വർക്കല സ്വദേശി വാഹനാപകടത്തിൽ മരിച്ചു

വർക്കല സ്വദേശി വാഹനാപകടത്തിൽ മരിച്ചു

വർക്കല: വർക്കലയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വർക്കല കുരക്കണ്ണി സ്വദേശി രാജേഷ് 46 വയസ്സ് ആണ് മരിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന രാജേഷ് വർക്കല താലൂക്ക് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിനു പുറകിൽ വന്നിടിക്കുകയായിരുന്നു. കാറിന്റെ ഗ്ലാസ് പൊട്ടി രാജേഷിന്റെ കഴുത്തിൽ കുത്തി കയറുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വർക്കല പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

സിവിക് ചന്ദ്രനെതിരായ പീഡന കേസ്; കോടതിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ

സിവിക് ചന്ദ്രനെതിരായ പീഡന കേസ്; കോടതിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ

ഡൽഹി: ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി നിലപാടിനെതിരെ ദേശീയ വനിതാ കമ്മീഷൻ. കോടതിയുടെ പരാമർശങ്ങൾ അതീവ ദൗർഭാഗ്യകരം എന്ന് രേഖ ശർമ പ്രതികരിച്ചു. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ കോടതി അവഗണിച്ചുവെന്നും അവർ വിമർശിച്ചു.

കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ പ്രതി ഹാജരാക്കിയ ഫോട്ടോകൾ തെളിവായെടുത്താണ് കോടതി നിലപാടെടുത്തത്. യുവതിയുടെ ശരീരഭാഗങ്ങൾ കാണുന്ന നിലയിലായിരുന്നു ഫോട്ടോ. ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354-എ വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു കോടതി നിലപാട്.

ആഗസ്റ്റ് 12ന് തന്നെ സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. എന്നാൽ ഉത്തരവിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സ്തീവിരുദ്ധവും നിയമ ലംഘനവുമാണ് ഉത്തരവിലെ പരാമ‍ർശങ്ങളെന്ന് നിയമരംഗത്തെയും പൊതുരംഗത്തെയും പ്രമുഖർ കുറ്റപ്പെടുത്തുന്നു. സെഷൻസ് ജഡ്ജിയുടെ പരാമ‍ർശത്തിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകാനാണ് പരാതിക്കാരിയുടെ തീരുമാനം. അപ്പീൽ നൽകാൻ പ്രോസിക്യൂഷനും ആലോചിക്കുന്നുണ്ട്. ഉത്തരവിൽ പ്രതിയുടെ മക്കളുടെ സ്ഥാനമാനങ്ങളടക്കം ചൂണ്ടിക്കാട്ടി സമൂഹത്തിൽ ഉന്നത പദവിയുള്ളയാൾ പീഡനം നടത്താനിടയില്ലെന്നും പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിഗമനങ്ങളും ശരിയല്ലെന്നും വിമർശനമുയരുന്നുണ്ട്.

അതേസമയം സിവിക് ചന്ദ്രനെതിരായ ആദ്യ കേസിലും കോടതി ജാമ്യം നൽകാനെടുത്ത നിലപാടിലും ഇപ്പോൾ വിമർശനം ഉയരുന്നുണ്ട്. ജാതിയില്ലെന്ന് എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയ ആൾക്കെതിരെ എസ് സി – എസ് ടി ആക്ട് നിലനിൽക്കില്ലെന്നായിരുന്നു കോടതി നിലപാടെടുത്തത്. ഈ പരാമർശം പട്ടിക ജാതി പട്ടിക വർഗ അതിക്രമ നിയമത്തിന് എതിരാണെന്നാണ് നിയമ വിദഗദ്ധർ പറയുന്നത്.

എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതി നൽകിയ പീഡന പരാതിയിലാണ് കോടതി വിചിത്ര ന്യായം പറഞ്ഞ് മുൻകൂർ ജാമ്യം അനുവദിച്ചത്. സിവിക് ചന്ദ്രൻ യുവതിക്കയച്ച വാട്സ് അപ് ചാറ്റുകളടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നാൽ പട്ടിക ജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം പരിഗണിച്ചാണ് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഉപാധികളില്ലാതെയാണ് സിവികിന് ജാമ്യം ലഭിച്ചത്.

ഇന്ന് ശ്രീകൃഷ്ണ ജയന്തി

ഇന്ന് ശ്രീകൃഷ്ണ ജയന്തി

തിരുവനന്തപുരം : ഇന്ന് ശ്രീകൃഷ്ണ ജയന്തി. അലങ്കരിച്ച വീഥികളിൽ പീലി ചൂടി ഉണ്ണിക്കണ്ണൻമാർ നിറയും. ബാല​ഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പതിനായിരത്തിലേറെ കേന്ദ്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകളാണ് നടക്കുക. 

രാധാ,കൃഷ്ണ വേഷമണിഞ്ഞ് കുട്ടികള്‍ ഓരോ വീടുകള്‍ക്ക് മുന്നിലും ഒത്തുകൂടുന്നതോടെ വൃന്ദാവനത്തിന് സമാനമായ കാഴ്ചകളാണ് ഒരുങ്ങുക. ഗുരുവായൂർ ഉൾപ്പെടെയുള്ള പ്രധാന ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിൽ എല്ലാം പ്രത്യേക ചടങ്ങുകൾ ഉണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷം ഉള്ള ആദ്യ ശ്രീ കൃഷ്ണ ജയന്തി ആഘോഷം കൂടിയാണ് ഇത്തവണത്തേത്. 

