തെരുവ് നായ്ക്കളെ ഭയന്ന് മാമ്പള്ളി നിവാസികൾ

തെരുവ് നായ്ക്കളെ ഭയന്ന് മാമ്പള്ളി നിവാസികൾ

അഞ്ചുതെങ്ങ്: മാമ്പള്ളിയിലും പ്രാന്ത പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പ്രദേശവാസികൾ ഭീതിയിൽ. തെരുവ് നായ്ക്കളെ ഭയന്ന് വഴിനടക്കാനാകാതെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ മാമ്പള്ളി നിവാസികൾ. തെരുവ് നായ്ക്കളുടെ ശല്യം നാൾക്കുനാൾ വർദ്ധിച്ചിട്ടും അധികൃതർക്ക് അനക്കമില്ലെന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കൂട്ടമായ് എത്തുന്ന തെരുവ് നായ്ക്കളുടെ അക്രമം ഭയന്ന് സന്ധ്യ സമയങ്ങളിൽ പുറത്തിറങ്ങുവാൻപോലും കഴിയാത്ത അവസ്ഥയാണ് ഇവിടെ.

നായ്ക്കളുടെ കടിയേൽക്കുന്നവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. കപാലീശ്വരം, മാമ്പള്ളി കടപ്പുറം, പള്ളിക്കുടി, മുണ്ടുതുറ, കായിക്കര, ഇറങ്ങുകടവ്, കായിക്കര കടവ് തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നിടത്തെല്ലാം നായ്ക്കളുടെ അതിരൂക്ഷമായശല്ല്യമുണ്ട്, വഴിവിളക്കുകളുടെ ആഭാവവും സ്ഥിതി ഗുരുതരമാകുവാൻ കാരണമാകുന്നുണ്ട്. കാൽനട യാത്രക്കാരെയും വളർത്തു മൃഗങ്ങളെയും തെരുവ് നായ്ക്കൾ ആക്രമിക്കുന്നത് പതിവായിട്ടുണ്ട്. നടവഴികളിലും ഇടവഴികളിലും നിലയു റപ്പിയ്ക്കുന്ന നായ്ക്കളെ പ്രദേശത്ത് നിന്ന് ഓടിയ്ക്കുവാൻ പ്രദേശവാസികളിൽ ചിലർ ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഇതൊന്നും തെരുവ് നായ്ക്കളുടെ സ്വതന്ത്ര വിഹാരത്തെ ബാധിച്ചില്ലെന്ന് മാത്രമല്ല ഇവ കൂടുതൽ അക്രമകാരികളാകാനും ഈ നീക്കങ്ങൾ കാരണമായിതീർന്നതായാണ് പറയപ്പെടുന്നത്.

കാൽനട – വാഹന യാത്രക്കാർക്ക് ഇവ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പറഞ്ഞറിയിക്കാനാത്ത തരത്തിലാണെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ പായുന്ന നായ്ക്കൾ പലപ്പോഴും അപകടമുണ്ടാക്കാറുണ്ട്. സ്കൂൾ കുട്ടികൾ നായ്ക്കളുടെ ആക്രമണത്തിന് ഇരയായ സംഭവങ്ങളുമുണ്ട്. റോഡിൽ അവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്ന പ്രവണതയും നായ്ക്കളുടെ എണ്ണം കൂടുന്നതിന് കാരണമാകുന്നുണ്ട്. ഇവയുടെ ശല്യം ഒഴിവാക്കാൻ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത നടപടിയുണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡിൽ തെങ്ങിൻ തൈ നട്ടു പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ

വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡിൽ തെങ്ങിൻ തൈ നട്ടു പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ

ചിറയിൻകീഴ്: പെരുംകുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസങ്ങളോളമായി കുഴിച്ചിട്ടിരിക്കുന്ന പെരുംകുഴി നാലുമുക്ക് ജംഗ്ഷനിലെ വാട്ടർ അതോറിറ്റി കുഴിയിൽ തെങ്ങിൻ തൈ നട്ടു പ്രതിഷേധിച്ചു. ഓണക്കാലത്ത് ശുദ്ധജല വിതരണം കാര്യക്ഷമമാക്കുക, വാട്ടർ അതോറിറ്റി കുഴിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തിയ സമരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

