ചിറയിൻകീഴിൽ വാർഡ് മെമ്പർമാർ ഉപവാസ സമരം നടത്തി

ചിറയിൻകീഴിൽ വാർഡ് മെമ്പർമാർ ഉപവാസ സമരം നടത്തി

ചിറയിൻകീഴ്: നിരന്തരം ആവശ്യപ്പെട്ടിട്ടും ശാർക്കര – പണ്ടകശാല റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ചിറയിൻകീഴ്, ശാർക്കര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ മനുമോൻ.ആർ.പി , മോനി ശാർക്കര, വി.ബേബി എന്നിവർ ശാർക്കര ജംഗ്ഷനിൽ ഏകദിന ഉപവാസ സമരം നടത്തി .

രാവിലെ 8 മണി മുതൽ ആരംഭിച്ച ഉപവാസ സമരം കോൺഗ്രസ്സ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് വിശ്വനാഥൻ നായർ ഉദ്‌ഘാടനം ചെയ്തു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുമായ ബി.എസ്.അനൂപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സുനിൽ പെരുമാതുറ, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് ജോഷിബായി, ശാർക്കര മണ്ഡലം പ്രസിഡന്റ് അഡ്വ.രാജേഷ് ബി നായർ, ഡി.സി.സി മെമ്പർ പുതുക്കരി പ്രസന്നൻ എന്നിവർ സംസാരിച്ചു.

ചിറയിൻകീഴിൽ റയിൽവേ ഓവർ ബ്രിഡ്ജ് പണി നടക്കുന്നതിനാൽ പ്രൈവറ്റ് ബസ്സുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ ഇതുവഴിയാണ് കടന്ന് പോകുന്നത് . പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര നരക തുല്യമാണ്. ഈ റോഡിന്റെ അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ ശേഷമേ ഓവർ ബ്രിഡ്ജിന്റെ പണി തുടങ്ങൂവെന്ന വാക്ക് അധികൃതർ ലംഘിച്ചതിനെ തുടർന്നാണ് സമരം ആരംഭിച്ചത്.

ഈ പ്രശ്നം നിരവധി തവണ ഉന്നയിച്ചപ്പോഴും അധികൃതരുടെ ഭാഗത്ത്‌ നിന്നും ഒരു നടപടിയും ഉണ്ടായില്ലെന്ന് വാർഡ് മെമ്പർമാർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തീർത്തും ദുസ്സഹമായിരിക്കുകയാണ്.

വൈകിട്ട് അഞ്ച് മണിക്ക് നടന്ന സമാപന സമ്മേളനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഉപവാസമിരുന്ന വാർഡ് മെമ്പർമാർക്ക് എം.എൽ.എ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. സമാപന സമ്മേളനത്തിൽ ഡി.സി.സി മെമ്പർമാർ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, മഹിളാ കോൺഗ്രസ്സ് നേതാക്കൾ, കെ.എസ്.യു -യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു. ഉപവാസ സമരം വിജയിപ്പിക്കാൻ എത്തിച്ചേർന്നവർക്ക് വാർഡ് മെമ്പർമാരായ മോനി ശാർക്കര, മനുമോൻ, വി.ബേബി എന്നിവർ നന്ദി പറഞ്ഞു.പ്രശ്നം എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ കൂടുതൽ സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ പറഞ്ഞു.

മദ്യപിക്കുന്നതിനിടെ തർക്കം; അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി

മദ്യപിക്കുന്നതിനിടെ തർക്കം; അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് വീട്ടിലിരുന്ന്
മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി. പുല്ലാട്ടുകരി സ്വദേശി രാജുവാണ് മരിച്ചത്. അനുജൻ രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

