വീട്ടില്‍ പോകാന്‍ ട്രാന്‍സ്‌പോര്‍ട്ട് അടിച്ചുമാറ്റിയ യുവാവ് അറസ്റ്റ്

വീട്ടില്‍ പോകാന്‍ ട്രാന്‍സ്‌പോര്‍ട്ട് അടിച്ചുമാറ്റിയ യുവാവ് അറസ്റ്റ്

വീട്ടിലെത്താന്‍ ഏറെ നേരം കാത്തുനിന്നിട്ടും ബസ് കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് സര്‍ക്കാര്‍ ബസ് മോഷ്ടിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയാണ് നാട്ടിലെത്തുന്നതിനായി പാലക്കൊണ്ട ഡിപ്പോയിലെ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് മോഷ്ടിച്ചത്. ജീവനക്കാരും പൊലീസും മണിക്കൂറുകള്‍ നേരം നടത്തിയ തിരച്ചലിലാണ് കന്‍ഡീസ ഗ്രാമത്തില്‍ നിന്ന് ബസ് കണ്ടെത്തിയത്.

ഡ്രൈവര്‍ രാവിലെ ജോലിയ്ക്കായി എത്തിയപ്പോള്‍ ബസ് കാണാനില്ലായിരുന്നു. തുടര്‍ന്ന് ഡിപ്പോ അധികൃതരെ അറിയിച്ചു. ജീവനക്കാര്‍ പ്രദേശേത്ത് തിരച്ചില്‍ നടത്തിയെങ്കിലും ബസ് കണ്ടെത്താനായില്ല. തുടര്‍ന്ന് എപിഎസ്ആര്‍ടിസി അധികൃതര്‍ വങ്ങാര പൊലീസില്‍ പരാതി നല്‍കി. എപിഎസ്ആര്‍ടിസി ജീവനക്കാരുടെ സഹായത്തോടെ പൊലീസ് സമീപപ്രദേശത്തേക്കും തിരച്ചില്‍ വ്യാപിപ്പിച്ചു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കന്‍ഡീസ ഗ്രാമത്തില്‍ ബസ് കണ്ടെത്തിയതായി വിവരം ലഭിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ താനാണ് ബസ് മോഷ്ടിച്ചതെന്ന് ചൗധരി സുരേഷ് പറഞ്ഞു. രാജമില്‍ നിന്ന് വങ്ങാരയില്‍ എത്തിയപ്പോള്‍ ഏറെ നേരം കാത്തുനിന്നിട്ടും നാട്ടിലേക്ക് ബസ് കിട്ടിയില്ല. അതിനിടെ അവിടെ പാര്‍ക്ക് ചെയ്ത ബസുമായി വീട്ടിലേക്ക് പോകുകയായിരുന്നെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞു. ബസുമായി നാട്ടിലേക്ക് പോയത് മദ്യലഹരിയിലായിരുന്നെന്നും ഇയാള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസ് എടുത്തതായും പൊലീസ് പറഞ്ഞു.

കോര്‍ബെവാക്‌സ് കരുതല്‍ ഡോസായി സ്വീകരിക്കാൻ കേന്ദ്രസര്‍ക്കാരിന്റെ അനുമതി

കോര്‍ബെവാക്‌സ് കരുതല്‍ ഡോസായി സ്വീകരിക്കാൻ കേന്ദ്രസര്‍ക്കാരിന്റെ അനുമതി

ന്യൂഡല്‍ഹി: കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയില്‍ ഏതെങ്കിലും സ്വീകരിച്ച 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കരുതല്‍ ഡോസ് ( ബൂസ്റ്റര്‍ ഡോസ്) ആയി കോര്‍ബെവാക്‌സ് സ്വീകരിക്കാം. കേന്ദ്രസര്‍ക്കാര്‍ ഇതിന് അനുമതി നല്‍കി. കോവിഡ്-19 പ്രതിരോധ ദേശീയ ഉപദേശക സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണിത്.

രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം ( അല്ലെങ്കില്‍ 26 ആഴ്ച) പൂര്‍ത്തീകരിച്ചവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. ‘ബയോളജിക്കല്‍ ഇ’യാണ് കോര്‍ബെവാക്‌സിന്റെ നിര്‍മാതാക്കള്‍. ഒരേ വാക്‌സീന്‍ കരുതല്‍ ഡോസായി നല്‍കുന്നതു തുടരുകയും ചെയ്യും.