അഴൂർ പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ജലവിതരണം തുടങ്ങുമ്പോൾ പൈപ്പ് പൊട്ടൽ ഒരു തുടർക്കഥയായി മാറുന്നുവെന്നാണ് ആരോപണം. പൈപ്പ് പൊട്ടി വിതരണം തടസ്സപ്പെട്ടാൽ ആഴ്ചകൾ കഴിഞ്ഞാണ് അധികാരികൾ തിരിഞ്ഞു നോക്കുന്നത്. ഇത്തരത്തിൽ പിഡബ്ല്യു റോഡുകളിലും പഞ്ചായത്ത് റോഡുകളിലും നിരവധി ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. പണി പൂർത്തിയായാൽ ഇത്തരം കുഴികൾകോൺക്രീറ്റ് ചെയ്ത് പൂർവസ്ഥിതിയിൽ ആക്കാതെ, കുഴികൾ മണ്ണിട്ട് മൂടുക പോലും ചെയ്യാതെ സ്ഥലം വിടുകയാണ് ചെയ്യാറ്. ഇതുമൂലം ശുദ്ധജലത്തിന് ബുദ്ധിമുട്ടുന്ന ജനങ്ങൾ യാത്ര ക്ലേശം കൂടി അനുഭവിക്കുകയാണ്. ഇതിൽ ശക്തമായ പ്രതിഷേധ രേഖപ്പെടുത്തി കൊണ്ടാണ് പെരുംകുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്ങിൻ തൈ നട്ടു പ്രതിഷേധിച്ചത്.

മണ്ഡലം പ്രസിഡന്റ് സി.എച്ച്.സജീവ് അധ്യക്ഷത വഹിച്ച യോഗത്തിന് ജി. സുരേന്ദ്രൻ, വി.കെ ശശിധരൻ, അഴൂർ വിജയൻ, ബിജു ശ്രീധർ, കെ ഓമന മാടൻവിള നൗഷാദ്, എ.ആര്‍. നിസാര്‍, സോമശേഖരൻ നായർ, എസ് ജി അനിൽകുമാർ, രാജൻ കൃഷ്ണപുരം, റഷീദ് റാവുത്തർ, പ്രവീണ എന്നിവർ നേതൃത്വം നൽകി.

ജഗതി എൻ.കെ. ആചാരി അമച്വർ നാടകമൽസര പുരസ്കാരം സമ്മാനിച്ചു

ജഗതി എൻ.കെ. ആചാരി അമച്വർ നാടകമൽസര പുരസ്കാരം സമ്മാനിച്ചു

ജഗതി എൻ.കെ ആചാരി സ്മാരക അമച്വർ നാടക മൽസരത്തിൽ മികച്ച നാടകത്തിനുള്ള പുരസ്ക്കാരം മന്ത്രി ആന്റണി രാജു സമ്മാനിച്ചു. ‘ചിലനേരങ്ങളിൽ ചില മനുഷ്യർ’ എന്ന നാടകത്തിലെ പ്രവർത്തകർ പുരസ്ക്കാരം ഏറ്റുവാങ്ങി. ദി തീയറ്റർഗ്രൂപ്പ് അവതരിപ്പിച്ച നാടകത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് രാധാകൃഷ്ണൻ കുന്നുംപുറമാണ്. ജഗതി കണ്ണേറ്റുമുക്ക് പ്യൂപ്പിൾസ് സംഘടിപ്പിച്ച മൽസരത്തിൽ ഏഴുനാടകങ്ങളാണ് മൽസരത്തിനായി തിരത്തെടുക്കപ്പെട്ടിരുന്നത്.

മികച്ച രണ്ടാമത്തെ നടനുള്ളപുരസ്ക്കാരവും നാടകത്തിലെ പ്രധാന നടൻ ബിജു മുടപുരം ഏറ്റുവാങ്ങി. കാട്ടാക്കട, കാട്ടാൽ പുസ്തകമേളയോടനുബന്ധിച്ചു നടന്ന നാടകമൽസരത്തിലും ഈ നാടകം നിരവധി പുരസ്ക്കാരങ്ങൾ നേടിയിരുന്നു.

