ലോറി 40 അടി താഴ്ചയിലേയ്ക്ക്  മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാൾക്ക് മരണം

ലോറി 40 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാൾക്ക് മരണം

ഇടുക്കി: തൊടുപുഴ മുട്ടത്ത് ലോറി 40 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വണ്ടിയുടെ ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിൽ കുമാർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാളും തമിഴ്നാട് സ്വദേശിയാമെന്നാണ് സൂചന. റബ്ബര്‍ പാല്‍ കയറ്റിവന്ന ലോറിയാണ് ഇന്ന് ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് റബ്ബര്‍ പാല്‍ നിറച്ച ക്യാനുകളുമായി വന്ന ലോറി റോഡില്‍നിന്ന് നാല്‍പത് അടിയോളം താഴ്ചയിലേക്ക് പതിച്ചത്. അപകടത്തില്‍ വാഹനത്തിന്റെ കാബിന്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മുക്കാല്‍ മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് രണ്ടുപേരെയും പുറത്തെടുക്കാന്‍ സാധിച്ചത്. ലോറിയുടെ കാബിന്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. തുടര്‍ന്ന് ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു.

വാഹനത്തില്‍ നിറയെ റബ്ബല്‍ പാല്‍ നിറച്ച വീപ്പകളാണ് ഉണ്ടായിരുന്നത്. അപകടം നടന്നതിന് സമീപത്ത് വീട് ഉണ്ടായിരുന്നെങ്കിലും വീട്ടിലുള്ളവര്‍ക്ക് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. പരിക്കേറ്റയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ലോറി പരിശോധിച്ചു. ലോറി നീക്കം ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഉടനെ കൈകൊള്ളുമെന്ന് പൊലീസ് അറിയിച്ചു.

മദ്യലഹരിയിൽ അമ്മാവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

മദ്യലഹരിയിൽ അമ്മാവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

വയനാട്: കൽപ്പറ്റ മദ്യലഹരിയിൽ അമ്മാവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വയനാട് കാട്ടികുളം കൂപ്പ് കോളനിയിൽ മണിയാണ് മരിച്ചത്. മദ്യലഹരിയിൽ വാക്കുതർക്കത്തിനിടെയാണ് സംഭവം. മണിയുടെ സഹോദരീപുത്രൻ രാജ്മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മഹാരാഷ്ട്ര തീരത്ത് യന്ത്രത്തോക്കുകളുമായി ബോട്ട്

മഹാരാഷ്ട്ര തീരത്ത് യന്ത്രത്തോക്കുകളുമായി ബോട്ട്

മുംബൈ: മഹാരാഷ്ട്ര തീരത്ത് യന്ത്രത്തോക്കുകളുമായി ബോട്ട്. റായിഗഡിലെ ഹര ഹരേശ്വര്‍ തീരത്താണ് ബോട്ടടുത്തത്. മൂന്ന് AK47 തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. മഹാരാഷ്ട്ര തീരം അതീവ ജാഗ്രതയിലാണ്. നാട്ടുകാരാണ് ബോട്ടിനെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

അമ്മമാർക്കായി 15 കോടി രൂപ ചിലവിൽ സമ്മാനവുമായി യൂസഫലി

അമ്മമാർക്കായി 15 കോടി രൂപ ചിലവിൽ സമ്മാനവുമായി യൂസഫലി

പത്മശ്രീ ഡോക്ടർ എം എ യൂസഫലി 15 കോടി രൂപ ചിലവിൽ അമ്മമാർക്കായി ഒരു സമ്മാനം നൽകിയിരിക്കുകയാണ്. ഗാന്ധിഭവൻ അഗതി മന്ദിരത്തിനു വേണ്ടി 15 കോടി രൂപയുടെ അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ കെട്ടിടമാണ് ലുലു ഗ്രൂപ്പ് നൽകിയിരിക്കുന്നത്. ഒരിക്കൽ ഗാന്ധി ഭവൻ സന്ദർശിച്ച യൂസഫലി വളരെ വികാരാധീനനായി പോയിരുന്നു. കാരണം ഇവിടത്തെ അമ്മമാരെ കണ്ടപ്പോൾ അദ്ദേഹത്തിന് ശരിക്കുമോന്നുറങ്ങാൻ പോലും സാധിച്ചില്ല എന്ന് പറഞ്ഞു. തുടർന്നാണ് അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഇത്രയും സൗകര്യങ്ങളോട് കൂടിയ ഒരു മന്ദിരം ഗാന്ധി ഭവന് വേണ്ടി പണിയുവാൻ തീരുമാനിച്ചത്. അമ്മമാർക്ക് യാതൊരു കുറവും ഇവിടെ വരാൻ പാടില്ല എന്ന് യൂസഫലി സാറിനു നിർബന്ധം ഉണ്ട്. അതുകൊണ്ട് തന്നെ ഒരു മിനി ആശുപത്രിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അത്യാവശ്യം അസുഖബാധിതർക്ക് വേണ്ട എല്ലാ കാര്യങ്ങളും ഇവിടെ തന്നെ ചെയ്തു കൊടുക്കുവാൻ സാധിക്കും. യൂസഫലി സാറിന്റെ മേൽനോട്ടത്തിലാണ് ഈ മന്ദിരത്തിന്റെ നിർമ്മാണം നടക്കുന്നത്. അഞ്ച് കോടി രൂപയാണ് കെട്ടിടത്തിന് ആദ്യം പദ്ധതിയിട്ടത് പിന്നെ അത് കുറെകൂടി വർദ്ധിപ്പിച്ചു.

