ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു; രാത്രിയോടെ ഫല പ്രഖ്യാപനം

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു; രാത്രിയോടെ ഫല പ്രഖ്യാപനം

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പാര്‍ലമെന്റ് മന്ദിരത്തില്‍ വൈകീട്ട് അഞ്ചു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. ഇന്നു രാത്രിയോടെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മാര്‍ഗരറ്റ് ആല്‍വയുമാണ് മത്സര രംഗത്തുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ നിധിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ്, ധര്‍മേന്ദ്ര പ്രധാന്‍, ജ്യോതിരാദിത്യ സിന്ധ്യ, രാജീവ് ചന്ദ്രശേഖര്‍, ജിതേന്ദ്ര സിങ്, അശ്വിനി വൈഷ്ണവ് എന്നിവരുള്‍പ്പെടെ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വീല്‍ചെയറിലെത്തിയാണ് വോട്ടുചെയ്തത്. ലോകസഭയിലെ 543 എംപിമാരും രാജ്യസഭയിലെ 245 എംപിമാരും വോട്ട് ചെയ്താണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. അതേസമയം കോണ്‍ഗ്രസുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നില്ല.

ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; കത്തികൊണ്ടുള്ള ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

എറണാകുളം: കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബിൽ രണ്ടു ബസ്സുകളിലെ ജീവനക്കാർ തമ്മിലടിച്ചു. കത്തികൊണ്ടുള്ള ആക്രമണത്തിൽ ബസ് ഡ്രൈവർ സിജുവിന് പരിക്കേറ്റു. എറണാകുളം ഗുരുവായൂർ റൂട്ടിലോടുന്ന വേദിക ബസ് കണ്ടക്ടർ സിജുവിനാണ് കുത്തേറ്റത്.

രാവിലെ എട്ടു മണിയോടെയാണ് രണ്ട് സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കവും പിന്നാലെ സംഘര്‍ഷവുമുണ്ടായത്.ബസിന്‍റെ സമയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്. എറണാകുളത്തുനിന്നും ഗുരുവായൂരിലേക്ക് പോകുന്ന വേദിക ബസ് സ്റ്റാന്‍റില്‍ നിന്നും പുറപെട്ടതിനുശേഷം വഴിക്ക് വച്ച് യാത്രക്കാരെ കയറ്റിയതാണ് സംഘര്‍ഷത്തിന് തുടക്കം. ഇത് അമ്മേ നാരായണ ബസിലെ കണ്ടക്ടര്‍ രാധാകൃഷ്ൻ ചോദ്യം ചെയ്തു. പിന്നാലെ രണ്ട് കണ്ടക്ടര്‍മാരും തമ്മില്‍ അടിയും കത്തിക്കുത്തുമായി. വയറിന് കുത്തേറ്റ സിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിജുവിൻ്റെ പരിക്ക് ഗുരുതരമല്ല.

സിജുവിനെ കുത്തി പരിക്കേൽപ്പിച്ച അമ്മേ നാരായണ ബസ് കണ്ടക്ടർ രാധാകൃഷ്‌ണനെ മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബസില്‍ പൂമാല മുറിക്കാനും മറ്റുമായി ഉപയോഗിച്ചിരുന്ന പേനാക്കത്തിയുപയോഗിച്ചാണ് രാധാകൃഷ്ൻ സിജുവിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.

കോവിഡ്: സംസ്ഥാനത്ത് ആറ് മാസത്തേയ്ക്ക് മാസ്ക് നിർബന്ധമാക്കി

കോവിഡ്: സംസ്ഥാനത്ത് ആറ് മാസത്തേയ്ക്ക് മാസ്ക് നിർബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. കോവിഡ് നേരിയ തോതിൽ കൂടുന്ന സാഹചര്യത്തിലാണ് ആറു മാസത്തേക്കു മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കി ആരോഗ്യ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

എല്ലാ പൊതുസ്ഥലത്തും ജോലി സ്ഥലത്തും പൊതുജനങ്ങൾക്കു പ്രവേശനമുള്ള എല്ലാ സ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണം. സ്ഥാപനങ്ങൾ, കടകൾ, തിയറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ സാനിറ്റൈസർ നൽകണം. ചടങ്ങുകളിൽ സംഘാടകർ നൽകണം. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്. ഇന്നലെ 1,113 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

