മുഹറം അവധി ഓ​ഗസ്റ്റ് ഒൻപതിന്

മുഹറം അവധി ഓ​ഗസ്റ്റ് ഒൻപതിന്

തിരുവനന്തപുരം: മുഹറം അവധി ഓഗസ്റ്റ് ഒൻപതിന് പുനർ നിശ്ചയിച്ച് സർക്കാർ. മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനർ നിശ്ചയിച്ചത്.

നേരത്തെ ഓഗസ്റ്റ് എട്ട് തിങ്കളാഴ്ചയാണ് അവധി. പുനർ നിശ്ചയിച്ചതിലൂടെ എട്ടാം തീയതി പ്രവൃത്തി ദിനമായിരിക്കും.

സ്കൂളുകൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങൾ സ്വകാര്യ പൊതുമേഖലാ ബാങ്കുകൾ തുടങ്ങിയവയ്ക്കടക്കം ഒൻപതിന് അവധിയായിരിക്കും.

വീടിന് മുന്നിൽ ചുറ്റുമതിലും ഇലക്ട്രിക് പോസ്റ്റും തകർന്നു വീണു; ആളപായമില്ല

വീടിന് മുന്നിൽ ചുറ്റുമതിലും ഇലക്ട്രിക് പോസ്റ്റും തകർന്നു വീണു; ആളപായമില്ല

വക്കം: വീടിന് മുന്നിൽ ചുറ്റുമതിലും ഇലക്ട്രിക് പോസ്റ്റും തകർന്നു വീണു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ വീടിന്റെ ചുറ്റുമതിൽ സമീപത്തെ വീടിനു മുൻവശത്തു തകർന്നു വീഴുകയായിരുന്നു. ആളപായമില്ല. തിനവിള ചിറമൂല, സുനിതയുടെ വീടിന്റെ ചുറ്റുമതിലാണ്, സമീപത്തെ വീടിന്റെ മുൻവശത്തു തകർന്നു വീണത്.

പത്തടി ഉയരവും, ഇരുപ്പത്തിയെട്ടു മീറ്റർ നീളവുമുള്ള, നാലുവർഷം മുൻപ് കെട്ടിയ മതിലാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്. സമീപത്തെ വീടിനു ചുറ്റ് മതിലുമായി അകലമുള്ളത് കൊണ്ടാണ് സമീപത്തെ വീടിനു കാര്യമായ നാശനഷ്ടമൊന്നും ഉണ്ടാകാതെയിരുന്നത്. മതിൽ തകർന്നു വീഴുന്ന വലിയ ശബ്ദം കേട്ട് സമീപവാസികൾ നോക്കുമ്പോൾ ചുറ്റ് മതിലിനോട് ചേർന്നു നിന്ന് ഇലക്ടിക് പോസ്റ്റും ഇവരുടെ വീട്ടിലേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ കെ.എസ്. ഇ.ബി അധികൃതരെ അറിയിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.

അഡ്മിന് കൂടുതല്‍ അധികാരം; ഗ്രൂപ്പ് അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാം

അഡ്മിന് കൂടുതല്‍ അധികാരം; ഗ്രൂപ്പ് അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാം

ഗ്രൂപ്പ് അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ അഡ്മിന് സാധിക്കുന്ന മാറ്റവുമായി വാട്‌സ്ആപ്പ്. പുറത്തിറങ്ങാന്‍ പോകുന്ന അപ്‌ഡേറ്റിലാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. അധിക്ഷേപ മെസ്സേജുകള്‍ തടയാന്‍ വേണ്ടിയാണ് പുതിയ നീക്കം. 

പുതിയ അപ്‌ഡേഷനില്‍, ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് അംഗങ്ങള്‍ അയക്കുന്ന മെസ്സേജ് ‘ഡിലീറ്റ് ഫോര്‍ എവരിയോണ്‍’ഓപ്ഷന്‍ ഉപയോഗിക്കാന്‍ സാധിക്കും. നിങ്ങല്‍ മെസ്സേജ് ഡിലീറ്റ് ചെയ്‌തെന്ന് ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ക്കും അറിയാന്‍ പറ്റും. 

