നടുറോഡില്‍ കാറിന് തീപിടിച്ചു; സഹായത്തിനെത്തി മുഖ്യമന്ത്രി

നടുറോഡില്‍ കാറിന് തീപിടിച്ചു; സഹായത്തിനെത്തി മുഖ്യമന്ത്രി

മുംബൈ: മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനിടെയാണ് എക്‌സ്പ്രസ് ഹൈവേയില്‍ ഒരു ആഡംബര കാറിന്‌ തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വാഹനവ്യൂഹം നിര്‍ത്തി മുഖ്യമന്ത്രി കാര്‍ യാത്രികന് ആവശ്യമായ സഹായങ്ങള്‍ ഒരുക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയാണ് അപകടത്തില്‍പ്പെട്ട കാര്‍ യാത്രികനെ സഹായിച്ചത്. മുംബൈ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ വച്ചായിരുന്നു സംഭവം.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അഗ്നിശമനസേന അംഗങ്ങള്‍ പറഞ്ഞു. അപകടം ഉണ്ടായ ഉടനെ തന്നെ വിവരം അറിഞ്ഞെത്തിയ രണ്ട് ഫയര്‍ എന്‍ജിനുകള്‍ തീയണച്ചു. ആ സമയത്താണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ വാഹനം അതുവഴി പോയത്. മുഖ്യമന്ത്രിയുടെ വാഹനം അവിടെ നിര്‍ത്തുകയും കാര്‍ ഡ്രൈവറുമായി സംസാരിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

മഴയെ അവഗണിച്ച് ഭാരത് ജോഡോ യാത്ര ആറ്റിങ്ങലിൽ

മഴയെ അവഗണിച്ച് ഭാരത് ജോഡോ യാത്ര ആറ്റിങ്ങലിൽ

ആറ്റിങ്ങൽ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആറ്റിങ്ങൽ നഗരത്തിൽ പ്രവേശിച്ചു. ഇന്ന് രാവിലെ ഏഴിന് കഴക്കൂട്ടം അൽസാജിന് സമീപത്തു നിന്ന് ആരംഭിച്ച യാത്ര മഴയെ അവഗണിച്ച് മുടക്കമില്ലാതെ തുടരുകയും പത്തരയോടെ മാമത്ത് എത്തി ചേരുമെന്നാണ് കണക്കാക്കുന്നത് .ഇപ്പോൾ കോരാണി കഴിഞ്ഞിരിക്കുന്നു. മാമം എസ്.എസ് പൂജ കൺവൻഷൻ സെന്ററിൽ ആണ് വിശ്രമം ഒരുക്കിയിട്ടുള്ളത്. ഉച്ചക്ക് രണ്ടിന് ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തും. 2.30ന് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സി.എം.പി) നേതാക്കളുമായുള്ള കൂടിക്കാഴ്ചയും 2.45ന്
കെ-റെയിൽ വിരുദ്ധ സമര സമിതി പ്രതിനിധികളുമായി ചർച്ചയും നടക്കും. നാലിന് യാത്ര പുനരാരംഭിക്കും. വൈകുന്നേരം 7ന്
കല്ലമ്പലത്ത് യാത്ര സമാപിക്കും. സമാപന പൊതുസമ്മേളനത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നു.

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവ്. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കാന്‍ നിര്‍ദേശിച്ചത്.

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ജി എസ് മണിയാണ് കോടതിയെ സമീപിച്ചത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ അടക്കം കോടതി പരിശോധിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്.
കശ്മീര്‍ യാത്രയ്ക്ക് ശേഷം കെ ടി ജലീല്‍ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പാണ് വിവാദമായത്. ജലീലിന്റെ ആസാദ് കശ്മീര്‍ പരാമര്‍ശത്തിനെതിരെ അഭിഭാഷകന്‍ ജി എസ് മണിയെ കോടതിയെ സമീപിക്കുകയായിരുന്നു.

