മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽ;  കാണാതായ രണ്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽ; കാണാതായ രണ്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ട്.

രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. പെരുമാതുറ ചേരമാൻ തുരുത്ത് സ്വദേശികളായ
സബീർ (35), ഷമീർ (33) എന്നിവരെയാണ് അപകടത്തിൽപ്പെട്ട് കാണാതായത്. ഒപ്പം ഉണ്ടായിരുന്ന അൻസാരി (40) നീന്തി രക്ഷപ്പെട്ടു. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ തുടരുകയാണ്. ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാണാതായ മത്സ്യതൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൊച്ചിയിൽ നിന്നും നേവിയുടെ ഹെലികോപ്ടർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

മൂന്നാറിൽ വീണ്ടും ഉരുൾപൊട്ടി; രണ്ട് വീടുകൾ മണ്ണിനടിയിൽ

മൂന്നാറിൽ വീണ്ടും ഉരുൾപൊട്ടി; രണ്ട് വീടുകൾ മണ്ണിനടിയിൽ

ഇടുക്കി: മൂന്നാർ വട്ടവട റോഡിലെ പുതുക്കടിയിൽ വീണ്ടും ഉരുൾപൊട്ടി. ഇന്നലെ ഉരുൾപൊട്ടിയ സ്ഥലത്ത് തന്നെയാണ് ഇന്ന് വീണ്ടും ഉരുൾപൊട്ടലുണ്ടായത്. അപകടത്തിൽ ഒരു വീട് ഭാഗീകമായി മണ്ണിനടിയിലായി. എന്നാൽ ആളപായമില്ല. സംഭവസ്ഥലത്ത് ഭൂമിക്കടിയിൽ നിന്നും ചില മുഴക്കം കേൾക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ ദിവസം അർധരാത്രിയും വട്ടവട മേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായിരുന്നു. മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിലാണ് ഇന്നലെ ഉരുൾപൊട്ടിയത്. രണ്ട് കടകളും ഒരു ക്ഷേത്രവും ഇന്നലെ മണ്ണിനടിയിലായിരുന്നു. രാത്രി ഒരു മണിയോടെയാണ് വട്ടവടയിൽ ഉരുൾപൊട്ടിയത്. അപകടത്തെ തുടർന്ന് സംഭവസ്ഥലത്ത് നിന്നും 175 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നാണ് ആളുകളെ അങ്ങോട്ട് മാറ്റിയത്. മൂന്നാർ വട്ടവട സംസ്ഥാന പാതയും അപകടത്തിൽ തകർന്നിരുന്നു. അപകടത്തെ തുടർന്ന് ഒറ്റപ്പെട്ട നിലയിലാണ് വട്ടവട. ഈ ഭാഗത്തേക്കുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. പുതുക്കുടിയിൽ റോഡ് തകർന്ന നിലയിലാണ്. പെട്ടിമുടി ദുരന്തത്തിൻ്റെ ഒന്നാം വാർഷികത്തിലാണ് ദുരന്തമുണ്ടായത് എന്നത് ആളുകളെ വല്ലാതെ ഭീതിയിലാഴ്ത്തിയിരുന്നു.

ചെലവ് 30 കോടി, 12 മിനിറ്റില്‍ ഭ്രമണപഥത്തിലെത്തും; ചരിത്രംകുറിക്കാന്‍ എസ് എസ് എൽ വി, കൗണ്ട്ഡൗണ്‍ തുടങ്ങി

ചെലവ് 30 കോടി, 12 മിനിറ്റില്‍ ഭ്രമണപഥത്തിലെത്തും; ചരിത്രംകുറിക്കാന്‍ എസ് എസ് എൽ വി, കൗണ്ട്ഡൗണ്‍ തുടങ്ങി

ചെന്നൈ: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിന് ഐ.എസ്.ആര്‍.ഒ. രൂപകല്പന ചെയ്ത സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എല്‍.വി.) ആദ്യവിക്ഷേപണം ഞായറാഴ്ച രാവിലെ നടക്കും. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 02-നെയും രാജ്യത്തെ 75 സര്‍ക്കാര്‍ സ്‌കൂളുകളിലെ 750 പെണ്‍കുട്ടികള്‍ചേര്‍ന്നു നിര്‍മിച്ച ആസാദിസാറ്റിനെയും എസ്.എസ്.എല്‍.വി. ഭ്രമണപഥത്തിലെത്തിക്കും.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന് മുന്നോടിയായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണം കാണാന്‍ പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും ക്ഷണിച്ചിട്ടുണ്ട്. രാവിലെ 9.18-ന് നടക്കുന്ന വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി. വിക്ഷേപണത്തിന് ആറര മണിക്കൂറു മുമ്പാണ് കൗണ്ട്ഡൗണ്‍ തുടങ്ങിയത്. നിര്‍മാണച്ചെലവ് വളരെ കുറവുള്ള എസ്.എസ്.എല്‍.വി. വിക്ഷേപണ സജ്ജമാക്കാന്‍ കുറച്ചു സമയം മതി എന്നതുകൊണ്ടാണ് കൗണ്ട്ഡൗണ്‍ സമയം കുറച്ചത്. ബഹിരാകാശ ഗവേഷണ മേഖല സ്വകാര്യമേഖലയ്ക്കുകൂടി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായാണ് എസ്.എസ്.എല്‍.വി.ക്കു രൂപം നല്‍കിയത്.