റെയില്‍വേ ട്രാക്കിൽ നിന്നും പാടത്തെ വെള്ളക്കെട്ടില്‍ വീണവരിൽ ഒരാൾ മരിച്ചു

റെയില്‍വേ ട്രാക്കിൽ നിന്നും പാടത്തെ വെള്ളക്കെട്ടില്‍ വീണവരിൽ ഒരാൾ മരിച്ചു

തൃശൂർ: റോഡിലെ വെള്ളക്കെട്ട് കാരണം റെയില്‍വേ ട്രാക്കിലൂടെ ജോലി സ്ഥലത്തേയ്ക്കു നീങ്ങിയ രണ്ടു സ്ത്രീകള്‍ പാടത്തെ വെള്ളക്കെട്ടില്‍ വീണു. ഒരാൾ മരിച്ചു. മറ്റൊരാൾ ചികിത്സയിലാണ്. വിജയരാഘവപുരത്ത് ഇന്നു രാവിലെ പത്തോടെയാണു സംഭവം. വിജയരാഘവപുരം സ്വദേശികളായ ചെമ്പോത്തുപറമ്പില്‍ മുജീബിന്റെ ഭാര്യ ഫൗസിയ, തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ എന്നിവരാണ് വെള്ളക്കെട്ടില്‍ വീണത്. ഗുരുതരമായി പരുക്കേറ്റ ദേവീകൃഷ്ണയാണ് മരണപ്പെട്ടത്.

ട്രെയിന്‍ വരുന്നതു കണ്ടു പരിഭ്രമിച്ച് ട്രാക്കില്‍ നിന്നു മാറി വശത്തേക്കു നീങ്ങി നിൽക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിലേക്കു വീഴുകയായിരുന്നു. മൂന്നു പേര്‍ ചേര്‍ന്നാണ് ജോലിക്കായി ട്രാക്കിലൂടെ നടന്നു പോയത്. ഇതില്‍ ഒരാള്‍ വെള്ളക്കെട്ടില്‍ വീഴാതെ രക്ഷപ്പെട്ടു.

ഇടുക്കി ഡാമിൽ റെഡ് അലര്‍ട്ട്

ഇടുക്കി ഡാമിൽ റെഡ് അലര്‍ട്ട്

ഇടുക്കി: ഇടുക്കി ഡാമിലെ വെള്ളം പൂര്‍ണ സംഭരണ ശേഷിയുടെ തൊട്ടടുത്തെത്തിയതോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഉത്തരവായി. നിലവില്‍ 2382.52 അടിയാണ് വെള്ളത്തിന്റെ അളവ്. മഴ തുടരുന്നതിനാല്‍ ഡാമിലെ അധിക ജലം ഇന്ന് തുറന്ന് വിടുമെന്നാണറിയുന്നത്.

2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയായതിനാല്‍ കഴിഞ്ഞ പത്ത് ദിവസമായി ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. ഒപ്പം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള അധിക ജലവും എത്തുന്നു. ഇതോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ ഉത്തരവിറക്കിയിരുന്നത്.

അധിക ജലം ഡാമില്‍ നിന്നും ഒഴുക്കി വിടുന്നതിനായി മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ആകെ ജലസംഭരണ ശേഷിയുടെ 82.89 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്.

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ വർധന

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില പരിഷ്കരിച്ചു. മണിക്കൂറുകൾക്ക് മുൻപ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയയേഷൻ സ്വർണവില കുറച്ചിരുന്നു. എന്നാൽ തുടർന്ന് ഇപ്പോൾ സ്വർണവില വർദ്ധിപ്പിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച ഒറ്റദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന്റെ വില 480 രൂപ കൂടിയിരുന്നു. എന്നാൽ ഇന്നലെ സ്വർണവിലയിൽ 80 രൂപയുടെ കുറവുണ്ടായിരുന്നു. ഇന്ന് ആദ്യം 320 രൂപ കുറഞ്ഞു. മണിക്കൂറുകൾക്കു ശേഷം സ്വർണവില പരിഷ്കരിച്ചു. രണ്ടാം തവണ 240 രൂപ വർദ്ധിപ്പിച്ചിരിക്കുകയാണ്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,800 രൂപയാണ്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 38,040 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില വ്യാഴാഴ്ച രാവിലെ 35 രൂപ ഉയർന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ കൂടി ഉയർന്നു. തുടർന്ന് ഇന്നലെ 10 രൂപ കുറഞ്ഞു. ഇന്ന് രാവിലെ 40 രൂപയും കുറഞ്ഞു. എന്നാൽ ഇന്ന് വീണ്ടും 30 രൂപ വർദ്ധിച്ചു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4730 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. വ്യാഴാഴ്ച രാവിലെ 30 രൂപ ഉയർന്നിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപയുടെ വർദ്ധനവ് ഉണ്ടായി. ഇന്ന് രാവിലെ 35 രൂപ കുറഞ്ഞു. എന്നാൽ ഇപ്പോൾ വീണ്ടും 25 രൂപ ഉയർന്നു. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3925 രൂപയാണ്