വർക്ക് ഷോപ്പ് ഉടമയെ വീട്ടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വർക്ക് ഷോപ്പ് ഉടമയെ വീട്ടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വർക്ക് ഷോപ്പ് ഉടമയെ വീട്ടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ വെള്ളം കുടി ഗാർഡർ വിള ലക്ഷ്മി മന്ദിരത്തിൽ അനിൽകുമാർ ആണ്
(42) മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ വഴിയാത്രക്കാർ ആണ് മൃതദേഹം കാണുന്നത് .
കല്ലറ ശ്രേയസ് ജംഗ്ഷനിൽ ആട്ടോ വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു അനിൽകുമാർ.
ഇന്ന് പുലർച്ചെ വീട്ടുകാർ ഉണർന്നപ്പോൾ അനിൽകുമാറിന്റെ ഓട്ടോറിക്ഷ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു. തുടർന്ന് ഫോൺ വിളിച്ചപ്പോൾ കിട്ടിയിരുന്നില്ല. കിളിമാനൂർ സ്വദേശിയാണ് അനിൽകുമാർ.

ഭാര്യ: സിബി, രണ്ട് മക്കൾ ഉണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയിട്ടുണ്ട്.

കൊല്ലം കോടതിയില്‍ പൊലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം

കൊല്ലം കോടതിയില്‍ പൊലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം

കൊല്ലം: കൊല്ലം കോടതിയില്‍ പൊലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. പൊലീസ് ജീപ്പിന്റെ ചില്ല് അഭിഭാഷകര്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കോടതിയിലേക്ക് എത്തിയ പൊലീസുകാരെ അഭിഭാഷകര്‍ തടയുകയായിരുന്നു. കഴിഞ്ഞ മാസം അഞ്ചാം തീയതി കരുനാഗപ്പള്ളിയിലെ അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചെന്നരാപോച്ചായിരുന്നു അഭിഭാഷകരുടെ നടപടി.

കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന്റെ ചില്ല് അക്രമികള്‍ അടിച്ചുതകര്‍ത്തു. പൊലീസിന്റെ വാക്കി ടോക്കി നശിപ്പിച്ചു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ മനോരഥന്‍ പിള്ളയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളായ അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

മൂത്ത സഹോദരനെ കുത്തിക്കൊന്ന 19കാരന്‍ അറസ്റ്റിൽ

മൂത്ത സഹോദരനെ കുത്തിക്കൊന്ന 19കാരന്‍ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടില്‍ അമ്മയെ തല്ലാന്‍ ഒരുങ്ങിയ 19കാരന്‍ മൂത്ത സഹോദരനെ കുത്തിക്കൊന്നു. സഹോദരന്റെ കൊലപാതകത്തില്‍ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ സ്‌കൂളിലെ പ്രധാന അധ്യാപികയാണ് അമ്മ സെല്‍വറാണി. കാഞ്ചിപുരത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. 22 വയസുള്ള വിന്‍സന്റ് ആണ് കൊല്ലപ്പെട്ടത്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് വിന്‍സന്റ്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ജേര്‍ളി ജോണിനെയാണ് സഹോദരന്റെ കൊലപാതകത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ജോണ്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്ന് വാങ്ങുന്നതിനായി അമ്മയോട് ജോണ്‍ പണം ആവശ്യപ്പെട്ടു. മകന്റെ ആവശ്യം നിരസിച്ചതോടെ, ജോണ്‍ അമ്മയെ തല്ലാന്‍ തുടങ്ങി. ജോണിന്റെ ആക്രമണത്തില്‍ നിന്ന് അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ, സഹോദരങ്ങള്‍ തമ്മില്‍ അടിപിടിയായി. മല്‍പ്പിടിത്തത്തിനിടെ, വിന്‍സന്റിനെ ജോണ്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വിന്‍സന്റിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂട്ടുകാരന്റെ വീട്ടില്‍ നിന്നാണ് ജോണിനെ പൊലീസ് പിടികൂടിയത്.