രാജ്യത്തെ ആദ്യ തദ്ദേശീയ നിര്‍മ്മിത ആര്‍ ബി ഡി പ്രോട്ടീന്‍ സബ്‌യൂണിറ്റ് വാക്‌സിനാണ് കോര്‍ബെവാക്‌സ്. നിലവില്‍ 12 മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്ക് കോര്‍ബെവാക്‌സ് ആണ് കോവിഡ് പ്രതിരോധ കുത്തിവയ്പ് ആയി നല്‍കി വരുന്നത്.

നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും

നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും

ബീഹാർ: ബീഹാറില്‍ ജെഡിയു-മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എട്ടാമത്തെ തവണയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നത്. രണ്ടാമത്തെ തവണയാണ് തേജസ്വി ഉപമുഖ്യമന്ത്രിയാകുന്നത്. എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച്‌ നിതീഷ് കുമാര്‍ രാജിവച്ചതോടെയാണ് ബിഹാറില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്.

മുന്‍ മുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്‌റി ദേവി, തേജ്പ്രതാപ് യാദവ്, ജെഡിയു, കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തി. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ആര്‍ജെഡി തള്ളിയിരുന്നു. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കിയേക്കും. ഇടത് പാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയേക്കും.

തളിപ്പറമ്പിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ പീരങ്കി കണ്ടെത്തി

തളിപ്പറമ്പിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ പീരങ്കി കണ്ടെത്തി

തളിപ്പറമ്പിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ പീരങ്കി കണ്ടെത്തി. ഇന്ന് രാവിലെ കാടുവെട്ടി വൃത്തിയാക്കുന്നതിനിടെയാണ് പീരങ്കി കണ്ടെത്തിയത്. തുടര്‍ന്ന് പുരാവസ്തുവകുപ്പിനെ വിവരം അറിയിച്ചു.

കോഴിക്കോട് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ പ്രതിനിധികള്‍ വന്ന് പരിശോധന നടത്തിയാല്‍ മാത്രമെ കണ്ടെടുത്ത പീരങ്കിയുടെ കാലപ്പഴക്കം നിര്‍ണയിക്കാനാകൂ.

ടിപ്പുവിന്റെ പടയോട്ടം നടന്ന സ്ഥലമാണെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ പറയുന്ന പ്രദേശമാണിത്. രണ്ടുവര്‍ഷം മുന്‍പ് തലശേരിയില്‍ പീരങ്കിയില്‍ ഉപയോഗിക്കുന്ന ഉണ്ടകള്‍ കണ്ടെത്തിയിരുന്നു.

മോഹൻലാലിനൊപ്പം മലയാളത്തിൽ അഭിനയിക്കണം; പ്രിയദർശനോട് അവസരം ചോദിക്കുമെന്ന് അക്ഷയ് കുമാര്‍

മോഹൻലാലിനൊപ്പം മലയാളത്തിൽ അഭിനയിക്കണം; പ്രിയദർശനോട് അവസരം ചോദിക്കുമെന്ന് അക്ഷയ് കുമാര്‍

ബോളിവുഡിൽ ഏറ്റവും താരമൂല്യമുള്ള നടനാണ് അക്ഷയ് കുമാർ. മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് സിനിമകളുടെ ഹിന്ദി റീമേക്കുകളിലാണ് അദ്ദേഹം വേഷമിട്ടിട്ടുള്ളത്. ആ സിനിമകളെല്ലാം വൻ വിജയങ്ങളുമായിരുന്നു. തമിഴ്, കന്നഡ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലേക്ക് എത്തിയിട്ടില്ല. ഇപ്പോൾ മലയാളം സിനിമയിൽ അഭിനയിക്കാനുള്ള താൽപ്പര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അക്ഷയ് കുമാർ. മോഹൻലാലിനൊപ്പം മലയാളത്തിൽ അഭിനയിക്കണം എന്നാണ് താരം പറഞ്ഞത്.

തന്റെ പുതിയ ചിത്രമായ രക്ഷാബന്ധന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ആരാധകരുമായി സംവദിക്കുകയായിരുന്നു താരം. അതിനിടെയാണ് മലയാളിയായ ആരാധകൻ ചോദ്യവുമായി എത്തിയത്. ഒരുപാട് മലയാള സിനിമകൾ ഹിന്ദിയിൽ റീമേക്ക് ചെയ്ത് സൂപ്പർഹിറ്റ് ആക്കിയിട്ടുള്ള താങ്കൾ എന്നാണ് മലയാളത്തിൽ അഭിനയിക്കുക എന്നായിരുന്നു ആരാധകന്റെ ചോദ്യം.