ഐടി നിയമപ്രകാരം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അധിക്ഷേപ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച 22 ലക്ഷം അക്കൗണ്ടുകള്‍ വാട്‌സ്ആപ്പ് ജൂണില്‍ ഡിലീറ്റ് ചെയ്തിരുന്നു. മെയില്‍ 19 ലക്ഷം അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തു.

ആറ്റിങ്ങലിൽ അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ച അതുലിന്റെ രണ്ട് കണ്ണുകളും ദാനം ചെയ്തു

ആറ്റിങ്ങലിൽ അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ച അതുലിന്റെ രണ്ട് കണ്ണുകളും ദാനം ചെയ്തു

ആറ്റിങ്ങൽ: ഇന്നലെ രാത്രി ആറ്റിങ്ങൽ കെഎസ്ആർറ്റിസി ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്കു പുറകിൽ ബൈക്ക് ഇടിച്ചു മരണപെട്ട അതുലിന്റെ രണ്ട് കണ്ണുകളും ദാനം ചെയ്തു. മരണപെട്ട അതുൽ ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയിലെ വിളയിൽമൂല യൂണിറ്റ് കമ്മിറ്റി അംഗമാണ്.

കൊല്ലം എസ്. എൻ കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയായ അമൽ പഠനശേഷം പാർടൈം ജോലി എന്ന നിലയിൽ ആറ്റിങ്ങൽ ചിക് പോപ്പ് എന്ന സ്ഥാപനത്തിൽ ഡെലിവറി ബോയ് ആയി നിൽക്കെ ഇന്നലെ തന്റെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടം ഉണ്ടായത്. അപകടശേഷം ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ കൊണ്ട് പോകുകയും, അവിടെ നിന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലേയ്ക്ക്
മാറ്റുകയും ചെയ്തു.

ആശുപത്രിയിൽ മരണം സ്ഥിരീകരിക്കുകയും തുടർന്ന് ആശുപത്രി അധികൃതര്‍ അവയവദാനത്തിനു ബന്ധുക്കളെ സമീപിച്ചു. അവര്‍ സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് അമലിന്റെ രണ്ട് കണ്ണുകളും സർക്കാരിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം കണ്ണാശുപത്രിയിലേയ്ക്ക് മാറ്റിയത്. കൊടുമൺ പ്രസാദത്തിൽ സജു ലാലി
ദമ്പതിമാരുടെ മകനാണ് മരണപെട്ട അതുൽ.

നന്ദനയ്ക്ക് നൽകിയ വാക്ക് പാലിച്ചു സുരേഷ്‌ഗോപി

നന്ദനയ്ക്ക് നൽകിയ വാക്ക് പാലിച്ചു സുരേഷ്‌ഗോപി

തിരുവനന്തപുരം: കല്‍പ്പറ്റ കോട്ടത്തറയില്‍നിന്ന് ബുധനാഴ്ച തലസ്ഥാനത്ത് എത്തിയ നന്ദനയ്ക്ക് സുരേഷ്‌ഗോപി വാക്കുകൊടുത്തപ്രകാരം ‘ഇന്‍സുലിന്‍ പമ്പ്’ നൽകി. ഡോ. ജ്യോതിദേവ് കേശവദേവിന്റെ ഡയബറ്റിക് സെന്റര്‍ അപൂര്‍വമായ സ്നേഹസംഗമത്തിനാണ് സാക്ഷ്യംവഹിച്ചത്. സുരേഷ്‌ഗോപി വാങ്ങിനല്‍കിയ ‘ഇന്‍സുലിന്‍ പമ്പ്’ എന്ന ഉപകരണം ശരീരത്തില്‍ ഘടിപ്പിച്ച് തന്റെ രോഗാവസ്ഥയില്‍ ആശ്വാസം കണ്ടാണ് നന്ദന മടങ്ങിയത്.