മൂന്നു നിലകളിലായി മുന്നൂറോളം പേർക്കാണ് ഇവിടെ താമസിക്കാനുള്ള സൗകര്യം ഉള്ളത്. താമസസ്ഥലം അല്ലാതെ ഡോക്ടറുടെ ചികിത്സ ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതുകൂടാതെ അമ്മമാർക്ക് വേണ്ടി മികച്ചൊരു ലൈബ്രറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതുവരെയും 15 കോടിയിലധികം രൂപയാണ് ചിലവായിട്ടുള്ളത്. കിടപ്പു രോഗികളായ അമ്മമാർക്ക് വേണ്ടി അത്യാധുനിക സംവിധാനം ഉള്ള കിടക്കകളും ഇവിടെ സജ്ജമാണ്.

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡനാരോപണം വ്യാജമാണെന്ന് പോലീസ്

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡനാരോപണം വ്യാജമാണെന്ന് പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായി വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗ ആരോപണം വ്യാജമാണെന്ന് പോലീസ്. കേസ് അവസാനിപ്പിക്കാൻ അനുമതി തേടി കോടതിയിൽ റിപ്പോർട്ട് നൽകി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. ബലാത്സംഗം ആരോപണത്തിന് തെളിവില്ല. ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. പോലീസിനെയും കോടതിയെയും കബളിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവും പോലീസ് റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നുണ്ട്.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടിപ്പോലീസുകാർ കുട്ടിക്കവികളായി; “ഗ്ലിന്റ് ഗാർലന്റ്” പ്രകാശനം ചെയ്തു

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടിപ്പോലീസുകാർ കുട്ടിക്കവികളായി; “ഗ്ലിന്റ് ഗാർലന്റ്” പ്രകാശനം ചെയ്തു

ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ ഇംഗ്ലീഷ് കവിതാസമാഹാരം “ഗ്ലിൻ്റ് ഗാർലൻ്റ്” പ്രകാശനം ചെയ്തു. തോന്നയ്ക്കൽ സായിഗ്രാമത്തിൽ നടന്ന ചടങ്ങിൽ കേരളത്തിൻ്റെ മുൻ ചീഫ് സെക്രട്ടറിയും മലയാള സർവകലാശാല വൈസ്ചാൻസലറുമായ കെ. ജയകുമാർ ഐ.എ.എസ്. പ്രകാശനകർമം നിർവഹിച്ചു. ആഗോള കവിതാകൂട്ടായ്മയായ ഹാവൻ ഇൻ്റർനാഷണൽ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച കവിതാലാപന പരിപാടിയുടെ ഭാഗമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കേഡറ്റുകൾ ഉൾപ്പെടെ 30 കുട്ടികൾ എഴുതിയ 32 ആംഗലേയ കവിതകളുടെ സമാഹാരമാണ് “ഗ്ലിൻ്റ് ഗാർലൻ്റ്”.

സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ ആനന്ദകുമാർ പുസ്തകം ഏറ്റുവാങ്ങി.
വി. ശശി എം.എൽ.എ. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹാവൻ ഇന്റർനാഷണലിന്റെ പ്രവർത്തകരായ ഇമ്മാനുവേൽ മെറ്റിൽസ്, സി.എസ്. ബാലചന്ദ്രൻ നായർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, വിജയൻ പാലാഴി, പ്രൊഫ പങ്കജം കൊട്ടാരത്ത് എന്നിവർ സംബന്ധിച്ചു. സ്കൂൾ അധ്യാപകനും കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ എൻ. സാബുവാണ് കുട്ടികളുടെ കവിതകൾ എഡിറ്റ് ചെയ്ത് കവിതാ സമാഹാരമാക്കിയത്. ഹാവൻ ഇന്റർനാഷണൽ കുട്ടിക്കവികളെ ചടങ്ങിൽ ആദരിച്ചു.