കഴക്കൂട്ടം പുല്ലാട്ടുകരി കോളനിയിലാണ് ഒരുമിച്ചുള്ള മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് അനുജൻ ജ്യേഷ്ഠനെ കുത്തിയത്. ഒറ്റത്തവണയേ കുത്തിയുള്ളൂവെങ്കിലും നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ രാജു അവിടെത്തന്നെ കുഴഞ്ഞുവീണു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് രാജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജുവിനെ ആക്രമിക്കുമ്പോൾ രാജ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഇരുവരും മദ്യപിച്ച് വഴക്കിടുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് വഴക്ക് തുടങ്ങിയത്. ഇവർ സ്ഥിരമായി വഴക്കടിക്കുന്നതിനാൽ അയൽവാസികൾ ശ്രദ്ധിച്ചില്ല. ഓട്ടോ ഡ്രൈവറായ രാജയുടെ വാഹനത്തിലാണ് രാജുവിനെ ആശുപത്രിയിലെത്തിച്ചത്. കഴക്കൂട്ടത്ത് സിഐടിയു ചുമട്ടുതൊഴിലാളിയാണ് കൊല്ലപ്പെട്ട രാജു. മരിച്ചെന്ന് ഉറപ്പായാതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രസവിച്ച സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി

പ്രസവിച്ച സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി

തൊടുപുഴ: പ്രസവിച്ച ഉടനെ സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. തൊടുപുഴയിലെ ഉടുമ്പന്നൂർ മങ്കുഴിയിലാണ് സംഭവം. ഭാര്യ ഗർഭിണിയായതോ പ്രസവിച്ചതോ താൻ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ പങ്കില്ലെന്നുമാണ് ഭർത്താവിന്റെ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുക്കാൻ തയ്യാറായിട്ടില്ല. രക്തസ്രാവത്തെ തുടർന്ന് ഭർത്താവിനൊപ്പമാണ് യുവതി പുലർച്ചെ ഏകദേശം രണ്ട് മണിയോടെ ആശുപത്രിയിലെത്തിയത്. പ്രസവിച്ച വിവരം ഇവർ ഡോക്ടർമാരിൽ നിന്നും മറച്ച് വെച്ചു. എന്നാൽ പരിശോധിച്ച ഡോക്ടർക്ക് മണിക്കൂറുകൾ മുമ്പേ യുവതി പ്രസവിച്ചിരുന്നുവെന്ന് വ്യക്തമായി.

കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതോടെ പൊലീസിൽ വിവരമറിയിക്കുമെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോടും ഡോക്ടർമാർ പറഞ്ഞു. ഇതോടെ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു. പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. പക്ഷേ അപ്പോഴും തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് ഭർത്താവ് സ്വീകരിച്ചത്.

വക്കം ഖാദർ അനുസ്മരണ വേദിയുടെ സ്വാതന്ത്ര്യ സ്മൃതി സാഗരം പരിപാടി ഉദ്ഘാടനം ചെയ്തു

വക്കം ഖാദർ അനുസ്മരണ വേദിയുടെ സ്വാതന്ത്ര്യ സ്മൃതി സാഗരം പരിപാടി ഉദ്ഘാടനം ചെയ്തു

വീരമൃത്യു വരിച്ച വക്കം ഖാദർ ജില്ലയുടെ അഭിമാനവും രാജ്യത്തിൻ്റെ സ്വത്തുമാണ്. മാപ്പ് എഴുതി കൊടുത്തവർക്ക് സ്മാരകം പണിയുന്ന വിരോധാഭാസങ്ങൾ നടക്കുന്ന കാലത്ത് വക്കം ഖാദർ ഉൾപ്പെടെയുള്ളവരുടെ പ്രസക്തി ഏറെയാണെന്നും മന്ത്രി ആൻറണി രാജു. വക്കം ഖാദർ അനുസ്മരണ വേദിയുടെ സ്വാതന്ത്ര്യ സ്മൃതി സാഗരം പരിപാടി, ശംഖു മുഖം ബീച്ചിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർ സെറാഫിൻ ഫ്രെഡി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജയരാജ്, ശ്രീചന്ദ്, സംഘാടക സമിതി ഭാരവാഹികൾ ആയ സഞ്ജു, സജീർ ജന്മി മുക്ക്, ഡ്വാളി, മൈക്കിൽ, ശരത് ശൈലേഷൻ, ജോസ് നിക്കോളാസ് എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യത്തിൻ്റെ 75 ആം വാർഷിക വേളയിൽ അനന്തപുരിയുടെ സ്വാതന്ത്ര്യപ്രക്ഷോഭ ഭൂമികളിലൂടെ ഐ.എൻ.എ ഹീറോ വക്കം ഖാദർ അനുസ്മരണവേദി ‘നാം പൊരുതിനേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുവാൻ’ എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന കാമ്പയിൻ ആണ് ആസാദി ജ്വാലാ പ്രയാൺ.