മലയാള സിനിമയിൽ അഭിനയിക്കാൻ സന്തോഷമേ ഉള്ളൂവെന്നും പക്ഷേ തനിക്ക് മലയാളം സംസാരിക്കാൻ അറിയാത്തതാണ് പ്രശ്നം എന്നുമായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി. മറ്റാരെക്കൊണ്ടെങ്കിലും ഡബ്ബ് ചെയ്താൽ പോരെ എന്നായി ആരാധകൻ. തനിക്ക് തന്റെ സ്വന്തം ശബ്ദത്തിൽ സംസാരിക്കുന്നതാണ് ഇഷ്ടമെന്നും മറ്റൊരാൾ തനിക്ക് വേണ്ടി ഡബ് ചെയ്യുന്നതിൽ താൽപര്യമില്ലെന്നും താരം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് മോഹൻലാലിനൊപ്പം മലയാളത്തിൽ അഭിനയിക്കാനുള്ള താൽപ്പര്യത്തെക്കുറിച്ച് പറഞ്ഞത്.

എനിക്കൊരു മലയാളം സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. തമിഴിൽ ഞാൻ രജനികാന്തിനൊപ്പം അഭിനയിച്ചു, കന്നടയിലും അഭിനയിച്ചു. ഇനി മലയാളത്തിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കണം. മോഹൻലാലിനൊപ്പം ഒരു ചിത്രത്തിൽ എന്നെ അഭിനയിപ്പിക്കുമോ എന്ന് പ്രിയദർശനോട് ചോദിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതൊരു ബഹുമതിയായിത്തന്നെ കരുതും.’’ അക്ഷയ് കുമാർ പറഞ്ഞു.

നാളെയാണ് രക്ഷാബന്ധൻ റിലീസിന് എത്തുന്നത്. നാല് സഹോദരിമാരുള്ള ഒരു സഹോദരന്റെ കഥയാണ് ചിത്രം പറയുന്നത്. അക്ഷയ് കുമാറിന്റെ രണ്ട് സിനിമകളിൽ ബോക്സ് ഓഫിസിൽ വൻ പരാജയമായതിനു പിന്നാലെ എത്തുന്ന ചിത്രമാണ് ഇത്. അതിനാൽ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം ചിത്രത്തെ നോക്കിക്കാണുന്നത്.

ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി

ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓര്‍ഡിനന്‍സുകള്‍ അസാധുവാകുന്നത് പരിഹരിക്കാന്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ ശുപാര്‍ശ. നിയമനിര്‍മ്മാണത്തിനായി 10 ദിവസത്തേക്ക് നിയമസഭ വിളിച്ചുചേര്‍ക്കാനാണ് ഇന്നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതു സംബന്ധിച്ച മന്ത്രിസഭായോഗത്തിന്റെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറും.

ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ നിയമസഭ വിളിച്ചു ചേര്‍ക്കാനാണ് തീരുമാനം. ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തത് അസാധാരണ സാഹചര്യമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെത്തുടര്‍ന്ന് അസാധുവായത്.

പ്രധാനപ്പെട്ട നിയമങ്ങളെല്ലാം തന്നെ ബില്ലുകളായി അവതരിപ്പിച്ച് നിയമസഭ പാസ്സാക്കി ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സഭ പാസ്സാക്കി അയക്കുന്നത് ഗവര്‍ണര്‍ക്ക് ഒപ്പിടേണ്ടി വരും. മാത്രമല്ല ഇപ്പോള്‍ ഗവര്‍ണറുടെ അനുമതി തേടി സമര്‍പ്പിച്ച പല ഓര്‍ഡിനന്‍സുകളും പല തവണ പുതുക്കിയതാണ്. അതില്‍ ഗവര്‍ണര്‍ വിശദീകരണം തേടുകയും ചെയ്തിരുന്നു.

ഓര്‍ഡിനന്‍സ് ഭരണം നല്ലതല്ലെന്നും, പിന്നെ എന്തിനാണ് നിയമസഭയെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു. സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചു വിട്ടത് എന്തിനാണ്? ? സര്‍ക്കാര്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. ഓര്‍ഡിനന്‍സിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.