ടിക് ടോക്, റീൽസ് താരം ബലാത്സംഗക്കേസിൽ പൊലീസ് പിടിയിൽ

ടിക് ടോക്, റീൽസ് താരം ബലാത്സംഗക്കേസിൽ പൊലീസ് പിടിയിൽ

തിരുവനന്തപുരം: ടിക് ടോക്, റീൽസ് താരം ചിറയിൻകീഴ് സ്വദേശി വിനീത് ബലാത്സംഗക്കേസിൽ പൊലീസ് പിടിയിൽ. കോളേജ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാം റീൽസിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഇയാൾ ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തിയിരുന്നു. മാത്രമല്ല, സ്വകാര്യ ചാറ്റുകൾ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിന് ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായി കണ്ടെത്തി. 

കാർ വാങ്ങാൻ ഒപ്പം ചെല്ലാൻ ആവശ്യപ്പെട്ട വിദ്യാർത്ഥിനിയെ തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച മറ്റ് യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും കാട്ടി അവരെ ഭീഷണിപ്പെടുത്തി ഇയാൾ പണം തട്ടിയിട്ടുണ്ടോ എന്നുള്ളതും പൊലീസ് അന്വേഷിച്ചു വരികയാണ്. 

ടിക് ടോകിൽ വീഡിയോകൾ ഇട്ട് താരമായ വിനീത് പിന്നീട് പല സമൂഹ മാധ്യമങ്ങളിലും വീഡിയോകളിട്ട് ഫാൻസ് വലയം തന്നെയുണ്ടാക്കി. വീട്ടമ്മമാരെയും പെൺകുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്സ് നൽകി സൗഹൃദം സ്ഥാപിക്കുന്നതാണ് വിനീതിൻ്റെ രീതി. പൊലീസിൽ ജോലി ഉണ്ടായിരുന്ന താൻ ചില ശാരീരിക പ്രശ്നങ്ങൾ കാരണം ജോലി രാജി വെച്ചു എന്നും ഇപ്പൊൾ ഒരു പ്രമുഖ ചാനലിൽ ജോലി ചെയ്യുന്നു എന്നുമാണ് ഇയാൾ സൗഹൃദം സ്ഥാപിക്കുന്ന യുവതികളോട് പറയുന്നത്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ റീൽസ് ഇടുന്നത് അല്ലാതെ ഇയാൾക്ക് മറ്റ് ജോലികൾ ഇല്ല എന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കെതിരെ കൻ്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ മോഷണവും കിളിമാനൂർ സ്റ്റേഷനിൽ അടിപിടി കേസും ഉള്ളതായി പൊലീസ് പറഞ്ഞു. 

കളഞ്ഞ്‌ കിട്ടിയ മാല തിരികെ നൽകി മാതൃകയായി താലൂക് സപ്ലൈ ജീവനക്കാരി

കളഞ്ഞ്‌ കിട്ടിയ മാല തിരികെ നൽകി മാതൃകയായി താലൂക് സപ്ലൈ ജീവനക്കാരി

ആറ്റിങ്ങൽ: താലൂക് സപ്ലൈ ഓഫീസർ ഗീതയ്ക്ക് കിട്ടിയ മാല ഉടമസ്ഥയായ കുണ്ടറ ഇളമ്പല്ലൂർ പനം കുറ്റി മേലേതിൽ വീട്ടിലെ ചിത്ര വി എസ്സിന് പോലീസ് സ്റ്റേഷനിൽ വച്ച് കൈമാറി.

അഭിഷേക് പി എസ് (24) മരണപെട്ടു

അഭിഷേക് പി എസ് (24) മരണപെട്ടു

ആറ്റിങ്ങൽ: അയിലം മൈവള്ളിയേല എസ് കെ പി നിവാസിൽ അഭിഷേക് പി എസ് (24) മരണപെട്ടു. ഡിസ്‌കസ് ത്രോയിൽ കേരളത്തെ പ്രതിനിധീകരിച്ച് സമ്മാനങ്ങൾ നേടിയിട്ടുള്ള അഭിഷേക്, സിവിൽ സർവീസ് കോഴ്‌സ് രണ്ടാം വർഷ വിദ്യാർത്ഥികൂടിയാണ്.

അമ്മ: ശ്രീകല
അച്ഛൻ: അഡ്വ.പ്രശാന്ത്
സഹോദരൻ: അഭിജിത് പി എസ്