ആഗസ്റ്റ് 9 ക്വിറ്റ്ഇന്ത്യാ ദിനം മുതൽ സെപ്തംബർ 10 ഐ.എൻ.എ. ഹീറോ വക്കം ഖാദർ രക്തസാക്ഷിത്വദിനം വരെ ഒരു മാസം നീണ്ടു നിൽക്കുന്നതാണ് ഈ ദേശീയത കാമ്പയിൻ. തലസ്ഥാന ജില്ലയിലെ സ്വാതന്ത്ര്യസമര രംഗത്തെ നിർണ്ണായക പോരാട്ട ഭൂമികളോ സംഭവങ്ങളോ ആയ അഞ്ചുതെങ്ങ് കോട്ട, കല്ലറ വെടിവയ്പ്പ്, ആറ്റിങ്ങൽ വെടിവയ്പ്പ്, നെയ്യാറ്റിൻകര വെടിവയ്പ്പ്, പേട്ട വെടിവയ്പ്പ് എന്നീ ചരിത്ര സ്ഥലങ്ങളിൽ സ്മൃതി സംഗമം സംഘടിപ്പിക്കുന്നു. ദീപശിഖാ പ്രയാണം, സെമിനാറുകൾ, അനുസ്മരണ സമ്മേളനങ്ങൾ, അനുമോദനങ്ങൾ, ദേശീയത ക്യാമ്പയിനുകൾ, സാംസ്ക്കാരിക സംഗമം, സംവാദം, സ്മാരക പ്രഭാഷണം, കലാസാഹിത്യമത്സരങ്ങൾ, സ്വാതന്ത്ര്യ സമര സ്മൃതി സംഗമം, ലോകസമാധാന ക്യാമ്പയിൻ, മാധ്യമ സെമിനാർ, ചിത്രരചന, ക്വിസ് മത്സരം, ഉപന്യാസം രചന, ദേശ ഭക്തി ഗാന മത്സരം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.

