പുലി ലെവൽ വേറെ; പുലിയെ ആക്രമിക്കാന്‍ മുതിര്‍ന്ന് തെരുവുനായ്ക്കള്‍

പുലി ലെവൽ വേറെ; പുലിയെ ആക്രമിക്കാന്‍ മുതിര്‍ന്ന് തെരുവുനായ്ക്കള്‍

കേരളത്തില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. തെരുവുനായ ശല്യത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇപ്പോള്‍ തെരുവുനായ്ക്കള്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ പുലിയെ ആക്രമിക്കാന്‍ ഒരുങ്ങുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. മരത്തിന്റെ മുകളില്‍ പുലിയെ കണ്ട് രണ്ട് തെരുവുനായ്ക്കള്‍ കുരയ്ക്കാന്‍ തുടങ്ങി. മരത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയ പുലിയെ ആക്രമിക്കാന്‍ തെരുവുനായ്ക്കൾ പിന്നാലെ ഓടി. എന്നാൽ പുലിയുടെ ആക്രമണത്തിൽ നിന്നും തെരുവ് നായ്ക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.

‘എന്റെ വീട്ടില്‍ അത്താഴത്തിന് വരുമോ’? അഭ്യർത്ഥന മാനിച്ച് അത്താഴത്തിനെത്തി അരവിന്ദ് കെജരിവാള്‍

‘എന്റെ വീട്ടില്‍ അത്താഴത്തിന് വരുമോ’? അഭ്യർത്ഥന മാനിച്ച് അത്താഴത്തിനെത്തി അരവിന്ദ് കെജരിവാള്‍

ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ അടുക്കും ചിട്ടയുമായ പ്രവര്‍ത്തനങ്ങളാണ് ആം ആദ്മി പാര്‍ട്ടി നടത്തുന്നത്. ഇതിന്റെ ഭാഗമായി പാര്‍ട്ടി ജനറല്‍ കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ വിവിധ യോഗങ്ങളിലാണ് പങ്കെടുക്കുന്നത്. ഡല്‍ഹിയില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച രീതിയില്‍ ഗുജറാത്തിലും അധികാരത്തിലെത്തിക്കണമെന്ന് ഓട്ടോ ഡ്രൈവര്‍മാരുടെ യോഗത്തില്‍ കെജരിവാള്‍ അഭ്യര്‍ഥിച്ചു. നൂറ് കണക്കിനാളുകളാണ് കെജരിവാളിന്റെ യോഗത്തിനെത്തുന്നത്.

കെജരിവാളിന്റെ പ്രസംഗത്തിന് പിന്നാലെ സദസിലുണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവര്‍ അദ്ദേഹത്തെ രാത്രി ഭക്ഷണത്തിന് ക്ഷണിച്ചപ്പോള്‍ ഉടന്‍ തന്നെ അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു. അതിന്റെ വീഡിയോ ആംആദ്മി പാര്‍ട്ടി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

‘ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്. പഞ്ചാബിലെ ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്ന നിങ്ങള്‍ അത്താഴം കഴിക്കുന്ന ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ കണ്ടിരുന്നു. അതുപോലെ എന്റെ വീട്ടില്‍ അത്താഴത്തിന് വരുമോ?’ -എന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ ചോദ്യം. കെജരിവാള്‍ അയാളുടെ അഭ്യര്‍ഥന മാനിക്കുകയും രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം അത്താഴത്തിനെത്തുമെന്ന് പറയുകയും ചെയ്തു. രാത്രി എട്ടുമണിയോടെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അത്താഴം കഴിക്കുകയും ചെയ്തു.

സംസ്ഥാനത്ത് ഒക്ടോബര്‍ പതിനൊന്നിന് സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍; നാളെ പ്രതിഷേധദിനം

സംസ്ഥാനത്ത് ഒക്ടോബര്‍ പതിനൊന്നിന് സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍; നാളെ പ്രതിഷേധദിനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ പതിനൊന്നിന് സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍. അന്നേദിവസം ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കുമെന്ന് കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു. നാളെ പ്രതിഷേധദിനം ആചരിക്കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതാണ് സമരത്തിന് കാരണമെന്ന് സംഘടനാനേതാക്കള്‍ പറഞ്ഞു.

വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നില്‍പ്പ് സമരം ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങള്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. അന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു. ജനുവരിയില്‍ നല്‍കിയ ഉറപ്പ് എട്ടുമാസമായിട്ടും പാലിക്കാത്ത സാഹചര്യത്തിലാണ് സമരം നടത്താനുള്ള ഡോക്ടര്‍മാരുടെ തീരുമാനം.

സമരത്തിന്റെ ഭാഗമായി ഒക്ടോബര്‍ പതിനൊന്നാം തീയതി കൂട്ട അവധിയെടുത്ത് പ്രതിഷേധത്തിനുളള നോട്ടീസ് നല്‍കിയതായി സംഘടനാ നേതാക്കള്‍ പറഞ്ഞു. നാളെ ഡിഎംഒ ഓഫീസുകള്‍ക്ക് മുന്‍പിലും ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്‍പിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. എന്നിട്ടും തീരുമാനമുണ്ടായില്ലെങ്കില്‍ ഒരുമാസത്തിന് ശേഷം കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ നേതാക്കള്‍ പറഞ്ഞു.