മംഗലപുരം വാലിക്കോണം ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം

മംഗലപുരം വാലിക്കോണം ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം

ഒരു ഇടവേളക്ക് ശേഷം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര. കഴിഞ്ഞദിവസം പോത്തൻകോട് നാല് ക്ഷേത്രങ്ങൾ നടന്ന മോഷണങ്ങക്ക് പിന്നാലെയാണ് മംഗലപുരം വാലിക്കോണം ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം നടന്നത്.

ക്ഷേത്രത്തിൻറെ ചുറ്റിലും ഉണ്ടായിരുന്ന 30 തൂക്കുവിളക്കുകളും 2 നിലവിളക്കുകളും മോഷണം പോയി. കൊടിമര വിളക്കിന്റെ മേൽമൂടി നശിപ്പിക്കുകയും ചെയ്തു.

രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് വിളക്ക് മോഷണം പോയ വിവരം ഭാരവാഹികളെ അറിയിച്ചു. തുടർന്ന് അവർ മംഗലപുരം പോലീസിൽ വിവരം അറിയിച്ചു. മംഗലാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞു.

ആറ്റിങ്ങലിലെ ഗതാഗത പരിഷ്കരണം വിജയം എന്ന് നാട്ടുക്കാർ

ആറ്റിങ്ങലിലെ ഗതാഗത പരിഷ്കരണം വിജയം എന്ന് നാട്ടുക്കാർ

ആറ്റിങ്ങൽ: ഏതു പരിഷ്കരണവും വിവാദത്തിൽ അവസാനിക്കുന്ന ആറ്റിങ്ങൽ നഗരത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കിയ പുതിയ ഗതാഗത പരിഷ്കരണം വൻ വിജയം. പരാതികൾക്ക് ഇടം നൽകാതെ നഗരത്തിലെ ട്രാഫിക് പ്രശ്നങ്ങൾക്ക് പരിഹാരം ആകുന്ന രീതിയിൽ ആണ് പുതിയ പരിഷ്കരണം നടപ്പിൽ വരുത്തിയിരിക്കുന്നത്. പാലസ് റോഡിലൂടെ ഇരു വശത്തേക്കും വാഹന ഗതാഗതം അനുവദിച്ചത് കച്ചേരി നടയിൽ സ്വകാര്യ ബസുകൾ ഉൾപെടെ കാത്തു കിടക്കുന്നത് ഒഴിവാക്കുവാൻ ആയി. ചിറയിൻകീഴ് ഭാഗത്ത് നിന്നും വരുന്ന ബസുകൾ ദേശീയ പാതയിൽ കയറാതെ കടന്നു പോകുവാൻ കഴിയുന്നത് ഏറെ ഗുണം ചെയ്തു. ഇതോടെ ദേശീയപാതയിൽ ഓണത്തോട് അനുബന്ധിച്ച് ഉണ്ടാകാവുന്ന വലിയ തിരക്കിൽ ചെറിയ രീതിയിൽ എങ്കിലും കുറവ് വരുത്തുവാൻ സാധിച്ചിട്ടുണ്ട്. നഗരം ഓണകച്ചവടത്തിൽ സജീവം ആയ സമയത്ത് ആണ് പരിഷ്കരണം നടപ്പാക്കിയത്. ഇത് ഏറെ ആശങ്കകൾക്ക് കാരണം ആയിരുന്നു. എന്നാല് എല്ലാ ആശങ്കയും അസ്ഥനത്താക്കി പുതിയ പരിഷ്കരണം ആറ്റിങ്ങൽ നഗരത്തിന് ഗുണകരമായി മാറി. ഇതിന് നേതൃത്വം നൽകിയ ഒ.എസ്.അംബിക എം.എൽ.എ യെ എല്ലാവരും അഭിനന്ദിക്കുകയാണ് നാട്ടുകാർ

ബാലഗോകുലം മികച്ച കർഷകരെ ആദരിച്ചു

ബാലഗോകുലം മികച്ച കർഷകരെ ആദരിച്ചു

നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മികച്ച യുവകർഷകനായി തിരഞ്ഞെടുക്കപ്പെട്ട വിനോദ്, മികച്ച ക്ഷീരകർഷയായി തിരഞ്ഞെടുക്കപ്പെട്ട ധന്യ എന്നിവരെ ഇരുപത്തിയെട്ടാംമൈൽ ബാലഗോകുലം ആദരിച്ചു. ബാലഗോകുലം ഭാരവാഹികളായ ഗിരീഷ് കുമാർ, മുരുകൻ, അനിൽകുമാർ, പത്മാസ് സന്തോഷ്, പ്രജീഷ്, സന്തോഷ് വെട്ടിയാറ, വാർഡ് മെമ്പർമാരായ പൈവേലിക്കോണം ബിജു, കുമാർ ജി എന്നിവർ പങ്കെടുത്തു.