച്ഛനെ കെഎസ്ആർടിസി ജീവനക്കാര്‍ മർദ്ദിച്ച സംഭവത്തില്‍ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചേർത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടേയും മൊഴി പ്രകാരമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഏഴ് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കോഴ്സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ചത്. തടയാൻ എത്തിയ മകളേയും ആക്രമിച്ചു. സംഭവത്തില്‍ കയ്യേറ്റം ചെയ്യൽ, സംഘം ചേർന്ന് ആക്രമിക്കൽ, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ആദ്യം ചുമത്തിയിരുന്നത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടെയും മൊഴിയെടുത്ത ശേഷമാണ് ഇപ്പോള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. മര്‍ദ്ദനമേറ്റ പ്രേമനൻ കാട്ടാക്കട ആശുപത്രിയിൽ ചികിത്സയിലാണ്.

പോത്തൻകോട് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം

പോത്തൻകോട് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ പെൺകുട്ടികളടക്കമുള്ള സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം. വെള്ളായ ണിക്കൽ പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ കുട്ടികളെയാണ് തടഞ്ഞ് വച്ച് കമ്പ് കൊണ്ട് അടിച്ചത്.

പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ ഈ മാസം നാലിനാണ് സംഭവം നടന്നത്. സുഹൃത്തിന്‍റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു ആൺകുട്ടിയ്ക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് മർദ്ദനമേറ്റത്. കുട്ടികളെ ഒരു സംഘം ആളുകൾ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും പിന്നാലെ അടിക്കുകയുമായിരുന്നു. ശ്രീനാരായണം സ്വദേശി മനീഷാണ് കുട്ടികളെ മർദിച്ചത്.
സംഭവത്തില്‍ പോത്തൻകോട് പൊലീസ് കേസെടുത്തെങ്കിലും മനീഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷപവുമുണ്ട്. സംഭവത്തില്‍ ഒരാൾക്കെതിരെ മാത്രമാണ് പൊലീസ് ഇതുവരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത മനീഷിനെ പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു.

സുഭദ്ര ടീച്ചർ (71) നിര്യാതയായി

സുഭദ്ര ടീച്ചർ (71) നിര്യാതയായി

ആറ്റിങ്ങൽ: തോട്ടയ്ക്കാട് ലക്ഷ്മി നിലയത്തിൽ മണമ്പൂർ ഗവൺമെന്റ് യു.പി.എസ് ലെ റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് എം. സുഭദ്ര ടീച്ചർ (71) നിര്യാതയായി.
ഭർത്താവ്: ജെ ഭാസ്ക്കരപിള്ള (റിട്ടയേർഡ് ഹെഡ്മാസ്റ്റർ ഗവ.യു.പി.എസ് മണമ്പൂർ)
മക്കൾ: ബി.എസ് ലക്ഷ്മി (അധ്യാപിക, ഗവ. ഹൈസ്കൂൾ, അവനവഞ്ചേരി), ബി.എസ് റാണി (ലക്ചറർ, മരിയൻ എഞ്ചിനീയറിംഗ് കോളേജ്, മേനംകുളം).
മരുമക്കൾ: ബി. ശ്രീകുമാർ (കെ.എസ്.ആർ.ടി.സി), വി അഭിലാഷ് (ഏഷ്യാനെറ്റ്).

ആലoകോട് ഹോംസ്റ്റാർ ഫർണിചർ ഷോപ്പിന് സമീപത്തതായി മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ

ആലoകോട് ഹോംസ്റ്റാർ ഫർണിചർ ഷോപ്പിന് സമീപത്തതായി മാലിന്യങ്ങൾ വലിച്ചെറിഞ്ഞ നിലയിൽ

ആലoകോട് കൊച്ചുവിള ഒന്നാം വാർഡ് ഹോംസ്റ്റാർ ഫർണിചർ ഷോപ്പിനോട് ചേർന്നുള്ള ഇടവഴിയിൽ കുട്ടികളുടെ ഉപയോഗിച്ച ഡയപ്പർ, സ്ത്രീകളുടെ ഉപയോഗിച്ച പാഡ്, ക്വാണ്ടം, ഭക്ഷണ അവശിഷ്ടങ്ങൾ, ചപ്പ് ചവറുകൾ,മറ്റു മാലിന്യങ്ങൾ എന്നിവ വാരി വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെട്ടു.

മുനിസിപ്പാലിറ്റി ഹെൽത്ത് സ്‌ക്വാഡ്, വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇത്തരത്തിലുള്ള സാമൂഹ്യ ദ്രോഹികൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നാട്ടുകാർക്ക് ഉറപ്പ് നൽകി. പ്രസ്തുത വിഷയത്തിൽ ആറ്റിങ്ങൽ ആരോഗ്യ വിഭാഗം, പോലീസ് ഓഫീസർമാർ എന്നിവർക്കും നാട്ടുകാർ പരാതി നൽകി.