കഴിഞ്ഞ വയനാട് സന്ദര്‍ശനത്തിനിടെ നടന്‍ സുരേഷ്‌ഗോപിയെ കാണാന്‍ നന്ദനയുടെ മാതാപിതാക്കള്‍ എത്തിയിരുന്നു. ഇവരുടെ കണ്ണീര്‍ കണ്ട് സുരേഷ്‌ഗോപി അന്ന് വാക്കുകൊടുത്തതാണ്- ‘നന്ദനയ്ക്ക് ഇന്‍സുലിന്‍ പമ്പ് ഞാന്‍ വാങ്ങി നല്‍കാം’. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ ഉപകരണം അമേരിക്കയില്‍നിന്നാണ് വരുത്തിച്ചത്. ആറുലക്ഷം രൂപ വിലവരുന്ന ഇന്‍സുലിന്‍ പമ്പ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക നന്ദനയ്ക്കു കൈമാറി. ഡോ. ജ്യോതിദേവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ചതന്നെ ഇന്‍സുലിന്‍ പമ്പ് കുട്ടിയുടെ ശരീരത്തില്‍ ഘടിപ്പിച്ചു. കല്‍പ്പറ്റയില്‍ ഓട്ടോഡ്രൈവറായ മനോജിന്റെയും അനുപമയുടെയും മകള്‍ നന്ദന ടൈപ്പ്-ഒന്ന് പ്രമേഹരോഗിയാണ്. ദിവസവും പലതവണ ശരീരത്തില്‍ സൂചിയിറക്കി പ്രമേഹനില പരിശോധിക്കേണ്ട അവസ്ഥയിലായിരുന്നു നന്ദന.

കോഴിക്കോട് ലഹരി മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

കോഴിക്കോട് ലഹരി മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

കോഴിക്കോട്: കടൽ കാണാനെത്തുന്ന യുവതീയുവാക്കളെ ലഹരിയുടെ കാണാക്കയങ്ങളിലേക്ക് തള്ളിയിടാൻ തക്കം പാർത്തിരിക്കുന്ന ലഹരി മാഫിയയിലെ പ്രധാന കണ്ണിയെ കോഴിക്കോട് ബീച്ച് റോഡിൽ വച്ച് നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള ഡൻസാഫും ടൗൺ പൊലീസും ചേർന്ന് പിടികൂടി. കോഴിക്കോട് കോളത്തറ കണ്ണാടിക്കുളം സ്വദേശി മജീദ് എന്ന ഇമ്പാല മജീദ് ആണ് പിടിയിലായത്.
വിൽപ്പനയ്ക്കായി സൂക്ഷിച്ച 580 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തു.

കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്. ശ്രീനിവാസ് ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി ടൗൺ പൊലീസ് സബ്ഇൻസ്പെക്ടർ സുഭാഷ് ഡൻസാഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പരിശോധനയിൽ നേരത്തെ ഇയാളെ പിടികൂടിയിരുന്നു.

കോഴിക്കോട് തളി ഭാഗത്ത് നിന്ന് മുന്നൂറ് ഗ്രാം കഞ്ചാവുമായി മാർച്ച് മാസം കസബ പൊലീസ് സ്റ്റേഷനിലും നൂറ്റി അറുപത് ഗ്രാം കഞ്ചാവുമായി കഴിഞ്ഞ മാസം ടൗൺ പോലീസ് സ്റ്റേഷനിലും മജീദിനെ പിടികൂടിയിരുന്നു. ഒരുകിലോഗ്രാമിനു താഴെയുള്ള അളവിൽ കഞ്ചാവുമായി വിൽപനയ്ക്കിറങ്ങുകയാണ് പതിവ്. ഡൻസാഫ് അംഗങ്ങളായ കെ.അഖിലേഷ്, അർജുൻ അജിത്ത് ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, ടൗൺ എസ്ഐ എ. മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജേഷ്, അഷ്റഫ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.