പിറന്നാൾ ദിനത്തിൽ ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

പിറന്നാൾ ദിനത്തിൽ ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

കോട്ടയം: പിറന്നാൾ ദിനത്തിൽ ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരി കടുത്ത ചൂടിനെത്തുടർന്ന് മരിച്ചു. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസയാണ് ദാരുണമായി മരിച്ചത്. ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി 1 വിദ്യാർഥിനിയാണ് മിൻസ.

രാവിലെ സ്കൂൾ ബസിൽ പോയ കുട്ടി ബസിനുള്ളിൽ സീറ്റിൽ ഉറങ്ങിപ്പോയതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളിൽ കുട്ടി കിടക്കുന്നതു ജീവനക്കാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചിത്രരചനാ രംഗത്തും ഡിസൈനിങ് മേഖലയിലും ശ്രദ്ധേയനായ അഭിലാഷും കുടുംബവും വർഷങ്ങളായി ഖത്തറിലാണ് താമസിക്കുന്നത്. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരികയായിരുന്നു അഭിലാഷ്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

അൽ വക്ര ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കു ശേഷം മിൻസയുടെ മൃതദേഹം കോട്ടയം ചിങ്ങവനത്തേക്കു കൊണ്ടുപോകും. മിൻസയുടെ സഹോദരി മീഖ എംഇഎസ് ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

മനാഫ് (40) നിര്യാതനായി

മനാഫ് (40) നിര്യാതനായി

ആലംകോട്: പള്ളിമുക്ക് പ്ലാവറകോണം കാട്ടിൽ പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ റഹീമിന്റെ മകൻ മനാഫ് (40) നിര്യാതനായി. ആലംകോട് അഷ്റഫ്ന്റെ സഹോദരനാണ്.

ഭാര്യ- ഫൗസിയ.
മക്കൾ – ഫാത്തിമ മെഹറിൻ, ഫിദ ഫാത്തിമ.

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വികസനത്തിന് 20 കോടി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി 20,01, 89,000 രൂപയടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി ഉപകരണങ്ങള്‍ക്കും ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കുമായി 9,90,55,000 രൂപയും, ലാബ് അനുബന്ധ ഉപകരണങ്ങള്‍ക്കായി 5,99,97,000 രൂപയും, വിവിധ ആശുപത്രി അനുബന്ധ സാമഗ്രികള്‍ക്കായി 4,11,37,000 രൂപയുമാണ് അനുവദിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. മെഡിക്കല്‍ കോളേജില്‍ നിലവിലുണ്ടായിരുന്ന ഡോക്ടര്‍മാരേയും നഴ്‌സുമാരേയും സ്ഥിരപ്പെടുത്താനുള്ള നടപടി സ്വീകരിച്ചിരുന്നു. ആവശ്യമായ ഡോക്ടര്‍മാരെ നിയമിച്ച് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പുതുതായി ആരംഭിച്ചു. ലെവല്‍ 2 ട്രോമ കെയര്‍ നിര്‍മ്മാണം ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നത് പരിഗണയിലാണ്. ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി 50.87 കോടി രൂപ അനുവദിച്ചു. മെഡിക്കല്‍ കോളേജിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനെല്ലാം പുറമേയാണ് 20 കോടി രൂപ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

അനേസ്‌തേഷ്യ വിഭാഗത്തില്‍ 10 അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, 7 മള്‍ട്ടിപാരമീറ്റര്‍ മോണിറ്റര്‍, പോട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍, വീഡിയോ ഇന്‍ട്യുബേറ്റിംഗ് ബ്രോങ്കോസ്‌കോപ്പ്, 7 ഇലട്രിക്കല്‍ ഓപ്പറേഷന്‍ ടേബിള്‍, കാര്‍ഡിയോളജി വിഭാഗത്തില്‍ പോര്‍ട്ടബിള്‍ എക്കോ കാര്‍ഡിയോഗ്രാഫി, കാര്‍ഡിയാക് ഒസിടി വിത്ത് എഫ്എഫ്ആര്‍, ബയോകെമിസ്ട്രി വിഭാഗത്തില്‍ ആട്ടോമേറ്റഡ് എലിസ പ്രോസസര്‍, കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ സ്‌പെക്‌ട്രോ ഫോട്ടോമീറ്റര്‍, ഡിജിറ്റല്‍ ഡിഫറന്‍ഷ്യല്‍ സ്‌കാനിംഗ് കൊളോറിമെട്രി, സിഎസ്എസ്ഡി വിഭാഗത്തില്‍ വാഷര്‍ ഡിസിന്‍ഫെക്ടര്‍, ഡബിള്‍ ഡോര്‍ സ്റ്റീം സ്റ്റെറിലൈസര്‍, സിവിടിഎസില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ അള്‍ട്രാസൗണ്ട് മെഷീന്‍, ഹൈ എന്‍ഡ് അനസ്തീഷ്യ വര്‍ക്ക് സ്റ്റേഷന്‍, ഡെര്‍മറ്റോളജി വിഭാഗത്തില്‍ പള്‍സ് ഡൈ ലേസര്‍, എമര്‍ജന്‍സി മെഡിസിനില്‍ എംആര്‍ഐ കോംപാറ്റബിള്‍ വെന്റിലേറ്റര്‍, സെന്‍ട്രല്‍ ലാബില്‍ ഫുള്ളി ആട്ടോമേറ്റഡ് യൂറിന്‍ അനലൈസര്‍, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ ഹംഫ്രി ഫീല്‍ഡ് അനലൈസര്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ ഹൈ എന്‍ഡ് സര്‍ജിക്കല്‍ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.