ആസാദി ജ്വാല പ്രയാണിൻ്റെ ഭാഗമായി 12ന് വക്കം മൗലവി സ്മാരക പ്രഭാഷണം കിളിമാനൂരിൽ നടക്കും. 13ന് ദേശഭക്തി ഗാന മത്സരം പോത്തൻകോട് നടക്കും. 14ന് ജില്ലാതല ചിത്ര രചന മത്സരം കോളാഷ് ഹാളിൽ നടക്കും. 15ന് സ്വാതന്ത്യ ദിനാചരണം ചിറയിൻകീഴിൽ നടക്കും. 16ന് ലോക സമാധാന കാമ്പയിൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കും. 20ന് കല്ലറ പാങ്ങോട് കലാപ സ്മൃതി സമ്മേളനം കല്ലറയിൽ നടക്കും. പുഷ്പാർച്ചന, ആദരിക്കൽ എന്നിവ ഇതിൻ്റെ ഭാഗമായി നടക്കും. 21ന് സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി ജില്ലാ തല ക്വിസ് മത്സരം ആറ്റിങ്ങലിൽ നടത്തും. 24ന് വൈകുന്നേരം 5.30ന് കലാപ ജ്വാല സായാഹ്നം അഞ്ചുതെങ്ങ് കോട്ടക്ക് മുന്നിൽ നടക്കും. 26ന് ധീര സൈനികർക്ക് ആദരം പരിപാടി തിരുവനന്തപുരത്ത് നടക്കും. 27ന് 1721 : ആറ്റിങ്ങൽ കലാപം / അഞ്ചുതെങ്ങ് പ്രതിരോധം എന്ന വിഷയത്തിൽ സംവാദം നടത്തും. 29 ന് മാധ്യമ സെമിനാർ – വിഷയം : വാർത്ത മാധ്യമങ്ങൾ : സ്വാതന്ത്ര്യ സമര കാലം മുതൽ വർത്തമാനകാലം വരെ. 31ന് രാവിലെ നെയ്യാറ്റിൻകര വെടി വെയ്പ്പ് സ്മൃതി സംഗമം നെയ്യാററിൻകരയിൽ നടക്കും. സാംസ്കാരിക സംഗമം സെപ്റ്റംബർ 4ന് തോന്നക്കൽ ആശാൻ സ്മാരകത്തിൽ നടക്കും. 6ന് ജില്ലാ തല ഉപന്യാസ രചന മത്സരം നടക്കും. 10ന് രാവിലെ ആസാദി ജ്വാല പ്രയാൺ (ദീപ ശിഖ പ്രയാണം) വക്കത്ത് നിന്നും ആരംഭിച്ച് വൈകുന്നേരം തിരുവനന്തപുരം രക്ത സാക്ഷി മണ്ഡപത്തിൽ സമാപിക്കും. മന്ത്രിമാർ, സാംസ്കാരിക നായകർ തുടങ്ങിയവർ പങ്കെടുക്കും.

സിദ്ധ ദിനാചരണത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നടന്നു

സിദ്ധ ദിനാചരണത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നടന്നു

അവനവഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഗവ. സിദ്ധ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് സിദ്ധ ദിനാചരണത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ആറ്റിങ്ങൽ നഗരസഭാതല ഉദ്ഘാടനം അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ആറ്റിങ്ങൽ നഗരസഭ ചെയർപെഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി ‘രോഗ പ്രതിരോധത്തിനായി സിദ്ധ ചികിത്സ’ എന്ന വിഷയത്തിൽ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.വി.ബി.വിജയകുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. ഗിരിജ അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർമാരായ രമ്യ സുധീർ, ജി.എസ്. ബിനു, സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റ് അഡ്വ. എൽ.ആർ.മധുസൂദനൻ നായർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, കമ്മൂണിറ്റി പോലീസ് ഓഫീസർമാരായ എൻ.സാബു, എസ്.ശാരിക എന്നിവർ സംബന്ധിച്ചു. കേഡറ്റുകൾക്കായി യോഗ പരിശീലനവും നടന്നു.

‘തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം’ പദ്ധതിയുമായി  ആരോഗ്യ വകുപ്പ്

