ഡിവൈഎഫ്‌ഐ പ്രവർത്തകയെ കഴുത്തു ഞെരിച്ച് കൊന്നു; യുവാവ് കീഴടങ്ങി

ഡിവൈഎഫ്‌ഐ പ്രവർത്തകയെ കഴുത്തു ഞെരിച്ച് കൊന്നു; യുവാവ് കീഴടങ്ങി

പാലക്കാട്: ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു. കോന്നല്ലൂർ ശിവദാസന്റെയും ഗീതയുടെയും മകൾ സൂര്യ പ്രിയ (24) ആണ് മരിച്ചത്. രാവിലെ യുവതിയുടെ വീട്ടിൽവച്ചായിരുന്നു സംഭവം.

സംഭവത്തിൽ അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ ചീകോട് സുജീഷ് (27) പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. സൂര്യ പ്രിയ ഡിവൈഎഫ്‌ഐ കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ്.

സുജീഷും സൂര്യപ്രിയയും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിലുണ്ടായ ചില അസ്വരാസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് സൂര്യപ്രിയയെ കൊന്നതെന്ന് സുജീഷ് പൊലീസിനോട് പറഞ്ഞു. ആലത്തൂര്‍ പൊലീസ് സൂര്യപ്രിയയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. ബന്ധുക്കളിൽ നിന്നും സുഹൃത്തുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്; പോലീസ് തടഞ്ഞതിൽ സംഘർഷം

ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്; പോലീസ് തടഞ്ഞതിൽ സംഘർഷം

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുള്ള തീരശോഷണത്തിന് എതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് ജില്ലയിൽ പലയിടത്തും സംഘർഷം. തിരുവല്ലം, ഈഞ്ചയ്ക്കൽ, ജനറൽ ആശുപത്രി ജംക്‌ഷൻ, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് ബോട്ടുകളുമായി എത്തിയ വാഹനങ്ങൾ പൊലീസ് തടഞ്ഞത്. തുടർന്ന്, നേരിയ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വള്ളങ്ങൾ കയറ്റിയ വാഹനങ്ങൾ സെക്രട്ടേറിയറ്റ് ഭാഗത്തേക്കു കടത്തിവിടാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട്. തീരദേശ ജനതയെ സർക്കാർ അവഗണിക്കുന്നു എന്ന് ആരോപിച്ചാണ് സമരം.

സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും തടഞ്ഞാൽ സർക്കാർ ഉത്തരം പറയേണ്ടിവരുമെന്നും സമര നേതാക്കൾ പറഞ്ഞു. വാഹനങ്ങൾ കടത്തി വിടാത്തതിനെ തുടർന്ന് പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. പൊലീസ് പ്രതിഷേധത്തിനിടയിലും വള്ളങ്ങൾ കയറ്റിയ ചില വാഹനങ്ങൾ സമര കേന്ദ്രമായ മ്യൂസിയം ജംക്‌ഷനിലേക്കെത്തി. നിരവധി വൈദികരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

വാളയാര്‍ പെണ്‍കുട്ടികളുടെ കേസ്; പുനരന്വേഷണത്തിന് കോടതി ഉത്തരവ്

വാളയാര്‍ പെണ്‍കുട്ടികളുടെ കേസ്; പുനരന്വേഷണത്തിന് കോടതി ഉത്തരവ്

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ കേസ് സിബിഐ തന്നെ പുനരന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. വാളയാര്‍ പെണ്‍കുട്ടികളുടെ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പോക്‌സോ കോടതി തള്ളി. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നേരത്തെ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഒന്നുംതന്നെ ഇല്ലായിരുന്നു. പെണ്‍കുട്ടികളുടേത് ആത്മഹത്യ തന്നെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

മരണത്തിന് മറ്റൊരു കാരണവും കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ കുറ്റപത്രം തള്ളണമെന്നും വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവ്.

കേസുമായി ബന്ധപ്പെട്ട പ്രതികള്‍ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭങ്ങളും നടന്നു. കുട്ടികളുടെ അമ്മയുടെ ആവശ്യവും സര്‍ക്കാരിന്റെ തീരുമാനവും പരിഗണിച്ചാണ് കേസ് സിബിഐ അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്. ഡമ്മി പരീക്ഷണമുള്‍പ്പെടെ സിബിഐ നടത്തിയെങ്കിലും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന് സമാനമായ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയാണ് സിബിഐയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ആദിവാസി വയോധികയുടെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രിയിൽ; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ആദിവാസി വയോധികയുടെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രിയിൽ; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോഴിക്കോട്: ആദിവാസി വയോധികയുടെ മൃതദേഹം എട്ട് മണിക്കൂർ ആശുപത്രിയിൽ കിടത്തേണ്ടി വന്നെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇൻക്വസ്റ്റിന് പൊലീസെത്താൻ വൈകിയതു കാരണമാണ് ആദിവാസി വയോധികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കാൻ എട്ട് മണിക്കൂറെടുത്തത്.

കൂരാച്ചുണ്ട് പഞ്ചായത്ത് നാലാം വാർഡിൽ കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ മാധവിയാണ് ശനിയാഴ്ച വൈകിട്ട് താമരശേരി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രയിൽ മരിച്ചത്. താമരശേരി താലൂക്ക് ആശുപത്രിയിൽ മോർച്ചറിയില്ലാത്തതു കാരണമാണ് മെഡിക്കൽ കോളേജിൽ രാത്രി തന്നെ മൃതദേഹം എത്തിക്കേണ്ടിയിരുന്നത്. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയും താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടും ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. കൂരാച്ചുണ്ട് പൊലീസ് ഉദ്യോഗസ്ഥരും ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരും യഥാസമയം ആശുപത്രിയിൽ എത്തിയില്ല. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

തൃശൂരിൽ മിന്നൽ ചുഴലി; വ്യാപക നാശം

തൃശൂരിൽ മിന്നൽ ചുഴലി; വ്യാപക നാശം

തൃശൂർ: തൃശൂർ, മാള, അന്നമനട മേഖലയിൽ മിന്നൽ ചുഴലി. ഇന്ന് രാവിലെ 6 മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയത്. ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം സംഭവിച്ചു. നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. വൈദ്യുതി കമ്പികളും പൊട്ടി വീണു. ജില്ലയിൽ ഇന്ന് മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തൃശൂരിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്നും കേരളത്തിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് മുതൽ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്.

ഓണക്കിറ്റ് വിതരണം 17ന് തുടങ്ങും

ഓണക്കിറ്റ് വിതരണം 17ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 17ന് ആരംഭിക്കും. 92 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് കിറ്റിന് അർഹതയുണ്ടാകും. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഉളളത്. പായ്ക്കിങ് ജോലികൾ വിവിധ കേന്ദ്രങ്ങളിലായി പുരോഗമിക്കുകയാണ്. കിറ്റിന് പുറമേ മഞ്ഞ കാർഡുകാർക്ക് ഒരുകിലോ പഞ്ചസാര നൽകും. വെള്ള, നീല കാർഡുകാർക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ പത്ത് കിലോ അരിയും വിതരണം ചെയ്യുന്നുണ്ട്.