കുഴിമൺകാവ് ധർമ്മശാസ്താ ക്ഷേത്രത്തിൽ അയ്യപ്പഭാഗവതത്തിന് തുടക്കമായി

കുഴിമൺകാവ് ധർമ്മശാസ്താ ക്ഷേത്രത്തിൽ അയ്യപ്പഭാഗവതത്തിന് തുടക്കമായി

കിഴുവിലം, കുഴിമൺകാവ് ധർമ്മശാസ്താ ക്ഷേത്രത്തിൽ അയ്യപ്പഭാഗവത ജ്ഞാനയജ്ഞത്തിന് തുടക്കമായി. പൂയംതിരുനാൾ പാർവ്വതീഭായിതമ്പുരാട്ടി ഭദ്രദീപം കൊളുത്തി. എൻ.എസ്.എസ്. മുൻ ഡയറക്ടർ ബോർഡ് അംഗം വി.എസ് മഹേശ്വരൻ പിള്ള, കവി രാധാകൃഷ്ണൻ കുന്നുംപുറം ശശി കൊയ്പ്പള്ളി എന്നിവർ സംസാരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എസ്. കരുണാകരപിള്ള അധ്യക്ഷനായി. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അജി വി.എസ് സ്വാഗതവും ജയഷാജി നന്ദിയും പറഞ്ഞു. ക്ഷേത്രാങ്കണത്തിൽ നടക്കുന്ന അയ്യപ്പഭാഗവതയജ്‌ഞം സെപ്തംബർ 2 ന് അവസാനിക്കും.

വിദ്യാർത്ഥികളുടെ യാത്ര ക്ലേശം; സമ്മേളനം രൂപീകരിച്ച് വക്കം വിഎച്ച്എസ്എസ് എസ്എഫ്ഐ യൂണിറ്റ്

വിദ്യാർത്ഥികളുടെ യാത്ര ക്ലേശം; സമ്മേളനം രൂപീകരിച്ച് വക്കം വിഎച്ച്എസ്എസ് എസ്എഫ്ഐ യൂണിറ്റ്

വക്കം: വിദ്യാർത്ഥികളുടെ യാത്ര ക്ലേശം പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വക്കം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്എഫ്ഐ യൂണിറ്റ് രൂപീകരണ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് കെഎസ്ആർടിസി മുൻകൈയെടുത്ത് സ്റ്റുഡൻസ് ബസുകൾ സ്കൂൾ ടൈമിൽ അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എസ്എഫ് ഐ ആറ്റിങ്ങൽ ഏരിയ പ്രസിഡന്റ് വിജയ് വിമൽ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

പലപ്പോഴും വിദ്യാർത്ഥികൾക്ക് യാത്ര സൗജന്യം നൽകാതെയും, വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിക്കാതിരിക്കുകയും സ്ഥിരം സംഭവമാണ്. ഒട്ടേറെ ബുദ്ധിമുട്ടുകൾ പ്രൈവറ്റ് ബസ് ജീവനക്കാരിൽ നിന്നും വിദ്യാർത്ഥികൾ നേരിടുന്നു. നിരന്തരം പരാതിപ്പെട്ടിട്ടും അധികാരികളുടെ ഭാഗത്ത് നിന്നു ഇടപെടലുകൾ ഉണ്ടാകുന്നില്ല എന്നും വിദ്യാർത്ഥികൾ പറയുന്നു.

സിപിഐഎം ലോക്കൽ സെക്രട്ടറി ഷാജു, എസ്എഫ്ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിഷ്ണു, നിഷാൻ, ആനന്ദ് എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി അഫീൻ
(പ്രസിഡന്റ്), സുഹൈബ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

വയനാട്ടിലും ഇടുക്കിയിലും ഹൈആൾട്ടിറ്റ‍്യൂഡ് റെസ്ക്യു ഹബ് തുടങ്ങുമെന്ന് റവന്യുമന്ത്രി

വയനാട്ടിലും ഇടുക്കിയിലും ഹൈആൾട്ടിറ്റ‍്യൂഡ് റെസ്ക്യു ഹബ് തുടങ്ങുമെന്ന് റവന്യുമന്ത്രി

തിരുവനന്തപുരം: വയനാട്ടിലും ഇടുക്കിയിലും ഹൈആൾട്ടിറ്റ‍്യൂഡ് റെസ്ക്യു ഹബ് തുടങ്ങുമെന്ന് റവന്യുമന്ത്രി കെ. രാജൻ. കാലാവസ്ഥാ പ്രവചനത്തിന് കൂടുതൽ ഡോപ്ലാർ റഡാറുകൾ കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കുടയത്തൂരിലെ ഉരുൾപൊട്ടൽ പ്രവചനാതീതമായ അപകടം ആയിരുന്നെന്ന് കെ.രാജൻ പറഞ്ഞു. ഉരുൾപൊട്ടലിന് ഒരു സാധ്യതയും ഇല്ലാത്ത സ്ഥലമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസാസ്റ്റർ മാന്ജ്മെന്റ് പ്ലാനോ കാലാവസ്ഥാ മുന്നറിയിപ്പുകളോ സംസ്ഥാനത്ത് ഫലപ്രദമല്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോടായിരുന്നു മന്ത്രിയുടെ മറുപടി.