‘തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം’ പദ്ധതിയുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സ്ത്രീ ശാക്തീകരണ പ്രക്രിയയിലും സംസ്ഥാനത്തെ തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിലും നിര്‍ണായക ഇടപെടലാണ് ‘തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം’ പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പദ്ധതിയുടെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം സ്ഥലം ലഭിക്കുന്നതനുസരിച്ച് പരമാവധി ക്രഷുകള്‍ ആരംഭിക്കും. തൊഴില്‍ ചെയ്യുന്ന അമ്മമാര്‍ക്ക് കുഞ്ഞിനെപ്പറ്റിയുള്ള ആകുലത വളരെ വലുതാണ്. 6 മാസം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമേ നല്‍കാവൂ. അത് കഴിഞ്ഞ് ജോലിക്ക് പോകുമ്പോള്‍ കുഞ്ഞിനെ വിട്ടുപിരിയുന്നതിന്റെ വേദനയാണ്. പല അമ്മമാരും കുഞ്ഞിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ ജോലിയുപേക്ഷിക്കുന്ന അവസ്ഥയുമുണ്ട്. ഈയൊരു സാഹചര്യം കൂടി ഉള്‍ക്കൊണ്ടാണ് തൊഴിലിടങ്ങളില്‍ ക്രഷുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. സ്വകാര്യ മേഖലയിലും ക്രഷുകള്‍ ഉണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പി.എസ്.സി. ഓഫീസില്‍ സജ്ജമാക്കിയ ആദ്യ ക്രഷിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ തൊഴിലിടങ്ങളിലെ സ്ത്രീകള്‍ ഓരോ വര്‍ഷം കഴിന്തോറും വര്‍ധിക്കുന്നുണ്ടെങ്കിലും ജനസംഖ്യാ ആനുപാതികമായി ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. പല സാമൂഹിക കാര്യങ്ങളാലും സ്ത്രീകള്‍ തൊഴിലിടം ഉപേക്ഷിക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുയിടങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും 2017ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടില്‍ അനുശാസിക്കും വിധം തൊഴിലിടങ്ങളില്‍ ക്രഷുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ ആദ്യത്തേതാണ് പട്ടം പി.എസ്.സി. ഓഫീസില്‍ തുടങ്ങിയത്. ഈ ക്രഷ് മാതൃകാപരമായി യാഥാര്‍ത്ഥ്യമാക്കാന്‍ പിന്തുണച്ച പി.എസ്.സി.ക്ക് മന്ത്രി നന്ദി പറഞ്ഞു.

ഐടി മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വനിത ശിശുവികസന വകുപ്പ് ഇടപെടലുകള്‍ നടത്തി വരുന്നു. വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍
റീ സ്‌കില്ലിംഗ് പ്രോഗ്രാമും നടന്നു വരുന്നു.

തിരുവനന്തപുരം ജില്ലയിലെ കിന്‍ഫ്ര ക്യാമ്പസ്, വെള്ളായണി കാര്‍ഷിക സര്‍വകലാശാല, ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം പഞ്ചായത്ത്, എറണാകുളം കളക്ടറേറ്റ്, പാലക്കാട് ചിറ്റൂര്‍ മിനി സിവില്‍ സ്‌റ്റേഷന്‍, കോഴിക്കോട് കളക്ടറേറ്റ്, വയനാട് കല്പ്പറ്റ സിവില്‍ സ്‌റ്റേഷന്‍, കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലും ഉടന്‍ തന്നെ ഈ പദ്ധതി ആരംഭിക്കുന്നതാണ്.

കുഞ്ഞുങ്ങളെ സംബന്ധിച്ച് സുപ്രധാനമായ പദ്ധതികളാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കി വരുന്നത്. 3 വയസുവരെയുള്ള കുട്ടികള്‍ക്ക് ക്രഷുകള്‍ ആരംഭിക്കുന്നു. 3 മുതല്‍ 6 വയസുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള അങ്കണവാടികള്‍ സ്മാര്‍ട്ടാക്കി വരുന്നു. 204 സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയിട്ടുണ്ട്. അതില്‍ രണ്ടെണ്ണം യാഥാര്‍ത്ഥ്യമാക്കി. അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും പദ്ധതി നടപ്പിലാക്കി. ഇത് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ്. 61.5 കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി അനുവദിച്ചത്.

മുലയൂട്ടലിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗിന്റെ ഫ്‌ളാഗോഫും മന്ത്രി നിര്‍വഹിച്ചു. പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ മുഖ്യാതിഥിയായി. പി.എസ്.സി. അംഗം വി.ആര്‍ രമ്യ, സെക്രട്ടറി സാജു ജോര്‍ജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക സ്വാഗതവും ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസര്‍ എസ്. സബീനബീഗം നന്ദിയും പറഞ്ഞു.